മേഘജ്യോതിസ് പോലെ ക്ഷണികം

മേഘജ്യോതിസ് പോലെ ക്ഷണികം

സ്വച്ഛവും ശാന്തവുമായ ഒരു സന്ധ്യ. ഗ്രാമത്തിലെ സ്കൂളിൽ ആയിടെ ജോലിയിൽ ചേർന്ന മാസ്റ്റർ തന്റെ കൊച്ചുവീട്ടിൽ ഭാര്യ സുശീല വിളമ്പികൊടുക്കുന്ന അത്താഴം മകനോടൊപ്പം കഴിച്ചുകൊണ്ടിരിക്കുകയാണ്. ആ നാടിന്റെ അധീശത്വം വഹിക്കുന്ന പ്രഭു കുടുംബത്തിലെ രണ്ടു സഹോദരന്മാർ വീട്ടിനുള്ളിലേക്ക് കടന്നുകയറിച്ചെന്ന് സുശീലയെ തട്ടിക്കൊണ്ടു പോകുന്നു. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വെച്ച് അവളെ കണ്ടു ഭ്രമിച്ച ഇളയ പ്രഭുസഹോദരനു വേണ്ടി അയാളുടെ ജ്യേഷ്ഠന്മാരാണ് ആ കൃത്യം നിസാരമായി നിർവഹിക്കുന്നത്. തങ്ങളുടെ കാമശമനത്തിനു ശേഷം അവർ അവളെ സഹോദരന് വിട്ടുകൊടുക്കുന്നു. എന്നാൽ സ്വതവേ ഒരു ഭീരുവായ അയാൾക്കാകട്ടെ,അവളോട് തോന്നുന്ന വികാരം അലൗകിക പ്രണയം മാത്രമാണ്.

കാടത്തവും കൊടും ക്രൗര്യവും മൂടിപ്പുതഞ്ഞു നിൽക്കുന്ന ആ വീട്ടിലെ ഒറ്റപ്പെട്ട വ്യക്തിത്വമാണ് ഇളയ സഹോദരന്റെ ഭാര്യ രുഗ്മിണിയുടേത്. ഭർത്താവിന്റെ മനം കവർന്നവളായിട്ടുപോലും സുശീലയോട് രുഗ്മിണിയ്ക്ക് തോന്നിയത്,സ്വന്തം സഹോദരി യോടുള്ള പരിഗണനയാണ്. പക്ഷെ, തന്റെ ഭർത്താവിന്റെ മേൽ സുശീല പതുക്കെപ്പതുക്കെ അധികാരം സ്ഥാപിച്ചെടുക്കുന്നത് നിസഹായതയോടെ അവൾക്ക് കണ്ടുനിൽക്കേണ്ടി വരുന്നു. ഒടുവിൽ ഒരുദിവസം അമ്പലത്തിലെ പൂജാരിയുടെയും സ്കൂൾമാസ്റ്ററുടെയും നേതൃത്വത്തിൽ,ആ വൈതാളികന്മാർക്കെതിരെ ആർത്തിരമ്പിയെത്തുന്ന ജനരോഷത്തിന് ആദ്യം ബലിയാടായിത്തീരുന്നത് രുഗ്മിണിയാണ്. ആ വലിയ മാളികവീടിന്റെ അകത്തും പുറത്തുമായി ചിതറിക്കിടക്കുന്ന ശവശരീരങ്ങളിലൂടെ കണ്ണോടിച്ചു കടന്നുപോകുന്ന ഗോവിന്ദ് നിഹ്‌ലാനിയുടെ ക്യാമറ,ചമഞ്ഞൊരുങ്ങിയ രുഗ്മിണിയുടെ ശവത്തിൽ വന്നു നിൽക്കുമ്പോൾ( ഭർത്താവിന്റെയും 'സപത്നി'യുടെയുമൊപ്പം ഉത്സവത്തിന് പോകാൻ ഒരുങ്ങുകയായിരുന്നു അവൾ!), മനസ്സൊന്നു വിങ്ങി.ഒരു തെറ്റുപോലും ചെയ്യാത്ത,നന്മയുടെയും നീതിബോധത്തിന്റെയും നാവായിരുന്ന അവളെ വെറുതെ കൊലയ്ക്ക് കൊടുത്തതിന്‌,സംവിധായകനോട് അമർഷവും തോന്നി.

സ്മിത പാട്ടീല്‍, ശ്യാം ബനഗലിന്റെ നിശാന്തില്‍ നിന്ന്
സ്മിത പാട്ടീല്‍, ശ്യാം ബനഗലിന്റെ നിശാന്തില്‍ നിന്ന്

