'ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം, യുപിയില്‍ ജനാധിപത്യത്തിന്റെ മരണമണി', പ്രതിഷേധവുമായി നേതാക്കള്‍

'ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം, യുപിയില്‍ ജനാധിപത്യത്തിന്റെ മരണമണി', പ്രതിഷേധവുമായി നേതാക്കള്‍

ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഹത്രസ് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും, പ്രിയങ്കാ ഗാന്ധിയെയും പൊലീസ് കയ്യേറ്റം ചെയ്തതില്‍ വ്യാപക പ്രതിഷേധം. ഭരണകൂട ഭീകരതയുടെ നേര്‍ചിത്രമാണ് രാഹുലിന് നേരെയുള്ള കയ്യേറ്റമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ഹത്രസ്സിൽ ദളിത്‌ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സ്ഥലം സന്ദർശിക്കാൻ എത്തിയ Rahul Gandhiയേയും Priyanka Gandhi Vadraയേയും തടയുകയും ആക്രമിക്കുകയുമാണ് യു.പി പോലീസ് ചെയ്യുന്നത്. ഭരണകൂട ഭീകരതയുടെ നേർചിത്രമാണിത്.

കാൽനടയായി 168 കിലോമീറ്റർ സഞ്ചരിക്കാൻ തീരുമാനിച്ചപ്പോൾ സംഘർഷമുണ്ടാക്കി തിരിച്ചയക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

നിങ്ങളുടെ ലാത്തിക്ക്, മോദിയുടെയും യോഗി ആദിത്യനാഥിന്റെയും കൽപ്പനകളുടെ പിൻബലം മാത്രമേ ഉണ്ടാകൂ എന്നാൽ രാഹുലിനും പ്രിയങ്കയ്ക്കും പിന്നിൽ ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കമുണ്ട്.

#JusticeforHathrasVictim

ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നതെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാതിരിക്കാന്‍ 144 പ്രഖ്യാപിച്ചും പോലീസിനെ ഉപയോഗിച്ചും രാഹുല്‍ ഗാന്ധിയേയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും തടയുകയാണു ചെയ്തത്. ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടിയെന്നും ഉമ്മന്‍ചാണ്ടി.

ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നത്

ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാതിരിക്കാന്‍ 144 പ്രഖ്യാപിച്ചും പോലീസിനെ ഉപയോഗിച്ചും രാഹുല്‍ ഗാന്ധിയേയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും തടയുകയാണു ചെയ്തത്. ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടി.

രാഹുല്‍ഗാന്ധിക്കു നേരേ കയ്യേറ്റം ഉണ്ടാകുകയും അദ്ദേഹം നിലത്തുവീഴുകയും ചെയ്തു. ഹത്രാസിലേക്ക് ഒറ്റയ്ക്കു പോകുവാന്‍ തയാറായ രാഹുല്‍ ഗാന്ധിയെ അതിന് അനുവദിക്കുന്നതിനു പകരം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന റിപ്പോര്‍ട്ട് പോലും വ്യാജമാണെന്നു സംശയിക്കണം. കുടുംബത്തെ ബന്ദിയാക്കിയിട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലംപ്രയോഗിച്ച് സംസ്‌കരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകര്‍ത്ത കിരാതമായ നടപടിയാണിത്. ഇവരുടെ ഏറ്റവും വലിയ ഇരകള്‍ ദളിതരും സ്ത്രീകളുമാണ്.

ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്.

ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ഒന്നടങ്കം ഉണരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അധികാരത്തിന്റെ ഈ ധാർഷ്ട്യത്തിന് എന്നായാലും ഉത്തരം പറയേണ്ടിവരും: വി.ഡി.സതീശന്‍

ഈ ചിതയിൽ എരിഞ്ഞു തീരുന്നത് ഈ നാട്ടിൽ മാന്യമായി ജീവിക്കാനുള്ള ഓരോ പെൺകുട്ടിയുടെയും അവകാശമാണ്.
ഈ മനുഷ്യനെ നിങ്ങൾക്ക് ഉരുക്കുമുഷ്ടികൾ കൊണ്ട് തടുത്തു നിർത്താനും കഴിയില്ല. അദ്ദേഹം പോരാടുന്നത് നമ്മുടെ സഹോദരിമാരുടെ മാനത്തിന് വേണ്ടിയാണ്.
മാനഭംഗപ്പെടുത്തിയ ക്രൂരന്മാരെപ്പോലെത്തന്നെയാണ് ഭരണകൂടം ആ കുടുംബത്തോടും രാഹുൽ ഗാന്ധിയോടും പെരുമാറിയത്.

