ഇവിടെ മനുഷ്യര്‍ ബാക്കിയായാലേ സര്‍ക്കാരും സര്‍ക്കാര്‍ ജോലിയുമുണ്ടാകൂ

ഇവിടെ മനുഷ്യര്‍ ബാക്കിയായാലേ സര്‍ക്കാരും സര്‍ക്കാര്‍ ജോലിയുമുണ്ടാകൂ

എസ്മ എന്ന് വിളിപ്പേരുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ 18 വയസായി കാണും. ഒരു കാര്യം ഉറപ്പാണ്. അവര്‍ ഏതെങ്കിലും ജീവനക്കാരുടെയോ അധ്യാപകരുടേയോ മക്കളായിരിക്കും. 2002ന് ശേഷമോ മുന്‍പോ ഒരു കുട്ടിക്കും രക്ഷിതാക്കള്‍ ഈ പേര് നല്‍കിയിട്ടുണ്ടാകില്ല. അഥവാ ആ പേര് ഒരു ചരിത്രസാക്ഷ്യമാണ്. ജീവനക്കാരും അധ്യാപകരും ആയി പോയി എന്നതുകൊണ്ട് മാത്രം വേട്ടയാടപ്പെട്ട ഭരണകൂട ഭീകരതയുടെ പ്രതീകമായാണ് പലരും സ്വന്തം മക്കള്‍ക്ക് ആ പേര് നല്‍കിയത്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ ഒരു ചര്‍ച്ചയുമില്ലാതെ കവര്‍ന്നെടുത്തു. ലീവ് സറണ്ടര്‍ നിര്‍ത്തിയതും / പുതിയതായി സര്‍വീസില്‍ കയറുന്നവര്‍ക്ക് DA നിഷേധിച്ചതും അവയില്‍ ചിലത് മാത്രം. ഇന്നത്തേതുപോലെ ഒരു സാമൂഹിക/ സാമ്പത്തിക അടിയന്തര സാഹചര്യവും അന്നുണ്ടായിരുന്നില്ല. മുഴുവന്‍ സര്‍വീസ് സംഘടനകളും സമര രംഗത്തിറങ്ങി.

സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എസ്മ ( Essential Services Maintenance Act)പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരോ അധ്യാപകരോ ആയതു കൊണ്ട് മാത്രം നിരവധി പേര്‍ ജയിലിലായി. അര്‍ധരാത്രിയില്‍ ജീവനക്കാരുടെ വീടുകള്‍ തേടി പോലീസ് എത്തി / സമരത്തില്‍ പങ്കെടുത്തതിന് ബസ് തടഞ്ഞ് നിര്‍ത്തി വനിതാ ജീവനക്കാരെ പിടിച്ചിറക്കി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. എന്നിട്ടും സമര രംഗത്ത് നിന്ന് ജീവനക്കാര്‍ പിന്‍മാറിയില്ല. ബഹുജന പിന്തുണ കൂടി വന്നപ്പോള്‍ അന്നത്തെ മുഖ്യന്ത്രി എ.കെ ആന്റെണിയും ഇന്ന് ജീവനക്കാര്‍ക്ക് വേണ്ടി മുതല കണ്ണീരൊഴുക്കുന്നവരും ജീവനക്കാരെ തെരുവില്‍ നേരിടാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുകയായിരുന്നു. കേട്ടാലറക്കുന്ന ഭാഷയായിരുന്നു ഇന്ന് രക്ഷക വേഷം ചമഞ്ഞ പലര്‍ക്കും അന്നുണ്ടായിരുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് കിടന്നാലും ഒരു പ്രശ്‌നവുമില്ലന്ന ധിക്കാരത്തിലായിരുന്നു യു.ഡി.എഫ് നേതാക്കള്‍.