അടിയന്തിരാവസ്ഥ കറുത്ത അക്കങ്ങളിലും അക്ഷരങ്ങളിലും അടയാളപ്പെടുത്തിയ1975 ലാണ് ശ്യാം ബെനഗളിന്റെ രണ്ടാമത്തെ ചലച്ചിത്ര സംരംഭമായ 'നിശാന്ത്' തീയേറ്ററിലെ ത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ 'ഷോലേ'യും ക്ഷുഭിതയൗവനത്തിന്റെ വരവ് വിളിച്ചറിയിച്ച 'ദീവാറും' നിറഞ്ഞ സദസ്സുകളിൽ ഓടുകയായിരുന്നു, അപ്പോൾ. സ്വാതന്ത്ര്യപൂർവ തെലുങ്കാനയിലെ നാടുവാഴ്ച്ചയുടെ കൊടും ഭീകരമുഖമാണ്, നാടകകൃത്തുക്കളായ വിജയ് തെണ്ടുൽക്കറും സത്യദേവ് ദുബൈയും ചേർന്ന് രചിച്ച 'നിശാന്ത്' അനാവരണം ചെയ്യുന്നത്. നവോത്ഥാന നാടകകാരന്മാരുടെ ആ സംഘത്തിലെ ആദ്യപേരുകാരനായ ഗിരീഷ് കർണ്ണാട് സ്കൂൾ മാസ്റ്ററുടെ വേഷമണിഞ്ഞ ചിത്രത്തിൽ,മറ്റു റോളിൽ അഭിനയിച്ചവരെല്ലാം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെയോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ സംഭാവനകളായിരുന്നു. ശേഷിച്ചവരാകട്ടെ, അരങ്ങത്ത് പ്രാഗത്ഭ്യം തെളിയിച്ചവരും. കൂട്ടത്തിൽ ഒരാൾ മാത്രം വേറിട്ടു നിന്നു. രുഗ്മിണിയുടെ റോളിൽ വന്ന,അല്പം ഇരുണ്ട നിറവും ചടച്ച ശരീരവുമുള്ള ആ പെൺകുട്ടിക്ക് അത്തരം മികവുറ്റ പരിശീലനസ്ഥാപനങ്ങളുടെയോ, സിനിമാരംഗത്തെ ഏതെങ്കിലും ശ്രേഷ്ഠ വംശാവലിയുടെയോ പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല.

എന്നിട്ടും ആ ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ ശബാന ആസ്മി,നസീറുദീൻ ഷാ (സ്മിതയെ പോലെ തന്നെ നസീറിന്റെയും ആദ്യ ചിത്രമായിരുന്നു അത്), ആനന്ദ് നാഗ്, അമരിഷ് പുരി,മോഹൻ അഗാഷേ തുടങ്ങിയവരോടൊപ്പമോ ഒരുപക്ഷേ അവരെക്കാളുമോ സ്മിത പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി.

സ്മിതാ പാട്ടീലിനെ ഓർമിക്കുമ്പോൾ പറയാൻ വിശേഷണങ്ങൾ ഏറെയാണ്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാൾ. ക്ഷണികമായ ജീവിതത്തിൽ പതിരിനെക്കാളേറെ തനിത്തങ്കം വിളയിച്ച,ആർട്ട് സിനിമയ്ക്കും കച്ചവട സിനിമയ്ക്കും ഒരുപോലെ സ്വീകാര്യയായ വിശ്രുത നടി. ഒരു താരമാകാൻ അത്യാവശ്യമെന്ന് ലോകം പറയുന്ന വെളുത്തുതുടുത്ത നിറവും തീഷ്‌ണസൗന്ദര്യവും മാദകവടിവുകളുമൊന്നുമില്ലാതെ ,നിശബ്ദമായ ഒരു തെന്നൽ പോലെ കടന്നുവന്ന്, പ്രേക്ഷകമനസ്സിൽ ഇരിപ്പുറപ്പിച്ച അതിസാധാരണയായ പെൺകുട്ടി. എന്നാൽ അഭിനയസിദ്ധിയുടെ കാര്യത്തിൽ അളവുകോലായി മാറിയ അസാധാരണപ്രതിഭ.

Subtle acting ന്റെയും method acting ന്റെയും അർത്ഥം തിരയാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്ന പുതിയ തലമുറയുടെ മുന്നിൽ ഒരു പാഠപുസ്തകമായി സ്മിതയുടെ പെർഫോമൻസ് കിടപ്പുണ്ട്. സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നതിനു വേണ്ടി തട്ടുപൊളിപ്പൻ മെലോഡ്രാമകളിൽ വേഷം കെട്ടുമ്പോഴും മിതാഭിനയത്തിന്റെ അവസാന വാക്കായിരുന്നു സ്മിതാ പാട്ടീൽ. ഇതിനെല്ലാമപ്പുറത്ത് എന്നോ മറഞ്ഞുപോയ ഹരിതസുന്ദരമായ ഒരു ചലച്ചിത്ര കാലത്തെക്കുറിച്ചുള്ള ക്ലാവ് പിടിക്കാത്ത ഓർമ്മയുടെ തിരുശേഷിപ്പാണ് ആ പേര്.

