'ജോണിച്ചായന്റെ കുട്ടപ്പായി ജപ്പാനില്‍ ഉണ്ട്', ജോണിവാക്കറുടെ സന്തതസചഹാരിയെ കണ്ടെത്തിയ സിനിമാകൂട്ടായ്മ

'ജോണിച്ചായന്റെ കുട്ടപ്പായി ജപ്പാനില്‍ ഉണ്ട്', ജോണിവാക്കറുടെ സന്തതസചഹാരിയെ കണ്ടെത്തിയ സിനിമാകൂട്ടായ്മ

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കര്‍ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആഘോഷിക്കപ്പെടുന്ന ചിത്രമാണ്. ജോണി വാക്കറിലെ മമ്മൂട്ടിയുടെ ജോണിക്ക് കുട്ടപ്പായി എന്നൊരു സന്തത സഹചാരിയുണ്ട്. പ്രായം കൊണ്ടും രൂപം കൊണ്ടും കുട്ടപ്പായി പയ്യനാണെങ്കിലും ജോണിയെ സ്‌നേഹശാസനയിലൂടെ അനുസരിപ്പിക്കാനും അടക്കിനിര്‍ത്താനും പ്രാപ്തിയുള്ള ഒരേ ഒരാള്‍ എന്ന നിലക്കാണ് കുട്ടപ്പായിയെ പരിചയപ്പെടുത്തുന്നത്. ജോണി വാക്കര്‍ വീണ്ടും ചര്‍ച്ചയായപ്പോഴെല്ലാം അന്ന് ജോണിയെ 'പേടിപ്പിച്ച് നിര്‍ത്തിയ' കുട്ടപ്പായിക്ക് വേണ്ടിയും അന്വേഷണമുണ്ടായി. 2017ല്‍ ജോണി വാക്കര്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ കുട്ടപ്പായിയെ കണ്ടെത്തിയെന്ന് ചിലര്‍ ആശ്വസിച്ചു. ഫേസ്ബുക്കില്‍ തന്നെയുള്ള സുഭാഷ് എന്ന പ്രൊഫൈലിലെ ചിത്രത്തിന് കുട്ടപ്പായിയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഈ ആശ്വാസം. നിങ്ങളന്വേഷിക്കുന്ന കുട്ടപ്പായി ഞാനല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കിയതോടെ കാലങ്ങളായി മനസില്‍ തറഞ്ഞ കുട്ടപ്പായി ഇപ്പോള്‍ എവിടെയായിരിക്കും എന്ന അന്വേഷണം സിനിമാ ഗ്രൂപ്പുകള്‍ തുടര്‍ന്നു. മൂന്ന് വര്‍ഷത്തിനിപ്പുറം കുട്ടപ്പായിയെ കണ്ടെത്തിയെന്ന് ചലച്ചിത്രാസ്വാദക കൂട്ടായ്മയായ മലയാളം മൂവി & മ്യൂസിക് ഡേറ്റാബേസ് ഫേസ്ബുക്ക് ഫോറം.

ജോണിയുടെ മരണശേഷം ജോണി ഇവിടെ ജീവിക്കുന്നു ബോര്‍ഡ് എസ്‌റ്റേറ്റിന് പുറത്ത് തൂക്കിക്കൊണ്ട് നിറകണ്ണുകളോടെ നില്‍ക്കുന്ന കുട്ടപ്പായിയില്‍ ആണ് ജോണി വാക്കര്‍ അവസാനിക്കുന്നത്. സിനിമാ ഗ്രൂപ്പുകളില്‍ തുടങ്ങിയ കുട്ടപ്പായിയെ തേടിയുള്ള അന്വേഷണം ഡാന്‍സര്‍ നീലകണ്ഠനില്‍ എത്തിയത് എങ്ങനെയെന്ന് തസ്മീര്‍ മുഹമ്മദ് പറയും.

''മൂന്നാല് ദിവസം മുന്‍പ് ഫേസ്ബുക്ക് നോക്കിയിരിക്കുമ്പോഴാണ് മുവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ ഷാന്‍ പെരിയന്‍ എന്ന മെമ്പര്‍ ഇട്ട ഒരു പോസ്റ്റും ഒപ്പമുള്ള കൊളാഷ് പിക്ച്ചറും കണ്ണിലുടക്കിയത്.

കുട്ടപ്പായി: പിന്നെ... കാശു വല്ലതും ആവിശ്യം ഉണ്ടോ? എത്തിക്കണോ?

ജോണി : വേണ്ട.. വേണ്ട..

കുട്ടപ്പായി : കള്ള് ഇച്ചിരി കൂടുതൽ ആലേ... അതിന്റ മുഖത്തു കാണാൻ ഉണ്ട്.. വല്ലോം ഇച്ചിരി ആഹാരം കൂടി കഴിക്കണം.. (തെല്ല് നിശബ്ദത)

കുട്ടപ്പായി: എന്നാൽ ഞാനങ്ങോട്ടു... (നടന്നകലുന്ന കുട്ടപ്പായിയെ നോക്കി ഇരിക്കുന്ന ജോണി)

