ഐതിഹാസികം, ഇന്ത്യയുടെ രാഷ്ട്രീയ സമര വരൾച്ചയുടെ അറുതി


ഐതിഹാസികം, ഇന്ത്യയുടെ രാഷ്ട്രീയ സമര വരൾച്ചയുടെ അറുതി

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും നിർണ്ണായകമായ ജനകീയ
സമര വിജയങ്ങളിലൊന്നും മാത്രമല്ല, അതിൽ ഏറ്റവും
അഗ്രഗാമിയായ ഒന്നാണ് മൂന്നു കാർഷിക നിയമങ്ങൾ
പിൻവലിപ്പിച്ച ഐതുഹാസികമായ കർഷക സമരം. ഹിന്ദുത്വ
ഫാഷിസ്റ്റ്-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ ഭരണകൂട ഭീകരതയ്ക്കും
മൂലധന കൊള്ളയ്ക്കും കീഴിൽ ഇഴഞ്ഞും പിടഞ്ഞും
നിസ്സഹായമായും കടന്നുപോയിരുന്ന ദിവസങ്ങളിൽ നിന്നും
ഇടിമുഴക്കം പോലെ ഉയർന്നുവന്ന കർഷക സമരം ഇന്ത്യയുടെ
രാഷ്ട്രീയ സമര വരൾച്ചയുടെ അറുതി കൂടിയാണ് പ്രഖ്യാപിച്ചത്.

ആഗോളീകരണത്തിന്റെയും, സ്വകാര്യവത്കരണത്തിന്റെയും കോർപ്പറേറ്റ് മൂലധനാക്രമണത്തിന്റെയും ഇരകളാക്കപ്പെടുകയും അടിഞ്ഞുതീരുകയുമല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്നും പുതിയ ഇന്ത്യ തങ്ങളുടേതല്ലെന്നുമുള്ള വിധിവിശ്വാസത്തിലേക്ക്‌ മഹാഭൂരിപക്ഷത്തെ തള്ളിവിട്ടുകൊണ്ടിരുന്ന ആഖ്യാനങ്ങൾക്കു മേൽ നിഴലുകൾ പോലെ വീണുകിടന്ന മനുഷ്യർ നിവർന്നുനിന്ന കാലത്തിന്റെ സമരേതിഹാസമാണ് കർഷക സമരത്തിന്റെ വിജയം. ഇതിന്റെ രാഷ്ട്രീയോർജ്ജത്തിലാണ് ഇനിയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ ഒരുപാട് കാലം മുന്നോട്ടു പോവുക എന്നതിൽ സംശയമില്ല.

Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020; Essential Commodities (Amendment) Act, 2020; Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020 എന്നീ മൂന്നു നിയമങ്ങളാണ് മോദി സർക്കാർ കൊണ്ടുവന്നത്. തിരക്കുകൂട്ടി ഓർഡിനൻസ് രൂപത്തിൽ കൊണ്ടുവന്ന നിയമം 2020 സെപ്റ്റംബറിൽ പാർലമെന്റിൽ നിയമമായി മാറ്റുകയായിരുന്നു. തൊട്ടു പിന്നാലെ ആദ്യം പഞ്ചാബിൽ നിന്നും പിന്നീട് ഉത്തർപ്രദേശും ഹരിയാനയുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കർഷകർ ഈ നിയമങ്ങൾക്കെതിരെ സമരം തുടങ്ങി. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാങ്ങളിലെ കർഷകർ ഡൽഹിയുടെ അതിരുകൾ ഉപരോധച്ചു. അന്ന് തുടങ്ങിയ സമരമാണ് അക്ഷരാർത്ഥത്തിൽ കൊടും ചൂടും കടുത്ത ശൈത്യവും കടന്നു മറ്റൊരു ശൈത്യകാലത്തിന്റെ തുടക്കത്തിൽ
വിജയത്തിലെത്തിയത്.

