മാസ്കാണ് ദൈവം

മാസ്കാണ് ദൈവം
Summary

കോവിഡ്കാലം മനുഷ്യരെ കൂടുതൽ നിസ്സഹായരാക്കി മാറ്റിയിരിക്കുന്നു. ഇപ്പോഴത്തെ യഥാർത്ഥവില്ലൻ കോവിഡല്ലെന്നു മാത്രം. പുതുവർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം.


2019 ഡിസംബർ 31 ന് ലോകം അറിഞ്ഞ മഹാമാരിക്കാലം ഇപ്പോഴും ഒഴിയുന്നില്ല എന്ന അസ്വസ്തയുളവാക്കുന്ന തിരിച്ചറിവോടെയാണ് മാനവരാശി പുതിയൊരു വർഷത്തിലേക്കു കടന്നിരിക്കുന്നത്. കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണിൻ്റെ ഭീഷണി ഇന്നിപ്പോൾ ലോകത്തിൻ്റെ മുന്നിലുണ്ട്. കോവിഡ് 19 വൈറസിന് ചില പുതിയ പുതിയ വകഭേദങ്ങൾ ഉണ്ടായേക്കാമെന്ന് ശാസ്ത്രത്തിന് അറിയാമായിരുന്നു. അവർ വേണ്ട മുന്നറിയിപ്പുകൾ അപ്പപ്പോൾ നൽകുകയും ചെയ്തു. ലോകം അതൊക്കെ വേണ്ടത്ര ശ്രദ്ധിച്ചിരുന്നുവോ എന്ന ചോദ്യം ചിലയിടങ്ങളിൽ നിന്നും ഇപ്പോൾ ഉയരുന്നുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേരിടൽ ആവാമായിരുന്നു എന്ന തോന്നലും വലിയൊരു കൂട്ടം മനഷ്യർ പങ്കുവെക്കുന്നുണ്ട്. വാക്സിനേഷൻ്റെ കാര്യത്തിൽ സംഭവിച്ച അലംഭാവം മാപ്പർഹിക്കുന്നതല്ല. ഇതെഴുതുമ്പോഴും ഭൂമിയിലെ പകുതിയിലധികം മനുഷ്യർക്ക് വൈറസുമായുള്ള ഈ യുദ്ധത്തിലെ പ്രാഥമിക രക്ഷാകവചമായ വാക്സിനേഷൻ പോലും നേടാനായിട്ടില്ല. ഏതു കണക്കിലും ഇതൊരു വൻപരാജയമായി സമ്മതിച്ചേ മതിയാകൂ.

ആധുനിക കാലം നേരിടേണ്ടി വന്ന ഏറ്റവും കടുത്ത വെല്ലുവിളിയായിരുന്നു 2019 ൻ്റെ അവസാനത്തിൽ തുടക്കം കുറിച്ച ഈ പാൻഡമിക്. തികച്ചും ആഗോളീകൃതമായ സമൂഹത്തിൽ ഇത്തരമൊരു പകർച്ചവ്യാധി പാൻഡമിക്കായി മാറാൻ അധികമൊന്നും ദിവസങ്ങളെടുത്തില്ല. തീർച്ചയായും അതിനെ നേരിടുന്നതിലും മുമ്പെന്നത്തേതിനേക്കാളും കാര്യക്ഷമത കാട്ടാൻ പുതിയ കാലത്തിന് പല രീതിയിലും സാധിച്ചു. ഒരു വർഷത്തിനിടയിൽ ഈ വൈറസിൻ്റെ പകർച്ച തടയാനായി പുതിയ വാക്സിനുകൾ കണ്ടെത്തിയെന്നത് വലിയ കാര്യം തന്നെയാണ്. ആരോഗ്യരംഗത്തും ആവശ്യമായ മാറ്റങ്ങൾ അതിവേഗം വരുത്തുവാൻ ലോകത്തിലെ മിക്കവാറും രാജ്യങ്ങൾക്കും സാധിച്ചു. കോവിഡിന്നെതിരെ ചില മരുന്നുകളും ഇതിനകം കണ്ടുപിടിച്ചു കഴിഞ്ഞു. ഇതൊക്കെ പറയുന്നത് മുൻകാലങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ട എന്ന അർത്ഥത്തിൽ മാത്രമാണ്. അല്ലാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സധ്യതകളെ പരിഗണിച്ചു കൊണ്ടല്ല. ആധുനിക ലോകത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട മികവുകൾ പരിഗണിക്കുമ്പോൾ ഇത്തരമൊരു വൈറസ് ബാധ ഇതുപോലൊരു ആഗോള പ്രതിസന്ധിയായി മാറാമോ എന്ന് ചില പണ്ഡിതന്മാരെങ്കിലും സന്ദേഹിക്കുന്നുണ്ട്. അതൊരു യുക്തിപൂർണ്ണമായ സന്ദേഹം തന്നെയാണ്.

