രജിനിയും കമലും കൈകോര്‍ക്കുമോ? അവസാനമാവുക ദീര്‍ഘകാല സസ്‌പെന്‍സിന് 

 രജിനിയും കമലും കൈകോര്‍ക്കുമോ? അവസാനമാവുക ദീര്‍ഘകാല സസ്‌പെന്‍സിന് 

തമിഴ് അഭിനേതാക്കളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് രജിനികാന്ത്. രജിനികാന്തിന്റെ സിനിമയോളം ചര്‍ച്ചയായത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. ഓരോ പ്രധാന സിനിമകളും രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കമാണെന്ന നിലയിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മക്കള്‍ നീതി മെയ്യവുമായി കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശനം നടത്തുകയും തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തപ്പോഴും രജിനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നത് അഭ്യൂഹം മാത്രമായി അവശേഷിക്കുകയായിരുന്നു. സാഹചര്യം ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ക്ക് വേണ്ടി കമല്‍ഹാസനൊപ്പം കൈകോര്‍ക്കുമെന്നാണ് രജിനികാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തമിഴക രാഷട്രീയത്തെ അമ്പരപ്പിച്ച പ്രഖ്യാപനവുമായിരുന്നു ഇത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയ്ക്ക് പിന്നാലെ രജിനികാന്ത് കമലിനൊപ്പം കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചത് തമിഴക കക്ഷികളും ഗൗരവത്തോടെയാണ് കാണുന്നത്. സിനിമയില്‍ കമല്‍ഹാസന്‍ സിനിമയില്‍ അറുപത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി നടന്ന ആഘോഷത്തിലാണ് രജിനികാന്ത് തമിഴകത്ത് അത്ഭുതം സംഭവിക്കാമെന്ന് പറഞ്ഞത്. റീല്‍ മുഖ്യമന്ത്രിയാകുന്നത് പോലെയല്ല റിയല്‍ മുഖ്യമന്ത്രിയെന്ന് പരിഹസിച്ചാണ് രജിനിയുടെ പ്രഖ്യാപനത്തെ എഐഡിഎംകെ മുഖപത്രം നേരിട്ടത്. തന്നെ കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനവും തൊട്ടുമുമ്പ് നടത്തിയ ബിജെപി വിമര്‍ശനും രജിനികാന്ത് ബിജെപി പാളയത്തിലേക്ക് അല്ല എന്ന് ഉറപ്പിച്ചിരുന്നു. നാല്‍പ്പത് വര്‍ഷമായി ഒപ്പമുള്ള രജിനികാന്തുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചിരിക്കുന്നത്. 2018ല്‍ രജിനികാന്ത് തമിഴകത്തെ ആരാധകരുടെ സംഗമം സംഘടിപ്പിച്ച് മക്കള്‍ മന്‍ട്രത്തിന്റെ ലോഗോയും പതാകയുമെല്ലാം പുറത്തിറക്കിയിരുന്നു. ഇത് രജിനിയുടെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള നീക്കമായാണ് അന്ന് വിലയിരുത്തപ്പെട്ടത്. എ ഐ ഡിഎംകെയുമായും ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടാതെ സ്വതന്ത്ര നീക്കത്തിനായിരിക്കും രജിനിയുടെ ആലോചന. അങ്ങനെ വന്നാല്‍ ആരാധക സംഘടനയായ മക്കള്‍ മന്‍ട്രത്തെ രാഷ്ട്രീയ കക്ഷിയാക്കി കമലിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലെത്തുമോ എന്നാണ് കാത്തിരുന്ന് അറിയേണ്ടത്.

രജിനികാന്തിന്റെ മക്കള്‍ മന്‍ട്രം 2020 ആഗസ്റ്റില്‍ രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്ന് സൂചനകളുണ്ടായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനായുള്ള ശ്രമങ്ങള്‍ രജിനികാന്ത് വേഗത്തിലാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജിനിയുടെ മക്കള്‍ മന്‍്ട്രത്തില്‍ 60 ലക്ഷം അംഗങ്ങളുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്.

