പേര് മാറ്റണോ? ഇതാണ് അതിനുള്ള വഴി 

പേര് മാറ്റണോ? ഇതാണ് അതിനുള്ള വഴി 

നമ്മളില്‍ പലര്‍ക്കും സ്വന്തം പേരില്‍ ചില മാറ്റങ്ങള്‍ വരുത്താനും പുതിയ പേര് ഇടാനുമൊക്കെ തോന്നാറില്ലേ! 

സ്വന്തം പേരിന്റെ ഭംഗിയെച്ചൊല്ലി വിഷമിക്കുകയും ഒരിക്കലെങ്കിലും പേരിട്ടവരോട് പരാതി പറയുകയും ചെയ്യുന്നരാണ് ഭൂരിഭാഗം പേരും. നമ്മളില്‍ പലര്‍ക്കും സ്വന്തം പേരില്‍ ചില മാറ്റങ്ങള്‍ വരുത്താനും പുതിയ പേര് ഇടാനുമൊക്കെ തോന്നാറില്ലേ! എന്റെ സമ്മതമില്ലാതെ എന്തിനാ ഈ പേര് ഇട്ടത്? ഇതിലും നല്ല പേരൊന്നും കിട്ടിയില്ലേ എന്നൊക്കെ പലരും അച്ഛനമ്മമാരോട് ചോദിച്ചിട്ടുമുണ്ടാകും.

സര്‍ട്ടിഫിക്കറ്റിലും മറ്റ് രേഖകളിലും തനിക്കിഷ്ടമില്ലാത്ത പേരാണ് അതുകൊണ്ട് മാറ്റാന്‍ കഴിയില്ല എന്നു വിചാരിച്ച് നടക്കേണ്ട കാര്യമൊന്നുമില്ല. നമുക്ക് ഇഷ്ടമുള്ള പേരിടാനുള്ള അധികാരം നമ്മുടെ നിയമവ്യവസ്ഥ നല്‍കിയിട്ടുണ്ട്. അതിനെന്തൊക്കെയോ ചെയ്യേണ്ടതെന്ന് അറിയില്ലെങ്കില്‍ ഇതാ കേട്ടോളു...

നിലവിലെ പേര് മാറ്റാന്‍ മൂന്ന് ഘട്ടങ്ങളാണുള്ളത്

1. പേര് തിരുത്താനുള്ള സത്യാവാങ്മൂലം സമര്‍പ്പിക്കുക

2. തിരുത്തിയ പേര് ഉള്‍പ്പെടുത്തി പത്രപരസ്യം നല്‍കുക

3. രേഖകള്‍ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സമര്‍പ്പിക്കുക

അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പേര് മാറ്റുന്നതിന് പ്രത്യേകം നടപടിക്രമങ്ങളുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് മാറ്റുന്നതിന് നടത്തേണ്ട നടപടികളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.

1. പേര് തിരുത്താനുള്ള സത്യാവാങ്മൂലം സമര്‍പ്പിക്കുക

പേര് മാറ്റാനുള്ള ആദ്യത്തെഘട്ടം ആണ് അതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കുകയെന്നത്. അതിന് എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണം എന്നല്ലേ. ഇനി പറയുന്ന രേഖകള്‍ നിങ്ങളുടെ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്

1. അപേക്ഷകന്റെ പൂര്‍ണ്ണനാമം

2. അച്ഛന്റെ പേര്

3. മേല്‍വിലാസം

ഇതെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന രേഖകളോടൊപ്പം ഒരു ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് നു മുന്നിലോ, അല്ലെങ്കില്‍ നോട്ടറി അഡ്വക്കേറ്റിന് മുന്നിലോ വെച്ച് അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണം.

2. പത്ര പരസ്യം

അപേക്ഷ കൊടുത്തതുകൊണ്ട് മാത്രം തീരുന്നില്ല. പേര് മാറ്റിയെന്നുള്ള വിവരം മറ്റുള്ളവരെക്കൂടി അറിയിക്കുന്നതാണ് അടുത്ത ഘട്ടം. നിങ്ങളുടെ പ്രദേശത്തുള്ള ലീഡിംഗ് ന്യൂസ്‌പേപ്പറിലേക്ക് പേര് മാറിയ വിവരം ഉള്‍ക്കൊളളിച്ച പരസ്യം നല്‍കുക. പരസ്യം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ പഴയ പേരും പുതുക്കിയ പേരും അതോടൊപ്പം പൂര്‍ണ്ണ മേല്‍വിലാസും പരസ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

അതേസമയം സര്‍ക്കാരുദ്യോഗസ്ഥനാണ് നിങ്ങളെങ്കില്‍ പേര് മാറ്റല്‍ നടപടികള്‍ക്ക് ചില വ്യത്യസ്ഥ നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടത്.ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചുള്ള പ്രത്യേക നിയമപ്രകാരം മാത്രമേ പേര് തിരുത്താന്‍ സാധിക്കുകയുള്ളു.

വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും പേര് മാറ്റുന്നതിന് പ്രത്യേക നടപടികളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ എംബസ്സി അല്ലെങ്കില്‍ ഹൈക്കമ്മീഷണര്‍ വഴിയാകണം പേര് തിരുത്താന്‍ ഉള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

3. പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

പേര് മാറ്റുന്നതിനുള്ള അപേക്ഷകളോടൊപ്പം ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ കൂടിച്ചേര്‍ത്ത് പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍ട്രോളര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തെ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗികമായി പേര് മാറ്റിയതായുള്ള രേഖകള്‍ പോസ്റ്റായോ, കൊറിയര്‍ ആയോ ലഭിക്കുന്നതാണ്.

അതേസമയം സ്വന്തം മതത്തില്‍ നിലനിന്നുകൊണ്ട് തന്നെ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു മതത്തിലെ പേര് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് മാറ്റാനുള്ള നടപടികള്‍ കുറച്ച് വ്യത്യസ്തമാണ്. തന്റെ മതത്തില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുകയും അതോടൊപ്പം മറ്റൊരു മതത്തിലെ പേര് സ്വീകരിക്കാന്‍ തയ്യാറാണെന്നും കാട്ടിയുള്ള സത്യവാങ്മൂലം സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതാണ്. അതിന് ശേഷമായിരിക്കും ഗസറ്റില്‍ പരസ്യപ്പെടുത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in