വൈറസിൻ്റെ പിടിയിൽപ്പെട്ട 29 കോടിയിലധികം മനുഷ്യരിൽ അരക്കോടിയിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു. മരണത്തിൽ നിന്നും രക്ഷപ്പെട്ട പലരും ഇനിയും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മോചിതരായിട്ടില്ല. മഹാമാരി മൂലം സംഭവിച്ച സാമ്പത്തിക നഷ്ടങ്ങൾ വളരെ വലുതാണ്. കോടിക്കണക്കിന് മനുഷ്യർക്ക് ജോലി നഷ്ടമായി. ഇതു മൂലമുണ്ടായ ദുരവസ്ഥയുടെ ദൂരവ്യാപകമായ സാമ്പത്തിക-സാമൂഹ്യ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. മാസങ്ങളോളം മനുഷ്യരെ താമസസ്ഥലങ്ങളിൽ ജയിലിലെന്ന പോലെ അടച്ചിട്ടതും മറ്റും നമ്മൾ കണ്ടതാണ്. ഇതേതായാലും ലോക ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും. ഇനിയും ആവർത്തിക്കാനിടയുള്ളതുമാണ്. 2022-ൽ കോവിഡ് മൂലം രണ്ടരലക്ഷം പേർ കൂടി മരിച്ചു പോകാനിടയുണ്ടെന്നാണ് ലണ്ടനിലെ ഇക്കോണമിസ്റ്റ് വാരികയുടെ പ്രവചനം.

ഈ ദുരിതപർവ്വങ്ങൾക്കൊടുവിൽ വൈറസ്ബാധ പാൻഡമിക് എന്ന നിലയിൽ നിന്ന് ഒരു എൻഡമിക്കായി മാറും എന്ന പ്രത്യാശയിലേക്ക് ലോകം കടക്കുമ്പോഴാണ് കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പ്രത്യാശ ഒരിക്കലും പരിഹാരമായി മാറുന്നില്ലല്ലോ!

ലോകം ഇതിനെയെങ്ങനെയാവും നേരിടുക? ഇത്തരം വകഭേദങ്ങളെ നേരിടുന്നതിൽ ശാസ്ത്രത്തിന് വലുതായൊന്നും ചെയ്യാനില്ല. പുതിയ വകഭേദത്തെപ്പറ്റിയുള്ള പഠനങൾ പലേടത്തുമായി നടക്കുന്നുണ്ട്. ഒമിക്രോണിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ മാത്രമെ ഇതിനകം ലഭ്യമായിട്ടുള്ളൂ. മാരകമായ ആരോഗ്യ പ്രശ്നങ്ങക്ക് കാരണമാകില്ല എന്ന വിവരം ആശ്വാസം നൽകുന്നുണ്ട്. ഇത് വളരെ വേഗം പകരുന്നു എന്നതാണ് ഭീതിപ്പെടുത്തുന്ന ഒരു കാര്യം. അത് പ്രായോഗിക തലത്തിലും വ്യക്തമായിക്കഴിഞ്ഞു. ഇത് നിലവിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തോടൊപ്പം സമാന്തരമായി പകർന്നു കൊണ്ടിരിക്കുന്നു എന്നതും ഗൗരവമായി കാണേണ്ടതുണ്ട്. ഇത് ശ്വാസകോശത്തേക്കാൾ തൊണ്ടയേ, ശ്വാസനാളത്തെയാണ് അക്രമിക്കുക എന്ന സ്ഥിരീകരിക്കാത്ത ഒരു വാർത്തയും വരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ സ്ഥിതി 2019 ൽ നിന്ന് വ്യത്യസ്തമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കാര്യങ്ങളെ ഭയാശങ്കകളില്ലാതെ നേരിടുവാൻ ഇനിയങ്ങോട്ട് ലോകത്തിന്‌ കഴിയേണ്ടതുണ്ട്. ഒരു വൈറസ് ബാധയെ കൈകാര്യം ചെയ്യേണ്ട വിധം നമുക്കൊക്കെ ഇന്നറിയാം. അശ്രദ്ധയോടെ കൈകാര്യം ചെയ്താൽ സംഭവിക്കാവുന്ന ദുരന്തഫലങ്ങൾ അനുഭവമായി ലോകത്തിനു മുന്നിലുണ്ട്. അപ്പോഴും ഭയപ്പെടുത്തി ഭരിക്കുക എന്ന തന്ത്രം ഭരണകൂടങ്ങൾ ഉപേക്ഷിക്കാനിടയില്ല.