രജിനിരാഷ്ട്രീയം എന്ന ദീര്‍ഘകാല സസ്‌പെന്‍സ്

അണികളോട്/ തമിഴ് ജനതയോട് തലൈവര്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകളെന്ന നിലയില്‍ തന്നെയാണ് രജിനികാന്തിന്റെ വിഖ്യാതമായ പഞ്ച് ഡയലോഗുകള്‍ പലതും പരിഗണിച്ചിരുന്നത്. പടയപ്പയും ബാഷയും ശിവാജിയും പുറത്തിറങ്ങിയ വേളയില്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചനകള്‍ ബലപ്പെടുത്തിയതും ഈ പ്രഹരശേഷിയുള്ള ഡയലോഗുകളായിരുന്നു. 1995ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായി രജിനികാന്ത് പ്രഖ്യാപിച്ചിരുന്നു. രജിനി പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് 130 സീറ്റ് വരെ കിട്ടുമെന്ന പ്രവചനവും വന്നിരുന്നു. രജിനി പിന്നീട് ഡി.എം.കെ-ടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന വിവാദ പ്രസ്താവന ദീര്‍ഘകാലം ജയലളിതയുമായും എഐഡിഎംകെയുമായും രജിനിയെ ശത്രുതയിലാക്കി. അതേ രജിനികാന്ത് 2004ല്‍ എഐഡിഎംകെ സഖ്യത്തിന് പിന്തുണയുമായെത്തിയെന്നതും വൈരുദ്ധ്യം. രജിനികാന്ത് രാഷ്്ട്രീയത്തില്‍ പ്രവേശിക്കുമെന്നത് അഭ്യൂഹമായി നിലനില്‍ക്കെ വിജയ്കാന്തും, ശരത്കുമാറും രാഷ്ട്രീയത്തിലെത്തി. ഒടുവില്‍ കമല്‍ഹാസനും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പം മുന്‍നിര്‍ത്തി രജിനികാന്ത് ബിജെപിയുടെ ഭാഗമാകുമെന്ന് പ്രചരണമുണ്ടായിരുന്നു.

 രജിനിയും കമലും കൈകോര്‍ക്കുമോ? അവസാനമാവുക ദീര്‍ഘകാല സസ്‌പെന്‍സിന് 
റിമ ഒന്നാംതരം ആക്ട്രസ്, ജൂതനില്‍ നിന്ന് മാറ്റിയതില്‍ വിവാദമില്ലെന്ന് ഭദ്രന്‍

ബാബാ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായുള്ള വരവെന്നായിരുന്നു. മറ്റൊരു തരത്തില്‍ രജനിയുടെ മക്കള്‍ക്ക് മുന്നിലുളള പ്രകടന പത്രിക. പക്ഷേ ബാബ തിയറ്റര്‍ പ്രകടനത്തില്‍ ദയനീയമായി നിലം പൊത്തിയതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചയ്ക്കും അടുത്ത സിനിമ വരെ ഇടവേളയുണ്ടായി. കബാലിക്ക് ശേഷമുള്ള രജനീകാന്ത് ചിത്രം യെന്തിരന്‍ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് എത്രയോ മാസങ്ങള്‍ മുമ്പാണ് പല ഇടങ്ങളിലായി രജനി രസികരുടെ സംഗമം നടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധക സംഗമത്തെ രജനീകാന്ത് അഭിസംബോധന ചെയ്തു. 2018 ഓഗസ്റ്റില്‍ തിരുച്ചിറപ്പള്ളിയില്‍ നടന്ന കൂറ്റന്‍ ആരാധക സംഗമത്തില്‍ രജനി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സുഹൃത്ത് പ്രഖ്യാപിക്കുകയും ചെയ്തു. കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തുടര്‍ച്ചയായി ചര്‍ച്ചകളില്‍ ഇടം പിടിച്ചപ്പോള്‍ നടനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ ശോഭിക്കില്ലെന്നാണ് രജനി പറഞ്ഞത്. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഈ പ്രസ്താവന. അമ്പതാം വയസിലായിരുന്നു എംജിആറിന്റെ രാഷ്ട്രീയ പ്രവേശം. രജനീകാന്തിന് 68 പിന്നിട്ടിരിക്കുന്നു. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ഇടയ്ക്കിടെ ചികിത്സയിലുമാണ്. പുതിയൊരു കക്ഷി രൂപീകരിച്ചുള്ള രാഷ്ട്രീയ പ്രവേശനത്തിന് രജനീകാന്ത് തയ്യാറാകുമോ എന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കമലുമായി കൈകോര്‍ക്കുമെന്ന് സൂചന നല്‍കുന്ന പുതിയ നീക്കം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in