ഒരൊറ്റ രാത്രിയില്‍ അതിര്‍ത്തികള്‍ അടക്കുമ്പോള്‍ ആരും അവരെ ഓര്‍ത്തില്ല, ആരും അവര്‍ക്കു വേണ്ടി സംസാരിച്ചില്ല

ഒരൊറ്റ രാത്രിയില്‍ അതിര്‍ത്തികള്‍ അടക്കുമ്പോള്‍ ആരും അവരെ ഓര്‍ത്തില്ല, ആരും അവര്‍ക്കു വേണ്ടി സംസാരിച്ചില്ല

1930 മാര്‍ച്ച് പന്ത്രണ്ടാം തീയതിയാണ് ഗാന്ധിജി അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്നും, സൂറത്തിനു അടുത്തുള്ള ദാണ്ഡിയിലേക്ക് ഒരു കാല്‍നട യാത്ര നടത്തിയത്. 385 കിലോമീറ്റര്‍ നടന്നുകഴിഞ്ഞു യാത്ര ദാണ്ഡിയില്‍ എത്തിയപ്പോള്‍ ഏപ്രില്‍ 6 ആയി. ആ ദിവസം ഒരു പിടി ഉപ്പ് കുറുക്കി, മഹാത്മാഗാന്ധി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യ മുഴുവന്‍ അതലയടിക്കുകയും രാജ്യമെമ്പാടും ഉള്ള ജനങ്ങള്‍ മണിക്കൂറുകള്‍ നഗ്‌നപാദരായി നടന്നു ഉപ്പു കുറുക്കി അറസ്റ്റു വരിക്കുകയും ചെയ്തു.

ആ ഐതിഹാസിക യാത്ര നടന്ന് 90 വര്ഷം തികയുന്നു. ഇന്ന്, ഇതാ ആരും ആഹ്വാനം ചെയ്യാതെ, അതേ കാലയളവില്‍ , അതെ മാര്‍ച്ച് മാസം , പതിനായിരക്കണക്കിന് ജനാവലി നമ്മുടെ തെരുവുകളില്‍ കൂടി നടക്കുകയാണ്. ബോറിവല്ലിയില്‍ നിന്നും രാജസ്ഥാനിലെ പ്രതാപ് ഘട്ടിലേക്കു 700 കിലോമീറ്റര്‍, സൂറത്തില്‍ നിന്നും ഉനയിലേക്ക് 500 കിലോമീറ്റര്‍, അഹമ്മദാബാദില്‍ നിന്നും രാജസ്ഥാനിലെ ഉദയ്പൂരിലേക്കു 300 കിലോമീറ്റര്‍, ദില്ലിയില്‍ നിന്നും മൊറാദാബാദിലേക്കു 190 കിലോമീറ്റര്‍ ദൂരം...അങ്ങനെ അങ്ങനെ ഓരോ സിറ്റിയില്‍ നിന്നും വിദൂരഗ്രാമങ്ങളിലേക്ക് കുഞ്ഞുങ്ങളും, കുടുംബവും, ഭാണ്ഡവുമായി അവര്‍ കാല്‍നടയായി മടങ്ങുകയാണ്. കുടിക്കാന്‍ വെള്ളമോ, ഭക്ഷണമോ, പണമോ ഇല്ലാതെ, വഴിപോക്കരുടെ കാരുണ്യം പോലുമില്ലാതെ, അര്‍ദ്ധപട്ടിണിയില്‍ ലോകത്തിലെ മഹത്തായ ജനാധിപത്യ രാജ്യത്തിലെ ജനത ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് നടക്കുകയാണ്, നമ്മുടെ നെറികേടിനെ മൗനം കൊണ്ട് കീഴടക്കികൊണ്ട്.

ഇന്നലത്തെ 1, 70000 കോടിയുടെ പാക്കേജിലും അവരില്ലായിരുന്നു. എന്ത് തന്നെയായാലും ഈ കൊടും വേനലില്‍, തിളക്കുന്ന പാതയിലൂടെ നടന്ന് വീട്ടില്‍ എത്തിയിട്ട് വേണമല്ലോ സൗജന്യറേഷന്‍ മേടിക്കാന്‍ പോവേണ്ടത്.ഒരൊറ്റ രാത്രിയില്‍ അതിര്‍ത്തികള്‍ അടക്കുമ്പോള്‍, ഒരൊറ്റ പ്രസംഗത്തില്‍ രാജ്യം നിശ്ചലമായപ്പോള്‍ ആരും അവരെ ഓര്‍ത്തില്ല. ആരും അവര്‍ക്കു വേണ്ടി സംസാരിച്ചില്ല. നമ്മള്‍ മധ്യവര്‍ഗം വീടിന്റെ സുരക്ഷിതത്വത്തില്‍ ഒതുങ്ങി. ലക്ഷ്മണരേഖകള്‍ മുറിച്ചു കടന്നു അവര്‍ കൂട്ടമായി നടക്കുന്നു...

ഉപ്പ് സത്യാഗ്രഹത്തിന്റെ തൊണ്ണൂറാം വാര്‍ഷികം അങ്ങനെ ആരും ആവശ്യപ്പെടാതെ തന്നെ ഗാന്ധിജിയുടെ 'ദരിദ്രനാരായണന്മാര്‍' വിണ്ടുകീറിയ കാലുമായി പൊരിവെയിലത്തു നടന്ന് കൊണ്ട് ഇന്ത്യന്‍ തെരുവുകളില്‍ വീണ്ടും ആവിഷ്‌ക്കരിക്കുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഫലിതങ്ങളില്‍ ഒന്നായി അത് മാറുകയാണ്....

ഈ ചിത്രം കണ്ടപ്പോള്‍ എന്റെ നിസ്സഹായതയില്‍ എന്നോട് തന്നെ വെറുപ്പ് തോന്നി. ദേശരാഷ്ട്രത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ് ഈ അഭയാര്‍ത്ഥികള്‍... അവരെക്കുറിച്ചുള്ള മഹാമൗനം ഒരു സ്റ്റേറ്റിനും ഭൂഷണമല്ല. എനിക്ക് വീണ്ടും ആനന്ദിന്റെ കൃതികള്‍ ഓര്‍മ്മ വന്നു. പ്രവചനം പോലുള്ള വരികളും ...ചരിത്രമെന്നത് മഹാ ദുരിതത്തില്‍ നിന്ന് , ആശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ഓരോ സാധുമനുഷ്യന്റെയും നിത്യമായ, അഭയം കിട്ടാത്ത നീണ്ട യാത്രയും പ്രവാഹവും ആണെന്ന യാഥാര്‍ഥ്യം! നില്‍ക്കുന്നിടത്തോ ജോലി ചെയ്യുന്നിടത്തോ വേരില്ലാത്ത പാവം പുറമ്പോക്ക് മനുഷ്യര്‍. അവരുടെ ചുമലില്‍ കയറിയിരുന്നു നമ്മള്‍ പരിഷ്‌കൃത നാഗരിക മനുഷ്യര്‍ സംസ്‌കാരങ്ങള്‍ ഉണ്ടാക്കി അഭിമാനിക്കുന്നു, കുറ്റബോധമില്ലാതെ.

Related Stories

No stories found.
logo
The Cue
www.thecue.in