‘നിദാ ഫാത്തിമ, അഭിമാനമാണിവള്‍, ഇവളുടെ കൂട്ടുകാരും’

‘നിദാ ഫാത്തിമ, അഭിമാനമാണിവള്‍, ഇവളുടെ കൂട്ടുകാരും’

വയനാട് ബത്തേരിയിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹലയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ സഹപാഠികളെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞിട്ടും സമയോചിതമായ ഇടപെടാതിരുന്ന അധ്യാപകരെക്കുറിച്ചും ഷഹല നേരിട്ട അവഗണനയെക്കുറിച്ചും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉറക്കെ പറയാന്‍ തയ്യാറായവരില്‍ നിദാ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. ചാനല്‍ ചര്‍ച്ചകളിലും രോഷാകുലയായും കൃത്യതയോടെ നടന്ന സംഭവങ്ങള്‍ വിവരിച്ചും നീതിനിഷേധത്തിനെതിരെ സംസാരിച്ചത് ഇതേ സ്‌കൂളിലെ നിദാ ഫാത്തിമ ആയിരുന്നു. നിദാ ഫാത്തിമയെക്കുറിച്ച് ഫേസ്ബുക്കില്‍ ഡോ. ഷിംനാ അസീസ് എഴുതിയ കുറിപ്പ്

‘നിദാ ഫാത്തിമ, അഭിമാനമാണിവള്‍, ഇവളുടെ കൂട്ടുകാരും’
സ്ഥിരമായി അപവാദപ്രചരണവും ശല്യപ്പെടുത്തലും, പാര്‍വതിയുടെ പരാതിയില്‍ കേസെടുത്തു  

ഡോ. ഷിംനാ അസീസ് എഴുതിയ കുറിപ്പ്

നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാര്‍. വയനാട്ടില്‍ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികള്‍.

അവരെ ആദ്യമായി കാണുന്നത് ഇന്നലെ വൈകുന്നേരം കണ്ട ന്യൂസ് ബൈറ്റിലാണ്. അവര്‍ അവരുടെ സഹപാഠിക്ക് കിട്ടാതെ പോയ നീതിക്ക് വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്തതയോടെ ശബ്ദിക്കുന്നുണ്ടായിരുന്നു. അഭിമാനം തോന്നി.

ഇന്നലെ നിദയെ നേരില്‍ കേട്ടത് ന്യൂസ് 24 ചര്‍ച്ചയിലാണ്. അവിടെയും അവളുടെ ശബ്ദത്തിന് യാതൊരു ഇടര്‍ച്ചയുമില്ല. അല്ലെങ്കിലും ഭയത്തിനും സ്വാധീനത്തിനും മീതെ നില്‍ക്കുന്ന നിഷ്‌കളങ്കതയാണല്ലോ ആ പ്രായത്തിന്. ഏഴാം ക്ലാസുകാരിയുടെ ശബ്ദത്തിലെ ആത്മവിശ്വസവും നേരിട്ടറിഞ്ഞു.

രാവിലെ അവളെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. അവള്‍ മദ്രസയില്‍ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയില്‍ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോ അവള്‍ ഷഹലയെക്കുറിച്ച് പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളില്‍ തീയുള്ള കുഞ്ഞിപ്പെണ്ണ്.

അവസാനം അവള്‍ പതുക്കേ ചോദിച്ചത് ഇതാണ് - 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?'

അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളില്‍ നിന്ന് മിന്നല്‍ പോലെ മാഞ്ഞ് അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന് നെഞ്ചില്‍ വീണത് പോലെ തോന്നി. 'ഏതറ്റം വരെയും ഉറപ്പായും കൂടെ നില്‍ക്കും' എന്ന് പറഞ്ഞിട്ടുണ്ട്. അത് വാക്കാണ് താനും.

ഇത്രയും ഉഗ്രമായി ന്യായത്തിന് വേണ്ടി ജ്വലിക്കുന്ന കനലുകളെല്ലാം ചവിട്ടി അണയ്ക്കാന്‍ ധൃതി പിടിക്കുന്ന ലോകമാണ് ചുറ്റും. അവളുടെ കാര്യവും മറിച്ചാകില്ലെന്നറിയാം. ഏതായാലും, അവള്‍ നേരിട്ടേക്കാവുന്ന തുറിച്ചു നോട്ടങ്ങളോടും കുത്തുവാക്കുകളോടുമായി പറയുകയാണ്...

അവള്‍ പുറത്തുവന്ന് സംസാരിച്ചത് നിങ്ങളില്‍ ചിലര്‍ കൊന്ന അവളുടെ സഹപാഠിയുടെ ജീവന്‍ പോയതിന്റെ വേദനയാണ്. ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട് ഇത്രയും ശൗര്യമുള്ള ഒരു പെണ്‍കുഞ്ഞിനെ ഒതുക്കാന്‍ ശ്രമിക്കരുത്. അങ്ങനെയൊന്നുണ്ടായാല്‍ ഷഹലയുടെ കൂടെ നിന്ന ലോകം മുഴുവന്‍ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല.

അഭിമാനമാണിവള്‍... ഇവളുടെ കൂട്ടുകാരും.

ചോദ്യം ചെയ്യാനറിയുന്നവര്‍, പ്രതികരണശേഷിയും നീതിബോധവുമുള്ളവര്‍.

നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കള്‍. ഇവരോടൊപ്പമുണ്ട് നമ്മള്‍, ഉണ്ടാകണം നമ്മള്‍.

:ഡോ. ഷിംനാ അസീസ്

ബുധനാഴ്ച വൈകിട്ടാണ് ബത്തേരി ഗവണ്‍മെന്റ് സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥി പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍ വീട്ടില്‍ ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ചത്.

ചിത്രത്തിന് കടപ്പാട് : ജോണ്‍സണ്‍ പാട്ടവയല്‍

( വയനാട് രാത്രി വാഹന നിരോധനതിനെതിരെ നടന്ന സമരത്തിൽ നിന്നും എടുത്ത ഫോട്ടോ )

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in