സമത്വത്തിനും തുല്യതക്കുമായുള്ള പെൺപോരാട്ടത്തിലെ സുവർണ അധ്യായങ്ങളിലൊന്നായി ഹരിതയുടേത് മാറ​ട്ടെ

സമത്വത്തിനും തുല്യതക്കുമായുള്ള പെൺപോരാട്ടത്തിലെ സുവർണ അധ്യായങ്ങളിലൊന്നായി ഹരിതയുടേത് മാറ​ട്ടെ
നജ്​മ തബ്​ഷീറ
Summary

ഹരിതയിലെ കൂട്ടുകാരോടാണ്​. നിങ്ങളുടെ ബോധ്യങ്ങളിലും വാക്കുകളിലും തീർച്ചയായും പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട്​. മാധ്യമപ്രവര്‍ത്തക വി.പി.റജീന എഴുതുന്നു

അറിവും അനുഭവവും പോരാട്ടവും ചേർന്ന്​ രൂപപ്പെടുത്തുന്ന ഉൾക്കാഴ്​ചയുടേതുകൂടിയാണ് രാഷ്​ട്രീയം എന്നത്​​. യഥാർത്ഥ കാഴ്​ചകളെ മറയ്​ക്കുന്ന വ്യാജ രാഷ്​ട്രീയത്തി​ൻ്റെ കലക്ക​വെള്ളത്തിലൂടെ​ ഉൾക്കാഴ്​ചയെ വീണ്ടെടുത്ത്​​ ഉയർന്നുവരുന്നവർ ആരായിരുന്നാലും, ഏത്​ ജനവിഭാഗത്തിൽനിന്നുള്ളവരായാലും അവർക്കൊപ്പം നിലകൊള്ളുക എന്നത്​ മിനിമം സത്യസന്ധതയാണ്​. എന്നാൽ നിർഭാഗ്യകരമെന്ന്​ പറയ​ട്ടെ, രാഷ്​ട്രീയ സത്യസന്ധത അലങ്കാരമാക്കിയവർ ഈ കേരളക്കരയിൽ എമ്പാടു​മുണ്ടെങ്കിലും ‘ഹരിത’യിലെ പെൺവ്യക്​തിത്ത്വങ്ങൾ ആർജ്ജവത്തോടെയും വ്യക്​തതയോടെയും സംസാരിക്കുന്നത്​ കേട്ട്​ അതിനോട്​ പ്രത്യക്ഷമായിത്തന്നെ ഐക്യപ്പെടാനുള്ള ജനാധിപത്യ ബാധ്യത കാണിച്ചവർ എത്രപേരുണ്ട്​​? വിരലിലെണ്ണാവുന്നവർ മാത്രം! കേരളത്തിലെ നാനാ ജാതി ജെൻഡർ സമരങ്ങളോടും പോരാട്ടങ്ങളോടും ഐക്യകാഹളം മുഴക്കിയിരുന്ന പല പ്രമുഖരും ഈ വീറുറ്റ പെൺപോരാട്ടത്തിൻ്റെ സന്ദർഭത്തിൽ തൊണ്ട മൗനത്തി​െൻറ അടപ്പുകളിട്ടു ഭദ്രമാക്കി. ഈ മൗനം ഏതിൻ്റെ പേരിലുള്ളതായാലും അതി​ൻ്റെ പേര്​ ഇരട്ടത്താപ്പ്​ എന്ന്​ തന്നെയാണ്​.

മുസ്​ലിം പെൺകുട്ടികൾ ഇങ്ങനെയൊക്കെ സംസാരിക്കുമോ എന്നതാണ്​ പലരുടെയും അതിശയം. ഈ ജനവിഭാഗം നിരന്തരമായ ചാപ്പയടികൾക്ക്​ വിധേയമാക്കപ്പെടുന്ന സന്ദർഭങ്ങളിലെല്ലാം അരുമറിയാതെ/ആരെയുമറിയിക്കാതെ ഇവർ വായനയുടെയും ചിന്തയുടെയും ലോകങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.

