മദ്ധ്യവർത്തിസിനിമയുടെ മാനസസഞ്ചാരങ്ങൾ

മദ്ധ്യവർത്തിസിനിമയുടെ മാനസസഞ്ചാരങ്ങൾ

ഉള്ളിലുറങ്ങിക്കിടക്കുന്ന ഒരു സംവിധായകൻ്റെ ദൃശ്യപരവും വ്യാഖ്യാനപരവുമായ ഭാരങ്ങളില്ലാതെ സിനിമയുടെ എഴുത്തിനെ സമീപിക്കാൻ കഴിയുകയെന്നത് ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ശ്രമകരമായ ദൗത്യമാണ്. തോപ്പിൽ ഭാസിക്കും എംടിക്കും പത്മരാജനും ലോഹിതദാസിനും അത്തരം ശ്രമങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിരിക്കാമെന്നത് ഒരു സാമാന്യയുക്തിയായി പറയാം. പിൽക്കാലങ്ങളിൽ സ്വന്തം എഴുത്തിനെ അധികരിച്ച് സംവിധായകർ കൂടിയായി മാറിയവരാണല്ലോ അവർ.

എന്നാൽ സംവിധായകരുടെ ഭാവുകത്വപരവും ലാവണ്യാത്മകവുമായ ചിന്തകൾ അവർക്കു തന്നെ വിട്ടുകൊടുത്ത് എഴുത്തുകാരൻ്റെ വഴിയേ മാത്രം സഞ്ചരിക്കാൻ ശീലിച്ച രചയിതാവായിരുന്നു ജോൺപോൾ.

അതുകൊണ്ടു തന്നെ ഭരതൻ എന്ന മധ്യവർത്തിസിനിമയുടെ പതാകാവാഹകൻ്റെയും ഒപ്പം മോഹൻ്റെയുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരനായി തുടരവേ തന്നെ കമലിൻ്റെയും ഐവി ശശിയുടെയും  ജോഷിയുടെയും മാത്രമല്ല, പിജി വിശ്വംഭരൻ്റെയും കെ.മധുവിൻ്റെയും പി.ചന്ദ്രകുമാറിൻ്റെയും അനിലിൻ്റെയും വിജി തമ്പിയുടെയുമെല്ലാം ജനകീയസിനിമാസ്വരൂപങ്ങളിലേയ്ക്കും ജോൺ പോളിൻ്റെ എഴുത്ത് പരിവർത്തനപ്പെട്ടു. നിറകനമുള്ള കതിർക്കുലകൾക്കൊപ്പം ചെറുതല്ലാത്ത പതിരിൻ്റെ കണക്കെടുപ്പിനും അദ്ദേഹത്തിൻ്റെ നൂറോളം തിരക്കഥകൾക്കിടയിൽ ഇടമുണ്ടാകുന്നതും ഇക്കാരണം കൊണ്ടു തന്നെയാകാം. അല്പം കൂടി നിയന്ത്രിതവും സൂക്ഷ്മവുമായ ഒരു തിരഞ്ഞെടുപ്പ്  തിരക്കഥകളുടെ രചനാദൗത്യം ഏറ്റെടുക്കുന്ന കാര്യത്തിൽ പുലർത്തിയിരുന്നുവെങ്കിൽ ജോൺപോൾ എന്ന പേര് മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ പേരുകൾ ചർച്ചയാകുന്ന പല വേളകളിലും  വിസ്മൃതമാകാതെയിരിക്കുമായിരുന്നുവെന്ന് സൂചിപ്പിക്കാതെയും വയ്യ.

സന്ദിഗ്ദ്ധസങ്കീർണ്ണവും ആകസ്മികവുമായ മനുഷ്യാവസ്ഥകളെ അതിൻ്റെ വൈകാരിക യാഥാർത്ഥ്യങ്ങളോടെയും സത്യസന്ധതയോടെയും ആവിഷ്ക്കരിക്കാൻ ശ്രമിച്ചപ്പോഴാണ് ജോൺ പോളിൻ്റെ എഴുത്ത് മികവിൻ്റെ  ഉത്കൃഷ്ടതലങ്ങളെ അനുഭവവേദ്യമാക്കിയത്.