അക്ഷരാർത്ഥത്തിൽ അതൊരു വസന്തകാലമായിരുന്നു. ഈ കുറിപ്പ് ശ്യാം ബെനഗലിൽ നിന്ന് ആരംഭിച്ചതിന് ഒരു കാരണമുണ്ട്. ആ വസന്തത്തിന് വഴിയൊരുക്കുകയും സ്മിത ഉൾപ്പെടെ അസാമാന്യരായ ഒരു സംഘം പ്രതിഭാശാലികളെ ഇന്ത്യൻ സിനിമയിലേക്ക് കൈപിടിച്ചാനയിക്കുകയും ചെയ്ത ചലച്ചിത്ര കാരൻ എന്ന നിലയിലായിരുന്നു അത്.1970 കളുടെ ആദ്യപകുതി. നല്ല സിനിമയുടെ രാജപാതയിലൂടെ അതികായന്മാരായ സത്യജിത് റേയും മൃണാൾ സെന്നും തലയുയർത്തിപ്പിടിച്ചുകൊണ്ട്‌ മുൻപേ നടന്നുപോകുന്നുണ്ടായിരുന്നു. ഇടറുന്ന കാലുകളോടെയാണെങ്കിലും ഋഥ്വിക്ക് ഘട്ടക്കും ഒപ്പമുണ്ടായിരുന്നു.ഇന്ത്യൻ നവതരംഗത്തിന് തുടക്കമിട്ട മണി കൗളും കുമാർ സാഹ്നിയും ബസു ഭട്ടാചാര്യയും എം എസ് സത്യുവും അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ഗിരീഷ് കാസറവള്ളിയും ലങ്കേഷും ജബ്ബാർ പട്ടേലും ആ സംഘത്തിൽ അണിചേർന്നു കഴിഞ്ഞിരുന്നു. ആ സമയത്താണ് പരസ്യചിത്ര/ ഹ്രസ്വചിത്ര നിർമ്മാണങ്ങളുടെ നീണ്ടനാളത്തെ അനുഭവസമ്പത്തുമായി ശ്യാമിന്റെ രംഗപ്രവേശം. സാഹിത്യവും അരങ്ങും ഉൾപ്പെടെ സർഗപ്രക്രിയയുടെ വിവിധ മണ്ഡലങ്ങളിൽ പയറ്റിത്തെളിഞ്ഞ പ്രഗത്ഭ മതികളുടെ ഒരു വലിയ നിരതന്നെ ശ്യാമിനോട് ഒപ്പമുണ്ടായിരുന്നു. ആധുനിക നാടകവേദിയിലെ അഗ്നിശലാകകളായ ഗിരീഷ് കർണ്ണാട്, വിജയ്‌ തെണ്ടുൽക്കർ,ഹബീബ് തൻവീർ,സത്യദേവ് ദുബൈ എന്നിവർ ഈ ഭാവുകത്വസംക്രമണത്തിൽ ശ്യാമിന്റെ പങ്കാളികളായി. ചലച്ചിത്രഭാഷയുടെയും ശ്യാം ബെനഗലിന്റെയും ഉള്ളു തൊട്ടറിഞ്ഞ ഛായാഗ്രഹകനായിരുന്നു ഗോവിന്ദ് നിഹലാനി. സംഗീതം വൻരാജ് ഭാട്ടിയ കൈകാര്യം ചെയ്തപ്പോൾ തിരക്കഥയെഴുത്തും സഹസംവിധാനവും വസ്ത്രാലങ്കാരവും കലാസംവിധാനവുമൊക്കെ ഷാമാ സെയ്ദിയുടെ ഉത്തരവാദിത്വമായി.

ക്യാമറയുടെ മുന്നിലെത്തിയവരാകട്ടെ,എല്ലാവരും തന്നെ പുതിയ മുഖങ്ങളായിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമായിലും പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചിറങ്ങിയവരോ,അപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നവരോ അടങ്ങിയതായിരുന്നു 'ശ്യാം ബ്രിഗേഡ്.'ശബാനാ ആസ്മി,നസീറുദീൻ ഷാ,ഓം പുരി,അനന്ത് നാഗ്,അമരിഷ് പുരി,മോഹൻ അഗാഷേ,സാധു മെഹർ,അമോൽ പലേക്കർ,ഖുൽഭൂഷൻ ഖർബാണ്ടാ,ബഞ്ചമിൻ ഗിലാനി,രോഹിണി ഹത്തങ്ങാടി,സുലഭാ ദേശ്പാണ്ഡെ,ദീനാ പഥക്ക്,സുഹാസിനി മുലെ, സുപ്രിയാ തെണ്ടുൽക്കർ,മോഹൻ ഗോഖലെ,ദീപ്തി നവൽ,ദീപാ സാഹി,സുപ്രിയാ പഥക്ക്,രത്‌നാപഥക്ക്.... ബോളിവുഡ് എന്ന ഓമനപ്പേര് ചാർത്തിക്കിട്ടുന്നതിനു മുമ്പുള്ള ഹിന്ദി മെയിൻസ്ട്രീം സിനിമയുടെ താരപ്പൊലിമയ്ക്ക് ബദൽ എന്നപോലെ ആർട്ട്ഹൗസ് സിനിമ അണിനിരത്തിയത് ഈ പുതുമുഖതാരനിരയെയാണ്. പിന്നീട് ഒരു വ്യാഴവട്ടക്കാലം നവസിനിമയുടെ അക്ഷൗഹിണിപ്പടയായി ഇവർ കളം നിറഞ്ഞുനിന്നു. ബെനഗലിനു തൊട്ടുപിന്നാലെ സയീദ് മിഴ്‌സയും,ഗോവിന്ദ് നിഹലാനിയും, കേതൻ മേത്തയും,ഗൗതം ഘോഷും ഉൾപ്പെടുന്ന പുതിയ ചലച്ചിത്രകാരന്മാരുടെ ഒരു സാർത്ഥവാഹകസംഘം കടന്നുവന്നതോടെ ഇന്ത്യൻ സിനിമയിൽ വസന്തത്തിന്റെ ഇടിമുഴക്കം യാഥാർത്ഥ്യമായി. വെറുതെ നേരം പോകാനായി ജീവിതത്തിന്റെ ആഘോഷത്തിമിർപ്പുകളിലേക്ക് കണ്ണും നട്ടിരുന്ന പ്രേക്ഷകനെ,പുറമ്പോക്കുകളിൽ എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞുകൂടുന്ന പച്ചമനുഷ്യരിലേക്ക് തിരിച്ചുവിടുകയാണ് ആ സിനിമകൾ ചെയ്തത്.ഇന്ത്യൻ സിനിമയിലെ യഥാർത്ഥവും അർത്ഥവത്തുമായ ആ ന്യൂ ജനറേഷൻ കാലഘട്ടം ഇന്ന് ചരിത്രത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. അതിന്റെ ഏറ്റവും ചൈതന്യവത്തായ മുഖം -- സ്മിതാപാട്ടീൽ ആ അസ്തമയത്തിനും മുമ്പുതന്നെ ചരിത്രത്തിലേക്ക് നടന്നുമറന്നുകഴിഞ്ഞിരുന്നു....

