ഗാസ്ടോങ് റോബെർഴ്‌: സ്വപ്‌നങ്ങള്‍ക്കു വേണ്ടി അലഞ്ഞ പാതിരി

ഗാസ്ടോങ് റോബെർഴ്‌: സ്വപ്‌നങ്ങള്‍ക്കു വേണ്ടി അലഞ്ഞ പാതിരി

മതാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും ഇടവകക്കാര്യങ്ങളും കഴിഞ്ഞാല്‍ വിദ്യാലയങ്ങളും ആശുപത്രികളും പോലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകള്‍ പോലെയുള്ള കാര്യങ്ങളാണ് സാധാരണ കൃസ്തീയ പുരോഹിതന്മാര്‍ ചെയ്യുക. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന് വിശ്വാസികളും അല്ലാത്തവരും കരുതി ബഹുമാനിക്കുന്ന, അവരില്‍ ചുരുക്കം ചിലര്‍ തങ്ങള്‍ കണ്ടതോ കണ്ടെത്തേണ്ടതെന്ന് മനസ്സിലാക്കിയതോ ആയ സ്വപ്‌നങ്ങള്‍ക്കു വേണ്ടി അലയുന്നവരായി മാറുന്നു. അവരുടെ ദൈവോപാസന ആ വിധത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്.

ഗാസ്റ്റണ്‍ റോബര്‍ഗ് എന്ന പാതിരി അപ്രകാരമുള്ള ഒരാളായിരുന്നു. സിനിമയായിരുന്നു, അല്ലെങ്കില്‍ സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍.

കൊല്‍ക്കത്തയിലെ വെല്ലെസ്ലി റോഡിലെ പള്ളിമതില്ക്കകത്ത് അദ്ദേഹം തന്നെ സ്ഥാപിച്ച ചിത്രബനി(ചിത്രവാക്യം) എന്ന പാഠശാലയുടെ എല്ലാമെല്ലാമായിരുന്നു ഫാദര്‍ ഗാസ്റ്റണ്‍ റോബര്‍ഗ്. പ്രസിദ്ധമായ സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ ഒരനുബന്ധമായിട്ടാണ് ചിത്രബനി വിഭാവനം ചെയ്യപ്പെട്ടത്.

ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഇടയിലുള്ള നിഴല്‍രൂപങ്ങളിലൂടെ അദ്ദേഹം ദൈവത്തെ തേടുകയായിരുന്നു. 1961ലാണ് റോബര്‍ഗ് കൊല്‍ക്കത്തയിലെത്തിയത്. കാനഡയിലെ ക്യൂബെക്കിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൊതുവെ യാഥാസ്ഥിതികരായി അറിയപ്പെടുന്ന ജെസ്യൂട്ട് വിഭാഗത്തില്‍ പെട്ട പാതിരിയായിരുന്ന അദ്ദേഹം സുവിശേഷ വൃത്തിയുടെ ഭാഗമായാണ് കൊല്‍ക്കത്തയിലെത്തിയത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പായി ന്യൂയോര്‍ക്കില്‍ വെച്ചദ്ദേഹം സത്യജിത് റായിയുടെ അപുത്രയം കണ്ടു. ഇന്ത്യയില്‍ ദൈവത്തിന്റെ സന്ദേശവുമായെത്തിയ അദ്ദേഹം, ഇവിടെ ദൈവസാന്നിദ്ധ്യമുള്ള ഒരു/പല വിസ്മയത്തെ നേരത്തെ തന്നെ കണ്ടെടുത്തിരുന്നുവെന്നു ചുരുക്കം. മറ്റൊന്നുമായിരുന്നില്ല, അത്. സിനിമ എന്നായിരുന്നു അതിന്റെ പേര്. സത്യജിത് റായ് മുതല്‍ ഷോലെ വരെ പരന്നു വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ സിനിമയെന്ന സ്വപ്‌നസമുദ്രത്തിന്റെ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടാനും പരിചയപ്പെടുത്താനുമായി അദ്ദേഹം തന്റെ പില്‍ക്കാല ജീവിതം മാറ്റിവെച്ചു. സിനിമകള്‍ക്കിടയിലൂടെ ദൈവത്തെ തേടിയും ദൈവത്തെ കണ്ടെത്തിയും കണ്ടെത്താതെയും അലഞ്ഞ പതിറ്റാണ്ടുകളാണ് കടന്നു പോയത്. ഇന്നു കാലത്ത് (26 ആഗസ്ത് 2020) അദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞു. ദൈവ സാന്നിദ്ധ്യമുള്ള പരലോകത്ത് ഒരു സിനിമാക്കൊട്ടക ഉണ്ടെങ്കില്‍ അതിലേക്കായിരിക്കും അദ്ദേഹത്തിന്റെ യാത്ര. ഇനി അങ്ങിനെയൊന്നില്ലെങ്കില്‍ അത് സ്ഥാപിക്കുന്നതിന് നിയോഗിക്കപ്പെടുന്നതും ഫാദര്‍ ഗാസ്റ്റണ്‍ റോബര്‍ഗ് തന്നെയായിരിക്കും. എണ്‍പത്തിയാറു വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍, അദ്ദേഹം അവസാന കാലത്ത് വിശ്രമിച്ച മുറിയുടെ ചുമരില്‍ മൂന്നു ഛായാപടങ്ങളാണുണ്ടായിരുന്നത്. യേശുക്രിസ്തുവിന്റേതിനു പുറമെയുള്ള രണ്ടു ചിത്രങ്ങള്‍ സത്യജിത്‌റായിയുടേതും ബിമല്‍ റോയിയുടേതുമായിരുന്നു. പഥേര്‍പാഞ്ചാലി തന്നെയാണ് തന്റെ എക്കാലത്തെയും പ്രിയ ചിത്രം എന്ന് ഫാദര്‍ പറയുമായിരുന്നു. സത്യജിത് റായിയുടെ ജന്മശതാബ്ദിവര്‍ഷത്തിലാണ് ഫാദര്‍ വിടപറഞ്ഞിരിക്കുന്നത്.