ചാമരവും ഓർമ്മയ്ക്കായിയും പാളങ്ങളും ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടവും വിട പറയും മുമ്പേയും രചനയുമെല്ലാം അതിനു സാക്ഷ്യങ്ങളാകുന്നു. ഈ ചിത്രങ്ങളുടെ സംവിധായകർ ഭരതനും മോഹനുമാകുന്നത് മധ്യവർത്തി സിനിമയുടെ വഴിയേയുള്ള ജോൺ പോളിൻ്റെ ജൈവികവും സ്വാഭാവികവുമായ മാനസസഞ്ചാരത്തിൻ്റെ ദൃഷ്ടാന്തങ്ങളായിത്തന്നെ പരിഗണിക്കാം.

'ചാമരം' ഇന്നും അമ്പരപ്പിക്കുന്ന ഒരു ചലച്ചിത്രയെഴുത്തും സാക്ഷാത്കാരവുമാണ്. നാട്ടിൻപുറത്തു നിന്നുവരുന്ന, പ്രണയത്താൽ തിരസ്കൃതയായ ഒരു കോളേജ് അദ്ധ്യാപികയ്ക്കും റിബൽ സ്വഭാവമുള്ള ഒരു വിദ്യാർത്ഥിക്കും ഇടയിൽ സംഭവിക്കുന്ന വൈകാരികവും ആത്മാന്വേഷണപരവുമായ ബന്ധത്തിന്റെ കഥയായാണ്‌ 'ചാമരം' ആഖ്യാനപ്പെട്ടത്. ഒരു കാലഘട്ടത്തിൻ്റെയും

തലമുറയുടെയും ഭാവുകത്വചിന്തകളെയും സദാചാര സങ്കല്പങ്ങളെയും സ്ഫോടനാത്മകമാം വിധം അലോസരപ്പെടുത്തിയേക്കാവുന്ന പ്രമേയപരിസരമായിരുന്നിട്ടു കൂടിയും ചാമരം പ്രേക്ഷകസമൂഹത്തെ കീഴടക്കി. അതിന് പ്രധാന കാരണമായി വർത്തിച്ചത് ചിത്രത്തിലെ ആകസ്മികതകൾ നിറഞ്ഞ മനുഷ്യാവസ്ഥകളുടെയും ജീവിതത്തിന്റെ അനിശ്ചിതത്വമാർന്ന ദശാസന്ധികളുടെയും ആവിഷ്ക്കാരമായിരുന്നു. അവിടെയാണ് കഥാപാത്രങ്ങളുടെ വൈകാരികത്തുടർച്ചയിലൂടെയും അതിന് നിദാനമാകുന്ന സാമൂഹ്യപശ്ചാത്തലത്തെക്കൂടി രേഖപ്പെടുത്തിക്കൊണ്ടും ജീവിതത്തെ അടയാളപ്പെടുത്താനും വ്യാഖ്യാനസമ്പന്നമാക്കുവാനുമുള്ള ജോൺ പോളിൻ്റെ മികവ് പ്രകടമാകുന്നത്.

