ഗീതാഞ്ജലിശ്രീയും ബുക്കർ അന്താരാഷ്ട്ര പുരസ്കാരവും

ഗീതാഞ്ജലിശ്രീയും ബുക്കർ അന്താരാഷ്ട്ര പുരസ്കാരവും

Summary

ഗീതാഞ്ജലി ശ്രീക്ക് ലഭിച്ച പുരസ്കാരം ഇന്ത്യയിലെ പ്രാദേശിക ഭാഷാസാഹിത്യത്തിന് പുതിയൊരുണർവ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ളതിനോട് നമുക്കെല്ലാം ഒരു അവഗണനാമനോഭാവമാണുള്ളത്. അതു കൊണ്ടു തന്നെയാണ് ഇത്തരമൊരു പ്രതിഭാശാലിയായ എഴുത്തുകാരിയെ അറിയാൻ ഒരന്താരാഷ്ട്ര അംഗീകാരം തന്നെ വേണ്ടി വന്നത്.

ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ആദ്യമായി നേടിയ ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയെക്കുറിച്ച് സാഹിത്യനിരൂപകനും എഴുത്തുകാരനുമായ എന്‍.ഇ.സുധീര്‍ എഴുതുന്നു

പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു. 2005-ൽ തുടങ്ങിയ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് ആദ്യമായി ഒരു ഇന്ത്യൻ നോവൽ നേടിയിരിക്കുന്നു. 2022-ലെ ഈ പുരസ്കാരം ഇന്ത്യക്കാരിയായ ഗീതാഞ്ജലി ശ്രീ രചിച്ച 'റെത് സമാധി' എന്ന ഹിന്ദി നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ 'Tomb of Sand' എന്ന പുസ്തകത്തിനാണ്. ഡെയ്സി റോക്ക് വെൽ എന്ന അമേരിക്കൻ പരിഭാഷകയാണ് ഇതിനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. സമ്മാനത്തുകയായ അമ്പതിനായിരം ബ്രിട്ടീഷ് പൌണ്ട് നോവലിസ്റ്റിനും പരിഭാഷകയ്ക്കും തുല്യമായി പകുത്തുനൽകും. ഇതു വഴി ഹിന്ദിസാഹിത്യം അതിർത്തികൾ കടന്ന് ലോകസാഹിത്യഭൂമികയിൽ ഇടം നേടുകയാണ്. മാർച്ച് 11-ന് 2022-ലെ ബുക്കർ ഇൻ്റർനാഷണൽ പ്രൈസിൻ്റെ ലോങ്ങ് ലിസ്റ്റിൽ ആദ്യമായി ഈ ഇന്ത്യക്കാരിയുടെ രചന ഉൾപ്പെട്ടിരിക്കുന്നതു കണ്ടപ്പോൾ മുതൽ ആഗ്രഹിച്ച കാര്യമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്. ഇന്ത്യൻ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രമുഹൂർത്തമാണ്.

ആരാണ് ഗീതാഞ്ജലി ശ്രീ?

ഉത്തർപ്രദേശിലെ മെയിൻപുരിക്കാരിയായ ഹിന്ദി നോവലിസ്റ്റാണ് ഗീതാഞ്ജലി ശ്രീ. 1957-ൽ ജനനം. അവരുടെ അഞ്ചാമത്തെ ഹിന്ദി നോവലാണ് റെത് സമാധി. ഇതിൻ്റെ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച പരിഭാഷയുടെ പേരാണ് 'Tomb of Sand '. ആദ്യമായാണ് അവരുടെ ഒരു കൃതി ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തുന്നത്. ഫ്രഞ്ച്, ജർമ്മൻ, കൊറിയൻ, സെർബിയൻ ഭാഷകളിലേക്കും ഇതിനകം ഈ നോവൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1987-ൽ രചിച്ച ബേൽ പത്ര എന്ന ചെറുകഥയിലൂടെയാണ് അവർ എഴുത്തിലേക്ക് വരുന്നത്. മായ് എന്ന ആദ്യ നോവൽ 2000-ൽ പുറത്തുവന്നു. 'Mai' യുടെ പരിഭാഷ ഇംഗ്ലീഷിലേക്ക് വന്നിട്ടുണ്ട്. നിതാ കുമാറിൻ്റെ ആ പരിഭാഷ സാഹിത്യ അക്കാദമി പുരസ്കാരം നേടുകയും ചെയ്തു.

