ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എന്തുകൊണ്ട് ഡബ്ല്യുസിസി പറയുന്നു; ഇനിയും മനസിലാകാത്തവരോട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എന്തുകൊണ്ട് ഡബ്ല്യുസിസി പറയുന്നു; ഇനിയും മനസിലാകാത്തവരോട്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു അത്യാവശ്യഘട്ടത്തിലാണ് ഡബ്ല്യു.സി.സി. എന്ന സംഘടന തന്നെ രൂപീകൃതമാകുന്നത്. അതുവരെ സിനിമയിലെ സ്ത്രീകള്‍ അവരവര്‍ക്ക് കിട്ടുന്ന പണികളൊക്കെ നോക്കി സംഘടിതമല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. സിനിമാമേഖലയില്‍ സ്ത്രീകളുടെ പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കാന്‍ അത്രയധികം സമയം എടുത്തു എന്നുള്ളതാണ്. അതിനു ശേഷമാണ് സിനിമയിലെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഒത്തുകൂടുന്നത്.

സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് എന്ന 2013-ലെ ആക്റ്റുമായി ബന്ധപ്പെട്ട് പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍, റിഡ്രസല്‍ എന്നിങ്ങനെ മൂന്ന് കാര്യങ്ങളെ സംബന്ധിച്ചാണ് നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഈ ആക്ട് നിലവില്‍ വന്ന് വളരെ വൈകിയാണ് സിനിമാമേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത് പോലും. ഏകദേശം ഒരു അഞ്ച് വര്‍ഷമെടുത്തു ഇതിനായി. അതിനിടയില്‍ തന്നെ മറ്റെല്ലാ മേഖലകളിലും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകൃതമായിരുന്നു. അസംഘടിതമായിട്ടുള്ള വളരെ ചുരുക്കം പ്രൈവറ്റ് ഇന്‍ഡസ്ട്രികളില്‍ മാത്രമേ ഐ.സികള്‍ രൂപീകരിക്കാതിരുന്നിട്ടുള്ളു.

സിനിമാമേഖലയിലെ വര്‍ക്ക് പ്ലേസ് നിര്‍വചിക്കപ്പെട്ടിട്ടുള്ളതല്ല, തൊഴിലിടം എന്തുമാകാം, അപ്പോള്‍ എങ്ങനെയാണ് ഐ.സിയുമായി ബന്ധപ്പെട്ട് ഒരു ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുന്നത് എന്നൊക്കെയായിരുന്നു ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കാതിരിക്കാന്‍ തടസ്സമായി പറഞ്ഞുകൊണ്ടിരുന്നത്. ആ പറഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളല്ലെന്ന് ഡബ്ല്യു.സി.സി. ഹൈക്കോടതിയില്‍ കൊടുത്ത പൊതുതാത്പര്യഹര്‍ജിക്ക് പിന്നാലെ വന്ന ഹൈക്കോടതി വിധിയിലൂടെ ഫിലിം ഇന്‍ഡസ്ട്രിയിലുള്ള പ്രൊഡ്യൂസേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്. ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പോലും പ്രൊഡ്യൂസേഴ്സ് ഡബ്ല്യു.സി.സിയോട് വസ്തുനിഷ്ഠമായ സമീപനമാണ് സ്വീകരിച്ചത്. അത് നല്ല കാര്യവുമാണ്.

സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സി. 2017 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ വലിയ ഹോംവര്‍ക്കും പഠനങ്ങളുമാണ് നടത്തിയത്. ഒരു വലിയ പ്രശ്‌നത്തിന്റെ മുഖത്തും ഒത്തുകൂടിയ അമ്പതോളം സ്ത്രീകളാണ് ഡബ്ല്യു.സി.സിയില്‍ ഉള്ളത്. അനാവശ്യമായി ഡബ്ല്യു.സി.സി അംഗങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമങ്ങളുണ്ടായിരിക്കെ തന്നെ ഞങ്ങള്‍ ഒത്തുചേര്‍ന്ന് നില്‍ക്കുകയായിരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടുന്ന സിനിമാമേഖല എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതി പഠിക്കുകയും അതിന്റെ റിപ്പോര്‍ട്ട് മന്ത്രി പി.രാജീവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടുക്കുകയും ചെയ്തിരുന്നു. നേരത്തെ മന്ത്രി സജി ചെറിയാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഈ കാര്യങ്ങളെല്ലാം വെച്ച് സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധ്യമാകാവുന്ന അത്രയും റിസോഴ്സസ് സംഘടിപ്പിച്ച് വളരെ ഗഹനമായ രീതിയിലുള്ള ഹോം വര്‍ക്കാണ് ഡബ്ല്യു.സി.സി. ചെയ്തത്.

2017 മെയ് 18-ന് മുഖ്യമന്ത്രിയെ കണ്ടതു മുതലാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി ആരംഭിക്കുന്നത്. അന്ന് ഞങ്ങള്‍ കൊടുത്തിരുന്ന ആവശ്യങ്ങളില്‍ രണ്ടാമത്തെ ആവശ്യമായിരുന്നു വിദഗ്ധസമിതിയെ വെച്ച് കേരള ഫിലിം ഇന്‍ഡസ്ട്രിയിലും സ്വതന്ത്ര സിനിമാ നിര്‍മ്മാണ മേഖലയിലുമെല്ലാമുള്ള സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക എന്നുള്ളത്. മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാത്തില്‍ ജൂണ്‍ മാസത്തിലാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. അതാണ് ഹേമ കമ്മിറ്റി.

കൃത്യമായ അനുഭവപരിചയമുള്ള ആളുകളാണ് ആ മൂന്നംഗ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് മുന്നില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ആവശ്യം മുന്നോട്ട് വെച്ചവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടും അതിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. തീര്‍ച്ചയായും രണ്ട് വര്‍ഷം കൊവിഡിന് നമ്മള്‍ കൊടുത്തു. ചര്‍ച്ചകള്‍ നടക്കാതിരുന്നതിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ വലിയ സമയവും അധ്വാനവും ചെലവഴിച്ച് വിടാതെ ചോദിച്ച് കൊണ്ടിരുന്നിരുന്നു. അങ്ങനെ നടന്ന ആദ്യയോഗമായിരുന്നു മെയ് നാലിലേത്.

ആ യോഗത്തില്‍ അത്രയധികം ഹോം വര്‍ക്ക് ചെയ്ത് ഡബ്ല്യു.സി.സി. പ്രതിനിധികള്‍ വരുമ്പോള്‍ ഞങ്ങളേക്കാള്‍ എത്രയോ റിസോഴ്സ് കൂടുതലുള്ള ഒരു സര്‍ക്കാര്‍ എന്ത് ഹോംവര്‍ക്ക് ചെയ്തിട്ടാണ് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗത്തില്‍ വന്നിരിക്കുന്നത് എന്ന ഒരു ചോദ്യം സ്വാഭാവികമായും ഉയരും. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒക്കെ കിട്ടിയതു പോലുള്ള രണ്ട് പേജ് ഉള്‍പ്പെട്ട നിര്‍ദ്ദേശങ്ങളാണ് ഞങ്ങള്‍ക്കും അവിടെ കിട്ടിയത്. എവിടുന്നൊക്കെയോ എടുത്ത കുറേ വാക്കുകളും വരികളുമൊക്കെ വെച്ച് ഉണ്ടാക്കിയ ഒട്ടും സമഗ്രമല്ലാത്ത കുറേ നിര്‍ദ്ദേശങ്ങളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അത് മുഖ്യമന്ത്രി വായിച്ചാലും മറ്റേത് മന്ത്രിമാര്‍ വായിച്ചാലും മനസ്സിലാകാവുന്നതേയുള്ളു. അവര്‍ക്ക് സ്വാഭാവികമായി തോന്നുന്ന ഒരു കാര്യവുമാണത്.