മരുമക്കത്തായത്തിൻ്റെ അവശിഷ്ടങ്ങൾ നിലനില്ക്കുന്ന ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നാണ്, അച്ഛൻ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നിന്നാണ് അനുസരണയുടെയും ഒതുക്കത്തിൻ്റെയും സാമ്പ്രദായികശീലങ്ങളും മുറച്ചെറുക്കനോടുള്ള പ്രണയസങ്കല്പങ്ങളുമായി ഇന്ദു (സറീന വഹാബ്) നഗരത്തിലെ കോളേജിൽ ജോയിൻ ചെയ്യാനായി പ്രിൻസിപ്പാളിൻ്റെ ഓഫീസിലെത്തുന്നത്. അതേ രംഗത്തിൽ തന്നെയാണ് വിദ്യാർത്ഥിയായ വിനോദിനെ (പ്രതാപ് പോത്തൻ) നോട്ടീസ് ബോർഡ് കല്ലെറിഞ്ഞു തകർക്കുന്ന സംഘത്തിൻ്റെ നേതാവായി അക്രമോത്സുകനായി ജോൺ പോൾ അവതരിപ്പിക്കുന്നത്. അങ്ങനെയൊരു കണ്ടുമുട്ടലിൽ നിന്ന് വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചിന്തകളും ജീവിതസങ്കല്പങ്ങളുമുള്ള ഒരു സ്ത്രീയ്ക്കും പുരുഷനുമിടയിൽപ്പോലും സംഭവിക്കാവുന്ന മാനസികവും ശാരീരികവുമായ ആകർഷണപരിസമാപ്തിയിലേക്ക് ഏറ്റവും യുക്തിഭദ്രമായ, സാമൂഹ്യബോധമുള്ള ജീവിതസന്ദർഭങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് 'ചാമരം' പുരോഗമിക്കുന്നത്. അതു കൊണ്ടുതന്നെയാണ് അദ്ധ്യാപികക്കും വിദ്യാർത്ഥിക്കുമിടയിലെ പ്രണയമെന്ന സെൻസിറ്റീവായ ഒരു പ്രമേയമായിരുന്നിട്ടുകൂടി, രതിയും അക്രമവും പ്രസരിക്കപ്പെടുന്ന വഴികളിലൂടെ കടന്നുപോകുന്ന പരസ്പരപൂരകമായ ആത്മബന്ധത്തിൻ്റെയും ആത്മാന്വേഷണത്തിൻ്റെയും ഭാഗമായി ചാമരത്തെ ഉൾക്കൊള്ളാനും ഏറ്റെടുക്കാനും പ്രേക്ഷകർക്ക് കഴിഞ്ഞത്. അത് പ്രധാനമായും കഥാപാത്രങ്ങളുടെ വൈയക്തികാവസ്ഥകളെ സാർവ്വലൗകികമായ മനുഷ്യാവസ്ഥകളിലേക്ക് വിളക്കിച്ചേർക്കാൻ എഴുത്തുകാരന് കഴിഞ്ഞതിനാൽ സാദ്ധ്യമായതായിരുന്നു.

ജോൺ പോൾ സംവിധായകൻ ഭരതനൊപ്പം
ജോൺ പോൾ സംവിധായകൻ ഭരതനൊപ്പം

സ്നേഹവും സ്നേഹാന്വേഷണങ്ങളും ഒപ്പം ആസക്തിയും കാമനകളും ജോൺപോൾ എഴുതിയ മദ്ധ്യവർത്തിസ്വഭാവമുള്ള മറ്റു പ്രധാന സിനിമകളിലും അകക്കാമ്പായി വർത്തിക്കുന്നുണ്ടെന്നു കാണാം.

ഒരു മദ്ധ്യവയസ്ക്കനായ എഴുത്തുകാരന്‍ തന്റെ ഭാര്യയുടെ കീഴുദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തെ തൻ്റെ ഭാര്യയോട് പ്രണയബന്ധിതമാക്കുകയും അയാളിലെ കാമനകളെ ഉണർത്തുകയും ചെയ്തുകൊണ്ട്

പുതിയൊരു രചനയുടെ ആശയസൃഷ്ടിക്കായി ശ്രമിക്കുന്നതും എന്നാൽ എഴുത്തുകാരൻ്റെ മനശാസ്ത്ര സങ്കല്പങ്ങൾക്കപ്പുറത്തേക്ക് പദ്ധതി കൈവിട്ടുപോകുന്നതും അത് ആ ചെറുപ്പക്കാരന്റെ ആത്മഹത്യയില്‍ കലാശിക്കുന്നതുമായ ഒരു ദുരന്താത്മകകഥയാണ് മോഹൻ സംവിധാനം ചെയ്ത 'രചന'യുടെ പ്രതിപാദ്യം.