ശബ്ദലേഖന സ്റ്റുഡിയോയും റേഡിയോ സ്‌റ്റേഷനും ഫോട്ടോഗ്രാഫിയുടെ ലബോറട്ടറിയും മീഡിയയെക്കുറിച്ചുള്ള ലോകോത്തര ഗ്രന്ഥശാലയും സ്ഥിരമായുള്ള സിനിമാ പ്രദര്‍ശന സംവിധാനവും മാധ്യമപഠന കോഴ്‌സുകളും എല്ലാമുള്ള ഒരു സ്ഥാപനമാണ് ചിത്രബനി. പുനെയിലെ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായും അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായും സംയുക്തമായ പഠനപരിപാടികളും ചിത്രബനി നടത്തിക്കൊണ്ടിരിക്കുന്നു. മാസ് മീഡിയ എന്ന പേരില്‍ ഫാഷനബിള്‍ പഠനസിലബസുകള്‍ രൂപപ്പെടുന്നതിനു മുമ്പു തന്നെ അക്കാര്യത്തില്‍ ഭാവിയുടെ രൂപരേഖയും പ്രവര്‍ത്തനമികവും കാഴ്ചവെച്ച മികവുറ്റ സ്ഥാപനമായിരുന്നു സിബി എന്ന ചുരുക്കപ്പേരിലുമറിയപ്പെട്ടിരുന്ന ചിത്രബനി. അനൗപചാരികതയും സൈദ്ധാന്തികതയും തമ്മിലുള്ള അപൂര്‍വമായ ഒരു സമ്മേളനമായിരുന്നു ചിത്രബനി. ഇവാന്‍ ഇല്ലിച്ചിന്റെ വിദ്യാലയരഹിതസമൂഹം (ഡിസ്‌കൂളിംഗ് സൊസൈറ്റി/1970) എന്ന പുസ്തകവും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി. മുപ്പത്തഞ്ച് പുസ്തകങ്ങള്‍ ഫാദര്‍ റോബര്‍ഗ് രചിച്ചിട്ടുണ്ട്.

ദീപക് മജുംദാറിനെ പോലെ, സഹൃദയരായ അധ്യാപകരും പലയിടത്തു നിന്നായി പല തരത്തിലെത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചിത്രബനിയെ നിറവുറ്റതാക്കി. ദരിദ്രരും അനാഥരുമായ ജനങ്ങളെ, മുകളില്‍ നിന്ന് താഴോട്ടായിട്ടല്ല ക്യാമറ കൊണ്ട് നോക്കിക്കാണേണ്ടത് എന്നും; പരമ്പരാഗതാവിഷ്‌ക്കാരങ്ങളെയും കരകൗശലവിദ്യകളെയും പ്രാകൃതം എന്നു വിശേഷിപ്പിക്കരുതെന്നും; നിങ്ങളുടെ രാഷ്ട്രീയ സാഹസികതകള്‍ക്കു വേണ്ടി അരികുവത്ക്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനങ്ങളെ പ്രദര്‍ശനവത്ക്കരിക്കരുതെന്നും; ശബ്ദവിവരണങ്ങളധികമുപയോഗിക്കാതെ ദൃശ്യങ്ങള്‍ കൊണ്ട് ചരിത്രവും അര്‍ത്ഥവും വിനിമയം ചെയ്യുന്നതെങ്ങനെയെന്നും - അങ്ങിനയങ്ങിനെ പല പാഠങ്ങളും അവിടെ നിന്ന് സിലബസ്സിനതീതമായി തങ്ങള്‍ക്ക് സ്വായത്തമാക്കാനായി എന്ന് അവിടെ പഠിച്ചിറങ്ങി ചലച്ചിത്രകാരനായി മാറിയ രുചിര്‍ ജോഷി സാക്ഷ്യപ്പെടുത്തുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ കെ ജി ദാസ് ഫാദര്‍ റോബര്‍ഗനെക്കുറിച്ച് ഒരു ഡോക്കുമെന്ററി എടുത്തിട്ടുണ്ട്. മാസ്റ്റര്‍ പ്രീച്ചര്‍ ഓഫ് ഫിലിം തിയറി എന്നാണ് സിനിമയുടെ പേര്.

(https://www.youtube.com/watch?v=L2P8JyuQP7o)

References and images courtesy:

1. https://learningandcreativity.com/silhouette/father-gaston-roberge/

2. https://www.thehindu.com/society/the-priest-and-the-maverick/article31479005.ece

3. https://mattersindia.com/2020/08/jesuit-who-dreamt-films-dies/

Related Stories

No stories found.
logo
The Cue
www.thecue.in