അധ്യാപകരില്ലെങ്കിലും ക്ലാസ് നടക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ തിട്ടൂരം പ്രാദേശിക നേതാക്കള്‍ ചില വിദ്യാലയങ്ങളില്‍ ക്ലാസെടുക്കാന്‍ കയറിയതും അവരെ ഓടിച്ചു വിട്ടതും ചരിത്രം. അന്ന് ജീവനക്കാരുടെ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. 32 ദിവസം നീണ്ടു നിന്ന ആ സമരത്തിനൊടുവില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി. അന്ന് ജീവനക്കാരെയും അധ്യാപകരെയും തെരുവില്‍ നേരിട്ടവരാണ് നാട് വലിയൊരു വിപത്തിനെ നേരിടുമ്പോള്‍ കടമായി പോലും സര്‍ക്കാരിന് ശമ്പളത്തിന്റെ 6 ദിവസവിഹിതം നല്‍കരുത് എന്ന് പറയുന്നത്. ജീവനക്കാര്‍ അവരുടെ സാമൂഹിക ഉത്തര വാദിത്വം നിറവേറ്റുന്നതിനെയാണ് ഇവര്‍ സംഘടിതമായി എതിര്‍ക്കുന്നത്. അഥവാ ഇതിലൂടെ പൊതു സമൂഹത്തെ ഇനിയും ജീവനക്കാര്‍ക്കെതിരാക്കി മാറ്റാന്‍ കഴിയും എന്ന രാഷ്ട്രീയ കുറുക്കു വഴി തേടുകയാണ് ഇക്കൂട്ടര്‍. ഈ സിസ്റ്റത്തെ തകര്‍ക്കാന്‍ ജീവനക്കാരെ ഭിന്നിപ്പിക്കുകയാണ് മാര്‍ഗ്ഗമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

ഡാറ്റാ വിവാദം വാര്‍ത്തകളില്‍ നിന്ന് കൊഴിഞ്ഞ് പോയപ്പോഴാണ് ഒരു വിഭാഗം അധ്യാപകരെ കൊണ്ട് ഉത്തരവ് കത്തിക്കല്‍ നാടകം നടത്തിക്കുന്നത്. ഇവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളു ഇപ്പോഴുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തണം.

പക്ഷെ.. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഭൂരിപക്ഷ ജീവനക്കാരും നേടിയെടുത്തിട്ടുണ്ട്. പ്രളയകാലത്ത് അവരത് തെളിയിച്ചിട്ടുണ്ട് / നിപ്പ കാലത്ത് സമൂഹം അതറിഞ്ഞിട്ടുണ്ട്.കൊറോണ ഭീക്ഷണി ക്ക് മുന്‍പില്‍ പതറാതെ അഹോരാത്രം ജോലി ചെയ്യുന്ന ജീവനക്കാര്‍ ഈ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവാണ്. ഒരു മഹാമാരിയെ സര്‍വ സന്നാഹവുമായി നേരിടുമ്പോള്‍

സാലറി ചലഞ്ചിലുടക്കി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ശ്രമിക്കുന്ന അല്‍പത്തരം തിരിച്ചറിഞ്ഞേ പറ്റൂ. പ്രളയകാലത്ത് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തവരാണ് ഇവിടുത്തെ ഭൂരിപക്ഷം ജീവനക്കാരും.ഇന്ന് ഉത്തരവ് കത്തിച്ച് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച വരില്‍ എത്ര പേര്‍ പ്രളയ കാലത്ത് സാലറി ചലഞ്ച് ഏറ്റെടുത്തു എന്നു കൂടി വെളിപെടുത്തണം.അപ്പോളറിയാം അവരുടെ തനി നിറം.

ഒന്നര വര്‍ഷത്തെ ഡി.എ കുടിശ്ശിക യാണ് കേന്ദ്രം മരവിപ്പിച്ചത്. ആരും ആ ഉത്തരവ് കത്തിക്കുന്നത് കണ്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ മുപ്പത് ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കുന്നു. അപ്പോഴാണ് തിരിച്ചു തരും എന്ന ഉറപ്പില്‍ സര്‍ക്കാര്‍ 6 മാസങ്ങളിലായി ഒരു മാസത്തെ ശമ്പളം ചോദിക്കുന്നത്. ഇവിടെ മനുഷ്യര്‍ ബാക്കിയായാലെ സര്‍ക്കാരും സര്‍ക്കാര്‍ ജോലിയുമുണ്ടാകു എന്നങ്കിലും ഓര്‍ക്കണം. നിങ്ങള്‍ സാധാരണക്കാരുടെ മുഖത്തേക്കാണ് തീപ്പെട്ടി ഉരസുന്നത്.അവരൊന്ന് ആളിക്കത്തി തിരിഞ്ഞ് നിന്നാല്‍ ചാമ്പലാകുന്നതെയുള്ളു. ഈ അനുഭവിക്കുന്ന സര്‍ക്കാര്‍ ജോലിയും ശമ്പളവും സുരക്ഷിതത്വവുമൊക്കെ. പറഞ്ഞ് വന്നത് എസ്മ എന്ന് പേരുള്ള കുറച്ചുപേര്‍ ഇവിടെ ജീവിക്കുന്നുണ്ട്. ഓര്‍മ്മകളുണ്ടായിരിക്കണം. എന്ന് തന്നെയാണ്

Related Stories

No stories found.
logo
The Cue
www.thecue.in