കോവിഡ് 19: വിപ്ലവദൗത്യത്തിന് മുന്നില്‍ ഭയത്തിന് സ്ഥാനമില്ലെന്ന് ക്യൂബന്‍ ഡോക്ടര്‍മാര്‍, ക്യൂബയുടെ ആറാം മെഡിക്കല്‍ സംഘം ഇറ്റലിയില്‍

കോവിഡ് 19: വിപ്ലവദൗത്യത്തിന് മുന്നില്‍ ഭയത്തിന് സ്ഥാനമില്ലെന്ന് ക്യൂബന്‍ ഡോക്ടര്‍മാര്‍, ക്യൂബയുടെ ആറാം മെഡിക്കല്‍ സംഘം ഇറ്റലിയില്‍

കൊറോണ കാലത്തെ ക്യൂബന്‍ മാതൃക 

കൊറോണാ വൈറസ് ബാധയുടെ തീവ്രതയില്‍ ഉഴലുന്ന ഇറ്റലിയിലേക്ക് സഹായഹസ്തവുമായി ക്യൂബ. കോവിഡ് ബാധ ഏറ്റവും സാരമായി ബാധിച്ച ലൊംബാഡി പ്രവിശ്യയിലേക്കാണ് ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എത്തിയത്. 52 അംഗ മെഡിക്കല്‍ സംഘത്തിന് മിലനില്‍ കയ്യടിയോടെ വരവേല്‍പ്പ് നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 36 ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരുമാണ് ഇതിനൊപ്പമുള്ളത്.

കോവിഡ് 19 ബാധിത രാജ്യങ്ങളിലേക്ക് ക്യൂബ അയക്കുന്ന ആറാമത്തെ സംഘമാണ് മനിലയില്‍ എത്തിയിരിക്കുന്നത്. ജമൈക്ക, നിക്കരാഗ്വേ, വെനസ്വേല, സുരിനാം,ഗ്രനഡ എന്നീ രാജ്യങ്ങളിലേക്കാണ് ഇതിന് മുമ്പ് ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തിയത്.

ചിത്രത്തിന് കടപ്പാട് അല്‍ജസീറ 
ചിത്രത്തിന് കടപ്പാട് അല്‍ജസീറ 

ക്യൂബന്‍ മെഡിക്കല്‍ സംഘത്തിലെ തീവ്രപരിചരണ വിഭാഗം സ്‌പെഷ്യലിസ്റ്റ് ആയ 68കാരന്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത് ഇങ്ങനെ. 'ഞങ്ങള്‍ക്കും ആശങ്കയുണ്ട്, പക്ഷേ വിപ്ലവകരമായ ദൗത്യമാണ് ഞങ്ങളില്‍ അര്‍പ്പിതമായിട്ടുള്ളത്, ആ ബോധ്യത്തോടെയാണ് ഞങ്ങളുടെ യാത്ര. അതിനാല്‍ ഭയത്തെ മാറ്റി വച്ചാണ് യാത്ര.' ലൈബീരിയില്‍ എബോളക്കെതിരായ രാജ്യാന്തര മെഡിക്കല്‍ സംഘത്തെ പ്രതിനിധീകരിച്ച മുന്‍പരിചയവും ഫെര്‍ണാണ്ടസിനുണ്ട്. എട്ടാം തവണയാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ദൗത്യം. 140 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ജമൈക്കയിലുള്ളത്.

കഴിഞ്ഞയാഴ്ച കോവിഡ് 19 രോഗികളുമായി കരീബിയന്‍ ദ്വീപില്‍ അകപ്പെട്ട ബ്രിട്ടീഷ് കപ്പലിന് കരക്കടുക്കാന്‍ ക്യൂബ അനുമതി നല്‍കിയിരുന്നു. എം.എസ് ബ്രാമിയര്‍ എന്ന കപ്പലിനാണ് അനുമതി നല്‍കിയത്. ആരോഗ്യം മനുഷ്യാവകാശമാണെന്നും പൊതുവെല്ലുവിളികള്‍ക്ക് മുന്നില്‍ മാനവിക മൂല്യത്തോടെ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ക്യൂബ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഹെയ്തിയില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോഴും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള ബാധയുണ്ടായപ്പോഴും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in