'ഹരിത'യിലെ മുൻ നേതാക്കളുടെ സമരത്തിന്​ ഒരേസമയം രണ്ടു മാനങ്ങളുണ്ട്​. അതുകൊണ്ട്​തന്നെ അതിന്​ സമീപകാലത്ത്​ കേരളത്തിൽ നടന്നിട്ടുള്ള ഏത്​ ജെൻഡർ സമരത്തേക്കാളും മൂല്യവുമുണ്ട്​. അതാരും അംഗീകരിക്കാൻ തയ്യാറാവില്ലെങ്കിലും. അതിലൊന്ന്​ ആണധികാര മത- രാഷ്​ട്രീയ ഘടനയെ അകത്തുനിന്ന്​ പൊള്ളിക്കുന്നതാണെങ്കിൽ മറ്റേത്​ ജനാധിപത്യവും തുല്യതയുമൊക്കെ ഘോഷിക്കുന്ന പൊതു മണ്ഡലത്തിലെ വ്യാജ നിർമിതികൾക്കുള്ള ചുട്ട പ്രഹരമാണ്​.

മുമ്പും എഴുതിയതാണ്​. രാഷ്​ട്രീയ നുണകളേക്കാൾ അപകടരമാണ്​ പൗരോഹിത്യ നുണകൾ എന്നത്​. ഇതിനെ എതിരിടുക എന്നത്​ തന്നെയാണ്​ ഏറ്റവും അപകടകരമായത്​. കാരണം രാഷ്​ട്രീയ നുണകൾ പൊളിക്കു​മ്പോൾ നിങ്ങൾ​ക്കൊപ്പം കുറേ പേർ ചേർന്നുനിൽക്കാനുണ്ടാവും. എന്നാൽ, പൗരോഹിത്യ ഘടനയെ തൊടു​മ്പോൾ ചില​പ്പോൾ ആരെ​യും കണ്ടേക്കില്ല. നൂറ്റാണ്ടുകളാൽ വ്യവസ്​ഥാപിതവൽക്കരിക്കപ്പെട്ട പാട്രിയാർക്കിയാണത്​. പ്രത്യക്ഷത്തിൽ ഒരു രാഷ്​ട്രീയ സംവിധാനത്തിനകത്തെ അനീതിയെയും ​പുഴുക്കുത്തിനെയുമാണ്​ ‘ഹരിത’ ഭാരവാഹികൾ നേരിട്ടത്​. എന്നാൽ, അതിൻ്റെ ബേസ്​ നിൽക്കുന്നത്​ മതപൗരോഹിത്യത്തി​ൻ്റെ മടിക്കുത്തിലാണ്​. ഈ പെൺശബ്​ദം അതിലേക്കു കൂടിയാണ്​ ആഞ്ഞിടിച്ചത്​. അതാണ്​ രണ്ട്​ മാനങ്ങൾ ഉണ്ടെന്ന്​ പറഞ്ഞത്​.

ആഴങ്ങളിലേക്കിറങ്ങാൻ ശ്രമിച്ചുകൊണ്ടാണ്​ അവർ തുല്യത, സമത്വം തുടങ്ങിയ ആശയങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന്​ തുനിഞ്ഞത്​. അതിനവർ കൂട്ടുപിടിച്ചത്​ വിശ്വാസ പ്രമാണമായ ഖുർആനും ഇന്ത്യൻ ഭരണഘടയുമാണ്​. ഹരിത മുൻ ജനറൽ സെക്രട്ടറി നജ്​മ തബ്​ഷീറയുടെ വാർത്താ സമ്മേളനവും തുടർന്ന്​ അവർ നൽകിയ അഭിമുഖങ്ങളും ​ ശ്രദ്ധിച്ചാൽ മതി അത്​ വ്യക്​തമാവാൻ. ഖുർആനും ഇന്ത്യൻ ഭരണഘടനയും തമ്മിലെന്ത്​ ബന്ധം എന്ന്​ ചോദിക്കുന്നവരുണ്ട്​. ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെയും മനുഷ്യരെയും ഏറ്റവും നീതിപൂർവകമായി സമീപിക്കാൻ ആഹ്വാനം ചെയ്യുന്ന ഖുർആനിനെ വായിച്ചെടുക്കാൻ ഇന്ത്യൻ ഭരണഘടനയിലൂടെയും കഴിയും എന്നാണ്​ എ​ൻ്റെ വിശ്വാസം. ഈ വിശ്വാസം തന്നെയാണ്​ ഹരിത ഭാരവാഹികളെയും നയി​ക്കുന്നതെന്നാണ്​ അവരുടെ സംഭാഷണങ്ങളിൽ നിന്നും സമീപനങ്ങളിൽനിന്നും മനസ്സിലാക്കാനായത്​.

