മാറുന്ന കാലാവസ്ഥയും കേരളത്തിലെ മഴയും

മാറുന്ന കാലാവസ്ഥയും കേരളത്തിലെ മഴയും

കുറച്ചുനാള്‍ മുന്‍പ് വരെ കാലാവസ്ഥാ വ്യതിയാനം ഭാവിയിലെപ്പോഴോ നടക്കാന്‍ സാധ്യതയുള്ള ഒന്നാണെന്ന മട്ടിലായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ യാതൊരു ആശങ്കകള്‍ക്കും ഇടയില്ലാത്തവിധത്തില്‍ ലോകത്തിന്റെ പലഭാഗങ്ങില്‍ നിന്നായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ കെടുതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരുന്നു.

ബ്രസീലിലെ റെക്കോര്‍ഡ് വരള്‍ച്ച, കാലിഫോര്‍ണിയയിലെ കാട്ടുതീ, കാനഡയിലെ അത്യുഷ്ണം. അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു. ഏറ്റവും ഒടുവിലായി യൂറോപ്പിലെയും ചൈനയിലെയും പ്രളയം. ഇവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

മാറുന്ന കാലാവസ്ഥയും കേരളത്തിലെ മഴയും
അനന്യയുടേത് ആത്മഹത്യയല്ല ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍

യഥാര്‍ത്ഥത്തില്‍ ഇത് പ്രതീക്ഷിച്ചിരുന്നതും ശാസ്ത്രജ്ഞര്‍ ഏതാനും വര്‍ഷങ്ങള്‍ മുതല്‍തന്നെ ചൂണ്ടിക്കാണിച്ചതുമാണ്. അന്തരീക്ഷതാപനില ശരാശരിക്കണക്കില്‍ 1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്നത് വളരെ നിസ്സാരമായി തോന്നാമെങ്കിലും അത് വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ എത്രമാത്രം ദുരന്തപൂര്‍ണ്ണമാണെന്ന് നമുക്ക് ഇതിനോടകം വ്യക്തമായിക്കാണും.

ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പ്രകടമായ പരിണിതഫലമായി പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് അതിതീവ്ര പ്രതിഭാസങ്ങളുടെ വര്‍ധനവാണ്.

ലോകത്തെമ്പാടും, ഇന്ത്യയിലടക്കം ശക്തികുറഞ്ഞ മഴയുടെ അളവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പകരം തീവ്രതയേറിയ മഴപ്പെയ്ത്തുകള്‍ വര്‍ധിച്ചുവരുന്നു. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ ഒരാഴ്ചകൊണ്ട് പെയ്യുക, ഒരു ദിവസം മുഴുവന്‍ കിട്ടേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറില്‍ പെയ്തുതീരുക. ഇത്തരം സംഭവങ്ങള്‍ ഇന്ന് വളരെ സാധാരണമായിക്കൊണ്ടിരിക്കുന്നു.

കൂടാതെ ചുഴലിക്കാറ്റിന് തീവ്രത വര്‍ധിക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിനോടൊപ്പം തന്നെ പലയിടത്തും ഇന്നുവരെ കാണാത്തരീതിയിലുള്ള വരള്‍ച്ചയും ഉഷ്ണതരംഗവും കാട്ടുതീയും മറ്റും വര്‍ധിക്കുന്ന കാഴ്ചയും കാണാം.

നിലവില്‍ നല്ലരീതിയില്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ മഴ കൂടി വരുന്നതായും വരണ്ട സ്ഥലങ്ങളില്‍ വരള്‍ച്ചയുടെ തീവ്രത വര്‍ധിക്കുന്നതായും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട് ('dry gets drier and wet gets wetter').

കേരളത്തിലും മഴയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചനകാണുന്നു. 2018 ലും 2019 ലും ഓഗസ്റ്റ് മാസത്തില്‍ ലഭിച്ച അതിതീവ്ര മഴയാണ് പ്രളയത്തില്‍ കലാശിച്ചത്. ഈ രണ്ട് വര്‍ഷത്തെയും മഴപ്പെയ്ത്തിന്റെ വിശദമായ പഠനങ്ങള്‍ പലതും വന്നുകഴിഞ്ഞു.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന പഠനഫലം ഈയടുത്ത് പുറത്തുവന്നിരുന്നു. ഈ പഠനത്തില്‍ ചില ശ്രദ്ധേയമായ എന്നാല്‍ ആശങ്കപ്പെടേണ്ട ചില കണ്ടെത്തലുകളുണ്ട്.

2018 ലെ പ്രളയം കേരളത്തെ ഒട്ടാകെ ബാധിച്ചിരുന്നുവല്ലോ. ഓഗസ്റ്റ് 14 മുതല്‍ 18 വരെ പെയ്ത ശക്തമായ മഴയാണ് 2018 ലെ പ്രളയത്തിന് വഴിവെച്ചത്. എന്നാല്‍ 2019 ലെ മഴയുടെ രീതി ഏറെ വ്യത്യസ്തമായിരുന്നു. ഓഗസ്റ്റ് 7 മുതല്‍ 10 വരെ പെയ്ത മഴയായിരുന്നു 2019 ലെ പ്രളയത്തില്‍ കലാശിച്ചത്.

