തിരുത്ത് ഒരു കമ്യൂണിസ്റ്റ് രീതിയാണ്

തിരുത്ത് ഒരു കമ്യൂണിസ്റ്റ് രീതിയാണ്
Summary

നവ മാധ്യമങ്ങളിലെ സി.പി.എം ഭക്തര്‍ 'പൊങ്കാല' യിടുമായിരിക്കാം. അവരറിയുന്നില്ല അവരെന്താണ് ചെയ്യുന്നതെന്ന്. പാര്‍ട്ടിയുടെ നിലപാടുകളിലെ വ്യക്തതയിലൂടെ മാത്രമെ അത്തരക്കാരെ തിരുത്താനാവൂ.

എന്‍.ഇ.സുധീര്‍ എഴുതുന്നു

പല കാര്യങ്ങളിലും അമ്പരപ്പിക്കുന്ന നിലപാടുകളാണ് സമീപകാലത്തായി സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യ സമൂഹത്തിലിരുന്നുകൊണ്ട് ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത നിലപാടുകള്‍. ആ നിലപാടുകളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി ചാവേറുകള്‍ കമ്യൂണിസ്റ്റ് വിരുദ്ധരെന്ന് മുദ്രകുത്തും. ആക്ഷേപശരങ്ങള്‍ കൊണ്ട് അവഹേളിക്കും. അനാവശ്യ വിവാദങ്ങള്‍ക്ക് ഇടം നല്‍കിക്കൊണ്ട് ബാലിശമായ വാദ- പ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും പിന്നീട് നാണംകെട്ട് മുങ്ങുകയും ചെയ്യുന്നത് അക്കൂട്ടര്‍ക്ക് പതിവായിരിക്കുന്നു. ഇതൊന്നും സി.പി.എം നേതൃത്വങ്ങള്‍ ഗൗരവമായി കാണുന്നില്ല എന്നത് ഖേദകരവും നിരാശജനകവുമാണ്. വൈകി വരുന്ന വിവേകം അടുത്ത കാലത്തായി ആ പാര്‍ട്ടിയെ വല്ലാതെപ്രതിസന്ധിയിലാക്കുന്നത് കേരളം കാണുന്നുണ്ട്. ചരിത്രപരമായ മണ്ടത്തരങ്ങളില്‍ നിന്നും അവരൊന്നും പഠിച്ചില്ല എന്നാണോ? വലിയ വലിയ പ്രത്യയശാസ്ത്ര നിലപാടുകളിലെ ഈ അമാന്തം മനസ്സിലാക്കാം. സാമാന്യ മര്യാദകളുടെ കാര്യത്തിലും അങ്ങനെയായാലോ?

സി.പി.എം നേതൃത്വം കഴിഞ്ഞദിവസം പറയേണ്ടിയിരുന്ന കാര്യങ്ങള്‍ ഇന്നിപ്പോള്‍ സ്പീക്കര്‍ എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. അത്രയും നല്ലത്. ഒരു വേള അത് പാര്‍ട്ടി തീരുമാനത്തിനനുസരിച്ച് സംഭവിച്ചതുമാകാം. എന്നാലും അതൊരു തിരുത്താണ്. അങ്ങനെ ആശ്വസിക്കുന്നതോടൊപ്പം ഈ വൈകിയ വിവേകം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി കൂടി പാര്‍ട്ടി ചിന്തിക്കണം. നേതൃത്വം നിശ്ശബ്ദമാവുമ്പോള്‍ അണികള്‍ തെറ്റിന്റെ പക്ഷത്തു ചേര്‍ന്ന് പ്രതിരോധം സൃഷ്ടിക്കും. ന്യായീകരണം കൊണ്ട് തെറ്റിനെ ശരിയാക്കാന്‍ ശ്രമിച്ച് നാണംകെടും. ശരി പറയുന്നവരെ പുലഭ്യം പറയും. അവരെയെല്ലാം ശത്രുവായി പ്രഖ്യാപിക്കും. അതോടെ തിരുത്ത് അസാധ്യവും അപ്രസ്‌കതവും ആവും. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു വീണ്ടുവിചാരത്തിനും ഇടമില്ലാത്ത അവസ്ഥ. വര്‍ത്തമാനകാല ലോകം നേരിടുന്ന ഒരു പ്രതിസന്ധി കൂടിയാണിത്. സത്യാനന്തര കാലത്തെ പോപ്പുലിസ്റ്റ് രീതി. നമ്മള്‍ മാത്രമാണ് ശരി എന്ന പിടിവാശി. നമ്മളെപ്പോഴും ശരിയാണ് എന്ന അഹംബോധം.