ഒരു സര്‍ക്കാരിന്റ ടേബിളില്‍ വരുന്ന റിപ്പോര്‍ട്ടും അതിലെ നിര്‍ദ്ദേശങ്ങളുമെല്ലാം സമഗ്രമായിരിക്കണം എന്നാണ് തത്പരകക്ഷികളായവര്‍ ചിന്തിക്കുക. അത് ഓരോ സ്ഥാപനങ്ങളുടെയും ക്വാളിറ്റിയുടെ ഭാഗം കൂടിയാണ്.

കേരള സര്‍ക്കാരിനെ ഡബ്ല്യു.സി.സി. വളരെ ക്വാളിറ്റി ഓറിയന്റഡ് ആയിട്ടുള്ള, ജെന്‍ഡറുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഉത്തരവാദിത്തപരമായ നിലപാട് സ്വീകരിക്കുന്നവരായിട്ടാണ് കരുതുന്നത്. സ്വാഭാവികമായും അതുകൊണ്ട് കൂടിയാണല്ലോ സിനിമാമേഖലയില്‍ ആദ്യമായി ഇത്തരമൊരു പഠനം ഒരു കമ്മിറ്റിയെ വെച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്നത്. അഞ്ച് വര്‍ഷം എടുത്തെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചു എന്നത് നേട്ടം തന്നെയാണ്.

അതേസമയം പൊതു ഖജനാവില്‍ നിന്ന് രണ്ട് കോടിയോളം രൂപ ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അഥവാ റെക്കമന്‍ഡേഷന്‍സ് കേവലം രണ്ട് പേജാണോ എന്ന് ചോദിക്കുമ്പോള്‍, ആ ചോദ്യത്തില്‍ തെറ്റില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സാധാരണ ഏതൊരു റിപ്പോര്‍ട്ടിലും കൃത്യമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്നാണ് നിരീക്ഷണത്തിലേക്ക് എത്തുന്നത്.

അതില്‍ ലഭ്യമായ ഡാറ്റയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍, പ്രസ്തുത ഡാറ്റയില്‍ നിന്നുണ്ടായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയ കണ്ടെത്തലുകള്‍ (ഫൈന്‍ഡിങ്ങ്സ്) എല്ലാം ഉള്‍പ്പെടും. ഇവയെ അടിസ്ഥാനമാക്കിയാണ് ശുപാര്‍ശകള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുക. എല്ലാ പഠനത്തിലും ഇത് ബാധകമാണ്. തീര്‍ച്ചയായും നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഒരുമിച്ച് വെച്ചില്ലെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു റെക്കമന്‍ഡേഷന്‍ ഒരു കമ്മിറ്റി തന്നിട്ടുള്ളത് എന്നത് സംബന്ധിച്ച് ഒന്നും മനസ്സിലാകില്ല.

മെയ് നാലിന് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വെച്ച ചര്‍ച്ചയില്‍ തന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സമഗ്രമല്ല. ഉദാഹരണത്തിന് തുല്യവേതനം എന്ന് നിര്‍ദ്ദേശമായി പറയുന്നു. അത് എന്താണ് എങ്ങനെ നടപ്പിലാക്കും എന്നതൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മാത്രവുമല്ല വളരെ വിചിത്രമായ ചില നിരീക്ഷണങ്ങളും നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവിടെയാണ് എന്തിനാണ് സര്‍ക്കാരിന്റേത് എന്ന് പറഞ്ഞ് ഇത്തരമൊരു ഡോക്യുമെന്റ് കൊണ്ടുവെക്കുന്നത് എന്ന ചോദ്യം ഉയരുന്നത്. ഒട്ടും ക്വാളിറ്റിയില്ലാത്ത ഒരു ലിസ്റ്റ് ഓഫ് റെക്കമന്‍ഡേഷന്‍സാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതില്‍ നിന്ന് നമ്മള്‍ ഈ പഠനത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത് എന്ന ഒരു ചോദ്യമുണ്ട്.

