വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് ഞാനാണ്, ശിലാഫലകം യുഡിഎഫ് നശിപ്പിച്ചില്ലെങ്കില്‍ അതവിടെ കാണുമെന്ന് വിഎസ് അച്യുതാനന്ദന്‍

വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് ഞാനാണ്, ശിലാഫലകം യുഡിഎഫ് നശിപ്പിച്ചില്ലെങ്കില്‍ അതവിടെ  കാണുമെന്ന് വിഎസ് അച്യുതാനന്ദന്‍

ഓണ്‍ലൈന്‍ അധ്യയനം സര്‍ക്കാരിന് കീഴിലുള്ള വിക്ടേഴ്‌സ് ചാനലിലൂടെ തുടങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ വിവാദവും തുടങ്ങിയിരുന്നു. വിക്ടേഴ്‌സ് ചാനല്‍ ആരുടെ കാലത്താണ് തുടങ്ങിയതെന്നതിനെ ചൊല്ലിയായിരുന്നു വിവാദം. 2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്സ ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണെന്ന വാദവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്നും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനത്തിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും അതിന് കിട്ടുന്ന പൊതുജന അംഗീകാരവും ഉമ്മന്‍ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം. അസ്വസ്ഥത മാറ്റാന്‍ വേണ്ടത് ക്രിയാത്മകമായ സഹകരണമാണ്. അല്ലാതെ, അപ്രസക്തവും അസത്യവുമായ കാര്യങ്ങള്‍ വിളിച്ചുപറയുന്നതല്ലെന്നും വിഎസ്.

വി എസ് അച്യുതാനന്ദന്റെ കുറിപ്പ്

വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് ശ്രീ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണ്. ഐടി അറ്റ് സ്‌കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അദ്ധ്യക്ഷനായ ഒരു കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്.

തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങളടക്കം തയ്യാറാക്കിയപ്പോള്‍ അതിനെ എതിര്‍ത്തതും സ്വതന്ത്ര സോഫ്റ്റ്‌വേറിനു വേണ്ടി പോരാട്ടം നടത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ആ പോരാട്ടത്തില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന എന്റെ നിലപാട് വ്യക്തമായതുകൊണ്ട്കൂടിയാണ് ഇത് പറയുന്നത്. മൈക്രോസോഫ്റ്റിനു വേണ്ടി മാത്രം നടത്തുന്ന പത്താംതരം ഐടി പരീക്ഷ ബഹിഷ്‌കരിച്ച് കുത്തകവിരുദ്ധ പോരാട്ടം നടത്താന്‍ അന്ന് കെ.എസ്.ടി.എ പോലുള്ള അദ്ധ്യാപക സംഘടനകളുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഇന്ന് സ്‌കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിക്കുന്നതും, അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിക്ക് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാന്‍ കത്തെഴുതുന്നതും, അതേത്തുടര്‍ന്ന് ശ്രീ ആന്റണി പ്രസ്തുത തീരുമാനം ഉപേക്ഷിക്കുന്നതും. വിദ്യാഭ്യാസ മേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി മാത്രം ഉപയോഗിക്കുക എന്നതായിരുന്നു, അന്ന് യുഡിഎഫ് നിലപാട്.

തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് വിക്ടേഴ്‌സ് ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. അതായത്, ഇത് വായിക്കുന്ന ആരെങ്കിലും വിക്ടേഴ്‌സ് ചാനല്‍ കാണുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രമാണ്. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ പലവിധ സംരംഭങ്ങളില്‍ ഒന്നായിരുന്നു, വിക്ടേഴ്‌സ് ചാനല്‍. ഇടതുപക്ഷം ആ ചാനലിനെ എതിര്‍ത്തിട്ടില്ല. ആ ചാനലിനെ എന്നല്ല, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍ഡിഎഫ് ചെയ്തിട്ടുള്ളു. എന്തിന്, വിക്ടേഴ്‌സ് ചാനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും കാണും.

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനത്തിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും അതിന് കിട്ടുന്ന പൊതുജന അംഗീകാരവും ഉമ്മന്‍ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം. അസ്വസ്ഥത മാറ്റാന്‍ വേണ്ടത് ക്രിയാത്മകമായ സഹകരണമാണ്. അല്ലാതെ, അപ്രസക്തവും അസത്യവുമായ കാര്യങ്ങള്‍ വിളിച്ചുപറയുന്നതല്ല.

ഉമ്മന്‍ചാണ്ടി വിക്ടേഴ്‌സ് ചാനലിനെക്കുറിച്ച്

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നു. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്സ് ചാനലിന്റെ പ്ലാറ്റ്ഫോിമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കുന്നു. വിക്ടേഴ്സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ ഇന്റര്‍നെറ്റോ ടി വി സൗകര്യമോ ഇല്ലാത്ത കുട്ടികളെ കൂടി എങ്ങനെ ഉള്‍പ്പെടുത്തണമെന്നതിനെപ്പറ്റി സര്‍ക്കാര്‍ ചിന്തിക്കണം. ആ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍ക്കൊള്ളിച്ച് വേണം ക്ലാസ്സുകള്‍ ആരംഭിക്കാന്‍.

2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്സ ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ്.

2004ല്‍ ആണ് ഐഎസ്ആര്‍ഒ വിദ്യാഭ്യാസത്തിനു മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണു കേരളം. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്സ്. 2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുള്‍ കലാം തിരുവനന്തപുരത്തെത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാഷ്ടപതി ഒരു അധ്യാപകനെപ്പോലെ ക്ലാസെടുക്കുകയും കുട്ടികളുമായി നേരിട്ടും വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റര്‍ ആക്ടീവ് ടെര്‍മിനലുകല്‍രുന്ന വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനിലും സംവദിച്ചു. . അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി മുഹമ്മദ് ബഷീര്‍ ഈ പദ്ധതിക്ക് പ്രത്യേക താത്പര്യം എടുത്തിരുന്നു.

എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. IT പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ IT പരീക്ഷ സോഫ്‌റ്റ്വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിര്‍പ്പ് ഉയര്‍ത്തി. ഓണ്‍ലൈന്‍ ചാനല്‍ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു.

വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 2011-16ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് 5 വര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, പരീക്ഷാത്തലേന്ന് സാമ്പള്‍ ചോദ്യപേപ്പറിന്റെ വിശകലനം, എന്‍ട്രന്‍സ് കോച്ചിംഗ്, പത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകള്‍, അധ്യാപക പരിശീലനം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി വിക്ടേഴ്സ് ചാനലിനെ മുന്‍നിരയില്‍ എത്തിച്ചു.

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നു.

Related Stories

No stories found.
logo
The Cue
www.thecue.in