അത്തരം രീതികളിലേക്ക് സി.പി.എം പോലുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി, പുരോഗമന പ്രസ്ഥാനം മുങ്ങിത്താഴുന്നത് കേരളത്തിലെ ചിന്തിക്കുന്ന മനുഷ്യരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതിനെ നേതൃത്വത്തിന്റെ പരാജയമായി മാത്രമെ കാണാനൊക്കൂ. അതോടൊപ്പം ഇത് അങ്ങനെ അസ്വസ്ഥരാവുന്നവരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. നമ്മള്‍ ആശയപരമായി എതിര്‍ക്കുന്നതിനെ നമ്മള്‍ തന്നെ പ്രയോഗത്തില്‍ വരുത്തുന്ന നീചമായ ഏര്‍പ്പാട്. മൂല്യശോഷണത്തിന്റെ അപാര ഗര്‍ത്തത്തിലേക്കാണ് ഈ യാത്ര. അതാണ് എം.എം. മണിയുടെ കാര്യത്തില്‍ നടന്നത്. അതു തന്നെയാണ് സജി ചെറിയാന്റെ കാര്യത്തിലും നടന്നത്. ചെറിയ സമയത്തിനുള്ളില്‍ തിരുത്താവുന്ന കൊച്ചു കൊച്ചു തെറ്റുകളേയും പിഴവുകളേയും അവഗണന കൊണ്ടും അനാവശ്യ ന്യായീകരണം കൊണ്ടും വലുതാക്കി സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പേരുദോഷങ്ങള്‍ക്കും ഇടവരുത്തിക്കൊണ്ടിരിക്കുകയാണ്.

എം.എം. മണിയുടെ തെറ്റിനെയും അക്കാര്യത്തിലെ പാര്‍ട്ടിയുടെ നിലപാടിനെയും (അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍) ജനാധിപത്യപരമായി തിരുത്തുകയാണ് ഇന്നിപ്പോള്‍ സ്പീക്കര്‍ എം. ബി. രാജേഷ് ചെയ്തിരിക്കുന്നത്. അദ്ദേഹം അര്‍ത്ഥശങ്കയ്ക്കില്ലാതെ നിലപാട് വ്യക്തമാക്കി:

'മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, ചെയ്യുന്ന തൊഴില്‍, പരിമിതികള്‍, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്തകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യബോധത്തിന്റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്.'

പാര്‍ട്ടി നേതൃത്വത്തില്‍ പുതിയ തലമുറക്കാര്‍ കടന്നു വരുന്നു എന്ന് വീമ്പിളക്കിയാല്‍ മാത്രം പോര. അത് നിലപാടുകളില്‍ പ്രത്യക്ഷമായിക്കൊണ്ട് പൊതു സമൂഹത്തിനു മുന്നിലെത്തുകയും വേണം. അങ്ങനെ മാത്രമേ പുതിയ തലമുറയിലെ മനുഷ്യരുമായി ചേര്‍ന്നു നിലക്കാന്‍ പാര്‍ട്ടിക്കു കഴിയൂ. തെറ്റുകള്‍ പറ്റാത്ത പാര്‍ട്ടി - തെറ്റുകള്‍ പറ്റാത്ത നേതാക്കള്‍ എന്ന അഹങ്കാരത്തിന് ആദ്യം അറുതി വരുത്തണം. തെറ്റുകള്‍ മാനുഷികമാണെന്നും തിരുത്തുകള്‍ മൂല്യബോധത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയണം. അത് അണികളെ ബോധ്യപ്പെടുത്തുകയും വേണം. എന്തിനെയും ന്യായീകരിച്ചും വളച്ചൊടിച്ചും രക്ഷാപ്പെടാമെന്ന മിഥ്യാധാരണ ഈ കാലത്തിന് ചേര്‍ന്നതല്ല.

പുരോഗമനവും നവോത്ഥാനവുമൊക്കെ പറഞ്ഞു നടക്കാന്‍ എളുപ്പമാണ്. അത് പ്രയോഗത്തില്‍ വരുത്താന്‍ പ്രയാസവും. പ്രത്യേകിച്ചും അതുമായി മാനസിക ചേര്‍ച്ചയില്ലാത്തവര്‍ക്ക്. സി.പി.എം അത്തരമൊരു പ്രതിസന്ധി ഇപ്പോള്‍ നേരിടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത് എന്താണ് എന്ന് നിങ്ങള്‍ തിരിച്ചറിയണം. അധികാരം ഉള്‍ക്കാഴ്ചകളെ മറച്ചുകളയുന്നുണ്ടോ എന്ന് നിരന്തരം സ്വയം ചോദിക്കണം. അതിന് പാര്‍ട്ടിയില്‍ സംവിധാനങ്ങളുണ്ടാവണം. പാര്‍ട്ടിയും ഭരണകൂടവും അതാതിന്റെ പ്രവര്‍ത്തന മേഖലകള്‍ അലംഖനീയമായ അതിര്‍വരമ്പുകള്‍ക്കകത്തു നിന്നു കൊണ്ട് നിര്‍വ്വഹിക്കണം. പരസ്പരപൂരകങ്ങളായി മുന്നേറണം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവിയ്ക്കും കേരളത്തിന്റെ സമാധാനപരമായ മുന്നോട്ടു പോക്കിനും അത്യാവശ്യമായ ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഇത് നടക്കാതെ പോയാല്‍ നമ്മളിതുവരെ നടന്ന നടത്തം വെറും പാഴ്വേലയാവും. കേരളീയ നവോത്ഥാനം ചരിത്രത്തില്‍ മാത്രമാവും.