തീവണ്ടിയുടെ എഞ്ചിൻ ഡ്രൈവറായ ഭരത് ഗോപി അവതരിപ്പിക്കുന്ന വാസുമേനോന്‍ എന്ന കഥാപാത്രത്തിന് ഭാര്യയുടെ സഹോദരിയായ പെണ്‍കുട്ടിയോട് തോന്നുന്ന ശാരീരികാകർഷണത്തെ കേന്ദ്രപ്രമേയമാക്കി നിലനിർത്തിക്കൊണ്ടാണ് 'പാളങ്ങൾ' മുന്നോട്ടു പോകുന്നത്.

'ഓർമ്മയ്ക്കായി'യിലും പ്രണയത്തിൻ്റെയും പരസ്പരാശ്രയത്വത്തിൻ്റെയും തണലുകളിൽ സംതൃപ്തരായി മുന്നോട്ടു പോകുന്ന നന്ദഗോപൻ്റെയും (ഭരത് ഗോപി) സൂസന്നയുടെയും (മാധവി) ജീവിതം സൂസന്നയോട് ആസക്തിയുള്ള പീറ്റർ (രാമു) എന്ന ഗായകൻ കടന്നുവരുന്നതോടെയാണ് ഗതിമാറിപ്പോകുന്നത്.

മേല്പറഞ്ഞ ചിത്രങ്ങളിൽ നിന്നു വിഭിന്നമായി ഒറ്റപ്പെടുന്ന വാർദ്ധക്യത്തിൻ്റെ സ്നേഹാന്വേഷണങ്ങളെ കേന്ദ്ര പ്രമേയമാക്കി ഒരുക്കപ്പെട്ട ചിത്രമായിരുന്നു, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം. ജോൺ പോളിൻ്റെ ഏറ്റവും ലളിതസുന്ദരമായ രചനയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

മനുഷ്യജീവിതത്തിൻ്റെ കേവല സ്ഥായീഭാവം വിഷാദമാണ്. ആ വിഷാദാത്മകത ജോൺ പോളിൻ്റെ സിനിമകളിലെ സജീവമായ അന്തർധാരയായിരുന്നുവെന്നു കണ്ടെത്താം. പ്രത്യേകിച്ചും അത്തരത്തിൽ വിഷാദത്തിൻ്റെയും സാമാന്യമായ ദു:ഖത്തിൻ്റെയും കടലുകൾ ഉള്ളിലൊളിപ്പിച്ച സ്ത്രീകഥാപാത്രങ്ങളായി ചാമരത്തിലെ ഇന്ദുവിനെയും മർമ്മരത്തിലെ നിർമ്മലയെയും പാളങ്ങളിലെ ഉഷയെയും ഓർമ്മയ്ക്കായിയിലെ സൂസന്നയെയും കാതോടു കാതോരത്തിലെ മേരിക്കുട്ടിയെയുമെല്ലാം ജോൺപോൾ മെനഞ്ഞിരിക്കുന്നതായി കാണാം.

കഥാപാത്രസൃഷ്ടിയിലെ നായക-വില്ലൻ സങ്കല്പങ്ങളോട് ഇണങ്ങുന്ന പുണ്യാളൻ-ചെകുത്താൻ സദൃശവൽക്കരണത്തോട് പലപ്പോഴും ചേരാതെ നില്ക്കുന്ന ചില കഥാപാത്രങ്ങളെയും ജോൺപോൾ രചനകളുടെ സവിശേഷതയായി കണ്ടെടുക്കാവുന്നതാണ്. ഏകപക്ഷീയമായ നന്മയുടെയോ അധാർമ്മികതയുടെയോ പ്രതിരൂപങ്ങളായി കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്ന രീതികൾക്കപ്പുറം ജീവിതസാഹചര്യങ്ങളുടെയും സാമൂഹ്യാവസ്ഥകളുടെയും സൃഷ്ടിയെന്ന നിലയിൽ മനുഷ്യനെ പരിഗണിച്ചുകൊണ്ട് അവൻ്റെ മാനസികവ്യാപാരങ്ങളെ, അവയുടെ വിസ്മയിപ്പിക്കുന്ന എതിർദിശാസഞ്ചാരങ്ങളെ ജോൺപോൾ പലപ്പോഴും കഥാപാത്രസൃഷ്ടിയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.

