ടി ജെ ചന്ദ്രചൂഡൻ, വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ പോരാളി

ടി ജെ ചന്ദ്രചൂഡൻ, വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ പോരാളി

അന്നു വൈകുന്നേരം പുറത്തിറങ്ങേണ്ട പത്രത്തിന്റെ എഡിറ്റോറിയൽ ജോലികൾ തുടങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പത്രാധിപർ ഓഫീസിലെത്തി സഹപത്രാധിപരെ പറഞ്ഞു പ്രലോഭിപ്പിച്ച് "ഇപ്പോൾ തിരിച്ചെത്താമെന്ന" കരാറിൽ എങ്ങോട്ടേയ്ക്കോ സ്ഥലം വിട്ടത്. മലയാളത്തിലെ ഏറ്റവും വലിയ പത്രാധിപരുടെ കീഴിൽ പാർട്ടിയുടെ മുഖപത്രത്തിൽ പ്രവർത്തിച്ചുകൊണ്ട് ജേർണലിസം പഠിക്കാമെന്ന ആഗ്രഹവുമായി,യൂണിവേഴ്സിറ്റി കോളേജിലെ എം എ ക്ലാസും കട്ട് ചെയ്ത് അവിടെ വന്നിരിക്കുന്ന വിദ്യാർത്ഥി നേതാവ് ആകെ പരുങ്ങലിലായി. പത്രമിറക്കാനുള്ള സമയമായിട്ടും പത്രാധിപന്മാരെത്താതതുകൊണ്ട് സകല ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. കേരളത്തിൽ ഭക്ഷ്യക്ഷാമം മൂർച്ഛിച്ച നാളുകളായിരുന്നു അത്. ഭക്ഷ്യക്ഷാമം സംബന്ധിച്ച വാർത്ത തന്നെ ഒന്നാം പേജിലെ പ്രധാന വാർത്തയായി കൊടുത്തുകൊണ്ട് പത്രമച്ചടിക്കാൻ തുടങ്ങി.

അപ്പോഴാണ് പത്രാധിപന്മാരുടെ വരവ്. സഹപത്രാധിപർ വന്നയുടനെ മേശമേൽ തല ചായ്ച്ച് മയക്കമാരംഭിച്ചു. അൽപ്പം ഉന്മത്തനായി കാണപ്പെട്ട പത്രാധിപർ കസേരയിൽ വന്നിരുന്നയുടനെ തന്നെ പ്രസ്സിന്റെ ഫോർമാനെ വിളിച്ച് പത്രം കൊണ്ടുവരാനാവശ്യപ്പെട്ടു. ചൂടോടെ അച്ചടിച്ചിറക്കിയ പത്രമെടുത്ത് നിവർത്തു നോക്കിയിട്ട് ഉറക്കെ ഒറ്റ ചോദ്യമാണ്.

" ഒന്നാം പേജിലെ പ്രധാന വാർത്ത ആരാ കൊടുത്തത്? "

ആരും മറുപടി പറഞ്ഞില്ല. ചെറുപ്പക്കാരൻ ആകെ വിറങ്ങലിച്ചു നിന്നു . അച്ചടി ഉടനടി നിറുത്താനായിരുന്നു അടുത്ത ആജ്ഞ. പ്രസ്സിന്റെ ഇരമ്പൽ അവസാനിച്ചു. വൃത്തിയായി മുറിച്ചടുക്കിയ ന്യൂസ്‌ പ്രിന്റ് ഷീറ്റിൽ ഒന്നുമെഴുതാതെ, ഊരിപ്പിടിച്ച പേനയുമായി പത്രാധിപർ എന്തോ ആലോചിച്ചുകൊണ്ട് ഇരുന്ന ഇരിപ്പ് അങ്ങനെ നിമിഷങ്ങൾ നീണ്ടുപോയി. പ്രസ്സിലെ തൊഴിലാളികൾ ഉൾപ്പെടെ സകലരും അക്ഷമരായി കാത്തു നിൽക്കുകയാണ്. പത്രമിറങ്ങാനുള്ള സമയം അതിക്രമിച്ചു. വിതരണത്തിനുള്ള പത്രത്തിനു വേണ്ടി ഏജന്റുമാർ പുറത്തു കാത്തുനിൽക്കുന്നു. എന്തോ പ്രചോദനം കൊണ്ടിട്ടെന്ന വണ്ണം പത്രാധിപർ പെട്ടെന്ന് എഴുത്താരംഭിച്ചു. ഒന്നിനു പിറകെ ഒന്നായി എഴുതി തീർന്ന ഷീറ്റുകൾ ചെറുപ്പക്കാരന്റെ നേർക്ക് നീട്ടി. ഒപ്പം കനത്ത ശബ്ദത്തിൽ അടുത്ത ആജ്ഞ.

