ആഷിഖ് അബുവിന്റെ ‘വാരിയം കുന്നന്‍’ ആയിരിക്കില്ല എന്റേത് ; ‘ഷഹീദ് വാരിയംകുന്നന്‍’ പ്രഖ്യാപിച്ച് പി.ടി കുഞ്ഞുമുഹമ്മദ് 

ആഷിഖ് അബുവിന്റെ ‘വാരിയം കുന്നന്‍’ ആയിരിക്കില്ല എന്റേത് ; ‘ഷഹീദ് വാരിയംകുന്നന്‍’ പ്രഖ്യാപിച്ച് പി.ടി കുഞ്ഞുമുഹമ്മദ് 

ആഷിഖ് അബു ചരിത്രത്തെ നോക്കുന്ന പോലെയായിരിക്കില്ല താന്‍ കാണുന്നതെന്ന് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്. മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അധികരിച്ച് 'ഷഹീദ് വാരിയംകുന്നന്‍' എന്ന ചിത്രം പ്രഖ്യാപിച്ചതില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച തന്നെ സംവിധായകന്‍ ആഷിഖ് അബുവും ഇതേ പ്രമേയത്തില്‍ 'വാരിയം കുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. പൃഥിരാജ് നായകനാകുന്ന ചിത്രത്തിന് ഹര്‍ഷദും റമീസും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, വീരപുത്രന്‍, പരദേശി തുടങ്ങിയ ചരിത്ര സിനിമകളൊരുക്കിയ പി.ടി കുഞ്ഞുമുഹമ്മദിന്റെ മറുപടി ഇങ്ങനെ. ആഷിഖ് ചരിത്രത്തെയും സിനിമയെയും നോക്കിക്കാണുന്ന പോലെയായിരിക്കില്ല ഞാന്‍ കാണുന്നത്. മലബാറിന്റെ നിര്‍ണായക ചരിത്ര സംഭവങ്ങളുമായി വിഷ്വല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടയാളാണ് ഞാന്‍. കേരളത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അപൂര്‍വം സിനിമകളേയുള്ളൂ. 1921 ന്റെ പ്രാധാന്യത്തെക്കുറിച്ച് ചിത്രമുണ്ട്. പക്ഷേ നാഷണല്‍ മൂവ്‌മെന്റിനെക്കുറിച്ചുള്ള ഏക സിനിമ എന്റേതാണ്. അതാണ് വീരപുത്രന്‍. മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രമാണ് ആ സിനിമ. അത് അബ്ദുറഹ്മാന്‍ സാഹിബിന്റെ കാഴ്ചപ്പാടിലൂടെ ചരിത്രത്തെ നോക്കിക്കാണുന്നതായിരുന്നു.

ഇന്ത്യ -പാക് വിഭജനം കേരളത്തെ,വിശേഷിച്ച് മലബാറിനെ എങ്ങനെയാണ് ബാധിച്ചത് എന്നെല്ലാമാണ് പരദേശി കൈകാര്യം ചെയ്യുന്നത്. അതായത് പൗരത്വത്തെക്കുറിച്ച് മലയാളത്തില്‍ വന്ന ഏക സിനിമയാണത്. പൗരത്വ പ്രക്ഷോഭം നടക്കുന്നതിനിടെ ഒരുപാടിടത്ത് ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്ത് കുറവായിരുന്നെങ്കിലും പിന്നീട് അതിന്റെ ഉള്ളടക്കവും രാഷ്ട്രീയവും ആളുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എനിക്ക് എന്റേതായ രീതിയുണ്ട്. ആ തലത്തിലാണ് ചിത്രം ഒരുക്കുക. കഥകളിയാചാര്യന്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കരെക്കുറിച്ച്‌ 5 സിനിമയുണ്ട്. മറ്റൊരാള്‍ അയാളുടെ വീക്ഷണത്തിലാണ് സിനിമയെടുക്കുന്നത്. അത് ക്ലാഷ് ആകുമെന്നൊന്നും കരുതുന്നില്ല. 2021 ല്‍ തന്നെ ചിത്രം പുറത്തിറക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. രണ്ടുവര്‍ഷത്തോളമായി ഇതിന്റെ റിസര്‍ച്ച് നടക്കുന്നുണ്ട്. ഞാന്‍ അനൗണ്‍സ് ചെയ്യാനിരിക്കെയാണ് ആഷിഖിന്റെ പടം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഷഹീദ് വാര്യംകുന്നനും പ്രഖ്യാപിക്കട്ടേയെന്ന് ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ചോദിച്ചു. ആ നിര്‍ദേശത്തിന് സമ്മതം മൂളുകയായിരുന്നുവെന്നും പി.ടി കുഞ്ഞുമുഹമ്മദ് ദ ക്യുവിനോട് പറഞ്ഞു.