ചാമരത്തിന്റെ ക്ലൈമാക്സിൽ നായകനായ പ്രതാപ് പോത്തൻ്റെ കഥാപാത്രവും പ്രദീപ് ശക്തി അവതരിപ്പിച്ച വില്ലൻ കഥാപാത്രവും നേതൃത്വം കൊടുക്കുന്ന രണ്ടു വിദ്യാർത്ഥിഗ്രൂപ്പുകൾ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. സംഘട്ടനത്തിനൊടുവിൽ ഉയരമുള്ള ഒരു പടിക്കെട്ടിനു മുകളിൽ നിന്ന് നായകൻ താഴേക്ക് വീഴുകയും ചോര വാർന്ന് മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. നായകന്റെ സുഹൃത്തുക്കൾ പോലും ഓടിരക്ഷപ്പെടുന്ന ആ വേളയിൽ പ്രദീപ് ശക്തിയുടെ വില്ലൻ കഥാപാത്രം സ്വന്തം ഷർട്ട് വലിച്ചുകീറി നായകന്റെ തലയിൽ വെച്ചുകെട്ടി ചോരപ്രവാഹത്തെ തടയാൻ ശ്രമിക്കുകയും സഹായത്തിനായി അലറി വിളിക്കുകയും ചെയ്യുന്നുണ്ട്. ഏതൊരു മനുഷ്യനിലും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നന്മതിന്മകളുടെ വൈരുദ്ധ്യാത്മക പ്രതിഫലനങ്ങളെ ക്യാമ്പസിന്റെ ഹൃദയവുമായി ചേർത്തുനിർത്തിക്കൊണ്ടുള്ള മികച്ച കഥാപാത്രനിർമ്മിതിയായി പ്രസ്തുത കഥാപാത്രത്തെ വിലയിരുത്താം.

തിരക്കഥകൾക്കപ്പുറം ജോൺപോൾ സ്വാഭാവികമായ താരമൂല്യനിർമ്മിതിയിലൂടെ മലയാളസിനിമയുടെ പുതിയ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്കും സുപ്രധാനമാണ്. പ്രേക്ഷകൻ്റെ കാഴ്ചാശീലങ്ങളോടും സൗന്ദര്യസങ്കല്പങ്ങളോടും പൊരുത്തപ്പെടാത്ത ചില നടനശരീരങ്ങളെ താരമൂല്യത്തിലേയ്ക്ക് പരിവർത്തനപ്പെടുത്തിക്കൊണ്ട്, പിന്നീട് ആ നടന്മാരിലൂടെ മാത്രം സാദ്ധ്യമായ ഒരു വിഭാഗം സിനിമകൾക്ക് ഒന്നാം കാരണക്കാരനായിരുന്നു ജോൺപോൾ. അടൂരിൻ്റെയും അരവിന്ദൻ്റെയും സിനിമകളിലൂടെ നടനെന്ന നിലയിൽ അടയാളപ്പെട്ടെങ്കിലും ഭരത്ഗോപി കേരളത്തിലെ സാധാരണക്കാരൻ്റെയും പ്രിയതാരമായി മാറിയതിൽ കെ.ജി.ജോർജിൻ്റെ യവനികയ്ക്കൊപ്പം ജോൺപോളിൻ്റെ രചനയിൽ വിരിഞ്ഞ 'ഓർമ്മയ്ക്കായി' എന്ന ചിത്രത്തിനും അതിലെ നന്ദഗോപാൽ എന്ന ഊമയായ ശില്പിയുടെ കഥാപാത്രത്തിനും വലിയ പങ്കുണ്ട്. പാളങ്ങൾ, മർമ്മരം, രചന, സന്ധ്യമയങ്ങും നേരം, ആലോലം എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ ഗോപിയുടെ അഭിനയമികവിനെ കൂടുതൽ ജനകീയമാക്കാൻ ജോൺപോളിൻ്റെ എഴുത്തിനു കഴിഞ്ഞു. നെടുമുടിവേണുവിൻ്റെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായിരുന്ന 'വിട പറയും മുമ്പേ ' എഴുതിയതും ജോൺ പോളായിരുന്നു. ചാമരം, തേനും വയമ്പും, രചന, മര്‍മ്മരം ആലോലം എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ നെടുമുടി വേണുവിൻ്റെ മറ്റു ചില ആദ്യകാല ശ്രദ്ധേയവേഷങ്ങൾക്കു പുറകിലും ജോൺ പോളിൻ്റെ തൂലികയായിരുന്നു.

