കനയ്യ കുമാറിനെ ആര്‍ക്കാണ് പേടി?

കനയ്യ കുമാറിനെ ആര്‍ക്കാണ് പേടി?
Summary

ഇന്ത്യയെ അറിയാത്ത കുറേ നേതാക്കന്മാര്‍ കൂടിയിരുന്ന് നടത്തിവരുന്ന മാസാമാസ പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ കൊണ്ട് ഹൈന്ദവ ഫാസിസത്തെ ഒന്നും ചെയ്യാനാകില്ല എന്ന തിരിച്ചറിവാവും കനയ്യ കുമാറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക. അതാവും ഈ രാജിയിലേക്ക് നയിച്ചിരിക്കുക. ഇന്നിപ്പോള്‍ സി.പി.ഐ എന്ന പാര്‍ട്ടിക്ക് അയാളെ വഞ്ചകനെന്ന് വിളിക്കാം. എന്നാല്‍ അതൊരു ഏറ്റുപറച്ചില്‍ കൂടിയാണ്.

സി.പി.ഐ എന്ന കൊച്ചു പാര്‍ട്ടിക്ക് ഇന്ന് നഷ്ടമായിരിക്കുന്നത് വലിയൊരു നേതാവിനെയാണ്. ആ യാഥാര്‍ത്ഥ്യം പ്രത്യയശാസ്ത്ര ന്യായവാദങ്ങളിലൂടെ കുറച്ചു കാണാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. ആ പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവിലും നാഷണല്‍ കൗണ്‍സിലിലും അംഗമായ ഒരാളാണ് കനയ്യ കുമാര്‍ എന്ന യുവ നേതാവ്. അദ്ദേഹം പാര്‍ട്ടി വിട്ടു പോകുമെന്ന് പൊതുവില്‍ ആരും കരുതിയിരിക്കാനിടയില്ല.

ഏതാനും ദിവസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് മുമ്പുവരെ ആര്‍ക്കും തന്നെ അത്തരമൊരു നേരിയ ചിന്ത പോലും ഉണ്ടാവാനിടയില്ല. മികവാര്‍ന്ന രാഷ്ട്രിയ പാരമ്പര്യമുള്ള സി.പി.ഐ എന്ന പാര്‍ട്ടിയെ നാളെയിലേക്ക് നയിക്കാന്‍ കരുത്തുള്ള ഒരാളായിട്ടാവും കനയ്യയെ എല്ലാവരും കരുതിയിരിക്കുക. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും സി. പി. ഐ നേതൃത്വത്തിലേക്ക് ഒരു നേതാവ്. അങ്ങനെയൊരാളാണ് അപ്രതീക്ഷിതമായി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയിരിക്കുന്നത്.

സി.പി.ഐയുടെ 26 അംഗ നാഷണല്‍ കൗണ്‍സിലിലെ പേരുകള്‍ ഞാനിപ്പോള്‍ വെറുതെ ഒന്നു വായിച്ചു നോക്കി. അതില്‍ ഡി. രാജയുടെയും സുധാകര റെഡ്ഡിയുടെയും പേരുകള്‍ കഴിഞ്ഞാല്‍ രാജ്യത്ത് അറിയപ്പെടുന്ന ഏക പേര് കനയ്യ കുമാറിന്റെതായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആ 26 പേരില്‍ മറ്റാര് തന്നെ ആ പാര്‍ട്ടി വിട്ടാലും അതൊരു ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയാവുമായിരുന്നില്ല. കനയ്യ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. ഇന്നാകട്ടെ കനയ്യയുടെ രാജി പ്രധാന വാര്‍ത്തയായും ടെലിവിഷനിലും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളിലും നിറയുന്നു. പൊതുമണ്ഡലം അത് ചര്‍ച്ച ചെയ്യുന്നു. അത് കാണിക്കുന്നത് ആ യുവനേതാവ് കുറഞ്ഞ കാലം കൊണ്ട് നേടിയെടുത്ത സ്വാധീനമാണ്. അതു കൊണ്ടു തന്നെയാണ് ഈ ചെറുപ്രായത്തില്‍ അദ്ദേഹം ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നതും.

ചെറിയ കാലം കൊണ്ട് ഇന്ത്യയിലാകെ കേള്‍ക്കുന്ന / ശ്രദ്ധിയ്ക്കുന്ന ഒരു ശബ്ദമാവാന്‍ ആ ചെറുപ്പക്കാരന് സാധിച്ചിട്ടുണ്ട്. ചുറുചുറുക്കുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമാവാന്‍ അയാള്‍ക്ക് കഴിഞ്ഞു.

അയാള്‍ മുന്നോട്ടു വെച്ച ചോദ്യങ്ങളും മുദ്രാവാക്യങ്ങും ഇന്ത്യയിലെ അധികാരിവര്‍ഗ്ഗത്തെ കുറച്ചൊക്കെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഓര്‍ക്കുക, അയാള്‍ ചൊല്ലിയ 'ആസാദി' ഏറ്റുപാടിയത് സി.പി.ഐ എന്ന പാര്‍ട്ടിയുടെ അനുഭാവികള്‍ മാത്രമായിരുന്നില്ല. കാരണം അവര്‍ക്കത്രയും അനുയായികളില്ലല്ലോ!

നിലവിലെ ഇന്ത്യനവസ്ഥയെ ഉറച്ച ബോധ്യങ്ങളോടെയാണ് അയാള്‍ നോക്കിക്കണ്ടത്. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ ഉന്നത സമിതിയിലെ പതിവ് സംവാദങ്ങളില്‍ മാത്രം തൃപ്തിപ്പെട്ട് ഒതുങ്ങിയിരിക്കാന്‍ ആ മനസ്സിന് കഴിയുമായിരുന്നില്ല. ഇന്ത്യയറിയാത്ത, ഇന്ത്യയെ അറിയാത്ത കുറേ നേതാക്കന്മാര്‍ കൂടിയിരുന്ന് നടത്തിവരുന്ന മാസാമാസ പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ കൊണ്ട് ഹൈന്ദവ ഫാസിസത്തെ ഒന്നും ചെയ്യാനാകില്ല എന്ന തിരിച്ചറിവാവും അയാളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക. അതാവും ഈ രാജിയിലേക്ക് നയിച്ചിരിക്കുക. വര്‍ഗീയ ഫാസിസം കാത്തിരുന്ന് നേരിടേണ്ട ഒന്നല്ല എന്ന് അദ്ദേഹത്തിനറിയാം. അതയാളുടെ പ്രസ്താവനകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും.

ഇന്നിപ്പോള്‍ സി.പി.ഐ എന്ന പാര്‍ട്ടിക്ക് അയാളെ വഞ്ചകനെന്ന് വിളിക്കാം. എന്നാല്‍ അതൊരു ഏറ്റുപറച്ചില്‍ കൂടിയാണ്. ഒരു വഞ്ചകന്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായത് പോലും തിരിച്ചറിയുവാനുള്ള കഴിവ് ഇപ്പോള്‍ പാര്‍ട്ടിക്കില്ല എന്നാണോ സ്വയം പറഞ്ഞു വരുന്നത്? ആ വഞ്ചകന്‍ സ്വയം പോയതാണ്. അയാള്‍ പാര്‍ട്ടി വിട്ടുപോയപ്പോള്‍ വഞ്ചകനായതാണ് ! പോയപ്പോള്‍ മാത്രം. ദേശീയ കൗണ്‍സിലിലെ ഒരംഗത്തിന്റെ മനസ്സറിയാത്ത ഒരു പാര്‍ട്ടി എങ്ങനെയാണ് ഒരു ജനതയുടെ മനസ്സറിയുക ? ഈ ചോദ്യങ്ങളാണ് നാഷണല്‍ കൗണ്‍സിലില്‍ ഇരുന്ന് കനയ്യ കുമാര്‍ സ്വയം ചോദിച്ചിരിക്കുക. അതിനുത്തരം കിട്ടാത്തപ്പോഴാണ് അയാള്‍ പുതിയ രാഷ്ട്രീയ ഇടങ്ങള്‍ തേടിയിരിക്കുക. അങ്ങനെയാവും അയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിച്ചേര്‍ന്നിരിക്കുക.

കോണ്‍ഗ്രസ്സില്‍ അയാള്‍ എന്ത് ചെയ്യും ? എനിക്കറിയില്ല. ബീഹാറിലെ ജനതയുടെ തപമറിഞ്ഞ ആ ചെറുപ്പക്കാരന് ആ നാട്ടില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ല. ഇന്നത്തെ ഇന്ത്യക്ക് അതൊരാവശ്യമാണ്. തീര്‍ച്ചയായും സി.പി.ഐ എന്ന പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ കൂട്ടായി ഇപ്പോള്‍ ചെയ്യുന്നതിനേക്കാള്‍ വലിയ കാര്യമായിരിക്കുമത് എന്ന കാര്യത്തില്‍ സംശയമില്ല.

ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് കുറച്ചധികം നല്ല നേതാക്കളെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിന്നും മുമ്പും നല്‍കിയിട്ടുണ്ട്. മോഹന്‍ കുമരമംഗലം , നന്ദിനി സദ് പദ്, ചന്ദ്ര ജിത്ത് യാദവ്, കെ.ആര്‍. ഗണേഷ്, രഘുനാഥറെഡ്ഡി... അതിലൊരു പേര് കൂടി വരുന്നു. ഒരു കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോഴുള്ളതു പോലെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ സി.പി.ഐക്ക് ഒരു കനയ്യ കുമാറിന്റെ ആവശ്യമില്ല. അയാളുടെ അസാദി ഒരു വേള മറ്റാര്‍ക്കെങ്കിലും പ്രയോജനം ചെയ്യുമായിരിക്കും. കോണ്‍ഗ്രസിനെ ഇപ്പോള്‍ വിലയിരുത്തേണ്ടത് ബി.ജെ.പിയുടെ ജൈത്രയാത്രയുടെ പശ്ചാത്തലത്തിലായിരിക്കണം. അല്ലാതെ പ്രത്യയശാസ്ത്ര മൗഢ്യങ്ങളുടെ ഇരുണ്ട വെളിച്ചത്തിലാവരുത്. കനയ്യയുടെ മുന്നില്‍ വര്‍ത്തമാനകാല ഇന്ത്യയുണ്ട്. അടിയന്തരമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്ന ഒരു ജനതയുണ്ട്. നമുക്ക് അലസമായി ആലോചിച്ചിരിക്കുവാനുള്ള സമയമില്ല. കനയ്യയുടെ വേഗത അദ്ദേഹത്തിന്റെ പാര്‍ട്ടിക്കില്ലാതെ പോയി. അവരോടൊപ്പം നിരങ്ങി നീങ്ങാനുള്ള ക്ഷമ അദ്ദേഹത്തിനും ഇല്ലാതെ പോയി.

ഇന്ത്യയുടെ നിലവിളി കേട്ട ആ യുവനേതാവിന് എന്റെ അഭിവാദ്യങ്ങള്‍. ഞാനൊന്നു കൂടി വിളിക്കട്ടെ.

കനയ്യ കുമാര്‍ സിന്ദാബാദ്.

Related Stories

No stories found.
logo
The Cue
www.thecue.in