ഗീതാജ്ഞലി ശ്രീയുടെ രണ്ടാമത്തെ രചനയായ 'ഹമാരാ ഷഹർ Us ബാരാസ് ' (Hamara Shahar Us Baras ) ബാബ്രി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിൽ എഴുതിയ നോവലാണ്. അവർ രചിച്ച നാലാമത്തെ നോവൽ 'The Empty Space' എന്ന പേരിൽ നിവേദിത മേനോൻ ഇഗ്ലീഷിലാക്കിയിട്ടുണ്ട്. ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ കടുത്ത വിമർശക കൂടിയാണ് ഈ ഹിന്ദി നോവലിസ്റ്റ്. 'Writing in Troubled Times: Reflections of an Indian Writer' എന്ന അവരുടെ ലേഖനം സമകാലീന ഇന്ത്യനവസ്ഥയെ വിമർശിച്ചു കൊണ്ടുള്ളതാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചും അവർ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഹിന്ദിയിൽ ധാരാളം ചെറുകഥകളും ഇംഗ്ലീഷിൽ പ്രേംചന്ദിനെപ്പറ്റിയുള്ള ഒരു പഠനവും ഇവരുടേതായി വന്നിട്ടുണ്ട്.

ടോംബ് ഓഫ് സാൻഡ്

'A tale tells itself. It can be complete, but also incomplete, the way all tales are. This particular tale has a border and women who come and go as they please. Once you've got women and a border, a story can write itself." അതിർത്തിയും സ്ത്രീകളും ചേർന്ന് സ്വയം നിർമ്മിച്ചെടുക്കുന്ന ഒരു കഥയായി തൻ്റെ നോവലിനെ നോവലിസ്റ്റ് വായിച്ചെടുക്കുന്നുണ്ട്. ഇതൊരു കുടുംബകഥയാണ്. കുടുംബമാണ് ഇതിലെ മുഖ്യകഥാപാത്രം എന്നും പറയാം. ഭർത്താവ് മരിച്ചുപോയതോടെ വിഷാദരോഗത്തിലേക്കു കടക്കുന്ന ഒരു എൺപതുകാരിയുടെ കഥയാണ് ഗീതാഞ്ജലി ശ്രീ പറയുന്നത്. മകളോടൊപ്പം താമസിക്കുന്ന അവരുടെ ഓർമ്മകളും വിചാരങ്ങളും ജീവിതവുമാണ് പല തലത്തിലൂടെ നോവലിസ്റ്റ് കാണിച്ചുതരുന്നത്. അവരുടെ വർത്തമാനകാല ജീവിതത്തിലേക്കും ഭൂതകാലത്തിലേക്കും നോവൽ മാറിമാറി സഞ്ചരിക്കുന്നു.

വൃദ്ധയായ ആ അമ്മ മകളോടൊപ്പം പാക്കിസ്ഥാനിലേക്ക് ഒരു യാത്ര പോവുന്നു. അവിടെയായിരുന്നു വിഭജനത്തിനു മുമ്പത്തെ അവരുടെ ബാല്യം. പാക്കിസ്ഥാനിലെത്തിയ അവരെ ബാല്യകാലത്തെ ഓർമ്മകൾ വേട്ടയാടുകയാണ്. അതോടെ വിഭജനവും അതിർത്തികളും നോവലിൽ നിറയുന്നു. ഒരു കുടുംബത്തിൻ്റെ സ്വത്വത്തിൻ്റെ, ഒരു വ്യക്തിയുടെ മനസ്സിൻ്റെ, ഒരു സമൂഹത്തിൻ്റെ നീറ്റലുകളുടെ ഒക്കെ കഥയായി ഇത് മാറുകയാണ്. സ്ത്രീ, അമ്മ, മകൾ എന്നിങ്ങനെ പെണ്ണനുഭവത്തിൻ്റെ വ്യത്യസ്തചിത്രങ്ങളോടെ ഇതൊരു ഫെമിനിസ്റ്റ് നോവലായും വളരുന്നു. ഭാഷയുടെ ആഴത്തിലുള്ള പ്രയോഗം ഇതിനെ വേറിട്ട ഒരു വായനാനുഭവമാക്കി മാറ്റുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകൾ നോവലിനെ അങ്ങനെ പല തരത്തിൽ സമൃദ്ധമാക്കുന്നു.