അധികാരത്തിന്റെ ഈ ധാർഷ്ട്യത്തിന് എന്നായാലും ഉത്തരം പറയേണ്ടിവരും.

ഫാഷിസം മുട്ടുകുത്തും വരെ വിശ്രമമില്ലാതെ തെരുവിലുണ്ടാകും: ടി.എന്‍ പ്രതാപന്‍

ആദ്യമേ പറയാം, യോഗിയുടെയും അമിത് ഷായുടേയുമൊക്കെ രാക്ഷസക്കോട്ട എന്നും എക്കാലത്തും ഇവിടെ കാണില്ല. തലക്ക് വെളിവില്ലാത്ത ഏമാന്മാര് നാഗ്പൂരിൽ നിന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോഴേക്കും രാഹുൽ ഗാന്ധിയോടൊക്കെ ഇമ്മാതിരി തെമ്മാടിത്തരം കാണിക്കാനാണെങ്കിൽ ഞങ്ങളിതൊക്കെ വരവ് വെച്ചിട്ടുണ്ട്.

ഈ കാക്കിയിട്ടവരുടെ കഴുത്തിലെ ചങ്ങല പിടിച്ച ഏമാന്മാരുടെ പ്രപിതാക്കന്മാർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൂട്ടുമ്പോൾ രാഹുൽ ഗാന്ധിയുടെ പ്രപിതാക്കന്മാർ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രാപ്പകലില്ലാതെ പോരാട്ടത്തിലായിരുന്നു. അതുകൊണ്ട് കൈയ്യൂക്കും കൈയ്യാങ്കളിയുമെല്ലാം അങ്ങ് നിർത്തിവെച്ചേക്ക്.

യോഗി ആദിത്യനാഥ് ഇതിനകം ഗുണ്ടാരാജാക്കി മാറ്റിയ ഉത്തർ പ്രദേശിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഭീതിതമായ വാർത്തകളാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അരങ്ങുവാഴുകയും അക്രമം റിപ്പോർട്ട് ചെയ്യാതെയും തെളിവുകൾ നശിപ്പിച്ചും ഇരകളെ പീഡിപ്പിച്ചും യോഗിയുടെ പോലീസ് തങ്ങളുടെ യജമാനന് പോന്ന രാക്ഷസന്മാരുമാകുന്ന കാഴ്ചകളാണ് ഉള്ളത്.

ഹത്രാസിലെ പെൺകുട്ടിക്ക് ഉണ്ടായ ദാരുണമായ അനുഭവം ഇന്ത്യയിൽ വേറെ എവിടെ കാണും? ജീവിതത്തിലും മരണത്തിലും അനീതിയുടെ നരകം കാണേണ്ടി വന്ന ആ ദളിത് ബാലികക്ക് നീതിയുറപ്പിക്കാനാണ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ എത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും മോശം പോലീസ് സംവിധാനം യോഗിയുടെ പോലീസും അമിത് ഷായുടെ ഡൽഹി പോലീസുമാണെന്ന് നമ്മൾ ഇതിനോടകം കണ്ടതാണ്. അനീതിക്കെതിരെ പോരാട്ടം കനക്കുകയേയുള്ളൂ. ഫാഷിസം മുട്ടുകുത്തും വരെ വിശ്രമമില്ലാതെ തെരുവിലുണ്ടാകും...ഹം ദേഖേങ്കെ

Related Stories

No stories found.
logo
The Cue
www.thecue.in