മുകളിൽ പരാമർശിക്കുന്ന ന്യൂ ജനറേഷൻ ബ്രിഗേഡിലെ മറ്റെല്ലാവരും ഡ്രാമാ സ്കൂളിൽ നിന്നും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരിട്ട് അരങ്ങത്ത് നിന്നും സിനിമായിലെത്തിയപ്പോൾ സ്മിത വന്നത് ടെലിവിഷനിൽ നിന്നാണ്. ബോംബെ ദൂരദർശനിലെ ഏറ്റവും ശ്രദ്ധേയയായ വാർത്താവതാരകയെ ബെനെഗൽ കണ്ടെത്തുന്നതിന് മുമ്പുതന്നെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായ അരുൺ ഘോപ്കർ തന്റെ 'തീവ്രമാധ്യമം'എന്ന ഡിപ്ലോമാചിത്രത്തിൽ നായികയായി കാസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു. സ്മിതയുടെ ചില സുഹൃത്തുക്കൾ പകർത്തിയ ബ്ളാക്ക് ആന്റ് വൈറ്റിലുള്ള ഫോട്ടോകൾ,വർളി യിലെ ദൂരദർശൻ കേന്ദ്രത്തിന് മുന്നിലൊരിടത്ത് നിരത്തിവെച്ചിരിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണാനിടവന്ന ദൂരദർശൻ ഡയറക്ടർ പി.വി.കൃഷ്ണമൂർത്തി സ്മിതയെ വിളിച്ചുവരുത്തി അവതാരകയായി സെലക്ട് ചെയ്യുകയായിരുന്നത്രെ.

സ്മിത ഒരു പ്രധാന വേഷത്തിൽ. വരുന്ന ബെനഗലിന്റെ 'ചരൺദാസ് ചോർ' എന്ന കുട്ടികളുടെ ചിത്രവും ജബ്ബാർ പട്ടേലിന്റെ 'സാമ്ന' എന്ന മറാത്തിച്ചിത്രവും സംഭവിച്ചത് ഏതാണ്ട് ഒരുമിച്ചാണ്.1975 ൽ. ആ വർഷം തന്നെ Introducing Smitha Patil എന്ന ടൈറ്റിൽകാർഡുമായി 'നിശാന്തും' എത്തിയതോടെ ഇന്ത്യൻ സിനിമയിലെ സ്മിതായുഗത്തിന്റെ ആരംഭമായി. ഒപ്പം വേഷമിടുന്നവരെല്ലാം അഭിനയക്കളരിയിലെ അനുഭവസമ്പത്തുമായി എത്തിയവരാണെന്ന കാര്യമൊന്നും സ്മിതയെ ഭയപ്പെടുത്തിയില്ല. കോളേജ് പഠനകാലം മുഴുവൻ പൂനയിൽ ചിലവഴിച്ച സ്മിത ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലും പതിവ് സന്ദർശകയായിരുന്നു. സായാഹ്ന ങ്ങളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നാഷണൽ ആർക്കൈവ്സിന്റെ തിയേറ്ററിൽ വെച്ചു നടക്കാറുള്ള ക്ലാസിക് ചിത്രങ്ങൾ കാണാനും ചങ്ങാതിമാരോടൊത്ത് ക്യാമ്പസിൽ വെറുതെ കറങ്ങിനടക്കാനും 'വിസ്‌ഡം ട്രീ'യുടെ കീഴിലിരുന്ന് രാത്രി വൈകുവോളം സൊറ പറയാനും സമയം കണ്ടെത്തിയിരുന്നു. അങ്ങനെയാണല്ലോ മോഹൻ ഖോപ്കറിന്റെ ഡിപ്ലോമ ചിത്രത്തിൽ അഭിനയിക്കാൻ ഇടയായത്. എന്നാൽ സ്കൂൾ ഓഫ് ഡ്രാമ സ്മിത സന്ദർശിച്ച കഥ രസകരമാണ്.

നിഹലാനിയുടെ അർദ്ധസത്യയിൽ അഭിനയിച്ചതിന് ശേഷം 1984 ലെ അന്തർദേശീയ ചലചിത്രോത്സവത്തിൽ പങ്കെടുക്കാൻ ദൽഹിയിൽ എത്തിയതാണ് ചിത്രത്തിലെ നായികാനായകന്മാരായ സ്മിതയും ഓംപുരിയും. രാത്രി എല്ലാവരും കൂടി അശോകാഹോട്ടലിലെ ശ്യാം ബെനഗലിന്റെ മുറിയിൽ വെടി പറഞ്ഞിരിക്കുമ്പോൾ, സ്മിത ഓമിനെ പിടിച്ചുവലിച്ച് ഒരു ഡ്രൈവിന് കൊണ്ടുപോയി."ഈ അസമയത്ത് എവിടേയ്ക്കാണെ"ന്ന് ബെനഗൽ പിറകിൽ നിന്ന് വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു.അവർ നേരെ പോയത് ഭഗവാൻ ദാസ് റോഡിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമായിലേയ്ക്കാണ്. അഭിനയത്തിന്റെ രംഗത്ത് ഒരു പശ്ചാത്തലവുമവകാശപ്പെടാനാകാത്ത ഓം പുരിയെ മികവുറ്റ നടനാക്കി ചെത്തി മിനുക്കിയെടുത്ത ഇബ്രാഹിം അൽക്കാസിയുടെ എൻ എസ് ഡി.തണുത്തു മരവിച്ച ആ ജനുവരിരാത്രിയിൽ അവിടുത്തെ ഓപ്പൺ എയർ തിയേറ്ററിൽ രണ്ടാളും കുറേനേരം വെറുതെ ഇരുന്നു. ചുറ്റിനും കണ്ണോടിച്ചു കൊണ്ട് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സ്മിത ഓമിനോട് ചോദിച്ചു.