മുസ്​ലിം പെൺകുട്ടികൾ ഇങ്ങനെയൊക്കെ സംസാരിക്കുമോ എന്നതാണ്​ പലരുടെയും അതിശയം. ഈ ജനവിഭാഗം നിരന്തരമായ ചാപ്പയടികൾക്ക്​ വിധേയമാക്കപ്പെടുന്ന സന്ദർഭങ്ങളിലെല്ലാം അരുമറിയാതെ/ആരെയുമറിയിക്കാതെ ഇവർ വായനയുടെയും ചിന്തയുടെയും ലോകങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അവരുടെ ചുറ്റുപാടുമുള്ള മനുഷ്യരുമായി ഇടപഴകുകയായിരുന്നു. അതാണ്​ അവരുടെ മൂലധനമായി മാറിയത്​. ഇതിലേക്കൊന്നും​ കണ്ണും കാതും എത്താതെ​പോയവരുടെ അമ്പരപ്പാണ്​ മേൽചോദ്യത്തിൽ പ്രതിഫലിച്ചത്​.

ഹരിതയിലെ കൂട്ടുകാരോടാണ്​. നിങ്ങളുടെ ബോധ്യങ്ങളിലും വാക്കുകളിലും തീർച്ചയായും പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട്​. സ്വാനുഭവങ്ങളുടെ പ്രതലത്തിൽ നിന്ന്​ പുറം ജീവിതങ്ങളെയും സാഹചര്യങ്ങളെയും ഉരച്ചുനോക്കാനും, ഉപരിതല സ്​പർശിയായ വാചാടോപങ്ങൾക്കപ്പുറം ചിന്തയുടെ ആഴങ്ങളിലേക്ക്​ ​ കടന്നുചെല്ലാനുമുള്ള വ്യഗ്രതയുണ്ട്​.

വിശ്വാസമണ്ഡലത്തിൽ നിന്ന്​കൊണ്ട്​ തന്നെ ഒരു കൂട്ടം ചെറുപ്പക്കാരികൾ നടത്തുന്ന ജനാധിപത്യ പോരാട്ടം അത്​ പാടെ ഉപേക്ഷിച്ച്​ പുറത്തിറങ്ങി നടക്കുന്നവരുടേതിനു തുല്യമാവില്ലെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്​. ഉള്ളിലൊളിപ്പിച്ച ഇരട്ട മനോഭാവത്തെ പുറത്തേക്കുവലിച്ചിടുന്നു എന്നതാണ്​ ഈ ചോദ്യങ്ങൾകൊണ്ടുള്ള മെച്ചം. എന്നാൽ, ജെൻഡർ പൊളിറ്റിക്​സിനെയും പോരാട്ടങ്ങളെയും എവ്വിധം അഡ്രസ്​ ചെയ്യണ​മെന്നതിൽ മറ്റുള്ളവർക്കുള്ള പാഠപുസ്​തകം കൂടിയാണ്​ ഒരുപറ്റം പെൺ വ്യക്​തിത്വങ്ങളുടെ ഒറ്റ​ക്കെട്ടായുള്ള ഇടപെടൽ.

ഹരിതയിലെ കൂട്ടുകാരോടാണ്​. നിങ്ങളുടെ ബോധ്യങ്ങളിലും വാക്കുകളിലും തീർച്ചയായും പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട്​. സ്വാനുഭവങ്ങളുടെ പ്രതലത്തിൽ നിന്ന്​ പുറം ജീവിതങ്ങളെയും സാഹചര്യങ്ങളെയും ഉരച്ചുനോക്കാനും, ഉപരിതല സ്​പർശിയായ വാചാടോപങ്ങൾക്കപ്പുറം ചിന്തയുടെ ആഴങ്ങളിലേക്ക്​ ​ കടന്നുചെല്ലാനുമുള്ള വ്യഗ്രതയുണ്ട്​. വിശാലമായ വായനയിലൂടെയും സക്രിയമായ ഇടപെടലിലൂടെയും അതിനിയും ഉജ്ജ്വലമായി തുടരാനാവ​ട്ടെ. പുതിയ കാലത്തിൽ പലതരം ഏജൻസികളാൽ പുന:ർ നിർണയിക്കപ്പെടുന്ന സമത്വത്തിനും തുല്യതക്കും വേണ്ടിയുള്ള പെൺപോരാട്ടത്തിലെ സുവർണ അധ്യായങ്ങളിലൊന്നായി അത്​ മാറ​ട്ടെ. ലോകം ഭാവിയിൽ നേരിടാൻ പോവുന്ന പലതരത്തിലുള്ള വിപത്തുകളെയും വെല്ലുവിളികളെയും തിരിച്ചറിയാനും പ്രതിരോധമുയർത്താനും നിങ്ങളെപ്പോലുള്ളവരെ ആവശ്യമുണ്ട്​.

The Cue
www.thecue.in