"ഒന്നാം പേജിന്റെ പള്ളയ്ക്ക് മത്തങ്ങാ വലുപ്പത്തിൽ കൊടുക്കാൻ പറ "

യുവാവ് കയ്യിലിരിക്കുന്ന കടലാസ് ഷീറ്റിലേക്ക് നോക്കി.

"മുഖ്യമന്ത്രി പട്ടം പഞ്ചാബ് ഗവർണർ സ്ഥാനമെറ്റെടുക്കുന്നു " എന്ന ഹെഡിങ്ങാണ് ആദ്യമയാൾ വായിച്ചത്. തുടർന്ന് വാർത്തയുടെ വിശദ വിവരങ്ങളും.എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്ന ശേഷം ചെറുപ്പക്കാരൻ വാർത്ത ഫോർമാനു കൈമാറി. വീണ്ടും പ്രസ്സിന്റെ ശബ്ദഘോഷം തുടങ്ങി...മദ്യ ലഹരിയിൽ തലയ്ക്കു വെളിവില്ലാതെ പത്രാധിപർ പടച്ചു വിട്ട വാർത്ത കൊടുത്തതിന്റെ പഴി താനും കൂടി കേൾക്കേണ്ടി വരുമല്ലോ എന്നു ഭയന്ന് ചെറുപ്പക്കാരൻ അടുത്ത കുറച്ചു ദിവസത്തേക്ക് ആ വഴി പോയതേയില്ല. സ്ഫോടക ശേഷിയുള്ള ആ വാർത്തയുമായി 1962 സെപ്റ്റംബർ മാസത്തിലെ ആ വൈകുന്നേരം കൗമുദി ദിനപ്പത്രം പുറത്തിറങ്ങി.കേരള രാഷ്ട്രീയമാകെ ഇളകി മറിഞ്ഞു. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പട്ടം താണുപിള്ള മുഖ്യമന്ത്രി,എം എൽ എ എന്നീ പദവികളും പി എസ് പി യുടെ അദ്ധ്യക്ഷ സ്ഥാനവും രാജിവെച്ച് പഞ്ചാബിലേക്ക് വിമാനം കയറി....

മലയാള പത്രപ്രവർത്തനത്തിലെ ജീനിയസ് ആയിരുന്ന ആ പത്രാധിപരെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കൗമുദി ബാലകൃഷ്ണൻ എന്ന കെ ബാലകൃഷ്ണൻ. പത്രാധിപരുടെ 'വിശ്വരൂപം' കണ്ടു പകച്ചുപോയ ആ ജർണലിസ്റ്റ് ട്രെയിനിയുടെ പേര് ടി ജെ ചന്ദ്ര ചൂഡനെന്നും.

അന്നത്തെ കേരളാ ഗവർണർ ആയിരുന്ന വി.വി ഗിരിയുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ വെച്ച അറിയാനിടയായ ഒരു രാഷ്ട്രീയരഹസ്യം, സമയോചിതമായി എടുത്തു പ്രയോഗിച്ച് സകലരെയും ഞെട്ടിച്ച സ്കൂപ്പാക്കി മാറ്റിയ കെ ബാലകൃഷ്ണന്റെ കീഴിൽ പഴവിള രമേശനോടൊപ്പം സഹപത്രാധിപരായിരുന്നു പിന്നീട് ചന്ദ്രചൂഡൻ. കൗമുദി ഉച്ചസ്ഥായിയിൽ നിന്ന ആ നാളുകളിൽ ചന്ദ്ര ചൂഡൻ ഇതുപോലെ പല അസുലഭ മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു.