"അപ്പോൾ ഇവിടെയൊക്കെ ആണല്ലേ നിങ്ങൾ നാടകവും കളിച്ചു നടന്നിരുന്നത്?"

സ്റ്റാൻസ്‌ലാവ്സ്കിയും മെത്തഡ് ആക്റ്റിഗും ഒരു അഭിനയക്കളരിയിൽ നിന്നും അഭ്യസിച്ചിട്ടില്ലാത്ത സ്മിതയുടെ പ്രകടനം ഒപ്പമഭിനയിക്കുന്നവരെ അതിശയിപ്പിക്കുകയും ചിലപ്പോഴെങ്കിലും അസൂയപ്പെടുത്തുകയും ചെയ്തിരുന്നു എന്നതാണ് വാസ്തവം. സത്യജിത് റേയും മൃണാൾ സെന്നും അരവിന്ദനുമെല്ലാം സ്മിതയിൽ അവരുടെ നായികയുടെ മുഖം കണ്ടത് യാദൃശ്ചികമായിട്ടാിരുന്നില്ല.

സ്മിത പാട്ടീലും നസ്‌റുദ്ദീന്‍ ഷായും ഗാന്ധി സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റില്‍
സ്മിത പാട്ടീലും നസ്‌റുദ്ദീന്‍ ഷായും ഗാന്ധി സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റില്‍
കാമുകി,ഭാര്യ,സഹോദരി,വിപ്ലവകാരി, തൊഴിലാളി സ്ത്രീ,ഉദ്യോഗസ്ഥ,ഗായിക,നടി,ഗ്രാമീണയുവതി.....ഏതു വേഷത്തിനും അനുയോജ്യമായ ഒതുങ്ങിയ ശരീരപ്രകൃതിയും വികാരതീഷ്ണമായ കണ്ണുകളും ഭാവങ്ങൾ മാറിമാറി അനായാസം വിരിയുന്ന മുഖവും അൽപ്പം ഇരുണ്ട നിറവും സ്മിതയെ മറ്റ് അഭിനേത്രികളിൽ നിന്ന് വേറിട്ടു നിറുത്തി.നാഗരികതയുടെ പരിഷ്കൃത ഭാവവും ഗ്രാമീണതയുടെ പരുക്കൻ മട്ടും ഒരേ സ്വഭാവികതയോടെ ആവിഷ്‌കരിക്കാൻ സ്മിതയ്ക്ക് വളരെ എളുപ്പം കഴിഞ്ഞു. വാരിവലിച്ചുടുത്ത കീറിയ ചേലയും അളവും വടിവും തെറ്റാത്ത, ചുളിവൊട്ടും വീഴാതെ എടുത്തണിഞ്ഞ സാരിയും സ്മിതയ്ക്ക് ഒരുപോലെ ഇണങ്ങി.
സ്മിത, ശ്യാം ബനഗലിന്റെ മന്ഥനില്‍
സ്മിത, ശ്യാം ബനഗലിന്റെ മന്ഥനില്‍

'നിശാന്തി'ന് ശേഷം ബെനഗൽ ഒരുക്കിയ 'മന്ഥനിലാണ് സ്മിതയുടെ ഗ്രാമീണയുവതി ആദ്യം പ്രത്യക്ഷപ്പെടുന്നത്.ധവള വിപ്ലവത്തിന് വഴിയൊരുക്കാൻ ഗുജറാത്തിലെ ഗ്രാമത്തിലേയ്ക്ക് എത്തുന്ന ഡോ.റാവു( കർണ്ണാഡ്)വിനെ നിഷേധത്തോടും പ്രതിഷേധത്തോടും എതിരേൽക്കുന്ന ബിന്ദു. ഒരു ഇരുപത്തിയൊന്നുകാരിയ്ക്ക് അഭിനയിച്ചു പൊലിപ്പിക്കാൻ പ്രയാസമുള്ളത്ര,സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമായിരുന്നു,സ്മിത അനായാസമായി അവതരിപ്പിച്ച ബിന്ദു. മറാത്തി സിനിമയിലെ ആദ്യകാല അഭിനേത്രി ഹൻസാ വാഡ്കറുടെ കോളിളക്കം സൃഷ്ടിച്ച ആത്മകഥയായ "സാംഗ്തേ അയികാ"യെ അടിസ്ഥാനമാക്കി, ശ്യാം ബെനഗൽ സംവിധാനം ചെയ്ത 'ഭൂമിക'യിലെ ഉർവശി എന്ന കഥാപാത്രം സ്മിതയിലെ നടിയെ കൂടുതൽ ഉയരങ്ങളിലെത്തിച്ചു. ചപലയായ കൗമാരപ്രായക്കാരിയിൽ നിന്ന് പക്വതയാർന്ന സ്ത്രീയായിത്തീരുന്ന ഉർവശി എന്ന സിനിമാനടിയുടെ,ഉള്ളു പൊള്ളിക്കുന്ന കഠിനാനുഭവങ്ങളിലൂടെയുള്ള ജീവിതയാത്രയുടെ ഭാവതീവ്രമായ ആവിഷ്‌ക്കാരം,സ്മിതാ പാട്ടീലിന് നേടിക്കൊടുത്തത് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ്. മുസഫർ അലിയുടെ 'ഗമൻ',കെ എ അബ്ബാസ്സിന്റെ 'നക്സലൈറ്റ്'(അതിലെ നായികയുടെ പേര് അജിത!),സയിദ് മിഴ്‌സയുടെ 'ആൽബർട്ട് പിന്റോ കൊ ക്യോമ് ഗുസ്സാ ആത്താ ഹൈ'എന്നിവയ്ക്ക് ശേഷമാണ് അടുത്ത ദേശീയ അവാർഡിന് അർ ഹയാക്കിയ 'ചക്ര'(1981)റബീന്ദ്ര ധർമ്മരാജ് എന്ന സംവിധായകന്റെ ചിരകാലാഭിലാഷമായിരുന്നു,മറാത്തിഭാഷയിലെ ആധുനിക ക്ലാസിക്ക് എന്നറിയപ്പെട്ടിരുന്ന,ജയവന്ത് ദൽവിയുടെ നോവൽ ചലച്ചിത്രമാക്കുക എന്നത്. അക്ഷരാർത്ഥത്തിൽ തന്നെ പുറമ്പോക്കുകളിൽ കഴിയുന്നവരുടെ ജീവിതമാണ് 'ചക്ര' വരച്ചുകാട്ടിയത്.