ഡബ്ല്യു.സി.സിയുടെ ഏറ്റവും വലിയ വിമര്‍ശനവും അവിടെ തന്നെയാണ്. കാരണം ഡബ്ല്യു.സി.സിക്ക് നന്നായിട്ടറിയാം എത്രനാള്‍, എത്രപേര്‍ ഹേമ കമ്മിറ്റിയുടെ മുന്നില്‍ റസ്‌പോണ്ടന്റ്‌സ് ആയി പോയിട്ടുണ്ട് എന്നത്. എന്തൊക്കെ കാര്യങ്ങള്‍ കമ്മിറ്റി ചോദിച്ചിട്ടുണ്ട്, അവര്‍ നമുക്ക് എന്തുതരം ചോദ്യാവലിയാണ് തന്നത് എന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ.

എന്നെപ്പോലുള്ള ആള്‍ക്കാരൊക്കെ സിനിമ പഠിപ്പിക്കുന്ന ആളെന്ന നിലയില്‍ എല്ലാത്തരം അക്കാദമിക് റിസോഴ്‌സസും അവര്‍ക്ക് ലഭ്യമാക്കി കൊടുത്തിട്ടുണ്ട്. ഞാനൊക്കെ ഏഴും എട്ടും സിറ്റിംഗ് കമ്മിറ്റിക്ക് മുന്നില്‍ പോയിട്ടുണ്ട്. അവരോട് നിര്‍ദ്ദേശങ്ങള്‍ ചോദിച്ചിട്ടുണ്ട്. മണിക്കൂറുകളോളം അവര്‍ക്ക് മുന്നില്‍ ഇരുന്ന് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിവരങ്ങളെല്ലാം ലഭ്യമാക്കികൊണ്ട് ജസ്റ്റിസ് ഹേമ അത്രയുമൊരു ക്വാളിറ്റി ഇല്ലാതെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എനിക്ക് തോന്നുന്നില്ല. നല്ല ക്വാളിറ്റിയുള്ള ഒരു റിപ്പോര്‍ട്ട് തന്നെ അവര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കാരണം സിനിമാമേഖലയുമായി ബന്ധപ്പെട്ട് അത്ര അധികം മെറ്റീരിയല്‍സും വിവരങ്ങളും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

ഡബ്ല്യു.സി.സിയുടെ ആശങ്കയും ഡബ്ല്യു.സി.സിയുടെ വിമര്‍ശനവും ആ പോയിന്റിലാണ്. പൊതുഗജനാവില്‍ നിന്ന് വലിയൊരു തുക ചെലവിട്ട് ഇത്രയധികം ഡേറ്റ ഉണ്ടാക്കിയിട്ട് അവ എന്താണ് ചെയ്തത്, എന്തിനാണ് ഉപയോഗപ്പെടുത്തിയത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ സമഗ്രമായി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അതിനെ രഹസ്യസ്വഭാവം എന്ന വാക്ക് കൊണ്ട് തടയിട്ട്, എന്നാല്‍ പിന്നെ ഈ റക്കമന്റേഷന്‍സ് രണ്ട് പേജ് മതിയെന്ന് പറയുന്നത് എന്തിനെയാണ് കാണിക്കുന്നത്. ഇതാണ് ചോദ്യം.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ പോയിട്ടുള്ള എല്ലാ സ്ത്രീകളുടെയും കോണ്‍ഫിഡന്‍ഷ്യാലിറ്റി വളരെ പ്രധാനമാണ്. കാരണം അവര്‍ അത്രയും നിര്‍ണായകമായ വിവരങ്ങള്‍ തന്നെയാണ് അവിടെ കൊടുത്തിട്ടുള്ളത്. പക്ഷേ അതിനര്‍ത്ഥം കമ്മിറ്റിക്ക് മുന്നില്‍ പോയ ആളുകളുടെ പേരിനെ ചൊല്ലി എന്നാല്‍ പിന്നെ ഈ റിപ്പോര്‍ട്ട് മുഴുവന്‍ അവിടെ തന്നെ കിടന്നോട്ടെ എന്ന് കരുതുന്നതല്ലല്ലോ?

കോണ്‍ഫിഡന്‍ഷ്യാലിറ്റി നിലനിര്‍ത്തികൊണ്ട് തന്നെ റിപ്പോര്‍ട്ട് പുറത്തുവിടാമല്ലോ? അത്തരം രീതികള്‍ നമുക്ക് പരിചിതമാണല്ലോ? പൊതുജനനന്മയ്ക്ക് വേണ്ടി നമുക്ക് ലഭ്യമായ വിവരങ്ങള്‍ ഉപയോഗിക്കാമല്ലോ? അതുകൊണ്ടാണ് ആ വിവരങ്ങള്‍ ഉപയോഗപ്പെടുത്തണം എന്ന് ഡബ്ല്യു.സി.സി. പറയുന്നത്.

കമ്മിറ്റിക്ക് മുന്നില്‍ പോയി നിരവധി സ്ത്രീകള്‍ അവര്‍ നേരിട്ട അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവിടെ കോണ്‍ഫിഡന്‍ഷ്യാലിറ്റി എന്ന വാക്ക് ഉപയോഗിച്ച് റിപ്പോര്‍ട്ട് മുഴുവന്‍ മൂടി വെക്കണമെന്ന് പറയുന്നത് ശരിയാണോ? സ്ത്രീകള്‍ ഇന്‍ഡസ്ട്രിയിലേക്ക് വരാതിരിക്കലല്ലോ നമ്മുടെ ആവശ്യം. സ്ത്രീകള്‍ വന്ന് ഇന്‍ഡസ്ട്രിയുടെ ഭാഗമാകുക, അവരുടെ ജോലിക്ക് ഡിഗ്നിറ്റിയുണ്ടായിരിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം. അതിന് വേണ്ടിയാണ് വീണ്ടും വീണ്ടും ഇതില്‍ വ്യക്തത ഉണ്ടാകണമെന്ന് ഡബ്ല്യു.സി.സി. പറയുന്നത്. അതില്‍ മറ്റൊരു ഉദ്ദേശ്യവുമില്ല. ഡബ്ല്യു.സി.സി പറയുന്നത് ആ യോഗത്തില്‍ ഇരുന്നവര്‍ക്ക് മനസിലായിട്ടുണ്ട്.

ഈ അഞ്ച് വര്‍ഷം എന്താണ് ചെയ്തത് എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. ജെന്‍ഡര്‍ ആണ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഊന്നല്‍ എന്നാണല്ലോ പറയുന്നത്. അങ്ങനെ ജെന്‍ഡറിനെ സമീപിക്കുന്ന ആളുകള്‍ എങ്ങനെ ഇതിനെ കൈകാര്യം ചെയ്യുമെന്നത് പ്രധാനമാണ്. അതാണ് നമ്മള്‍ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്നത്.

ഡബ്ല്യു.സി.സിക്ക് നിര്‍ദേശങ്ങളെക്കുറിച്ച് എതിരഭിപ്രായമില്ല. അതില്‍ പുരോഗമനപരമായ കാര്യങ്ങള്‍ പറയുന്നുണ്ട്. ആവശ്യമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ പറയുന്ന ഡാറ്റയില്‍ നിന്നാണ് ഈ ശുപാര്‍ശകള്‍ ഉണ്ടായിട്ടുള്ളതെങ്കില്‍ എന്താണ് ഈ ഡാറ്റയെന്നും റിപ്പോര്‍ട്ടെന്നും അതിന്റെ രഹസ്യാത്മക സ്വാഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് അറിയേണ്ടതുണ്ട്. അതാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഡോ. ആശ ആച്ചി ജോസഫുമായി ശ്രിന്‍ഷ രാമകൃഷ്ണന്‍ സംസാരിച്ച് തയ്യാറാക്കിയത്

Related Stories

No stories found.
logo
The Cue
www.thecue.in