മഹാരാഷ്ട്ര: രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ; ഗവര്‍ണര്‍ക്ക് ബിജെപി പക്ഷപാതമെന്ന് ശിവസേന

മഹാരാഷ്ട്ര: രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ; ഗവര്‍ണര്‍ക്ക് ബിജെപി പക്ഷപാതമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കിടെ രാഷ്ട്രപതി ഭരണത്തിന് നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ആരോപിച്ച് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി നില്‍നില്‍ക്കുന്നുണ്ടെന്നും കുതിരക്കച്ചവടത്തിന് ഇട നല്‍കാനാകില്ലെന്നും പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭരണഘടനയുടെ അനുച്ഛേദം 356 ആരോപിച്ചാണ് ഗവര്‍ണറുടെ നീക്കം.

രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ നിര്‍ദ്ദേശമെത്തിയത്.

എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഇന്ന് എട്ടര മണിവരെ നിലനില്‍ക്കെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബിജെപി എംഎല്‍എമാരെ അടക്കം ശരത് പവാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബന്ധപ്പെട്ടിരുന്നു. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസാധ്യതകളിന്മേല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കേയുണ്ടായ രാജ്ഭവന്‍ നടപടി അട്ടിമറിയാണെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്ര: രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ; ഗവര്‍ണര്‍ക്ക് ബിജെപി പക്ഷപാതമെന്ന് ശിവസേന
സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ മൂന്ന് ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ഒരു മരണം

ഗവര്‍ണര്‍ ബിജെപിയോട് പക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ബിജെപിക്ക് 48 മണിക്കൂര്‍ നല്‍കിയ ഗവര്‍ണര്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ കൂടി സമയം വേണമെന്നും ശിവസേന ഹര്‍ജിയില്‍ ആരോപിച്ചു.

രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ പാര്‍ട്ടി ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സോണിയ എന്‍സിപി നേതാവ് ശരത് പവാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അഹമ്മദ് പട്ടേലിനേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും കെ സി വേണുഗോപാലിനേയും ശരത് പവാറുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് അയക്കുകയും ചെയ്തു. ശിവസേനയെ പിന്തുണയ്ക്കുന്നതിന് കോണ്‍ഗ്രസ് പുതിയ ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. മതേതരത്വം നിലനിര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഴുതി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി സൂചനകളുണ്ടായിരുന്നു. എന്‍സിപിക്ക് നല്‍കിയ സമയം അവസാനിച്ചതിന് ശേഷം കോണ്‍ഗ്രസിനെക്കൂടി ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമോ എന്ന് ഉറ്റുനോക്കുന്നതിനിടെയെത്തിയ രാഷ്ട്രപതി ഭരണ ശുപാര്‍ശ വലിയ നിയമപോരാട്ടത്തിനാകും വഴി വെക്കുക.

മഹാരാഷ്ട്ര: രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ; ഗവര്‍ണര്‍ക്ക് ബിജെപി പക്ഷപാതമെന്ന് ശിവസേന
വനം-ക്വാറിദൂരപരിധി ഒരു കിലോമീറ്ററാക്കിയത് ബാധിക്കില്ലെന്ന് സര്‍ക്കാര്‍; രണ്ട് ദുരന്തങ്ങള്‍ കണ്ടിട്ടും പഠിച്ചില്ലേയെന്ന് വിദഗ്ധര്‍

തെരഞ്ഞെടുപ്പ് ഫലം വന്ന് 18-ാം ദിവസത്തിലും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ തുടരുകയാണ് മഹാരാഷ്ട്രയില്‍. ശിവസനേയുമായുള്ള തര്‍ക്കത്തേത്തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റക്ക് അധികാരം കയ്യാളാന്‍ ഇറങ്ങിയ ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 145 ആണ് മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഹാരാഷ്ട്ര: രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ; ഗവര്‍ണര്‍ക്ക് ബിജെപി പക്ഷപാതമെന്ന് ശിവസേന
പുതിയ പള്ളിക്ക് ബാബറിന്റ പേര് അനുവദിക്കരുതെന്ന് കേന്ദ്രത്തോട്‌ വിശ്വ ഹിന്ദു പരിഷത്ത് ; ‘നല്ല മുസ്ലിങ്ങളുടെ’ പേരിടണമെന്നും വാദം 

Related Stories

No stories found.
logo
The Cue
www.thecue.in