ചേരിപ്രദേശത്തെ ഇരുണ്ട യാഥാർത്ഥ്യങ്ങളും പച്ചയായ ജീവിതവും അയഞ്ഞ സ്ത്രീപുരുഷ ബന്ധങ്ങളും ലൈംഗികതയുമെല്ലാം റിയലിസ്റ്റിക്കായി ആവിഷ്ക്കരിച്ച 'ചക്ര'യിൽ, അമ്മ എന്ന കഥാപാത്രമായാണ് സ്മിത വേഷമിട്ടത്. ചേരിയിലെ ടാപ്പിന്റെ അടുത്തിരുന്നു കൊണ്ട് പരസ്യമായി കുളിക്കുന്ന സ്മിതയുടെ പടമുള്ള പോസ്റ്റർ (കു)പ്രസിദ്ധി നേടി.

സ്മിത, ചക്രയില്‍ നിന്നുള്ള ദൃശ്യം
സ്മിത, ചക്രയില്‍ നിന്നുള്ള ദൃശ്യം

അടിമത്തത്തിനും അടിച്ചമർത്തലിനും വിധേയനായി മരണപര്യന്തം കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ട അധഃസ്ഥിതന്റെ ആർത്തനാദം ഉറക്കെ കേൾപ്പിച്ചു കൊണ്ടാണ്,ഗോവിന്ദ് നിഹലാനിയുടെ കന്നിസംവിധാനസംരംഭമായ 'ആക്രോശ്' അവസാനിക്കുന്നത്. പോലീസും നീതിപീഠവും സമൂഹവുമെല്ലാം കുറ്റക്കാരനെന്ന് വിധിച്ച,ഉടനീളം ഒരുവാക്കുപോലും ഉരിയാടാത്ത ആദിവാസി ഭിക്കുവായി ഓംപുരി ചിത്രത്തിൽ നിറഞ്ഞുനിന്നു. ക്രൂരമായ ബലാത്സംഗത്തിനിരയായി മരണപ്പെടുന്ന, അയാളുടെ ഭാര്യ നാഗിയുടെ വേഷത്തിലഭിനയിച്ച സ്മിത ഓമിനോട് ഒപ്പത്തിനൊപ്പം പിടിച്ചുനിൽക്കുക തന്നെ ചെയ്തു.

സത്യജിത് റേയുടെ സംവിധാനത്തിൻ കീഴിൽ അഭിനയിക്കുക എന്നത് മറ്റേതൊരു അഭിനേതാവിനേയും പോലെ സ്മിതയുടെയും സ്വപ്നമായിരുന്നു.ഇന്ത്യൻ ടെലിവിഷന്റെ സുവർണ്ണകാലഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് റേ ഒരുക്കിയ 'സദ്ഗതി'യിൽ സ്മിതയും ഓംപുരിയും ഒരിക്കൽകൂടി ദളിത് ദമ്പതികളായി വേഷമിട്ടു. താഴ്ന്ന ജാതിക്കാരന്റെ ശവത്തിനോടുപോലും തീണ്ടൽ വെച്ചുപുലർത്തുന്ന ഉത്തരേന്ത്യൻ ജാതിവ്യവസ്ഥയുടെ ക്രൂരമുഖമാണ്, മുൻഷി പ്രേംചന്ദിന്റെ കഥയുടെ തീഷ്ണമായ ആഖ്യാനത്തിലൂടെ റേ തുറന്നുകാട്ടിയത്. ബ്രാഹ്മണന്റെ വീട്ടുമുറ്റത്ത് മരിച്ചുവീണു കിടക്കുന്ന ഭർത്താവിന്റെ അടുത്തേക്കുപോലും പോകാൻ കഴിയാതെ ദൂരെ മാറിനിന്ന് വിങ്ങിപ്പൊട്ടുന്ന ചമർ യുവതിയായി സ്മിതയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ റേ ക്ക് കഴിഞ്ഞില്ല. 'സത്യജിത് റേ പ്രെസന്റസ്' എന്ന ടെലിവിഷൻ പരമ്പരയിലെ 'അഭിനേത്രി' എന്ന എപ്പിസോഡിൽ നായികയാക്കിക്കൊണ്ട് ,ഇന്ത്യൻ സിനിമയിലെ നവോത്ഥാന പുരുഷൻ സ്മിതാ പാട്ടീൽ എന്ന നടിയിലുള്ള തന്റെ മതിപ്പും വിശ്വാസവും ഒരിക്കൽകൂടി വിളംബരം ചെയ്തു.

