POPULAR READ

കൊവിഡ്: ‘വര്‍ക്ക് ഫ്രം ഹോം’ ആസ്വാദ്യകരമാക്കാം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് 6 നിര്‍ദേശങ്ങള്‍ 

കൊവിഡ് 19 വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഷോപ്പുകളും സ്ഥാപനങ്ങളും അടയ്ക്കുകയും ജീവനക്കാരെ വീടുകളില്‍ തുടരാന്‍ ആവശ്യപ്പെടുകയുമൊക്കെയാണ് ലോകത്തുള്ള പല കമ്പനികളും. ഇതില്‍ ചില കമ്പനികള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ചൈന നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 'വര്‍ക്ക് അറ്റ് ഹോം' മോഡിലേക്ക് കാര്യങ്ങള്‍ മാറ്റി.എന്നാല്‍ വൈറസ് ഭീഷണി ഉണ്ടായിരിക്കെ വീട്ടിലിരുന്ന് അല്ലെങ്കില്‍ സ്വന്തം താമസസ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1.ഓഫീസിലെന്നതു പോലെ പ്രവര്‍ത്തിക്കുക

വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെടാനും മറ്റ് കാര്യങ്ങളിലേക്ക് പോകാനുമുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വീടിനകത്ത് തന്നെ ജോലിയ്ക്കായി പ്രത്യേക ഇടം സജ്ജമാക്കുന്നത് മാനസികമായി തൊഴിലിടത്തിലാണെന്ന ഫീല്‍ ലഭിക്കാന്‍ സഹായിക്കും. എന്നും ഓഫീസിലേക്ക് പോകാന്‍ തയ്യാറാകുന്നതു പോലെ രാവിലെ എഴുന്നേറ്റ് റെഡി ആകാം. നിങ്ങള്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഇടം സജ്ജമാക്കുക എന്നത് പ്രധാനമാണ്. കൂടാതെ ഓഫീസ് ടൈം കൃത്യമായി മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. ഈ സമയത്ത് മറ്റ് കാര്യങ്ങളില്‍ ഇടപെടാതെ ഓഫീസിന് സമാനമായി ജോലികള്‍ തീര്‍ക്കാം.

2.ആരോഗ്യകരമായ ഒരു വര്‍ക്ക് ചാര്‍ട്ട് തയ്യാറാക്കുക

ഒരു ദിവസത്തെ വര്‍ക്ക് ചാര്‍ട്ട് രൂപകല്‍പ്പന ചെയ്യുക. വീട്ടില്‍ നിന്ന് ജോലിചെയ്യുമ്പോള്‍ നിങ്ങള്‍, നിങ്ങളുടെ സ്വന്തം മാനേജര്‍ ആയിരിക്കണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൊണ്ട് തന്നെ എത്രമാത്രം തനിക്ക് ഇന്ന് ചെയ്യാന്‍ സാധിക്കുമെന്ന് ഒരു ഏകദേശ ധാരണയില്‍ എത്തുക. ഓരോ ദിവസത്തിന്റെയും അവസാനത്തില്‍, നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും അടുത്ത ദിവസത്തേക്കുള്ള ലക്ഷ്യങ്ങളും എഴുതുക. അതുവഴി നിങ്ങള്‍ക്ക് വ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല, രാവിലെ ഇതിനായി സമയം പാഴാക്കേണ്ടതായും വരുന്നില്ല.

3.ഒരു സംരംഭകനെപ്പോലെ ചിന്തിക്കുക

കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍, തങ്ങളുടെ ഓര്‍ഗനൈസേഷനുകള്‍, ടീമുകള്‍ അല്ലെങ്കില്‍ വിതരണക്കാര്‍ എന്നിവയ്ക്ക് തങ്ങള്‍ എങ്ങനെ മൂല്യം നല്‍കുന്നുവെന്ന് നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പ്രശ്‌നങ്ങള്‍ നിര്‍വചിക്കാനും പരിഹാരം കണ്ടെത്താനും ശ്രമിക്കാം. ബിസിനസ്സ് നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരുമിച്ച് അണിനിരക്കുക എന്നത് പ്രധാനമാണ്.

4.സമ്പര്‍ക്കം പുലര്‍ത്തുക

സാങ്കേതികവിദ്യയുടെ ഒരു യുഗത്തില്‍, ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്നതും വീട്ടിലിരുന്ന് ഒറ്റയ്ക്ക് ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. സാധാരണ ഗതിയില്‍ നിങ്ങള്‍ ഓഫീസില്‍ പ്രതിവാര ടീം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കില്‍ അത് വീട്ടിലിരുന്നും ചെയ്യാവുന്നതാണ്. സൂം, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ നിങ്ങളെ അതിനു സഹായിക്കും. ഇനി സാധാരണ ടീം മീറ്റിംഗ് നടത്താത്ത ഒരാളാണ് നിങ്ങളെങ്കില്‍ അത് തുടങ്ങാനുള്ള മികച്ച സമയം കൂടിയായിരിക്കും വര്‍ക്ക് അറ്റ് ഹോം.

5. ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങള്‍ വീട്ടിലായിരിക്കുമ്പോള്‍ കുട്ടികള്‍,ടിവി,സോഷ്യല്‍ മീഡിയ തുടങ്ങി നിരവധി കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഇതില്‍ ചിലത് തടയാന്‍ കഴിയുമെങ്കിലും പലപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല. ഈയിടെ വീഡിയോ കോളിലൂടെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാളുടെ മുറിയിലേക്ക് കുട്ടികള്‍ വന്നപ്പോള്‍ അവര്‍ ഹായ് പറയട്ടെ എന്ന് ആ കമ്പനി പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ എല്ലാ കമ്പനികളും ഒരുപോലെ ആയിരിക്കണമെന്നില്ല. അതുകൊണ്ട് നിങ്ങളുടെ ജോലി സമയം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് കഴിയുന്നത്ര കുട്ടികളോടും വീട്ടിലുള്ള മറ്റുള്ളവരോടും വിശദീകരിക്കുകയും പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യാം.

6.ഇടയ്ക്ക് ബ്രേക്ക് എടുക്കാം

കൊറോണ വൈറസ് കാരണം ആളുകള്‍ വീടുകളില്‍ ഒതുങ്ങി കൂടുന്ന സാഹചര്യമാണ് ഉള്ളത് എന്നറിയാമല്ലോ. എന്നിരുന്നാലും സാധാരണഗതിയിലുള്ള വ്യായാമം വീട്ടില്‍ തന്നെ ചെയ്യാന്‍ ശ്രദ്ധിക്കണം. പുറത്തേക്ക് നിലവിലെ സാഹചര്യത്തില്‍ പോകാനാകില്ലെങ്കിലും വീട്ടിലെ അന്തരീക്ഷം ഇതിന് വളരെ അനുയോജ്യമാണ്. വീട്ടില്‍ തന്നെ ഇരുന്ന് ചെയ്യാന്‍ സാധിക്കുന്ന ചെറിയ വര്‍ക്കൗട്ടുകള്‍ പരീക്ഷിക്കാം. പറ്റുമെങ്കില്‍ പൂന്തോട്ടങ്ങളില്‍ ഇറങ്ങി നടക്കാം.വീടിനു മുന്നിലുള്ള നടപ്പാതയുണ്ടെങ്കില്‍ രണ്ട് ചുവട് നടക്കുകയും ആകാം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം