സജി ചെറിയാനെ സംസാരിക്കാന്‍ അനുവദിച്ച മനോഹരമായ ഭരണഘടന

സജി ചെറിയാനെ സംസാരിക്കാന്‍ അനുവദിച്ച മനോഹരമായ ഭരണഘടന
Summary

ജീവിക്കുന്ന കാലഘട്ടത്തിന്റെ രാഷ്ട്രീയമറിയാത്ത താങ്കള്‍ എന്ത് രാഷ്ട്രീയ വിദ്യാഭ്യസമാണ് നേടിയതെന്ന് ജനം ആശങ്കപ്പെടുകയാണ്. ഒരു സംഘപരിവാര്‍ അനുയായി പോലും പറയുവാന്‍ മടിക്കുന്ന അസംബന്ധങ്ങളാണ് താങ്കളെന്ന മന്ത്രി മൈക്കിലൂടെ ഛര്‍ദ്ദിച്ചത്. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വത്തെയും ജനാധിപത്യത്തെയും പുച്ഛിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്.

പ്രയോഗം കൊണ്ട് ഭരണഘടനയെ അപ്രസക്തമാക്കാനും അട്ടിമറിക്കാനും സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഒരു സംസ്ഥാന മന്ത്രി തന്നെ ഭരണഘടനയെ അവഹേളിക്കുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തില്‍ നടന്നിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കുക എന്നത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തമായിരിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുന്ന ഒരു കാലത്താണ് ഇത് നടക്കുന്നത് എന്നോര്‍ക്കണം.

സജി ചെറിയാന്‍ എന്ന കേരളത്തിന്റെ മന്ത്രി ഇന്നു നടത്തിയ പ്രസംഗത്തിലൂടെ അവഹേളിച്ചത് നമ്മുടെ ഭരണഘടനയെ മാത്രമല്ല, ഭരണഘടനാ നിര്‍മ്മാതാക്കളേയും ദേശീയ പ്രസ്ഥാന നായകരേയും കൂടിയാണ്. അദ്ദേഹം പറഞ്ഞതെല്ലാം അധാര്‍മ്മികവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.

ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിയെടുത്ത് തയ്യാറാക്കിയ ഭരണഘടന എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്ക് സ്വന്തവും സ്വതന്ത്രവുമായ ഒരു ഭരണഘടന വേണം എന്ന ചിന്ത നമ്മുടെ ദേശീയ നേതാക്കള്‍ക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു.

1936 മുതല്‍ കോണ്‍ഗ്രസ് അതിനുള്ള ശ്രമം നടത്തിയിരുന്നു. കമ്യൂണിസ്റ്റ് നേതാവായ എം.എന്‍. റോയ് ആണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവെച്ചത് എന്ന് കൂടി അറിയുക. കൂടാതെ ഒരു മോഡല്‍ ഭരണഘടന അദ്ദേഹം തയ്യാറാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായാണ് ഭരണഘടനാ നിര്‍മ്മാണസഭ നിലവില്‍ വന്നത്. ഇതൊക്കെ ആരെങ്കിലും പറഞ്ഞു കൊടുക്കുമോ നമ്മുടെ കമ്യൂണിസ്റ്റ് മന്ത്രിക്ക്?

1946 ഡിസംബര്‍ മുതല്‍ 1950 ജനുവരി വരെ 318 അംഗങ്ങള്‍ ചേര്‍ന്നുള്ള ഭരണഘടനാ നിര്‍മ്മാണ സഭ വിപുലമായ ചര്‍ച്ചകള്‍ക്കും സങ്കീര്‍ണ്ണമായ പല പ്രക്രിയകള്‍ക്കും ശേഷം രൂപപ്പെടുത്തിയ ഒന്നാന്ന് നമ്മുടെ ഭരണഘടന. ഭരണഘടനാ സഭയിലെ അംഗങ്ങളെല്ലാം തന്നെ നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച രാജ്യസ്‌നേഹികളായിരുന്നു.

ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ആഴത്തില്‍ മനസ്സിലാക്കിയവരുടെ ഒരു മഹാസഭയാണ് നമ്മുടെ ഭരണഘടനാ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചത്. ഈ സമിതിയില്‍ സോമനാഥ് ലാഹിരി എന്ന കമ്യൂണിസ്റ്റ് നേതാവും ഉണ്ടായിരുന്നു. ഇതൊന്നും അറിയാത്ത ഒരാള്‍ കേരളത്തിലെ ഇന്നത്തെ സി.പി.എം മന്ത്രിസഭയില്‍ ഉണ്ടായി എന്നത് വിരോധാഭാസം എന്നല്ലാതെ എന്തു പറയാന്‍!

എം.എല്‍.എ സ്ഥാനം രാജിവെച്ചു കൊണ്ടു മാത്രമെ ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുവാന്‍ പോലും താങ്കള്‍ക്ക് അവകാശമുള്ളൂ. നിങ്ങള്‍ അവഹേളിച്ച അതേ ഭരണഘടനയാണ് താങ്കളെ ജനപ്രതിനിധിയും മന്ത്രിയുമാക്കാനുള്ള സാഹചര്യമൊരുക്കിയത്. ഭരണഘടനാപ്രകാരമുള്ള അധികാരമാണ് താങ്കളില്‍ നിക്ഷിപ്തമായിരിക്കുന്നത്.
എന്‍.ഇ.സുധീര്‍

ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അംബേദ്കറേയും പോലെ ജനാധിപത്യ മൂല്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയവരാണ് അതിന് നേതൃത്വം കൊടുത്തത്. അവരൊക്കെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പതിറ്റാണ്ടുകള്‍ പൊരുതിയവരും. പതിനഞ്ചോളം വിവിധ കമ്മിറ്റികളായി പ്രവര്‍ത്തിച്ച് വിവിധ വിഷയങ്ങളെ തരം തിരിച്ച് പഠിച്ചാണ് നിഗമനങ്ങളിലെത്തിച്ചേര്‍ന്നത്. ഇതൊക്കെ ചരിത്രം. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണത്തിന്റെ ചരിത്രമെഴുതിയ അമേരിക്കന്‍ ചരിത്രകാരനും ഭരണഘടനാ വിദഗ്ധനുമായ ഗ്രന്‍വില്‍ ഓസ്റ്റിന്‍ നമ്മുടെ ഭരണഘടനയെ വിശേഷിപ്പിച്ചത് മികച്ച 'സോഷ്യല്‍ ഡോക്യുമെന്റാ'ണെന്നാണ് സാമൂഹ്യരേഖ. അതിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യം ഏഴു പതിറ്റാണ്ട് നടന്നു നീങ്ങിയത്. അങ്ങനെ വിദഗ്ദരാല്‍ ആദരിക്കപ്പെട്ട ഒരു ഭരണഘടനയെ സജി ചെറിയാന്‍ വിശേഷിപ്പിച്ചത് 'ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടന' എന്നാണ്. താങ്കള്‍ക്ക് ഇനിയങ്ങോട്ട് നിയമസഭയില്‍ കടക്കുവാന്‍ പോലും അര്‍ഹതയില്ല.

എം.എല്‍.എ സ്ഥാനം രാജിവെച്ചു കൊണ്ടു മാത്രമെ ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുവാന്‍ പോലും താങ്കള്‍ക്ക് അവകാശമുള്ളൂ. നിങ്ങള്‍ അവഹേളിച്ച അതേ ഭരണഘടനയാണ് താങ്കളെ ജനപ്രതിനിധിയും മന്ത്രിയുമാക്കാനുള്ള സാഹചര്യമൊരുക്കിയത്. ഭരണഘടനാപ്രകാരമുള്ള അധികാരമാണ് താങ്കളില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ഭരണഘടനയെ സംരക്ഷിക്കുക എന്നത് വിപ്ലവ പ്രവര്‍ത്തനമാണെന്ന് കരുതേണ്ട കാലമാണ് ഇപ്പോഴത്തേതെന്ന് പറഞ്ഞ ഒരാള്‍ താങ്കളുടെ കൂടെ മന്ത്രിയായി പ്രവര്‍ത്തിക്കുന്നുണ്ട്. പി.രാജീവ് എന്നാണ് ആ മന്ത്രിയുടെ പേര്. താങ്കള്‍ പറഞ്ഞത് കേട്ട് അദ്ദേഹം ഞെട്ടിക്കാണും. അദ്ദേഹം എഴുതിയ 'ഭരണഘടന-ചരിത്രവും സംസ്‌കാരവും ' എന്ന പുസ്തകമെങ്കിലും ഒന്നു മറച്ചു നോക്കിയിരുന്നെങ്കില്‍ ഈ മണ്ടത്തരം താങ്കള്‍ പറയുമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് എന്ന പേരിലറിയപ്പെട്ട ഒരാളില്‍ നിന്നാണ് തീര്‍ത്തും രാഷ്ട്രീയ ബോധ്യമില്ലാത്ത നിരുത്തരവാദപരമായ പ്രസ്താവനകള്‍ വരുന്നത് എന്നത് ഏതൊരു ജനാധിപത്യവാദിയേയും വേദനിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യും.

ജീവിക്കുന്ന കാലഘട്ടത്തിന്റെ രാഷ്ട്രീയമറിയാത്ത താങ്കള്‍ എന്ത് രാഷ്ട്രീയ വിദ്യാഭ്യസമാണ് നേടിയതെന്ന് ജനം ആശങ്കപ്പെടുകയാണ്. ഒരു സംഘപരിവാര്‍ അനുയായി പോലും പറയുവാന്‍ മടിക്കുന്ന അസംബന്ധങ്ങളാണ് താങ്കളെന്ന മന്ത്രി മൈക്കിലൂടെ ഛര്‍ദ്ദിച്ചത്. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വത്തെയും ജനാധിപത്യത്തെയും പുച്ഛിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്.

ഇന്ത്യന്‍ ഭരണഘടന ഒരു ജീവനുള്ള രേഖയാണ്. അതില്‍ പഴുതുകളും പിഴവുകളും കാണും. എന്നാല്‍ ഇന്നിപ്പോള്‍ നിലവിലെ ഭരണഘടനയെ സംരക്ഷിക്കുക എന്നതു മാത്രമാണ് ഓരോ ഇന്ത്യക്കാരന്റെയും പ്രാഥമിക കടമ. അതുകൂടിയാണ് താങ്കള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. 'ഭരണഘടന എത്ര തന്നെ നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവര്‍ നല്ലവരല്ലെങ്കില്‍ അത് ചീത്തയായി മാറും' എന്ന് അംബേദ്കര്‍ മുമ്പേ പറഞ്ഞു വെച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ആ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതെങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ ഓര്‍ക്കണമായിരുന്നു.

പാവപ്പെട്ടവനു വേണ്ടിയും ചുഷണത്തിനെതിരേയും സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്ക് നല്‍കിയത് നമ്മുടെ ഭരണഘടനയാണ്. ഇന്ത്യക്കാര്‍ ഇന്ത്യക്കു വേണ്ടി തയ്യാറാക്കിയ മനോഹരമായ ഭരണഘടന.താങ്കള്‍ വലിയ തെറ്റു ചെയ്തിരിക്കുന്നു എന്നെങ്കിലും മനസ്സിലാക്കുക. ആ വിവേകമെങ്കിലും താങ്കളില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in