സ്മിത,ശ്യാം ബനഗലിന്റെ ഭൂമികയില്‍
സ്മിത,ശ്യാം ബനഗലിന്റെ ഭൂമികയില്‍

സത്യജിത് റേ യെപ്പോലെ തന്നെ സ്മിതയുടെ അഭിനയപാടവത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന ആളാണ് മൃണാൾ സെൻ. സിനിമയ്ക്കുള്ളിലെ സിനിമ എന്ന സങ്കേതത്തിൽ ചിത്രീകരിച്ച 'അകലേർ സന്ധാനേ' എന്ന സെൻ ചിത്രത്തിൽ സ്മിത എന്ന നടിയായി തന്നെയാണ് അവർ വേഷമിട്ടത്. ചരിത്രത്തിലെ കറുത്തപാടായ1943 ലെ ബംഗാൾ ക്ഷാമത്തെ പശ്ചാത്തലമാക്കി സിനിമയെടുക്കാൻ ഗ്രാമത്തിലെത്തുന്ന ഒരു സംഘത്തിലെ നായികനടിയാണ് സ്മിത. സിനിമാചിത്രീകരണസംഘം നേരിടുന്ന, നൈതികതയും സത്യസന്ധതയുമുൾപ്പെടെയുള്ള സങ്കീർണ്ണ പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാനശൈലിയിലൂടെ ആവിഷ്കരിക്കുകയായിരുന്നു മൃണാൾ സെൻ. സാമൂഹ്യ പ്രതിബദ്ധതയുള്ള സ്വന്തം വ്യക്തിത്വത്തെതന്നെ ക്യാമറയുടെ മുന്നിലും ജീവിച്ചുകാട്ടാൻ സ്മിതയ്ക്ക് നൽകിയ അവസരം,ആ വലിയ നടിക്ക് ചലച്ചിത്ര കല അർപ്പിച്ച ആദരവായിരുന്നു.

മഹേഷ് ഭട്ടിന്റെ ആത്മകഥാസ്പർശമുള്ള 'അർത്ഥി'ൽ സ്മിതയും ശബാന ആസ്മിയും തമ്മിലുള്ള അഭിനയമത്സരം കാണാനോടിയെത്തിയ പ്രേക്ഷകരെ രണ്ടുപേരും നിരാശപ്പെടുത്തിയില്ല. മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ശബാന കൊണ്ടുപോയെങ്കിലും.

ശബാനയും സ്മിതയും ഒപ്പത്തിനൊപ്പം നിന്ന മറ്റൊരു ചിത്രമായിരുന്നു ശ്യാം ബെനഗലിന്റെ 'മണ്ഡി'. സമൂഹത്തിന്റെ അരികു പറ്റി കഴിയുന്ന ജീവിതങ്ങളുടെ ഒഴിപ്പിക്കലുകളുടെയും തുടച്ചുനീക്കലുകളുടെയും കഥയാണ്, വേശ്യാത്തെരുവിലെ ജീവിതത്തുടിപ്പുകൾ പകർത്തിവെയ്ക്കുന്ന 'മണ്ഡി' യും കേതൻ മേത്തയുടെ കന്നിച്ചിത്രമായ 'ഭവാനി ഭവായ്‌'യും പറഞ്ഞത്. കറുത്ത ഹാസ്യത്തിന്റെ കടുത്ത ചായക്കൂട്ടിൽ ചാലിച്ചു വരച്ച രണ്ടു ചിത്രങ്ങളിലും സ്മിതയുടെ കഥാപാത്രങ്ങൾ വേറിട്ടുനിന്നു.'ഭവാനി ഭവായ്‌'യിലെ,തീ പാറുന്ന കണ്ണുകളും കഠാര മൂർച്ചയുള്ള നാവുമുള്ള ഉജ്ജൻ എന്ന ജിപ്സി പെൺകൊടി,നാടോടിക്കഥാഖ്യാനസമ്പ്രദായത്തിലൂടെ അതിരൂക്ഷമായ രാഷ്ട്രീയ വിമർശനം നടത്തുന്ന സംവിധായകന്റെ കൈകളിലെ ശക്തമായ ആയുധമായി.

ഭവാനി ഭവായ്‌'
ഭവാനി ഭവായ്‌'

നിർമ്മലമായ പ്രകൃതിയുടെ പ്രതിരൂപം പോലെ നിഷ്കളങ്കയായ ശിവകാമിയുടെ വേഷത്തിൽ ,അരവിന്ദന്റെ 'ചിദംബര'ത്തിലൂടെ സ്മിത മലയാളത്തിലുമെത്തി. പാപമുക്തി നേടി പലയിടങ്ങളിൽ അലഞ്ഞ് ഒടുവിൽ ചിദംബരത്ത് എത്തിയ ശങ്കരനെ, ക്ഷേത്രമുറ്റത്ത് ചെരുപ്പ് കാക്കാനിരിക്കുന്ന സ്ത്രീ (അത് ശിവകാമിയാണോ?) ആഴത്തിലേറ്റ മുറിവിന്റെ വടു കെട്ടിയ മുഖമുയർത്തി നോക്കുമ്പോൾ ആശ്വാസത്തിന്റെയോ സംഭ്രാന്തിയുടെയോ കടുന്തുടി മുഴങ്ങുന്നത് പ്രേക്ഷകന്റെ മനസിലാണ്.

