adoption
adoptiongoogle

ദത്തെടുക്കല്‍ എങ്ങനെ, ആര്‍ക്കൊക്കെയാവാം, വ്യവസ്ഥകള്‍ ഇവയാണ് 

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഏറ്റെടുത്ത് വളര്‍ത്താനുളള അവകാശം നല്‍കുന്നതാണ് ദത്തെടുക്കല്‍ നിയമം. 

2017 സെപ്റ്റംബറില്‍ ടെക്‌സസിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസ് എന്ന മൂന്ന് വയസ്സുകാരിയെ ആരും മറക്കാനിടയില്ല. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികളായ സിനി- വെസ്ലി മാത്യൂസിന്റെയും വളര്‍ത്തുമകള്‍. ബീഹാറിലെ ഗയയില്‍ നിന്നും അവര്‍ ദത്തെടുത്തതാണ് അവളെ.

കുട്ടിയുടെ മരണത്തില്‍ അന്വേഷണം മാതാപിതാക്കളായ സിനി- വെസ്ലി മാത്യൂസ് എന്നിവരിലേക്ക് നീണ്ടു. കുട്ടിയെ ഇവര്‍ തന്നെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ഇരുവരും അറസ്റ്റിലായി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സിനിയെ കോടതി കുറ്റവിമുക്തയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദത്തെടുക്കല്‍ പ്രക്രിയ എങ്ങനെയാണെന്ന് പരിശോധിക്കാം.

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഏറ്റെടുത്ത് വളര്‍ത്താനുളള അവകാശം നല്‍കുന്നതാണ് ദത്തെടുക്കല്‍ നിയമം. ഓരോ രാജ്യത്തും വ്യത്യസ്തമായ രീതിയിലാണ് ദത്തെടുക്കല്‍ നിയമം നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയാണ് ദത്തെടുക്കലിന്റെ ഉന്നതാധികാര സമിതി. പാലിക്കേണ്ട വ്യവസ്ഥകള്‍ ഇവയാണ്.

1. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കോ, വിദേശികള്‍ക്കോ രാജ്യത്തുനിന്ന് കുട്ടികളെ ദത്തെടുക്കാം. വിദേശികള്‍ക്ക് ദത്തെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ വ്യത്യസ്തമാണ്.

2. ദത്തെടുക്കുമ്പോള്‍ കുട്ടിയും മാതാപിതാക്കളും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസമുണ്ടായിരിക്കണം.

3. ദമ്പതികള്‍ പൂര്‍ണ്ണസമ്മതത്തോടെയാകണം കുട്ടിയെ സ്വീകരിക്കേണ്ടത്.

1. രജിസ്‌ട്രേഷന്‍

ദത്തെടുക്കാന്‍ അംഗീകൃത ഏജന്‍സികളിലൊന്നില്‍ രജിസ്റ്റര്‍ ചെയ്യണം. ദമ്പതികള്‍ക്ക് പ്രാഥമിക വിവരങ്ങള്‍ ഈ എജന്‍സി ലഭ്യമാകും.

2. കൗണ്‍സിലിംഗ്

ദമ്പതികള്‍ക്കുള്ള കൗണ്‍സിലിംഗ് ആണ് രണ്ടാമത്തെ ഘട്ടം. കുട്ടിയുടെ പരിചരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നു. കൂടാതെ ഇവരുടെ വീട് പരിശോധനയ്ക്ക് വിധേയമാക്കും. വീട്ടിലെ സാഹചര്യം കുട്ടിയ്ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാണിത്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് 3 മാസത്തിനുള്ളില്‍ കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

3. കുട്ടിയെ സ്വീകരിക്കല്‍

ആദ്യത്തെ രണ്ട് ഘട്ടവും പൂര്‍ത്തിയാക്കിയശേഷം ദത്തെടുക്കാനുദ്ദേശിക്കുന്ന കുട്ടിയെ കാണാനും നിശ്ചിത സമയം ചെലവഴിക്കാനും ദമ്പതികള്‍ക്ക് അനുവാദമുണ്ട്. കുട്ടിയുടെയും, ദത്തെടുക്കാനാഗ്രഹിക്കുന്ന വ്യക്തികളുടെയും മെഡിക്കല്‍ പരിശോധനകളും ഈ ഘട്ടത്തിലാണ് നടക്കുന്നത്.

4. പെറ്റീഷന്‍ നല്‍കല്‍

കുട്ടിയുമായി ഇണങ്ങിക്കഴിഞ്ഞാല്‍ കുഞ്ഞിനെ ഏറ്റെടുക്കുന്നതിനുള്ള സമ്മതം അറിയിച്ച് നിയമപരമായി നീങ്ങണം. ഇതിനായി കോടതിയെ സമീപിക്കലാണ് അടുത്തഘട്ടം. കുട്ടിയെ ദത്തെടുക്കാനുള്ള സമ്മതം കോടതിയെ ധരിപ്പിക്കണം.

5. പ്രീ അഡോപ്ഷന്‍ കെയര്‍

കോടതി മുഖേന കുട്ടിയെ ദത്തെടുത്താല്‍ ആദ്യ ഘട്ടം പൂര്‍ത്തിയായി. ശേഷം കുട്ടിയുടെ സ്വഭാവവും പെരുമാറ്റരീതികളുമനുസരിച്ച് ദമ്പതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു നഴ്‌സിംഗ് സ്റ്റാഫിന്റെ സഹായത്തോടെ മനസ്സിലാക്കണം.

6. കോടതി ഹിയറിംഗ്

കുട്ടിയും, ദത്തെടുക്കുന്ന വ്യക്തികളും മാത്രമടങ്ങുന്നതാണ് ഈ സെഷന്‍. കോടതി നിശ്ചയിക്കുന്ന തുകയോ, തത്തുല്യ ആസ്തിയോ കുട്ടിയുടെ പേരില്‍ കെട്ടിവെയ്ക്കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നു.

7. കോടതി വിധി

കുട്ടിയുടെ പേരില്‍ നിശ്ചിത ആസ്തി നിക്ഷേപിച്ചുകഴിഞ്ഞാല്‍ ദത്തെടുക്കലിന് കോടതിയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നു. ഇവിടെ തീരുന്നില്ല, രണ്ട് മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഏജന്‍സി മുഖേന കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത്തരത്തില്‍ ഘട്ടം ഘട്ടമായുള്ള പ്രവൃത്തികളിലൂടെയാണ് ദത്തെടുക്കല്‍ പൂര്‍ത്തിയാവുക.

Related Stories

No stories found.
logo
The Cue
www.thecue.in