പൊലീസിന്റെ ബലപ്രയോഗത്തില്‍ തെറ്റില്ല, നിയന്ത്രിക്കാനായില്ലെങ്കില്‍ കേരളത്തില്‍ വരാന്‍ പോകുന്നത് പട്ടാളമായിരിക്കുമെന്നും സുരേഷ് ഗോപി

പൊലീസിന്റെ ബലപ്രയോഗത്തില്‍ തെറ്റില്ല, നിയന്ത്രിക്കാനായില്ലെങ്കില്‍ കേരളത്തില്‍ വരാന്‍ പോകുന്നത് പട്ടാളമായിരിക്കുമെന്നും സുരേഷ് ഗോപി

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗണിനിടെ പൊലീസ് ചിലയിടങ്ങളില്‍ നടത്തിയ അതിക്രമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ലോകം മുഴുവന്‍അടിയന്തര സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍ കേരളത്തില്‍ പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്ന് സുരേഷ് ഗോപി എം.പി. ലോക്ക് ഡൗണ്‍ നടപ്പാക്കുന്ന പൊലീസ് നടപടികളെ പ്രകീര്‍ത്തിച്ച സുരേഷ് ഗോപി പൊലീസ് സേനയെ ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി നിയന്ത്രിക്കാത്തതാണ് നല്ലതെന്നും പറഞ്ഞു.

ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. മുഖ്യമന്ത്രി പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വെക്കാതിരിക്കുന്നതാണ് നല്ലത്. ഭരണകര്‍ത്താക്കളുടെ കയ്യിലാണ് പൊലീസിന്റെ കടിഞ്ഞാണ്‍. പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ. പൊലീസ് സേനയോട് എപ്പോഴും ബഹുമാനമുണ്ട്. പൊലിസിംഗ് ഒരു മനസ്ഥിതിയാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കണം. യാത്രകള്‍ സ്വയം നിയന്ത്രിക്കാന്‍ ആളുകള്‍ തയ്യാറാകണം. പൊലീസുകാരെ നമിക്കുകയാണ്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കലക്ടര്‍മാരെയും ആദരവ് അറിയിക്കുകയാണ്.

സുരേഷ് ഗോപി

മനോരമാ ന്യൂസ് ചര്‍ച്ചയിലാണ് സുരേഷ് ഗോപി എം.പിയുടെ പ്രതികരണം. കോവിഡ് 19 സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവിധ ജില്ലാ കലക്ടര്‍മാരുമായും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി എം.പി.

കൊല്ലത്ത് പഴം വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ പൊലീസ് സുരേഷ് ഗോപി കളിക്കുന്നുവെന്നും ഭരത് ചന്ദ്രന്‍ കളിക്കുന്നുവെന്നുമൊക്കെ വിമര്‍ശനത്തിന് ഇടയാക്കിയെന്ന ചോദ്യത്തിന് ഇത് പറയുന്നവരുടെ കരണം അടിച്ച് പൊളിക്കണം. എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു വാണിംഗ് തന്നെയാണ്. ഇങ്ങനെ വാണിംഗ് നല്‍കാനുള്ള അവകാശം എനിക്കുണ്ട്. എല്ലാവരും പൊലീസ് സേനക്ക് പൂര്‍ണ പിന്തുണ നല്‍കണം. ലണ്ടനില്‍ നിന്ന് വന്ന മകന്‍ ഐസൊലേഷനിലാണെന്നും, എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് ഒറ്റ രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയാണെന്നും സുരേഷ് ഗോപി. ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലില്‍ പിടിച്ച് അപേക്ഷിക്കുകയാണ്. ലോകസമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെ ആകണം ലോക്കൗട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in