ഇന്ത്യൻ സമാന്തര സിനിമയുടെ ഭൂമികയിൽ നേട്ടങ്ങൾ കൊയ്ത് കൊയ്ത് മുന്നേറുന്ന അതേ കാലയളവിൽ തന്നെ,ബോളിവുഡ്ഡിന്റെ മായാലോകത്ത് കടുത്ത നിറക്കൂട്ടിൽ നിർമ്മിച്ച വേഷങ്ങൾ എടുത്തണിയാൻ സ്മിത ഒരിക്കലും മടിച്ചിരുന്നില്ല.അമിതാബിന്റെ നായികയായി അഭിനയിച്ച 'നമക് ഹലാലും' 'ശക്തി'യും രാജേഷ് ഖന്നയോടൊപ്പം വേഷമിട്ട 'അമൃതും' 'നസ് റാന'യും 'ആഖിർ കോനും' ബ്ലോക്ക് ബ്ലസ്റ്ററുകളുടെ പട്ടികയിലിടം നേടി.മറ്റൊരു താരനായകനായ വിനോദ് ഖന്നയുമായി ഉടലെടുത്ത പ്രണയം വൈകാതെ അലസിപ്പോയെങ്കിലും, രാജ് ബബ്ബാറുമായുള്ള സൗഹൃദം ഒടുവിൽ ചെന്നെത്തി യത് ഭാര്യാ ഭർത്തൃ ബന്ധത്തിലാണ് .നടിയും നാടക സംവിധായികയുമായ നദീറയുടെ ഭർത്താവും രണ്ടു കുട്ടികളുടെ പിതാവുമായിരുന്ന രാജിന്റെ കുടുംബം 'തകർത്തു' വെന്ന പേരുദോഷം, സ്മിതയുടെ പ്രതിച്ഛായ യിൽ ഇരുണ്ട നിഴലുകൾ വീഴ്ത്തി.....


സ്മിത അരവിന്ദന്റെ ചിദംബരത്തില്‍
സ്മിത അരവിന്ദന്റെ ചിദംബരത്തില്‍ Peter Chappell.

'ഭവാനി ഭവായ്‌' എന്ന വിഖ്യാത ചിത്രം പുറത്തിറങ്ങി അഞ്ചുവർഷങ്ങൾക്ക് ശേഷം കേതൻ മേത്ത വീണ്ടുമൊരു രാഷ്ട്രീയാഖ്യാനവുമായി എത്തിയപ്പോൾ,സ്വാഭാവികമായും സ്മിത തന്നെയായിരുന്നു അതിലെയും നായിക.ഒരു ഗ്രാമവും അവിടുത്തെ ജനങ്ങളും ഒന്നടങ്കം അധീശശക്തിയുടെ പ്രതിപുരുഷനായ ഒരു പെൺപിടിയന്റെ മുമ്പിൽ പഞ്ചപുച്ഛ മടക്കിപ്പിടിച്ച് ഓച്ഛാനിച്ചുനിന്നപ്പോൾ വീറോടെ ചെറുത്തുനിൽക്കുന്ന സോൻ ബായ്‌. തന്നെ കടന്നുപിടിക്കാൻ ഒരുമ്പെട്ട അയാളെ മുഖമടച്ചു പ്രഹരിക്കാനും ഗ്രാമത്തിലെ പുരുഷ സമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കീഴടങ്ങാൻ കൂട്ടാക്കാതെ ഒടുക്കം വരെ തലയുയർത്തിപ്പിടിച്ചു നിവർന്നു നിൽക്കാനും തന്റേടം കാട്ടുന്ന സോൻ ബായ്‌ ,ത്ജാൻസി റാണിയുടെ മാനമുള്ള കഥാപാത്രമാണ്. അവൾ അഭയം തേടിയ മുളകു ഫാക്ടറിയിലെ സ്ത്രീകൾ ഒത്തുചേർന്ന്, ആർത്തുവിളിച്ചുകൊണ്ട് വാരിവർഷിച്ച മുളകുപൊടിയിൽ കുളിച്ച് പിടഞ്ഞു നിലവിളിക്കുന്ന സുബേദാറെ, ഇമവെട്ടാതെ നോക്കിനിൽക്കുന്ന സോൻ ബായ്‌ യുടെ ചിത്രം മനസ്സിൽ മായാതെ,മങ്ങാതെ നിൽപ്പുണ്ട് ഇപ്പോഴും.'മിർച്ച് മസാല' എന്ന ആ ചിത്രം സ്മിതയുടെ ഹംസഗാനമായി തീർന്നപ്പോൾ ഭാവഗാംഭീര്യമാർന്ന ഒരു ചലച്ചിത്ര ത്തിന്റെ അർത്ഥപൂർണ്ണമായ പരിസമാപ്തി പോലെയായി, അത്.

സ്മിത, മിര്‍ച്ച് മസാലയില്‍ നിന്നുള്ള ദൃശ്യം
സ്മിത, മിര്‍ച്ച് മസാലയില്‍ നിന്നുള്ള ദൃശ്യം

സ്മിതയുടെ മുൻഗാമികളായി നർഗീസും മീനാകുമാരി യും നൂതനും വഹീദാ റഹ്‌മാനുമുണ്ടായിരുന്നു. സ്മിതയ്ക്ക് ശേഷവും വന്നു മികച്ച അഭിനയപ്രതിഭകൾ പലരും.എന്നാൽ സ്മിതാ പാട്ടീലിനോട് ഇന്ത്യൻ പ്രേക്ഷകനുണ്ടായിരുന്ന ഇഷ്ടത്തിന് പല മാനങ്ങൾ ഉണ്ടായിരുന്നു. സ്മിത പ്രതിനിധാനം ചെയ്തിരുന്ന നവസിനിമയോടുള്ള ഇഷ്ടവും അതിലൊന്നായിരുന്നു.സ്മിതയ്ക്ക് പകരം വെക്കാൻ മറ്റൊരാളില്ല. ആ ചലച്ചിത്രകാലത്തിനും പകരമായി മറ്റൊന്നുണ്ടായില്ല. ഉദാത്തവും ഭാവദീപ്തവുമായ ആ സിനിമയ്ക്കുള്ള പ്രണാമം കൂടിയാകുകയാണ് ഈ സ്മിത സ്മരണ.

Related Stories

No stories found.
logo
The Cue
www.thecue.in