അതിർത്തികൾ നിർണ്ണയിക്കപ്പെടാനാവാത്ത ഭാവനയുടെ വിസ്മയലോകമാണ് 'ടോംബ് ഓഫ് സാൻഡ്' കാണിച്ചു തരുന്നത്. ആത്മാവറിഞ്ഞ വിവർത്തനം എന്നാണ് ബുക്കർ പുരസ്കാര വിധികർത്താക്കൾ ഡെയ്സി റോക്ക് വെലിൻ്റെ പരിഭാഷയെ വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ അറിയപ്പെടുന്ന പരിഭാഷകയാണവർ. പരിഭാഷകരെ ആദരിക്കുന്നു എന്നത് ഈ പുരസ്കാരത്തിൻ്റെ സവിശേഷത കൂടിയാണ്.

ബുക്കർ പ്രൈസുകൾ

രണ്ടു പുരസ്കാരങ്ങളാണ് ബുക്കർ പ്രൈസ് ഫൗണ്ടേഷൻ എല്ലാ വർഷവും നൽകി വരുന്നത്. ഒന്ന് ഇംഗ്ലീഷിലെഴുതി ഇംഗ്ലണ്ടിലോ അയർലൻ്റിലോ പ്രസിദ്ധീകരിക്കുന്ന മികച്ച നോവലിനുള്ളതാണ്. 1969 മുതൽ ഈ പുരസ്ക്കാരം നിലവിലുണ്ട്. അതാണ് അരുന്ധതി റോയ്ക്കും അരവിന്ദ് അഡിഗയ്ക്കുമൊക്കെ ലഭിച്ചത്. ആദ്യമൊക്കെ ഇത് മാൻ ബുക്കർ പ്രൈസ് എന്നാണ് അറിയപ്പെട്ടിരുന്നത്. മാൻ ഗ്രൂപ്പ് കമ്പനി സമ്മാനത്തിൻ്റെ സ്പോൺസർഷിപ്പ് ഉപേക്ഷിച്ചതോടെ ബുക്കർ പ്രൈസ് എന്ന് മാത്രം അറിയപ്പെട്ടു. അതതു വർഷത്തെ മികച്ച ഇംഗ്ളീഷ് നോവലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. അമ്പതിനായിരം പൗണ്ട് ആണ് സമ്മാനത്തുക. ചുരക്കപ്പട്ടികയിൽ വരുന്ന ആറ് കൃതികൾക്ക് 2500 പൗണ്ട് വീതവും ലഭിക്കും.

ദി ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്

രണ്ടാമത്തേതാണ് 'ദി ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് '. ലോകത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട സാഹിത്യ പുരസ്കാരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നൊബൽ സമ്മാനം കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള വായനക്കാർ ഉറ്റുനോക്കുന്ന സാഹിത്യപുരസ്കാരം. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും യു.കെ യിലോ അയർലൻ്റിലോ പ്രസിദ്ധീകരിച്ചതുമായ നോവലുകളും, ചെറുകഥാ സമാഹാരങ്ങളും ആണ് ഈ സമ്മാനത്തിന് പരിഗണിയ്ക്കപ്പെടുന്നത്. ഓരോ വർഷവും ഒരു പുസ്തകത്തിന് എന്ന നിലയിലാണ് ഈ പുരസ്കാരം നൽകി വരുന്നത്. സമ്മാനത്തുകയായ അമ്പതിനായിരം പൗണ്ട് എഴുത്തുകാരനും/കാരിക്കും പരിഭാഷകനും/പരിഭാഷകയ്ക്കും തുല്യമായി വീതിച്ചു നൽകുന്നു എന്ന പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. 2005 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച നോവലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പുരസ്കാരവും 2019 വരെ മാൻ ഗ്രൂപ്പ് സ്പോൺസർ ചെയ്തിരുന്നു. ഇപ്പോഴത്തെ സ്പോൺസറായ ക്രാങ്ക്സ്റ്റാർട് ഈ സമ്മാനം പഴയതുപോലെ ബുക്കർ എന്ന പേരിൽ അറിയപ്പെട്ടാൽ മതി എന്നു തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ ഭാഷകളിലെ സാഹിത്യം

