അവാര്‍ഡിന് മുമ്പേ തമ്മിലടിച്ച് ചലച്ചിത്ര അക്കാദമി, സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കി

അവാര്‍ഡിന് മുമ്പേ തമ്മിലടിച്ച് ചലച്ചിത്ര അക്കാദമി, സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറികളെ നിശ്ചയിക്കുന്നതിലും, അവാര്‍ഡ് നിര്‍ണയത്തിലും അനാവശ്യ ഇടപടലെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര അക്കാദമിയില്‍ പൊട്ടിത്തെറി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ എന്ന സിനിമ സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിച്ചതും ജൂറികളെ നിശ്ചയിക്കുന്നതിലും ചെയര്‍മാന്‍ ഏകപക്ഷീയ ഇടപെടലും നടത്തുന്നുവെന്ന പരാതിയാണ് മഹേഷ് പഞ്ചു ഉള്‍പ്പെടുന്ന ഒരു വിഭാഗം ഉയര്‍ത്തിയത്. ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവില്‍ തുടങ്ങിയ ഭിന്നത ജനറല്‍ കൗണ്‍സിലും എത്തുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും ചെയര്‍പേഴ്‌സണ്‍ ബീനാ പോളും സെക്രട്ടറി മഹേഷ് പഞ്ചുവും അക്കാദമിയിലെ അംഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ മന്ത്രി എ കെ ബാലന്‍ ഇടപെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ക്കുള്ള അവാര്‍ഡ് നിര്‍ണയിക്കുന്നതിന് ജൂറിയെ ഇതുവരെ തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019ല്‍ ഫെബ്രുവരില്‍ തന്നെ അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ പരസ്യമായി എതിര്‍പ്പ് അറിയിച്ചതിനെ പിന്നാലെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മഹേഷ് പഞ്ചുവിനെ പുറത്താക്കിയത്. അജോയ് ചന്ദ്രനാണ് പുതിയ അക്കാദമി സെക്രട്ടറി. 2019ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമി, വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്നീ സിനിമകള്‍ക്ക് പ്രധാന പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ സംഘടന രംഗത്ത് വന്നിരുന്നു. കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ ഇത്തവണ അവാര്‍ഡ് പരിഗണനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

മകന്റെ സിനിമ മത്സരത്തിനുള്ളപ്പോള്‍ അച്ഛന്‍ ജൂറി ചെയര്‍മാനെയും അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ മഹേഷ് പഞ്ചു ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവില്‍ എതിര്‍പ്പറിയിക്കുകയായിരുന്നു. ജൂറിയെ തീരുമാനിക്കുന്നതില്‍ നിന്ന് കമല്‍ വിട്ടുനില്‍ക്കണമെന്നായിരുന്നു മഹേഷ് പഞ്ചുവിന്റെ ആവശ്യം. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയതില്‍ സ്വജനപക്ഷപാതം ഉണ്ടായതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 119 എന്‍ട്രികളാണ് ഇത്തവണ സംസ്ഥാന അവാര്‍ഡിനായി പരിഗണിക്കുന്നത്. മഹേഷ് പഞ്ചുവിനെ നീക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കമലും ചെയര്‍പേഴ്‌സണ്‍ ബീനാ പോളും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്.

മലയാളത്തിലെ പ്രധാന ചലച്ചിത്ര സംഘടനകളുടെ ഇടപെടല്‍ അവാര്‍ഡ് നിര്‍ണയത്തിലും ജൂറി നിര്‍ണയത്തിലും ഉണ്ടാകുമെന്നും ജൂറിയെയും ജൂറി അംഗങ്ങളെയും കമല്‍ നേരിട്ട് തീരുമാനിക്കുന്നത് ഒഴിവാക്കണമെന്നും ജനറല്‍ കൗണ്‍സിലില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. വാണിജ്യ സിനിമകളെ മാത്രം പരിഗണിക്കുന്ന ജൂറിയെ ആണ് കമലും ബീനാ പോളും പരിഗണിക്കുന്നതെന്നും ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് ലഭിച്ചില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മഹേഷ് പഞ്ചു ദ ക്യുവിനോട് പറഞ്ഞു. മുതിര്‍ന്ന ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയെ ജൂറി ചെയര്‍മാനായി നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും ഇക്കാര്യം അംഗീകരിക്കാന്‍ ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് തയ്യാറായില്ലെന്നാണ് അറിയുന്നത്.

അവാര്‍ഡിന് മുമ്പേ തമ്മിലടിച്ച് ചലച്ചിത്ര അക്കാദമി, സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കി
‘കമലിന്റെ മകന്‍ ജനൂസിന്റെ ചിത്രം പട്ടികയില്‍ നിന്നൊഴിവാക്കണം’; മുഖ്യമന്ത്രിക്ക് സമാന്തര സിനിമ സംഘടനയുടെ പരാതി 

അക്കാദമിയില്‍ തമ്മിലടി രൂക്ഷമായതും ജൂറിയെ തീരുമാനിക്കുന്നതിന് മുമ്പ് അവാര്‍ഡ് നിര്‍ണയത്തിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നതും സിനിമാ മന്ത്രി എ കെ ബാലനിലും അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയിലെ തര്‍ക്കം മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് അക്കാദമി സെക്രട്ടറിയെ പുറത്താക്കിക്കൊണ്ടുള്ള നടപടി. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുമുണ്ടെന്ന സ്വതന്ത്ര ചലച്ചിത്രകാരന്‍മാരുടെ സംഘടനയുടെ പരാതിക്ക് ബലമേകുന്നത് അക്കാദമിയിലെ തമ്മിലടിയും പുറത്താക്കലും. അവാര്‍ഡ് നിര്‍ണയത്തില്‍ പരാതികളുണ്ടാകരുതെന്നും നീതിയുക്തമാകണമെന്നും അക്കാദമിക്ക് മന്ത്രി എ കെ ബാലന്‍ നിര്‍ദേശം നല്‍കിയെന്നാണറിയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in