കാസ്റ്റ് പിന്നീട് പ്രഖ്യാപിക്കും

അഞ്ചടി രണ്ടിഞ്ചായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉയരം. കറുത്ത നിറത്തിലുമായിരുന്നു.ആരാണ് വാരിയം കുന്നനായെത്തുകയെന്ന് ഇപ്പോള്‍ പറയുന്നില്ല. മറ്റ് അഭിനേതാക്കളെക്കുറിച്ചും പങ്കുവെയ്ക്കാനില്ല. പരദേശി മമ്മൂട്ടിയെ വെച്ചാണ് ആലോചിച്ചത്. പക്ഷേ ഒടുവില്‍ മോഹന്‍ലാലായി കേന്ദ്രകഥാപാത്രം. വീരപുത്രനില്‍ പൃഥ്വിരാജിനെയായിരുന്നു ഉദ്ദേശിച്ചത്. അതുമാറി നരേന്‍ ആയി. അങ്ങനെ പല മാറ്റങ്ങളും ഇതിലും സംഭവിച്ചേക്കാം. എന്തായാലും കാസ്റ്റിംഗ് പിന്നീടാണ് പ്രഖ്യാപിക്കുക. ചിത്രത്തിന്റെ എഴുത്ത് നേരത്തേ തുടങ്ങിവെച്ചതാണ്. ക്ലൈമാക്‌സെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകാര്യങ്ങളില്‍ കൂടി റിസര്‍ച്ച് വേണ്ടതായുണ്ട്. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി ഗ്രൂപ്പ് ആണ് പ്രൊഡക്ഷന്‍. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം. മലബാറിന്റെ സമഗ്രമായ ചരിത്ര വീക്ഷണത്തില്‍ നിന്നുകൊണ്ടേ ഷഹീദ് വാരിയംകുന്നന്‍ ഒരുക്കൂ. സമാന്തര സിനിമയുടേയോ മുഖ്യധാരാ സിനിമയുടേയോ ആളല്ല ഞാന്‍. എനിക്ക് എന്റേതായ ദൃശ്യഭാഷയുണ്ട്. ആ പേര്‍സ്‌പെക്ടീവിലാകും ഈ ചിത്രവും. മലബാറില്‍ നിലനിന്നിരുന്ന അനുഷ്ഠാന കലകളില്‍ ഒക്കെ കുഞ്ഞഹമ്മദ് ഹാജിയുടെ പങ്കാളിത്തമുണ്ട്. അത്തരത്തിലുള്ള അടരുകളും കൂടി ചിത്രത്തിലുള്‍പ്പെടുത്തും. അത്തരത്തില്‍ പാട്ടിനെക്കുറിച്ചൊക്കെ രചയിതാവ് റഫീഖ് അഹമ്മദുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