വൻകിട കാർഷിക കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും കാർഷിക മേഖലയെ തീറെഴുതി നൽകാനുള്ളതായിരുന്നു മോദി സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ. കരാർ കൃഷി വ്യാപിപ്പിക്കാനും പ്രാദേശിക കാർഷിക വിപണികളെ ഇല്ലാതാക്കാനും കുറഞ്ഞ താങ്ങുവില അപ്രസക്തമാക്കാനുമാണ് നിയമത്തിന്റെ ആദ്യ അജണ്ട തന്നെ ഉണ്ടായിരുന്നത്. ചെറുകിട കർഷകരും കര്ഷകത്തൊഴിലാളികളും കൂലിയടിമകളായി മാറുക മാത്രമാണ് ഇതിന്റെ അനന്തരഫലം. കാർഷിക വിളകളിലെ വൈവിധ്യം ഇല്ലാതാക്കാനും കാർഷിക വിപണി കോർപ്പറേറ്റുകളുടെ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കാനുമായിരുന്നു സർക്കാർ നീക്കം.
ഉത്പാദനവും ശേഖരണവും സംഭരണവും വിപണനവും
നേരിട്ടുള്ള വില്പനയുമടക്കം കൃഷിയിടങ്ങൾ മുതൽ അടുക്കള
വരെയുള്ള ശൃംഖല മുഴുവൻ കോർപറേറ്റുകളുടെ
അധീനതയിലാക്കുന്ന നിയമം ഹിന്ദുത്വ ഫാഷിസ്റ്റ്-കോർപറേറ്റ്
ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം ഏറ്റവും പ്രകടമായി
വെളിപ്പെടുത്തുന്ന ഒന്നായിരുന്നു.

അതുകൊണ്ടുതന്നെ അതിനെതിരെ ഉയർന്നുവന്ന സമരം മോദി
സർക്കാരിനെതിരെ പലപ്പോഴായി ഉണ്ടായ സമരങ്ങളുടെ
പൊതുസ്വഭാവത്തിൽ നിന്നും വ്യത്യസ്തമായി Political-economy യെ
ആധാരമാക്കിയുള്ള ഏറ്റവും വലിയ സമരമായിരുന്നു. അത്
മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ രാഷ്ട്രീയത്തെ തൊട്ടു നിന്നു ; ഭക്ഷണം. അത് ഇന്ത്യക്കാരന്റെ ഏറ്റവും വലിയ തൊഴിൽ
മേഖലയെ ഇളക്കിമറിച്ചു; കൃഷി. അത് പൊടുന്നനെ ജനങ്ങൾക്ക്
മുകളിൽ അടിച്ചൽപ്പിച്ച വ്യാജമായ മതാകുലതകൾക്കു മുകളിൽ
ഒഴിഞ്ഞ ധാന്യച്ചാക്കുകളുടെ ഭാവിയെ നിവർത്തിയിട്ടു.
ദേശീയതയുടെ ക്ഷുദ്രാഖ്യാനങ്ങൾക്കപ്പുറം മനുഷ്യർ രാഷ്ട്രീത്തെ തിരിച്ചറിഞ്ഞു.

ഇന്ത്യയുടെ വരുംകാല സമരങ്ങളുടെ ഭാവി രാഷ്ട്രീയം കൂടി എന്തായിരിക്കണം എന്ന ശക്തമായ വഴികാട്ടി കൂടിയാണ് ഈ സമരവിജയം. ഫാഷിസ്റ്റ്-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിന്റെ ഭരണകൂടത്തിനെതിരായ സമരങ്ങളെ സ്വത്വവാദത്തിന്റെ ആലയില്‍ കെട്ടുകയും ക്ഷുദ്രമായ സ്വത്വസംരക്ഷണമാണ് ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ അടിത്തറയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന അഞ്ചാംപത്തികള്‍ക്കെതിരെ നേടിയ രാഷ്ട്രീയ വിജയം കൂടിയാണ് ഈ സമരം.

സമരം ചെയ്യുന്ന കർഷകർ വിഘടനവാദികളാണെന്ന്,
ഗുണ്ടകളാണെന്ന്, കമ്യൂണിസ്റ്റുകാരുടെ ഗൂഢാലോചനയാണ്
സമരമെന്ന് തുടങ്ങി നിരവധി പ്രത്യാഖ്യാനങ്ങൾ മോദി സർക്കാരും കോർപ്പറേറ്റുകളും അവരുടെ കുഴലൂത്ത് മാധ്യമങ്ങളും പ്രചണ്ഡപ്രചരണം നടത്തി. സമരകേന്ദ്രങ്ങൾക്കെത്തിരെ ആക്രമണം
നടത്തി. ഒരു ശത്രു സൈന്യത്തെയെന്ന പോലെ കർഷകർക്ക് നേരെ ഭരണകൂടം ആക്രമണം അഴിച്ചുവിട്ടു. ഡൽഹിക്കു ചുറ്റും
കിടങ്ങുകൾ കുഴിച്ചു. ആണികൾ തറച്ച തടകൾ വെച്ചു. പക്ഷെ
രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ നടക്കുന്നത്
വർഗ്ഗസമരമായിരുന്നു. അതുകൊണ്ടുതന്നെ കേവലമായ
വിഭാഗീയമായ അജണ്ടകൾക്കു മുന്നിൽ ആ സമരത്തിന്
പിൻവാങ്ങാൻ കഴിയില്ലായിരുന്നു. വിശാലമായ കാർഷിക-
തൊഴിലാളി സമര രാഷ്ട്രീയത്തിന്റെ ആന്തരികോർജ്ജം ആ
സമരത്തെ മുന്നോട്ടുതന്നെ നയിച്ചു എന്നതുകൊണ്ടാണ് ഇപ്പോൾ
കേന്ദ്ര സർക്കാറിനെ മുട്ടുകുത്തിച്ചുകൊണ്ട് ആ സമരത്തിന്
നിർണ്ണായകമായ വിജയം നേടാനായത്.


അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക്
വിചാരിച്ച വിജയം നേടാനാകാതെ പോയതും വരാനിരിക്കുന്ന
ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള നിയമ സഭ
തെരഞ്ഞെടുപ്പുകളുമൊക്കെ ഇത്തരമൊരു തീരുമാനമെടുക്കാൻ
മോദി സർക്കാരിനെ പ്രേരിപ്പിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ
അത്തരത്തിൽ മോദിയുടെ ഒരു രാഷ്ട്രീയ അടവ് മാത്രമായി ഈ
സമരവിജയത്തെ ചുരുക്കിക്കണ്ടാൽ അതിനർത്ഥം
നിര്ണായകമായൊരു സമര രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ നിങ്ങള്ക്ക് കഴിയുന്നില്ല എന്നതാണ്. ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അടിയന്തര ആകുലതകളൊന്നും ഇല്ലായിരുന്നുവെങ്കിലും കർഷക-
കാർഷിക വിരുദ്ധമായ ഈ നിയമങ്ങൾക്കെതിരായ സമരത്തിന്
മുന്നിൽ കേന്ദ്ര സർക്കാരിന്റെ തോൽവി
ഒഴിവാക്കാനാകുമായിരുന്നില്ല. അതാണ് കര്ഷകസമരത്തെ
ഐതിഹാസികമാക്കുന്നതും.

പതിവുമട്ടില്‍ ദേശവിരുദ്ധരെന്നും പാകിസ്ഥാന്‍ ചാരന്മാരെന്നും ഹിന്ദു വിരുദ്ധരെന്നുമൊക്കെയുള്ള സംഘപരിവാര്‍ ചാപ്പ കുത്തല്‍ തുടക്കത്തിലേ അലസിപ്പോയി എന്നത് എന്തുകൊണ്ടാണ് എന്നത് വളരെ സാധേയമായ സംഗതിയാണ്. മോദി സര്‍ക്കാരിനെതിരെ മത-സാമുദായിക ഘടകങ്ങളില്ലാതെ തീര്‍ത്തും രാഷ്ട്രീയ-സാന്പത്തിക പ്രശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വിശാലമായ ജനകീയ ഐക്യത്തെ മുന്‍ നിര്‍ത്തി ഉയര്‍ന്നുവന്ന ആദ്യത്തെ വലിയ സമരമാണ് കര്‍ഷക സമരം. അതുകൊണ്ടുതന്നെ അത്തരമൊരു സമരത്തിലേക്ക് ദേശസ്‌നേഹവും മതവര്‍ഗീയതയും അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ സാധ്യതയേയും ഇല്ലാതാക്കിയത് ആ സമരത്തിന്റെ ജനകീയ രാഷ്ട്രീയമാണ്.