മമ്മൂട്ടി എന്ന നടൻ്റെ നായകനെന്ന നിലയിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ജോൺ പോൾ എഴുതി ഐവി ശശി സംവിധാനം ചെയ്ത 'അതിരാത്രം' ആയിരുന്നുവെന്നതും ഓർമ്മിക്കാം. അത്തരത്തിൽ 80-കളിലെ മലയാള സിനിമയുടെ കലയുടെയും കച്ചവടത്തിൻ്റെയും ഇരട്ടമുദ്രകളുള്ള തൂണുകളെ പണിയുകയോ പുതുക്കിപ്പണിയുകയോ ചെയ്ത ചരിത്രം കൂടി ജോൺപോളിൻ്റെ തൂലികയിലൂടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

രണ്ടു സിനിമകളിലൂടെ നടനെന്ന നിലയിലും ജോൺ പോൾ പ്രേക്ഷകരിലേയ്ക്കെത്തിയിരുന്നു. അതിനെക്കുറിച്ച് പരാമർശിക്കുമ്പോൾ

വ്യക്തിപരമായ ഒരു ദു:ഖം കൂടി കുറിച്ചിടേണ്ടതുണ്ടെന്ന് മനസ്സു പറയുന്നു. ഞാൻ ചെയ്യാനിരിക്കുന്ന പുതിയ സിനിമകളിലൊന്നുമായി ബന്ധപ്പെട്ട് എഴുതിക്കഴിഞ്ഞ ഒരു തിരക്കഥയിൽ ജോൺപോൾ അദ്ദേഹമായിത്തന്നെ വരുന്ന ചില രംഗങ്ങൾ ഉൾപ്പെട്ടിരുന്നു. രോഗവിമുക്തി നേടി ആശുപത്രിയിൽ നിന്നു പുറത്തുവന്നതിനു ശേഷം തിരക്കഥ അദ്ദേഹത്തിനു വായിക്കുന്നതിനായി കൊടുക്കാനിരിക്കുകയായിരുന്നു. അതിനു ശേഷം അദ്ദേഹവുമായി നടക്കേണ്ടിയിരുന്ന ചില സർഗാത്മകസംവാദങ്ങളിലേയ്ക്ക് ആഹ്ലാദത്തോടെ കാത്തിരിക്കുകയായിരുന്നു. സംവാദാത്മകമായിക്കൂടി മലയാളസിനിമയെ മുന്നോട്ടുനയിച്ചവരിലും അദ്ദേഹം എന്നും മുൻനിരയിലുണ്ടായിരുന്നല്ലോ.

വലിയ ശരീരത്തിൻ്റെ ബാഹ്യവും ആന്തരികവുമായ ഭാരങ്ങളെ മറികടന്ന് സജീവവും സചേതനവുമായ മനസ്സോടെ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് സെമിനാറുകളിലൂടെയും ശില്പശാലകളിലൂടെയുമെല്ലാം പുതിയ തലമുറയോട് സംവദിക്കാൻ

എന്നും ഉത്സുകനായിരുന്നു അദ്ദേഹം. അത്തരത്തിൽ സിനിമയിലെ സമൂഹവും അതിൻ്റെ കാഴ്ചപ്പാടുകളും ഭാവുകത്വവും നിരന്തരം പുതുക്കപ്പെട്ടുകൊണ്ടേയിരിക്കണമെന്ന് വിശ്വസിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരുന്നു ജോൺപോൾ. ആ മനസ്സും പ്രയത്നവും തൻ്റെ സുപ്രധാന സിനിമകളിൽ അവശേഷിപ്പിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം യാത്രയാകുന്നതും

Related Stories

No stories found.
logo
The Cue
www.thecue.in