ആരാണ് ബോട്ടില്‍ ക്യാപ് ചലഞ്ചിന് പിന്നില്‍?, മലയാളത്തില്‍ ഏറ്റെടുത്ത് ഉണ്ണി മുകുന്ദനും നീരജും

ആരാണ് ബോട്ടില്‍ ക്യാപ് ചലഞ്ചിന് പിന്നില്‍?, മലയാളത്തില്‍ ഏറ്റെടുത്ത് ഉണ്ണി മുകുന്ദനും നീരജും

ബോട്ടില്‍ ക്യാപ് ചാലഞ്ച്, മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലകര്‍ തുടക്കമിട്ട ചാലഞ്ച് ഹോളിവുഡും ബോളിവുഡും കടന്ന് മലയാളത്തിലും താരങ്ങള്‍ ഏറ്റെടുത്തു. നെഞ്ചോളം പൊക്കത്തില്‍ എതിരെ അടപ്പിട്ട് വച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് മാത്രം ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുകയോ, നീക്കുകയാണ് ചലഞ്ച്. കുപ്പി പൊട്ടിക്കാതെ അടപ്പ് മാത്രം തൊഴിച്ച് ഉയര്‍ത്തുകയോ,പറത്തുകയോ ആവാം. കുപ്പിയും കുപ്പി ഉറപ്പിച്ചുനിര്‍ത്തുന്ന ആളും തൊഴിക്കിരയാവുന്നതിനാലും ആയോധന മികവോ, ഫിറ്റ്‌നസ് ട്രെയിനിംഗോ ഉള്ള ആളുകളാണ് ചലഞ്ച് ഏറ്റെടുക്കുന്നത്. അല്ലെങ്കില്‍ നടുവെട്ടി നിലത്ത് കിടക്കുമെന്ന് ചുരുക്കം.

ജൂണ്‍ 25ന് തയ്‌ക്കോണ്ടോ പരിശീലകന്‍ ഫറബി ഡവിള്‍ചിനുമാണ് ചലഞ്ചിന് തുടക്കമിട്ടത്. എന്നാല്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ട് താരവും യുഎഫ്‌സി ഫെതര്‍ വെയ്റ്റ് ചാമ്പ്യനുമായ മാക്‌സ് ഹോളോവേയ് ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് സംഗതി വൈറല്‍ ആയത്. സ്‌റ്റൈലിഷ് ആയി ഒറ്റ കിക്കിന് കുപ്പിയുടെ അടപ്പ് പമ്പരം പോലെ കറക്കി യഥാസ്ഥാനത്ത് നിര്‍ത്തിയാണ് ഹോളോവേ ചലഞ്ച് പൂര്‍ത്തിയാക്കിയത്. ജോണ്‍ മേയറിനെയാണ് ഹോളോവേ ചലഞ്ച് ചെയ്തത്. ചലഞ്ച് വിജയിപ്പിച്ചില്ലെങ്കില്‍ ഹവായില്‍ മേയറുടെ നേരെ വണ്ടികയറി ചെയ്ത് വിജയിപ്പിച്ചെടുക്കുമെന്നും തമാശയായി ഹോളേവേ കുറിച്ചിരുന്നു. ജോണ്‍ മേയര്‍ കുപ്പിയുടെ അടപ്പ് പറത്തിയാണ് വിജയിച്ചത്. വെല്ലുവിളിച്ചത് ഹോളിവുഡ് താരം ജോസണ്‍ സ്റ്റാഥത്തെ.

ആദ്യഘട്ടത്തില്‍ മികസഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പെര്‍ഫോമേഴ്‌സ് ഏറ്റെടുത്തിരുന്ന ചലഞ്ച് അങ്ങനെ താരങ്ങളിലേക്ക് എത്തി. ചലഞ്ച് ഇന്ത്യയിലെത്തിയപ്പോള്‍ സ്റ്റാഥമിനെ പിന്തുടര്‍ന്ന് ബോളിവുഡില്‍ അക്ഷയ്കുമാര്‍ ചലഞ്ച് വിജകരമായി ചെയ്ത് വീഡിയോ ഷെയര്‍ ചെയ്തു. മൂന്ന് അടപ്പുകള്‍ തെറിപ്പിച്ച് വിദ്യുത് ജാംവാല്‍ ചലഞ്ചിന് പുതിയ രൂപം തന്നെയുണ്ടാക്കി.

തന്റെ ആക്ഷന്‍ ഐക്കണ്‍ ആയ ജേസണ്‍ സ്റ്റാഥത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോട്ടില്‍ ക്യാപ് ചലഞ്ച് ചെയ്യുന്നതെന്നും മികച്ചത് കണ്ണില്‍പ്പെടുകയാണെങ്കില്‍ ഷെയര്‍ ചെയ്യുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കാനെന്ന നിലയ്ക്കാണ് അക്ഷയ് ഉള്‍പ്പെടെ അല്‍പ്പം സാഹസികതയുള്ള ഈ ചലഞ്ചിനെ ഏറ്റെടുത്തിരിക്കുന്നത്. അക്ഷയ്കുമാറിന് പിന്നാലെ തമിഴ് നടന്‍ അര്‍ജുന്‍ ചലഞ്ച് വിജയിപ്പിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു.

മലയാളത്തില്‍ നിന്ന് നടന്‍ നീരജ് മാധവ് ആണ് ആദ്യം ചലഞ്ച് ഏറ്റെടുത്തത്. പിന്നാലെ ഉണ്ണി മുകുന്ദനും ചലഞ്ചിന്റെ ഭാഗമായി. പ്രിയപ്പെട്ട ആക്ഷന്‍ സൂപ്പര്‍സ്റ്റാറുകള്‍ ചെയ്യുന്ന ചലഞ്ചുകള്‍ ഏറ്റെടുക്കാനാകുന്നതിലെ സന്തോഷം പങ്കുവച്ചാണ് ഉണ്ണി മുകുന്ദന്‍ ജിമ്മില്‍ വച്ച് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അക്ഷയ്കുമാറിനെയും ജേസണ്‍ സ്റ്റാഥത്തെയും മെന്‍ഷന്‍ ചെയ്താണ് ഉണ്ണിയുടെ പോസ്റ്റ്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ ആളുകളുടെ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇടക്കിടെ ഓരോ ചലഞ്ചുകള്‍ താരങ്ങളിലൂടെ അവതരിപ്പിക്കുന്നതെന്ന് നേരത്തെ വാദമുയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in