സാക്ഷാൽ വൈക്കം മുഹമ്മദ്‌ ബഷീർ എഴുതി പെട്ടിയിൽ സൂക്ഷിച്ചു വെച്ചിരുന്ന ഭാർഗവീ നിലയം എന്ന തിരക്കഥ,ആ വർഷത്തെ കൗമുദി വിശേഷാൽപ്രതിയിൽ ചേർക്കാനായി കെ ബാലകൃഷ്ണൻ മോഷ്ടിച്ചു കൊണ്ടുവരുന്നതും,ഒടുവിൽ അത് തിരികെ കൊടുക്കണമെങ്കിൽ പകരം അതുപോലെയൊന്ന് എഴുതിക്കൊടുക്കണമെന്ന ബാലകൃഷ്ണന്റെ ആവശ്യത്തിന് വഴങ്ങി തിരുവനന്തപുരത്തെ അരിസ്റ്റോ ഹോട്ടലിൽ താമസിച്ചുകൊണ്ട് ബഷീർ മതിലുകൾ എന്ന കാലാതിവർത്തിയായ കൃതിയെഴുതുന്നതും, ചന്ദ്ര ചൂഡൻ സാക്ഷ്യം വഹിച്ച അത്തരം ചരിത്രമുഹൂർത്തമാണ്.

പേനത്തുമ്പിന്റെ ശക്തികൊണ്ട് ചരിത്രത്തിന്റെ ഗതിവിഗതികൾ തിരുത്തിക്കുറിക്കുന്ന കൗമുദിയുടെ കളരിയിൽ നിന്ന് രാഷ്ട്രീയപത്രപ്രവർത്തനത്തിന്റെ മർമ്മം ഗ്രഹിച്ച ആ ശിഷ്യൻ പക്ഷെ പത്രപ്രവർത്തനത്തിന്റെ വഴിയേ അധികനാൾ മുന്നോട്ടു പോയില്ല. തന്റെ അഭിരുചിയ്ക്ക് കുറച്ചുകൂടി അനുയോജ്യമായ അദ്ധ്യാപനത്തിലേക്കാണ് അദ്ദേഹം വഴിമാറിയെത്തിയത്. അവിടെ നിന്നാണ് ചന്ദ്ര ചൂഡൻ തത്വ ദീക്ഷയിലധിഷ്ഠിതമായ പ്രായോഗിക രാഷ്ട്രീയത്തിന്റെ കർമ്മരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്.

രാഷ്ട്രീയ കേരളത്തിന്റെ ചുവന്ന ഭൂമികയിൽ സവിശേഷമായ ഒരു നിലപാടു തറയുള്ള പാർട്ടിയായിരുന്നു ഒരുകാലത്ത് റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്ന ആർ എസ് പി.എൻ ശ്രീകണ്ഠൻ നായരുടെയും മത്തായി മാഞ്ഞൂരാന്റെയും വീറുറ്റ നേതൃത്വത്തിനു കീഴിൽ ഏറ്റവും ധിഷണാശാലികളായ കുറച്ചു മനുഷ്യർ -- തകഴി ശിവശങ്കരപ്പിള്ള മുതൽ കെ ബാലകൃഷ്ണനും പി കെ ബാലകൃഷ്ണനും കെ ആർ ചുമ്മാറും സി എൻ ശ്രീകണ്ഠൻ നായരും ജി ജനാർദ്ദനക്കുറുപ്പും എൻ രാമചന്ദ്രനും ജി വേണുഗോപാലും വരെയുള്ളവർ അതിലുൾപ്പെടും -- രാഷ്ട്രീയസങ്കേതമായി സ്വീകരിച്ച കെ എസ് പി, അതിൽ നിന്ന് അടർന്നു മാറി ആർ എസ് പി രൂപം കൊണ്ടപ്പോൾ, അത് കടുത്ത ഭീഷണിയുയർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കായിരുന്നു. രണ്ടു പാർട്ടികളുടെയും ശക്തികേന്ദ്രമായിരുന്ന കൊല്ലത്ത്‌ അന്നാളുകളിൽ കൊടുമ്പിരിക്കൊണ്ടിരുന്ന 'പത്തൽ രാഷ്ട്രീയം' മാത്രമല്ല,പോരാട്ടവീര്യവും തലയെടുപ്പുമുള്ള നേതാക്കളെ-- എൻ ശ്രീകണ്ഠൻ നായർ,ടി കെ ദിവാകരൻ, ബേബി ജോൺ, ആർ എസ് ഉണ്ണി, കെ പങ്കജാക്ഷൻ, ജി ഗോപിനാഥൻ നായർ -- ക്കൊണ്ടും സമ്പന്നമായിരുന്നു ആർ എസ് പി.ആ വലിയ നേതാക്കളുടെ തൊട്ടു പിറകിലുള്ള നിരയിൽ,കലർപ്പും വിട്ടുവീഴ്ചയുമില്ലാത്ത ഇടതുപക്ഷവികാരത്തോടെയും തൊഴിലാളി വർഗബോധത്തോടെയും വീറോടെ നിലയുറപ്പിച്ചവരിൽ അവസാനത്തെ ആളായിരുന്നു പ്രൊഫ.ടി ജെ ചന്ദ്രചൂഡൻ.