പ്രധാനമായും ഓഗസ്റ്റ് 8 നായിരുന്നു വലിയ അളവില്‍ മഴ ലഭിച്ചത്. രണ്ടു മണിക്കൂറില്‍ 5-6 സെന്റിമീറ്റര്‍ എന്ന തീവ്രതയില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളില്‍ അതിതീവ്രമഴ പെയ്തിറങ്ങി.

ഇത്രയും തീവ്രതയേറിയ തരം മഴ ഇവിടെ ആദ്യമെന്നാണ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. 'മേഘവിസ്ഫോടനം' (cloudburst) എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ ശക്തികുറഞ്ഞ രൂപമായി ഇതിനെ പരിഗണിക്കാം.

അതിനാല്‍ ഇവ 'ലഘുമേഘവിസ്‌ഫോടനം' അഥവാ 'mini cloudburst'എന്ന പേരില്‍ അറിയപ്പെടുന്നു. പക്ഷെ ഇത്തരം പ്രതിഭാസങ്ങള്‍ പൊതുവില്‍ വളരെ ചെറിയ പ്രദേശത്തുമാത്രം ഒതുങ്ങിനില്‍ക്കുകയാണ് പതിവ്. എന്നാല്‍ കേരളത്തിലാവട്ടെ ഓഗസ്റ്റ് 8 ന് വിവിധ ജില്ലകളില്‍ ഇത്തരം മഴ ലഭിച്ചതായി നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാണ്.

കുമുലോനിംബസ് (cumulonimbus) എന്നറിയപ്പെടുന്ന കൂറ്റന്‍ മേഘങ്ങളാണ് ഇത്തരം പെട്ടന്നുള്ള അതിതീവ്രമഴയിലേയ്ക്ക് നയിക്കുന്നത്. 12-15 കിലോമീറ്ററോളം ഉയരം വെയ്ക്കുന്ന ഇത്തരം മേഘങ്ങള്‍ കേരളത്തില്‍ മണ്‍സൂണ്‍ സമയങ്ങളില്‍ സാധാരണ കാണുക പതിവില്ല.

ഏകദേശം 6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പോകുന്ന നിമ്പോസ്ട്രാറ്റസ് (nimbostratus) മേഘങ്ങളാണ് മണ്‍സൂണ്‍ കാലത്ത് കാണുന്നത്. മേഘങ്ങളുടെയും മഴയുടെയും സ്വഭാവത്തില്‍ കാണപ്പെടുന്ന ഈ മാറ്റം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാവാം എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

വരും കാലങ്ങളിലെ മണ്‍സൂണ്‍ മഴയുടെ സ്വഭാവവും കൃത്യമായി നിരീക്ഷിച്ചാല്‍ മാത്രമേ ഇതില്‍ തീര്‍പ്പുകല്‍പ്പിക്കാനാവൂ. പക്ഷെ ഈ വര്‍ഷവും ചില പ്രദേശങ്ങളില്‍ പൊടുന്നനെയുള്ള ശക്തമായ കാറ്റും മഴയും റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രാഥമികമായ ചില സാറ്റലൈറ്റ് നിരീക്ഷണങ്ങളും ലഘുമേഘവിസ്‌ഫോടനം പോലുള്ള മഴപ്പെയ്ത്താണ് സൂചിപ്പിക്കുന്നത്.

തീവ്രമായ മഴയോടൊപ്പം അതിശക്തമായ കാറ്റും വീശുന്നതോടെ വലിയതോതില്‍ നാശനഷ്ടങ്ങള്‍ക്കും ഇത് കാരണമാവുന്നു. വളരെ ചെറിയ പ്രദേശത്തു സംഭവിക്കുന്ന ഇത്തരം തീവ്ര പ്രതിഭാസങ്ങള്‍ പ്രവചിക്കുന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ലോകത്തില്‍ ഇന്ന് നിലവിലുള്ള പ്രവചന സംവിധാനങ്ങള്‍ വളരെ ചെറിയ പ്രദേശത്തെ മഴപ്പെയ്ത്തുകള്‍ പ്രവചിക്കാന്‍ വേണ്ടത്ര പര്യാപ്തമല്ല.

അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം കടലിലെയും താപനില സാരമായ അളവില്‍ വര്‍ധിക്കുന്നുണ്ട്. ഇത് കടലില്‍ നിന്നുള്ള ബാഷ്പീരകരണം വര്‍ധിക്കുന്നതിന് കാരണമാവുന്നുണ്ട്. അന്തരീക്ഷത്തിലെ താപനില വര്‍ധിക്കുന്നതിന് അനുസരിച്ച് വായുവിന് കൂടുതല്‍ ജലബാഷ്പത്തെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത് കൂടുതല്‍ വലുപ്പമേറിയ മഴമേഘങ്ങള്‍ രൂപപ്പെടുന്നതിന് സഹായകമാകുന്നു. മണ്‍സൂണ്‍ സമയത്ത് കൂടുതല്‍ മഴലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മഹാരാഷ്ട്ര മുതല്‍ കേരളം വരെയുള്ള പടിഞ്ഞാറന്‍ തീരം.