കര്‍ക്കശമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടുന്ന ഈ കാലത്ത് വിവേചനബുദ്ധി തത്സമയം തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനു കഴിയുന്നവരാവണം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍. ആധുനിക കാലത്തിന്റെ ആവശ്യകതകളോടും സാധ്യതകളോടും ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന നേതാക്കള്‍ വേണം ഇനിയങ്ങോട്ട് പ്രസ്ഥാനത്തെ നയിക്കാന്‍. കാലത്തിന്റെ വേഗത തിരിച്ചറിയാതെ പാര്‍ട്ടി ഇഴഞ്ഞു നീങ്ങിയാല്‍ ചരിത്രം പ്രതികാരം ചെയ്യും. അധികാരം ബാധ്യതയാവാതെ നോക്കാന്‍ ഇനിയങ്ങോട്ട് പാര്‍ട്ടിക്കു കഴിയണം.

തിരുത്ത് എപ്പോഴും ഒരു കമ്യൂണിസ്റ്റ് വഴിയാണ്. ഒരു ജനാധിപത്യ രീതിയും. മടികൂടാതെ, സമയനഷ്ടം വരാതെ അപ്പപ്പോള്‍ അത് നടപ്പിലാക്കാന്‍ പരിശീലിക്കണം. കാലം അതാവശ്യപ്പെടുന്നുണ്ട്. സി.പി.എം. അനുഭാവികളായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പോലും ഇക്കാര്യത്തില്‍ ഒരു തണുപ്പന്‍ സമീപനമാണ് കൈക്കൊള്ളുന്നത്. ഇതിനൊക്കെ വലിയ വില നല്‍കേണ്ടിവരും. സോഷ്യല്‍ മീഡിയയിലെ വകതിരിവില്ലാത്ത പാര്‍ട്ടി ചാവേറുകള്‍ക്കൊപ്പം സഞ്ചരിക്കേണ്ടവരല്ല സാംസ്‌കാരിക പ്രവര്‍ത്തകര്‍. കേരളത്തിനോട് സ്‌നേഹമുള്ളവര്‍, ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമുള്ളവര്‍, ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ശരി കാണുന്നവര്‍ കേരളത്തിലെ സി.പി.എമ്മിനോട് ക്രിയാത്മകമായി സംവദിക്കേണ്ടതുണ്ട്. അവരെ നിരന്തരം തിരുത്തി ശരിയുടെ പക്ഷത്ത് നിലനിര്‍ത്തേണ്ടതുണ്ട്. അവരത് ആഗ്രഹിക്കുന്നുണ്ടോ എന്നു പോലും നമ്മള്‍ ചിന്തിക്കേണ്ടതില്ല. നവ മാധ്യമങ്ങളിലെ സി.പി.എം ഭക്തര്‍ 'പൊങ്കാല' യിടുമായിരിക്കാം. അവരറിയുന്നില്ല അവരെന്താണ് ചെയ്യുന്നതെന്ന്. പാര്‍ട്ടിയുടെ നിലപാടുകളിലെ വ്യക്തതയിലൂടെ മാത്രമെ അത്തരക്കാരെ തിരുത്താനാവൂ. സമയോചിതമായ ഇടപെടല്‍ എത പ്രധാനമാണെന്ന് ഓരോ സംഭവവും ഓരോ ദിവസവും നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഈ ഇരുണ്ട കാലത്ത് കേരളത്തിലെ ഇടതുപക്ഷം ചെറിയൊരു വെളിച്ചമാണ്. നമുക്ക് അതുകൂടി നഷ്ടപ്പെട്ടു കൂട. കഴുകന്മാര്‍ ഇടം കാത്തു നില്‍ക്കുന്നത് നമ്മള്‍ മറന്നു കൂട.

ഇന്നത്തെ ഇടപെടലിന് സ്പീക്കർ എം.ബി. രാജേഷ് അഭിനന്ദനം അർഹിക്കുന്നു. കേരള രാഷ്ടീയം വഴി മാറി നടക്കുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടാവണം. തിരുത്താൻ കരുത്തുള്ള, മനസ്സുള്ള, വിവേകശാലികളായ അനേകം രാജേഷുമാർ കേരളത്തിനാവശ്യുണ്ട്. ഇത്തരം തിരുത്തുകളിലൂടെ പ്രസ്ഥാനവും എം.എം. മണിയെപ്പോലുള്ള നിസ്വാർത്ഥരായ നേതാക്കളും ശുദ്ധീകരിക്കപ്പെടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in