കൂടെ ഇത്തരമൊരു സാഹചര്യത്തെ ചൂഷണം ചെയ്ത് അധികാരത്തെ ബലപ്പെടുത്താനും എളുപ്പത്തിൽ കൂടുതൽ സുരക്ഷിതമായ ധനസമ്പാദന മാർഗ്ഗമായി മാറ്റാനും രാഷ്ട്രീയ നേതൃത്വങ്ങളും കോർപ്പറേറ്റ് മേലധികാരികളും പഠിച്ചു കഴിഞ്ഞു എന്ന അപകടകരമായ യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ വൈറസിനെയും വകഭേദങ്ങളെയും ഇനിയങ്ങോട്ട് നേരിടുന്നത് തികച്ചും ശാസ്ത്രീയമായി തുടരാനിടയില്ല. മഹാമാരിയുമായി ബന്ധപ്പെട്ട വിപുലമായ ചില കച്ചവട സാധ്യതകൾ വിപണി കണ്ടെത്തിക്കഴിഞ്ഞുവല്ലോ. ഇതൊക്കെയാണ് നമ്മൾ കൂടുതൽ ഗൗരവത്തോടെ ഇനിയങ്ങോട്ട് കാണേണ്ടത്. ചൂഷണത്തിൻ്റെ പുതിയൊരു മുഖം ലോകത്തിൻ്റെ മുന്നിൽ അരങ്ങേറാൻ പോവുകയാണ്. മുതലാളിത്തം എത്ര മനുഷ്യത്വരഹിതമായാണ് സ്വയം വികസിപ്പിക്കപ്പെടുന്നത് എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്. ഒരു പൊതുജനാരോഗ്യ പ്രശ്നത്തെ കമ്പോള സാധ്യതയായി നിലനിർത്തുവാനായി എല്ലാവരും കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. അതിനായി പലേടങ്ങളിലും രാഷ്ട്രീയ സംവിധാനങ്ങളും വ്യാപാര സംവിധാനങ്ങളും കൈകോർത്തു കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാതിപത്യ സംവിധാനങ്ങൾക്കു മുന്നിലെ വലിയൊരു വെല്ലുവിളി കൂടിയാണിത്. മനുഷ്യാവകാശങ്ങൾക്കുമേൽ വിപണിയുടെ ലാഭക്കൊതി മേൽക്കോയ്മ നേടുന്നതിനെ ജനാധിപത്യ ഭരണകൂടങ്ങൾ എങ്ങനെ നേരിടും എന്നതാണ് ആ വെല്ലുവിളി. ചതിക്കുഴികൾ പരിശോധനാ സമ്പ്രദായങ്ങളുടെ കാര്യത്തിലും പ്രതിരോധ വാക്സിനേഷൻ്റെ കാര്യത്തിലും പ്രതിരോധ മരുന്നുകളുടെ കാര്യത്തിലും സാമൂഹ്യ നിയന്ത്രണങ്ങളുടെ കാര്യത്തിലും ഒളിഞ്ഞിരിക്കുന്നു. നിർഭാഗ്യവശാൽ ഭരണകൂടത്തെ അനുസരിക്കുക എന്ന സാധ്യത മാത്രമാണ് ഇത്തരമൊരു സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നിൽ തുറന്നു കിടപ്പുള്ളു. ശാസ്ത്രത്തിൻ്റെ പിൻബലത്തോടെയെന്ന വ്യാജേന പലതരം നിയന്ത്രണങ്ങളും ഇനിയും അടിച്ചേല്പിക്കപ്പെടും. അതുമൂലം പെട്ടന്നുണ്ടായേക്കാവുന്ന മെച്ചങ്ങളിലാണ് എല്ലാവരുടെയും ലാഭകണ്ണ്. ദൂരവ്യാപകമായ അപകടങ്ങളെ കാണാൻ ആരും മിനക്കെടുന്നില്ല. നിലവിലെ സമൂഹത്തിൻ്റെ കാരുണ്യ ബോധത്തെ വരും തലമുറയാൽ ചോദ്യം ചെയ്യപ്പെടും. ചരിത്രത്തിലെ ദുരന്തങ്ങളായി കാലം ഇതിൽ പലതിനേയും വായിച്ചെടുക്കും.

മുന്നോട്ടു പോക്കിലെ പ്രതിസന്ധികൾ എന്തൊക്കെയാവും? ആരായിരിക്കും നമ്മുടെയൊക്കെ ജീവിതത്തെ ഇനിയങ്ങോട്ട് നിയന്ത്രിക്കുക?

