‘വാവ സുരേഷ് പാമ്പുകളെ വെച്ചുള്ള ഷോ നിര്‍ത്തണം, ആരോഗ്യമന്ത്രി ഇടപെടണം’

‘വാവ സുരേഷ് പാമ്പുകളെ വെച്ചുള്ള ഷോ നിര്‍ത്തണം, ആരോഗ്യമന്ത്രി ഇടപെടണം’

വാവ സുരേഷിന്റെ പാമ്പു പിടിത്തവും പാമ്പിനെ പിടിച്ചതിന് ശേഷമുള്ള പ്രദര്‍ശനങ്ങളെയും വിമര്‍ശിച്ച് പലകുറി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. പാമ്പ് പിടിക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സുരേഷ് ആശുപത്രി വിട്ട ശേഷം വീണ്ടും പാമ്പുകളെ പിടിക്കുന്നതിന്റെ ചിത്രം അദ്ദേഹം പങ്കുവച്ചിരുന്നു. സ്വയം അപകടം വരുത്തുന്നതും കുട്ടികള്‍ ഉള്‍പ്പെടെ ചുറ്റുമുള്ളവരെ അപകടപ്പെടുത്തുന്നതുമായ പാമ്പ് പ്രദര്‍ശനം വാവ സുരേഷ് അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് ഡോ. ജിനേഷ് പി.എസ്. മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന പാമ്പുകളെ വെച്ചുള്ള ഷോ നിര്‍ത്താന്‍ വേണ്ടിയുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയും സാമൂഹ്യ സുരക്ഷാ വകുപ്പ് തയ്യാറാവണമെന്നും ഡോ.ജിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു

പാമ്പുകളെ വെച്ചുള്ള ഷോ നിര്‍ത്താന്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് തയ്യാറാവണം

ആശുപത്രി വിട്ടിറങ്ങിയ സുരേഷ് വീണ്ടും പാമ്പുപിടുത്തം തുടങ്ങിയിട്ടുണ്ട്. കുറേ കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നതിനിടയില്‍ നിന്നും ഒരു മൂര്‍ഖന്‍ പാമ്പിനെ എടുത്ത് ഷോ കാണിക്കുന്ന ചിത്രം പുള്ളി തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സുരേഷിന് മികച്ച ചികിത്സ ലഭിച്ചതിലും പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയതിലും വളരെ സന്തോഷം. ഓരോ ജീവനും വിലയേറിയതാണ്. ഓരോ ജീവന്‍ രക്ഷപ്പെടുമ്പോഴും സന്തോഷം തന്നെയാണ്.

പക്ഷേ പുള്ളി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്ന പരിപാടി പുള്ളിക്ക് മാത്രമല്ല, ചുറ്റുമുള്ളവര്‍ക്കും കൂടി അപകടകരമാണ്. പലതവണ വിഷപ്പാമ്പുകളുടെ കടിയേറ്റ് ആശുപത്രിയില്‍ അഡ്മിറ്റായി എ എസ് വി സ്വീകരിച്ചിട്ടുള്ള ആളാണ് സുരേഷ്. ഓരോ തവണയും ആധുനിക വൈദ്യശാസ്ത്രവും ആശുപത്രി സൗകര്യങ്ങളും പ്രയോജനപ്പെട്ടു. ഒക്കെ നല്ലതു തന്നെ...

സ്വയം അപകടം വിളിച്ചുവരുത്തുന്നവരെ തടയാന്‍ എളുപ്പമല്ല, പ്രത്യേകിച്ചും വളരെ വലിയ ആരാധകവൃന്ദം ഉള്ളപ്പോള്‍ ഒട്ടും എളുപ്പമല്ല. പക്ഷേ ചുറ്റും കുട്ടികള്‍ അടങ്ങിയ മനുഷ്യരെ നിര്‍ത്തിക്കൊണ്ട് ഷോ കാണിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തിലെ സാമൂഹ്യ സുരക്ഷാ വകുപ്പ് ഇടപെടണം. സാമൂഹ്യ സുരക്ഷാ വകുപ്പ് തലവന്‍ കൂടിയായ ആരോഗ്യമന്ത്രി ഇടപെടണം.

ആശുപത്രിയില്‍ സുരേഷിന് ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്‍കാന്‍ മുന്‍കൈയെടുത്ത ആരോഗ്യമന്ത്രിക്ക് ഇതിനു കൂടി ഉത്തരവാദിത്വം ഉണ്ട്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും അപകടം പറ്റിയ ശേഷം ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അപകടം ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാനം.

മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന പാമ്പുകളെ വെച്ചുള്ള ഷോ നിര്‍ത്താന്‍ വേണ്ടിയുള്ള നടപടി സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് തയ്യാറാവണം.

Related Stories

No stories found.
logo
The Cue
www.thecue.in