NB :സ്നേഹം എന്ന വാക്കിന് കുട്ടപ്പായി എന്നും അർഥമുണ്ട് 🙂

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കര്‍ എന്ന സിനിമയിലെ ഒരു വികാര നിര്‍ഭരമായ രംഗം.മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ശാസിക്കുന്ന, ഉപദേശിക്കുന്ന വീട്ടുജോലിക്കാരനായ കുട്ടപ്പായി.മദ്യപാനം ദിനചര്യയാക്കിയ നായകന്‍ അല്പമെങ്കിലും കേള്‍ക്കാന്‍ തയ്യാറാകുന്നത് ഈ കുട്ടപ്പായിയെയാണ്. സിനിമ കണ്ട അന്ന് മനസ്സില്‍ കേറിയ കുട്ടപ്പായി ഇത് വരെ പോയിട്ടില്ല എന്ന് ഈ പോസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത്.പിന്നീട് അന്വേഷിക്കണമെന്ന് മനസ്സിലുറപ്പിച്ചു. അപ്പോള്‍ ആദ്യം മനസ്സില്‍ വന്ന കൂട്ടായ്മ എന്റെ പ്രിയപ്പെട്ട m3db ആണ്. മലയാളം മൂവി & മ്യൂസിക് ഡേറ്റാബേസ് എന്ന m3dbയുടെ ഫേസ്ബുക്ക് ഫോറം ഇത്തരം തിരച്ചിലുകള്‍ക്ക് പ്രസിദ്ധമാണ്. ഏത് സിനിമയിലെ ഏത് വിഭാഗത്തില്‍ പെട്ട ആളാണെങ്കിലും അവിടെ ഡാറ്റ ഉണ്ടാകുമെന്നുറപ്പായിരുന്നു.

പക്ഷെ അവിടെയും ആളുടെ ഡീറ്റെയില്‍സ് ഇല്ല. പക്ഷെ സിനിമയിലെ പല കാണാതായ വ്യക്തിത്വങ്ങളെ പലവഴിക്ക് തിരഞ്ഞ് കണ്ട് പിടിച്ച് പരിചയമുള്ള m3dbയും അംഗങ്ങളും ആ ചലഞ്ചിനെ അങ്ങനെയങ്ങു വിട്ടുകളയാന്‍ തയ്യാറായില്ല. കൂടുതല്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചു. പലരും പല പേരുകളും സജസ്റ്റ് ചെയ്തു. പല വഴിക്ക് തിരച്ചില്‍ പോയി. ബാബു ഫൂട്‌ലൂസേര്‍സ് എന്ന ഡാന്‍സ് മാസ്റ്റര്‍ ഡാന്‍സര്‍ നീലകണ്ഠന്‍ എന്നൊരു ക്ലൂ ഇട്ടു. തുടര്‍ന്ന് ജോണിവാക്കറിലെ തന്നെ ഷെല്ലി എന്ന കഥാപാത്രമായി ജീത് ഉപേന്ദ്രയുടെ സംഘത്തിലുള്ള റോബിന്‍ വര്‍ഗീസും വന്നതോടെ കുട്ടപ്പായിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആധികാരികമായി.അവസാനം വിഷ്ണു ഭുവനേന്ദ്രന്‍ എന്ന മെമ്പര്‍ ആളെ കണ്ടെത്തി...

'ഡാന്‍സര്‍ നീലകണ്ഠന്‍ '

ആളിപ്പോ ജപ്പാനില്‍ ഇന്ത്യന്‍ ഡാന്‍സ് എന്ന സ്ഥാപനം നടത്തുന്നു. തുടര്‍ന്ന് നീലകണ്ഠന്‍ തന്നെയാണോ കുട്ടപ്പായി എന്നുറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു. എം3ഡിബിയിലെ അഡ്മിനായ സമീര്‍ നീലകണ്ഠന്റെ ടൈം ലൈനിലെ ഏകദേശം 200-300 മൊബൈല്‍ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ മമ്മൂട്ടിയുമായി നില്‍ക്കുന്ന ഒരു പോസ്റ്റ് കിട്ടി. രണ്ടോ മൂന്നോ ലൈക്കുള്ള ഒരു അപ്രധാന ചിത്രം. വര്‍ഷങ്ങളായി പല ആളുകളും തിരഞ്ഞ് നടക്കുന്ന വിവരമാണ് ആരുമറിയാതെ രണ്ട് ലൈക്കും നേടി പുള്ളിക്കാരന്റെ ടൈം ലൈനില്‍ ഇരിക്കുന്നത്.

കുട്ടപ്പായിയും ജോണിച്ചായനുമായി നില്‍ക്കുന്ന ചിത്രം കണ്ടതോടെ സകലതെളിവുകളോടെയും അതങ്ങ് ഉറപ്പിച്ചു.ഡാന്‍സര്‍ നീലകണ്ഠനെന്ന കുട്ടപ്പായിയെ കണ്ടെത്തിയ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

ജോണിച്ചായന്‍ പോയ സങ്കടത്തില്‍ ജപ്പാന്‍ വരെ പോയി കുട്ടപ്പായി എന്നൊക്കെയുള്ള കമന്റുകളുമൊക്കെയായി ഫോറത്തിലെ പോസ്റ്റില്‍ കുട്ടപ്പായി തകര്‍ക്കുമ്പോള്‍ ഡാന്‍സര്‍ നീലകണ്ഠന്‍ ഇതൊന്നുമറിയാതെ ജപ്പാനില്‍ ആടിത്തിമിര്‍ക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in