സുരക്ഷതേടി ഏതൊക്കെ മാളങ്ങളിൽ നമ്മൾ അഭയം തേടേണ്ടി വരും ? ജീവിതത്തിൻ്റെ വിധിയെഴുത്തിൽ നിർണ്ണായക സ്വാധീനമാവാൻ പോവുന്ന ഘടകങ്ങൾ എന്തൊക്കെയായിരിക്കും? നീണ്ട ഇടവേളയ്ക്കു ശേഷം പൊതുമണ്ഡലത്തിലേക്ക് തിരിച്ചെത്തുന്ന മതപൗരോഹിത്യത്തിൻ്റെയും വിചിത്രദൈവങ്ങളുടെയും റോളെന്തായിരിക്കും? ഇങ്ങനെ ചോദ്യങ്ങൾ നിരവധിയുണ്ട്. നമ്മളെ സംരക്ഷിക്കേണ്ട നിർണ്ണായക ചുമതല നമ്മുടേതു മാത്രമാണെന്ന അറിവിലേക്ക് വ്യക്തി എത്തുകയാണ്.

പ്രായോഗികമായി ചിന്തിക്കുമ്പോൾ മാസ്കെന്ന പുതിയ ദൈവത്തിൻ്റെ പിൻബലത്തോടെ ജീവിക്കാനായി, നിലനിൽക്കാനായി കഴിയുംവിധം പോരാടുക എന്നതാണ് നിലവിലെ മുഷ്യരുടെ വിധി എന്ന പുതിയ അറിവിലേക്ക് നമ്മളെത്തുകയാണ്.

ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻ്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥനാണ് മാസ്കാണ് നിലവിലെ ദൈവം എന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ആലോചിച്ചു നോക്കുമ്പോൾ അതിലും വലിയ സത്യമെന്തുണ്ട്?

<div class="paragraphs"><p>ഡോ.സൗമ്യ സ്വാമിനാഥന്‍</p></div>

ഡോ.സൗമ്യ സ്വാമിനാഥന്‍

ഇത്തരമൊരു പകർച്ചവ്യാധി ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ മാത്രം ചിന്തിച്ചും ചർച്ച ചെയ്തും പരിഹരിക്കേണ്ട വിഷയമല്ല. ആ തിരിച്ചറിവിലേക്കാണ് ലോകം എത്രയും വേഗം ചെന്നെത്തേണ്ടത്. വൈറസിൻ്റെ വകഭേദങ്ങൾ ഇനിയും വന്നെന്നിരിക്കും. ഇതൊരു എൻഡമിക്കായി ചുരുങ്ങാൻ ഇനിയും സമയമെടുക്കുമായിരിക്കും. അതിനിടയിൽ ലോകത്തെ വൻകിടമരുന്നു കമ്പനികളുടെ സ്വാർത്ഥലാഭക്കൊതി നമ്മുടെയൊക്കെ ജീവിതത്തെ പലരീതിയിൽ താറുമാറാക്കാനിടയുണ്ട്. അതിനെ നേരിടുന്നതിൽ നമ്മുടെ ഭരണകൂടങ്ങൾ സ്വയം പരാജയപ്പെട്ടുകൊണ്ടിരിക്കും. അവരുടെയൊക്കെ അധികാരക്കൊതി അശാസ്ത്രീയനിലപാടുകളുടെ വേഷത്തിൽ ലോകത്തിനു മുന്നിൽ അരങ്ങേറും. ഇതിലൂടെയൊക്കെ നിർമ്മിക്കപ്പെടുന്ന കേവല മനുഷ്യൻ്റെ നിസ്സഹായത മുതലെടുക്കാൻ വെറെയും വില്ലന്മാർ ഭൂമിയിലുണ്ടാവും. നമ്മൾ 2019 ലേതിനേക്കാൾ നിസ്സഹായരായിരിക്കുന്നു എന്നതു മാത്രമാണ് ലോകത്തിന് മുന്നിൽ ഈ 2022 ൽ തെളിഞ്ഞു കാണുന്ന യാഥാർത്ഥ്യം. തിരിച്ചറിയേണ്ടത് പുതിയ ശത്രുക്കളാരാണെന്നതാണ്. നമ്മൾ, പാവം പൗരന്മാരെ കൂടുതൽ കൂടുതൽ നിസ്സഹായരാക്കാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കൾ. അവരിൽ നിന്നാണ് വൈറസുകൾക്ക് ആദ്യം മോചനം ലഭിക്കേണ്ടത്. എങ്കിലേ മാനവരാശിക്ക് വൈറസ് ബാധയിൽ നിന്ന് രക്ഷനേടാനാവൂ.

Related Stories

No stories found.
logo
The Cue
www.thecue.in