ഇന്ത്യയുടെ വരുംകാല സമരങ്ങളുടെ ഭാവി രാഷ്ട്രീയം കൂടി എന്തായിരിക്കണം എന്ന ശക്തമായ വഴികാട്ടി കൂടിയാണ് ഈ സമരവിജയം. ഫാഷിസ്റ്റ്-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിന്റെ ഭരണകൂടത്തിനെതിരായ സമരങ്ങളെ സ്വത്വവാദത്തിന്റെ ആലയില്‍ കെട്ടുകയും ക്ഷുദ്രമായ സ്വത്വസംരക്ഷണമാണ് ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ അടിത്തറയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന അഞ്ചാംപത്തികള്‍ക്കെതിരെ നേടിയ രാഷ്ട്രീയ വിജയം കൂടിയാണ് ഈ സമരം. ഒരിക്കല്‍പ്പോലും സമരത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക മുദ്രാവാക്യങ്ങള്‍ കൈവിടാന്‍ സമരക്കാര്‍ തയ്യാറായില്ല.

കര്‍ഷക സമരം ഇതാദ്യമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍, വര്‍ഗ്ഗരാഷ്ട്രീയവും വിശാലമായ കര്‍ഷക-കാര്‍ഷിക തൊഴിലാളി-ബഹുജന ഐക്യവും ഫാഷിസ്റ്റ്-കോര്‍പ്പറേറ്റ് ഭരണകൂടത്തിനെതിരായ സമരത്തില്‍ നേടിയ ഐതിഹാസികമായ വിജയമാണ്

അനിതരസാധാരണമായ ഐക്യബോധമാണ് സംയുക്ത സമര സമിതി പ്രകടിപ്പിച്ചത്. പല ധാരകളെയും കര്‍ഷക സംഘടനകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനെയെല്ലാം ജനാധിപത്യപരമായ രീതിയില്‍ ചര്‍ച്ച ചെയ്യുകയും ഒപ്പം കൊണ്ടുപോവുകയും ചെയ്ത സമരനേതൃത്വം എങ്ങനെയാണ് ജൈവമായ രാഷ്ട്രീയ സമരങ്ങള്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ സമര നേതൃത്വത്തെ സൃഷ്ടിക്കുന്നത് എന്നതിന്റെ തുടിക്കുന്ന ഉദാഹരണം കൂടിയാണ് കര്‍ഷക സമരത്തിന്റെ നാള്‍വഴികള്‍.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ശക്തി ദൗര്ബല്യങ്ങള്‍ക്കപ്പുറം എങ്ങനെയാണ് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കലാപപാതകള്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് എന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു കര്‍ഷക സമരം. ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ നേതൃപരമായ പങ്കു വഹിച്ചു ഈ സമരത്തില്‍ എന്നത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യം കൂടിയാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ പ്രസക്തി ഇത്രയുമുറക്കെ പ്രഖ്യാപിച്ച ഒരു അമരം അടുത്തൊന്നും ഇന്ത്യയില്‍ നടന്നിട്ടില്ല. വികസനത്തിന്റെ കോര്‍പ്പറേറ്റ് വഴികളുടെ അനിവാര്യതയുടെ ബോധം വര്‍ഗ്ഗരാഷ്ട്രീയത്തിനു മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തുതന്നെയുള്ള വിചാരവഴികള്‍ക്കെതിരെയുള്ള മറുപടി കൂടിയാണ് ഈ സമരവിജയം.

ആര്‍ക്കു വേണ്ടിയാണ് വികസനമെന്നും ആരുടെയാണ് വികസനമെന്നും വികസനത്തിന്റെയും സമൃദ്ധിയുടേയും രൂപഭാവങ്ങള്‍ ആരാണ് വരയ്‌ക്കേണ്ടതെന്നുമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ വീണ്ടും ഉയരുകയാണ്.കോര്‍പ്പറേറ്റുകളുടെ ആധുനിക സംഭരണശാലകളും ചടുലമായ ഉപഭോക്തൃ സേവനങ്ങളും ധനികര്‍ക്കു വേണ്ടിയുള്ള വന്‍കിട വില്‍പ്പന കേന്ദ്രങ്ങളും വന്നാല്‍ വികസനമായെന്നും അതിന്റെ അനുബന്ധ ഗുണഭോക്താക്കളാവുകയാണ് സാധാരണക്കാരന് ചെയ്യാവുന്ന ഏകകാര്യം എന്നുമുള്ള മറ്റൊരു ബദലുമില്ല എന്ന മുതലാളിത്ത-മൂലാധാനാധിപത്യ വിധിവാദത്തിനെ പുറങ്കാല്‍കൊണ്ട് ചവിട്ടിത്തെറിപ്പിക്കാനുള്ള ഊര്‍ജ്ജം ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ പോരാട്ടത്തിന് നല്‍കാന്‍ കര്‍ഷക സമരത്തിന് കരുത്തുണ്ട്. ആ വര്‍ഗ രാഷ്ട്രീയത്തെ ഇടതുപക്ഷ സംഘടനകള്‍ക്കകത്ത് ഉള്‍പ്പാര്‍ട്ടി സമരമാണ് പുറത്ത് നേരിട്ടുള്ള വര്‍ഗ സമരമായുംവികസിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് രാഷ്ട്രീയക്രിയാത്മകതയ്ക്ക് ഇനിയും അവധി കൊടുക്കുന്നത് ചരിത്രപരമായ ആത്മഹത്യയായിരിക്കും.

കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരാ ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികള്‍ കേവലം ട്വിറ്റര്‍ സന്ദേശ ഭാഷണങ്ങളല്ലാതെ രാഷ്ട്രീയമായി സമരമുഖത്തില്ലായിരുന്നു എന്നതാണ് വസ്തുത. ആ ദൗര്‍ബല്യമാണ് പലപ്പോഴും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശക്തിയും. നവ-ഉദാരീകരണ നയങ്ങളിലൂടെ രാജ്യത്തെ കര്‍ഷക-കര്‍ഷക തൊഴിലാളികളെയും വ്യാവസായിക തൊഴിലാളികളെയും അസംഘടിത മേഖലയിലെ ഉത്പാദകരെയും തൊഴിലാളികളേയുമെല്ലാം കടുത്ത വറുതിയിലേക്ക് തള്ളിവിടുന്ന നയങ്ങള്‍ ഈ രാജ്യത്ത് നടപ്പിലാക്കിയതില്‍ ബി ജെ പിയേക്കാള്‍ കാലപരിചയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് കര്‍ഷക സമരം പോലെയുള്ള ജനകീയ സമരങ്ങളെ വിശാലമായ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളാക്കി വളര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഒരു ചലനവുമുണ്ടാകാത്തത്. പകരം ക്ഷേത്ര ദര്‍ശനവും നെഹ്റുകുടുംബത്തിന്റെ വാഴ്ത്തുകളുമൊക്കെയായി ഏതോ ദുരന്തകാലത്തിലെ കോമാളികയാവുകയാണ് കോണ്‍ഗ്രസ്.

കര്‍ഷക സമരം ഇതാദ്യമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍, വര്‍ഗ്ഗരാഷ്ട്രീയവും വിശാലമായ കര്‍ഷക-കാര്‍ഷിക തൊഴിലാളി-ബഹുജന ഐക്യവും ഫാഷിസ്റ്റ്-കോര്‍പ്പറേറ്റ് ഭരണകൂടത്തിനെതിരായ സമരത്തില്‍ നേടിയ ഐതിഹാസികമായ വിജയമാണ്. സകല മേഖലകളിലും ഭരണകൂട ഭീകരത പിടിമുറുക്കുകയും എല്ലാ പ്രതിഷേധങ്ങള്‍ക്കും മുകളില്‍ യുഎപിഎ പോലുള്ള ദേശദ്രോഹക്കുറ്റവും ചാര്‍ത്തി തടവറയുടെ ഇരുട്ട് പടര്‍ത്തുകയും ചെയുന്ന ഒരു കാലത്തില്‍ നിഴലുകള്‍ പോലെ നിശബ്ദരായി എന്ന് കരുതിയ മനുഷ്യര്‍ ഇടിമുഴക്കം പോലെ ഇന്ക്വിലാബാണ് മുഴക്കിയ കര്ഷകസമരത്തിന്റെ മുദ്രാവാക്യം. മനുഷ്യനുണരുമ്പോള്‍ ഫാഷിസ്റ്റുകള്‍ തോല്‍ക്കുന്നു.

The Cue
www.thecue.in