കെ ബാലകൃഷ്ണന്റെ നേരിട്ടുള്ള ശിക്ഷണത്തിൽ കൗമുദിയിൽ പ്രവർത്തിച്ച നാളുകളിൽ ആർജ്ജിച്ച രാഷ്ട്രീയ വിദ്യാഭ്യാസവും ചരിത്രബോധവുമാണ് ചന്ദ്രചൂഡൻ സാറിന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തത്. ആർ എസ് പി യുടെ ദേശീയ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ നേതൃശേഷിയും ബുദ്ധി കൂർമ്മതയും വിശകലനപാടവവുമൊക്കെ അതിശയത്തോടെ മനസിലാക്കാൻ രാജ്യത്തിന് അവസരമുണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ പ്രശസ്തിയുടെയും ജനസമ്മതിയുടെയും പ്രധാന അളവുകോലായി തെരഞ്ഞെടുപ്പ് വിജയത്തെയും മന്ത്രി --എം പി -- എം എൽ എ സ്ഥാനങ്ങളെയും കണക്കാക്കുന്ന ഒരു നാട്ടിൽ, അർഹിക്കുന്ന അവസരങ്ങൾ അദ്ദേഹത്തിന് കിട്ടിയോ എന്നത് ഒരു പ്രധാന ചോദ്യമാണ്. കേരളം കണ്ട ഏറ്റവും കഴിവുറ്റ ഭരണാധികാരികൾ എന്ന് നിസ്സംശയം വിളിക്കാവുന്ന ടി കെ ദിവാകരനും ബേബി ജോണും.ഒന്നാമത്തെ ലോകസഭ മുതൽ തലപ്പൊക്കത്തോടെ നിറഞ്ഞു നിന്ന എൻ.ശ്രീകണ്ഠൻ നായർ.പി എസ് സി അംഗം എന്ന നിലയിൽ ഭരണപാടവം തെളിയിച്ച ചന്ദ്ര ചൂഡൻ, ടി കെ യെയും ബേബി ജോണി നെയും പോലെയുള്ള ഒരു മികവുറ്റ മന്ത്രിയോ ശ്രീകണ്ഠൻ നായരെപ്പോലെ പോരാളിയായ പാർലമെന്ററിയനോ ആയി ശോഭിക്കുമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവു മില്ല. പാർട്ടിക്ക് വെച്ചുനീട്ടിയ രാജ്യസഭാ മെമ്പർ സ്ഥാനം നിസ്സാരമായി വേണ്ടെന്ന് പറഞ്ഞൊഴിയാൻ അന്നത്തെ അൽപ്പന്മാരായ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത് ആ ഒരൊറ്റ ഭയമൊന്നുമാത്രമാ യിരിക്കുമല്ലോ.അന്ന് രാഷ്ട്രീയ ഹരാക്കിരി നടത്തിയ അസൂയാകലുഷിതമായ മനസുകളെ കുറിച്ച് കഷ്ടമായിപ്പോയി എന്നു പറയുന്നതിനോടൊപ്പം ആ ഒരസാധാരണ നടപടി കാരണം നാടിനു സംഭവിച്ചത് വലിയൊരു നഷ്ടമായിരുന്നു എന്ന് ഓർമ്മിപ്പിക്കുകയും കൂടി ചെയ്യട്ടെ.

കൗമുദി കാലഘട്ടത്തിന്റെ അവസാനത്തെ തിരുശേഷിപ്പ് ആയിരുന്ന ചന്ദ്രചൂഡൻ സാർ എന്റെ അച്ഛന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു.ആ സ്നേഹവും വാത്സല്യവും എക്കാലവും എന്നോട് പ്രകടിപ്പിച്ചിരുന്ന ആ വലിയ മനുഷ്യന് ആദരാഞ്ജലികൾ.

Related Stories

No stories found.
logo
The Cue
www.thecue.in