അറബിക്കടലില്‍ നിന്ന് വരുന്ന മണ്‍സൂണ്‍ കാറ്റിന് കുറുകെ നിലകൊള്ളുന്ന പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുമ്പോള്‍ ഇതേ കാരണം കൊണ്ടുതന്നെയാണ് കേരളം ഉള്‍പ്പടെ മറ്റ് പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ ശക്തമായ മഴലഭിക്കുന്നത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടത്തിലെ പലഭാഗങ്ങളിലും അതിതീവ്രമഴപ്പെയ്ത്തുകള്‍ വര്‍ധിക്കാനുള്ള സാധ്യത പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വരും കാലങ്ങളിലെ മണ്‍സൂണ്‍ കൃത്യമായി നിരീക്ഷിക്കുന്നതുവഴി മാത്രമേ കേരളത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ലഘു ന്യൂനമര്‍ദ്ദം പോലുള്ള പ്രതിഭാസങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമാണോ എന്ന് ഉറപ്പിക്കുവാന്‍ കഴിയൂ.

എങ്കിലും നിലവിലെ സൂചനകള്‍ അത്ര ശുഭകരമല്ല. കേരളത്തിലെ മലയോര പ്രദേശങ്ങളിലെ ഭൂപ്രകൃതി ഒരു പരിധിയ്ക്കപ്പുറമുള്ള അതിതീവ്രമഴയെ താങ്ങാന്‍ കെല്‍പ്പുള്ളവയല്ല. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുന്‍പ് സൂചിപ്പിച്ചതുപോലെ ചെറിയ പ്രദേശത്തു സംഭവിക്കുന്ന അതിതീവ്രമഴകളെ കൂടി പ്രവചിക്കുവാന്‍ ഉതകുന്ന രീതിയില്‍ പ്രവചനരീതികള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല. റഡാറുകള്‍ പോലെ മികവാര്‍ന്ന നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെട്ട (high resolution) പ്രവചന മോഡലുകള്‍ ഉപയോഗപ്പെടുത്തിയും മാത്രമേ ഇവ പ്രവചിക്കുവാന്‍ കഴിയൂ. കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരുന്നു. വരും വര്‍ഷങ്ങളില്‍ മികവേറിയ പ്രവചനങ്ങള്‍ തീര്‍ച്ചയായും സാധ്യമാണ്.

എന്താണ് മേഘവിസ്ഫോടനവും ലഘുമേഘവിസ്‌ഫോടനവും

മണിക്കൂറില്‍ 10 സെന്റിമീറ്ററിലധികം മഴയുണ്ടെങ്കിലാണ് മേഘവിസ്ഫോടനം എന്ന് വിശേഷിപ്പിക്കുക. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളില്‍ പെയ്യുന്ന സ്ഥിതി. എന്നാല്‍ പേര് സൂചിപ്പിക്കുന്നതുപോലെ, ഇത് മേഘം ''പൊട്ടി വീഴുന്ന'' പ്രതിഭാസമോ മേഘത്തിന്റെ ''സ്‌ഫോടനമോ'' ഒന്നുമല്ല. ഒരു വലിയ മേഘത്തെ വെള്ളം നിറച്ച ഒരു ബലൂണായി ഉപമിച്ചാല്‍. അത്തരം ബലൂണ്‍ പൊട്ടിയാലുള്ള അവസ്ഥ എന്നുമാത്രമേ ''മേഘവിസ്ഫോടനം'' എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.

ഇവയുടെ തീവ്രതകുറഞ്ഞ രൂപമാണ് 'ലഘുമേഘവിസ്‌ഫോടനം'. മണിക്കൂറില്‍ 10 രാ എന്നതിനുപകരം രണ്ടുമണിക്കൂറില്‍ 5 രാ എന്നതാണ് ഇതിന്റെ കണക്ക്. സാധാരണ മലയോര പ്രദേശങ്ങളിലാണ് ഇത്തരം മഴയ്ക്ക് കൂടുതല്‍ സാധ്യത. എന്നാല്‍ ഇത്തരം അതിതീവ്ര മഴപ്പെയ്ത്തുകള്‍ പ്രവചിക്കുന്നത് ഏറെ സങ്കീര്‍ണ്ണമാണ്. പലപ്പോഴും പെയ്യാന്‍ സാധ്യതയുള്ള മഴയുടെ തീവ്രതയും ഏതുസമയത്തു പെയ്യും എന്നതും കൃത്യമായി പ്രവചിക്കുവാന്‍ കഴിയാതെ വരുന്നു. അതിനാല്‍ ഈ മേഖലയില്‍ ഇന്ന് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in