പി.ടിയുടെ ഷഹീദ് വാര്യംകുന്നന്‍

മലബാര്‍ ചരിത്രത്തിലെ സുപ്രധാന വ്യക്തിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. വലിയ മതേതരവാദിയും അത്രമേല്‍ നിര്‍ഭയനായ മനുഷ്യനുമാണ്. അദ്ദേഹമൊരു രാജ്യമുണ്ടാക്കി നാണയമടിച്ചു. ഇംഗ്ലീഷിലൊക്കെ പാണ്ഡിത്യമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ടി.ജി രവി ചെയ്ത കഥാപാത്രം പോലെ മാപ്പിള ഭാഷ മാത്രം സംസാരിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം. കുടുംബപരമായി ബ്രിട്ടീഷ് വിരുദ്ധരായതിനാല്‍ സ്വത്തെല്ലാം കണ്ടുകെട്ടുകയും അദ്ദേഹത്തെയും പിതാവിനെയും നാടുകടത്തുകയുമാണ് ചെയ്തത്. മക്കയില്‍ മുഖ്യാതിഥിയാക്കാമെന്ന ബ്രിട്ടീഷ് വാഗ്ദാനമൊക്കെ ഒരു കൂസലുമില്ലാതെ തള്ളിക്കളഞ്ഞയാളാണ്. കോടതിയില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. നിങ്ങളെന്നെ കൊല്ലാന്‍ പോവുകയാണെന്ന് എനിക്ക് നന്നായറിയാം. എന്നാല്‍ കണ്ണ് കെട്ടരുത്. കൈ പിന്നില്‍ കെട്ടുകയോ പുറകില്‍ നിന്ന് വെടിവെയ്ക്കുകയോ ചെയ്യരുത്. നെഞ്ചിലേക്ക് തന്നെ ബുള്ളറ്റ് പായിക്കണം. ഞാന്‍ ഒരു ഭീരുവാണെന്ന് ചരിത്രം രേഖപ്പെടുത്താന്‍ ഇടവരരുത്. അദ്ദേഹത്തെ കീഴടക്കാന്‍ വരുന്നത് ബാംഗ്ലൂര്‍ റെജിമെന്റാണ്. അത്യപൂര്‍വമായി പുറത്തിറക്കുന്ന സേനാ സംഘത്തെ തന്നെ ബ്രിട്ടീഷുകാര്‍ക്ക് കൊണ്ടുവരേണ്ടി വന്നു എന്നുള്ളതാണ്. ഇദ്ദേഹത്തിന്റെ ജീവിതം മാത്രമല്ല, ആ കാലഘട്ടത്തില്‍ പൊരുതിയ മറ്റുള്ളവരെയും ചിത്രം അടയാളപ്പെടുത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹിന്ദുവിരുദ്ധനെന്ന പ്രചാരണത്തെക്കുറിച്ച്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനല്ല. വലിയ മതേതര വാദിയായിരുന്നു. മലയാള രാജ്യം എന്ന തന്റെ രാജ്യത്ത് എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുക്കളെ കൊല്ലാനൊരുങ്ങുന്ന ആളുകളെ കര്‍ശനമായി നേരിടുമെന്ന് അതില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസല്‍മാനായ അധികാരിയുടെ അതായത് വില്ലേജ് ഓഫീസറെ പോലെ അന്നത്തെ ഉയര്‍ന്ന പദവിയിലുള്ള ഒരാളുടെ തല അറുത്തതെല്ലാം ചരിത്രത്തിലുണ്ട്. തലയറുത്ത് ആനക്കയത്തുനിന്ന് മഞ്ചേരിയിലേക്ക് അഞ്ഞൂറുപേരുടെ ജാഥ നയിച്ചു. മുറിച്ചെടുത്ത തല അദ്ദേഹമാണ് കുത്തിപ്പിടിച്ചത്. ആ ജാഥയില്‍ അഞ്ഞൂറില്‍ നൂറുപേര്‍ ഹിന്ദുക്കളും നാനൂറുപേര്‍ മുസ്ലീങ്ങളുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in