വിജയ്‌യും രജനിയും  അജിത്തും ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 

വിജയ്‌യും രജനിയും  അജിത്തും ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 

ബോളിവുഡിലാണെങ്കിലും മലയാളത്തിലാണെങ്കിലും സൂപ്പര്‍താരങ്ങളുടെ പ്രതിഫലം എത്രയെന്നത് പ്രേക്ഷകര്‍ക്ക് പലപ്പോഴും ഊഹക്കണക്കുകളോ കേട്ടറിവുകളോ ആണ്. തമിഴകത്തെ ദളപതി വിജയ് ആദായനികുതി വകുപ്പ് റെയ്ഡില്‍പ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഫലം എത്രയെന്ന കണക്കുകള്‍ പുറംലോകം അറിഞ്ഞത്.

ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗില്‍ എന്ന സിനിമയ്ക്ക് വിജയ് വാങ്ങിയത് അമ്പത് കോടിയാണെന്നായിരുന്നു ആദായനികുതി രേഖകളില്‍ നിന്ന് പുറത്തുവന്നത്. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന സിനിമയുടെ പ്രതിഫലം 80 കോടി. വിജയ് ചിത്രങ്ങള്‍ വേള്‍ഡ് വൈഡ് കളക്ഷനില്‍ തുടര്‍ച്ചയായി വമ്പന്‍ നേട്ടമുണ്ടാക്കിയതാണ് പ്രതിഫലം ഉയരാന്‍ കാരണമായത്. സര്‍ക്കാര്‍ 260 കോടിയും ബിഗില്‍ 300 കോടിക്ക് മുകളിലുമാണ് ഗ്രോസ് നേടിയത്. സണ്‍ പിക്‌ചേഴ്‌സ് അടുത്ത ചിത്രത്തില്‍ വിജയ്ക്ക് നല്‍കുന്ന പ്രതിഫലം 100 കോടിയാണ്. ഈ സിനിമ ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്.

നിലവില്‍ രജനീകാന്ത് ആണ് തമിഴകത്ത് പ്രതിഫലത്തില്‍ ഒന്നാം സ്ഥാനത്ത്. ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന സിനിമയ്ക്ക് 118 കോടി രൂപ രജനികാന്ത് പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്തിനെക്കാള്‍ തമിഴകത്ത് താരമൂല്യം വിജയ്ക്കാണ്. ഒന്നോ രണ്ടോ സിനിമകള്‍ കഴിഞ്ഞാല്‍ പ്രതിഫലത്തില്‍ രജനികാന്തിനെ വിജയ് പിന്നിലാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരവുമാണ് രജനികാന്ത്.

എന്തിരന് 23 കോടി, 2.0 60 കോടി

ഷങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ എന്ന ചിത്രത്തില്‍ 23 കോടിയായിരുന്നു രജനികാന്തിന്റെ പ്രതിഫലം. രണ്ടാം ഭാഗമായ 2.0 വന്നപ്പോള്‍ പ്രതിഫലം 60 കോടിയായിരുന്നു. മറ്റ് രജനി ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ ലോ ബജറ്റില്‍ പുറത്തുവന്ന കബാലിയില്‍ 35 കോടിയായിരുന്നു രജനികാന്ത് വാങ്ങിയ പ്രതിഫലം. രജനികാന്തിന്റെ സുഹൃത്ത് കലൈപുലി എസ് താണുവായിരുന്നു കബാലി നിര്‍മ്മിച്ചത്.

20 കോടിയില്‍ നിന്ന് 100 കോടിയിലേക്ക്

കോളിവുഡില്‍ രജനികാന്തിനും കമല്‍ഹാസനും താഴെയായിരുന്നു വിജയ്‌യുടെ പ്രതിഫലം. തുപ്പാക്കി മുതല്‍ ജില്ല വരെയുള്ള സിനിമകള്‍ക്ക് 20 കോടി വരെയായിരുന്നു വിജയ് വാങ്ങിയ പ്രതിഫലം. ബിഗില്‍ വന്നപ്പോള്‍ പ്രതിഫലം അമ്പത് കോടിയായി.

കോളിവുഡില്‍ മൂന്നാമന്‍ തല

രജനികാന്ത് ചിത്രം പേട്ടയെ പിന്നിലാക്കി വിശ്വാസം നേടിയ അഭൂതപൂര്‍വമായ വിജയം കോളിവുഡിലെ ഒന്നാം നിരയിലുള്ള തല അജിത്കുമാറിന്റെ പ്രതിഫലം ഉയര്‍ത്തിയിരുന്നു. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ബില്ല ആദ്യഭാഗത്തിന് അജിത്ത് വാങ്ങിയിരുന്നത് 18 കോടിയായിരുന്നു. വിജയ് ഇതേ കാലയളവില്‍ 20 കോടി മുതല്‍ 22 കോടി വരെ ശമ്പളം വാങ്ങിയിരുന്നു. വാലിമൈ എന്ന ചിത്രത്തിന് 50 കോടിയും അതിന് ശേഷമുള്ള സിനിമയ്ക്ക് 65 കോടിയുമാണ് അജിത് വാങ്ങുന്ന പ്രതിഫലം എന്നറിയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in