ഗീതാഞ്ജലി ശ്രീക്ക് ലഭിച്ച പുരസ്കാരം ഇന്ത്യയിലെ പ്രാദേശിക ഭാഷാസാഹിത്യത്തിന് പുതിയൊരുണർവ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ളതിനോട് നമുക്കെല്ലാം ഒരു അവഗണനാമനോഭാവമാണുള്ളത്. അതു കൊണ്ടു തന്നെയാണ് ഇത്തരമൊരു പ്രതിഭാശാലിയായ എഴുത്തുകാരിയെ അറിയാൻ ഒരന്താരാഷ്ട്ര അംഗീകാരം തന്നെ വേണ്ടി വന്നത്. ഗീതാഞ്ജലി ശ്രീ നമുക്കൊപ്പം ഈ രാജ്യത്ത് ജീവിച്ച് എഴുതിക്കൊണ്ടിരുന്നു. എന്നാൽ ഹിന്ദിയുടെ വായനാലോകത്തിന് പുറത്ത് അവരറിയപ്പെട്ടില്ല. ഇന്ത്യയിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളൊന്നും ഇതുവരെ അവരെ തേടിയെത്തിയതുമില്ല. ഇന്ത്യയിലെ ഭാഷാസാഹിത്യങ്ങളെ അംഗീകരിക്കുന്നതിലും ആഘോഷിക്കുന്നതിലുമുള്ള വിമുഖത കൂടി ഇതിൻ്റെ പുറകിലുണ്ട്. നോബൽ സാഹിത്യ പുരസ്കാര ജേതാക്കളെക്കൂടി പുറകിലാക്കിക്കൊണ്ടാണ് ഈ അന്താരാഷ്ട്രസാഹിത്യപുരസ്കാരം ഈ വർഷം അവർ കൈക്കലാക്കിയിരിക്കുന്നത്.

ഭരണകൂട നിശ്ശബ്ദത

ഗീതാഞ്ജലിയുടെ ഈ അംഗീകാരം ഇന്ത്യയിലെ ഭരണകൂടം അറിഞ്ഞതായി നടിച്ചിട്ടില്ല. ഇതെഴുതുന്ന സമയം വരെ നമ്മുടെ രാജ്യത്തിൻ്റെ ഭരണകർത്താക്കൾ ആരും ഇതേ പറ്റി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ട്വിറ്റർ ഹാൻഡിലുകളിൽ ഒരു പരിശോധന നടത്തിയതിനു ശേഷമാണ് ഞാനിത് പറയുന്നത്. ആരും തന്നെ ഒരാംശസ പോലും രേഖപ്പെടുത്തിക്കാണുന്നില്ല. ഈ ഭരണകൂടത്തിന് സാഹിത്യത്തോടും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള നിലപാടാണോ ഇത് കാണിക്കുന്നത് ?

അവർ എല്ലാം രാഷ്ട്രീയത്തിൻ്റെ കണ്ണിലൂടെ മാത്രം കാണുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. എഴുത്തുകാരിയുടെ നിലപാടുകൾ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട്. എഴുത്തുകാർക്ക് അതവരുടെ ഉത്തരവാദിത്തമാണ്. ലോകം ആദരിച്ചാലും ഞങ്ങളുടെ പക്ഷത്തല്ലാത്ത ഒരാളെ അംഗീകരിക്കുകയോ, അനുമോദിക്കുകയോ ചെയ്യുന്ന പ്രശ്നമില്ല എന്ന വ്യക്തമായ സന്ദേശമാണ് ഭരണകൂടം നൽകുന്നത്. ഗിതാഞ്ജലി ശ്രീ എന്ന എഴുത്തുകാരി പ്രതിപക്ഷത്താണ്. അതവരുടെ എഴുത്തിലൂടെ അവർ നിരന്തരം പറയുന്നു മുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in