ഫാസിസ്റ്റ് ദേശീയതയോട് ഇണങ്ങുന്നവര്‍ പൗരന്മാരും പിണങ്ങുന്നവര്‍ അപരന്മാരുമാകുന്ന സങ്കല്പത്തില്‍ സ്റ്റാന്‍ സ്വാമി മരിച്ചതല്ല, കൊന്നതാണ്

ഫാസിസ്റ്റ് ദേശീയതയോട് ഇണങ്ങുന്നവര്‍ പൗരന്മാരും പിണങ്ങുന്നവര്‍ അപരന്മാരുമാകുന്ന സങ്കല്പത്തില്‍ സ്റ്റാന്‍ സ്വാമി മരിച്ചതല്ല, കൊന്നതാണ്

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ എഴുതുന്നു.

അവര്‍ ഒരാളെക്കൂടി കൊന്നു. ഭീമാ കൊറേഗാവ് കേസില്‍ യു.എ.പി.എ. ചുമത്തപ്പെട്ട് മാസങ്ങളായി അന്യായതടവില്‍ തുടരുന്ന എണ്‍പത്തിനാലുകാരനായ സ്റ്റാന്‍ സ്വാമിയെ. ജാമ്യാപേക്ഷയിന്മേല്‍ മുംബൈ ഹൈക്കോടതിയില്‍ വാദം തുടരവെ ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഇരയായി ദാരുണ്യാന്ത്യം.

സ്റ്റാന്‍ സ്വാമി മരിച്ചുവെന്നത് സാങ്കേതികം മാത്രമാണ്. അദ്ദേഹം 'കൊല്ലപ്പെട്ടതാണ്.' അതൊരു ജുഡീഷ്യല്‍ കൊലപാതകം കൂടിയാണ്. കോവിഡ് സാഹചര്യവും തന്റെ പാര്‍ക്കിന്‍സണ്‍ രോഗതീവ്രതയും പ്രായവും പരിഗണിച്ച് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ തന്റെ പരാതി കേള്‍ക്കണമെന്ന ആ വയോവൃദ്ധന്റെ ദയനീയ വിലാപം അവഗണിച്ച കോടതി ജാമ്യാപേക്ഷയിന്മേലുള്ള തീര്‍പ്പ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

കോവിഡ് ബാധിതനായായിരുന്നു വിയോഗമെങ്കിലും, നമ്മടെ നീതി ന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് നയത്തിന്റെ ദയനീയ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി മാറിത്തീര്‍ന്നു എന്നതാണ് വാസ്തവം. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെങ്കിലും അതൊരു കസ്റ്റഡി കൊലപാതകം തന്നെയാണ്.അദ്ദേഹത്തിന് കോവിഡ് വാക്സിന്‍ പോലും ലഭിച്ചിരുന്നില്ല എന്നറിയുമ്പോഴാണ് മനുഷ്യാവകാശലംഘനങ്ങളുടെ ഭീകരമുഖം നമുക്ക് മുമ്പില്‍ വെളിപ്പെടുന്നത്.

പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റനിസ്ലാവോസ് ലൂര്‍ദ് സ്വാമിയെന്ന കത്തോലിക്കാ സഭയിലെ ഈശോ സഭാ വൈദികന്റെ മരണം ജനാധിപത്യ ഭാരതത്തിന് നാണക്കേടാണ്.

2018-ല്‍ മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത് ഭീമ കൊറോഗാവ് കേസില്‍ സമര്‍പ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിയെ യു.എ.പി.എ. ചുമത്തി എന്‍ഐഎ 2020 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.

കുറ്റകരമായ വിസ്തൃതിയും കാര്യമായ അവ്യക്തതയുമുള്ള ഈ നിയമം മൗലികാവകാശങ്ങള്‍ കവരാന്‍ സര്‍ക്കാരിന് അവകാശം കൊടുക്കുന്നു.

ജയിലില്‍ താന്‍ മരിച്ചുപോകുമെന്നും പാര്‍ക്കിന്‍സണ്‍സ് രോഗിയായ തനിക്ക് വെള്ളം കുടിക്കാന്‍ ഒരു സ്ട്രോ അനുവദിക്കണമെന്നുള്ള ആ 84-കാരന്റെ ദയനീയവിലാപം ഫാസിസ്റ്റ് ഭരണകൂടം ചെവികൊണ്ടില്ല. ജാമ്യാപേക്ഷയിന്മേലുള്ള തീര്‍പ്പു വൈകിച്ച് നീതി പീഠവും അദ്ദേഹത്തെ അതിക്രൂരമായി അവഗണിച്ച് ഇല്ലാതാക്കി.

ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായി 1975 മുതല്‍ 11 വര്‍ഷക്കാലം പ്രവര്‍ത്തിച്ച ശേഷമാണ് ജാര്‍ഖണ്ഡിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടി, അവരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കുവേണ്ടി സ്വാമി സ്വയം സമര്‍പ്പിച്ചത്. 2014-ല്‍ ബി.ജെ.പി. അധികാരത്തിലെത്തിയതു മുതല്‍ ഖനി വ്യവസായികളുടെ കണ്ണിലെ കരടായി സ്റ്റാന്‍ സ്വാമി മാറി.

2000-ത്തോളം വരുന്ന ആദിവാസി യുവാക്കള്‍ മാവോയിസ്റ്റ് ബന്ധം അന്യായമായി ചാര്‍ത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അവരുടെ നിയമ സഹായത്തിനും മോചനത്തിനും, അവരുടെ പാവപ്പെട്ട കുടുംബങ്ങളുടെ സുസ്ഥിതിക്കും വേണ്ടി സ്റ്റാന്‍ സ്വാമി മുമ്പില്‍നിന്നത് അധികാരികളെ ചൊടിപ്പിച്ചു. ആ ചെറുത്തു നില്പും നിയമ പോരാട്ടവും അദ്ദേഹത്തെ ജയിലിലെത്തിച്ചു. ഒടുവില്‍ ദാരുണ്യാന്ത്യം.

ജാര്‍ഖണ്ഡിലെ പാവപ്പെട്ട ആദിവാസികളുടെ മണ്ണിനും മാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഈ വൈദികശ്രേഷ്ഠനെ രാജ്യദ്രോഹക്കുറ്റം ചുമത്തി മോദിഭാരതം തുറങ്കിലടച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തടവിലാക്കപ്പെട്ടത് ഈ നാട്ടിലെ സാധാരണക്കാരന്റെ പൗരാവകാശങ്ങള്‍ തന്നെയാണ്.

മനുഷ്യത്വത്തിന്റെ കേന്ദ്ര പ്രമേയമായി വാഴ്ത്തപ്പെടുന്ന 1215-ലെ മാഗ്‌നാകാര്‍ട്ടയില്‍ രാഷ്ട്രത്തിനു മീതെയാണ് വ്യക്തികളും അവരുടെ അവകാശങ്ങളുമെന്ന് വ്യക്തമാണ്. എന്നാല്‍ ഫാസിസ്റ്റ് ഭരണക്രമത്തില്‍ രാഷ്ട്രം പ്രധാനപ്പെട്ടതും നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യം രാജ്യസുരക്ഷയുമാകുമ്പോള്‍ വിയോജിപ്പിന്റെ വ്യവസ്ഥകള്‍ നിരന്തരം റദ്ദാക്കപ്പെടുകയും പൗരാവകാശം പുറത്താക്കപ്പെടുകയും ചെയ്യും.

ഫാസിസ്റ്റ് ദേശീയതയോട് ഇണങ്ങുന്നവര്‍ പൗരന്മാരും പിണങ്ങുന്നവര്‍ അപരന്മാരുമാകുന്ന നവഭാരത സങ്കല്പത്തില്‍ വിഭാഗീയത വ്യക്തമായ മേല്‍കൈ നേടുന്നുവെന്നതാണ് സത്യം.

സുരക്ഷാഭീഷണിയുടെ മറവിലാണ് നിയമങ്ങള്‍ അവയുടെ ആസുരസ്വഭാവത്തെ വെളിപ്പെടുത്തി വെളിയിലെത്തുന്നത്. ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷമാണ് TADA നിലവില്‍ വന്നത്. അത് 1995-ല്‍ എതിര്‍പ്പുകള്‍ക്കൊടുവില്‍ റദ്ദാക്കപ്പെടുന്നു. അതിനുപകരം 2002-ല്‍ POTA എത്തി. 2004-ല്‍ അത് അവസാനിപ്പിച്ചാണ് യുഎപിഎ (Unlawful ActÈties Prev--ention Act) സജീവമാക്കിയത്.

ഫാസിസം ഭരണകൂട പ്രക്രിയ മാത്രമെന്ന ധാരണ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നാണ്. ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുത ഫാസിസം ഒരു ജനതയുടെ ജീവിതശൈലിയാകുന്നതിന്റെ അപകടം തന്നെയാണ്. വെറുപ്പിന്റെ സാധാരണവല്‍ക്കരണം കൊണ്ടാണ് ഇത് അതിവേഗം സാധ്യമാകുന്നന്നത്. ക്രിസ്ത്യാനികളെല്ലാം മതപരിവര്‍ത്തനത്തിനുവേണ്ടി പരിശ്രമിക്കുന്നവരാണെന്ന ധാരണയെ സര്‍വ്വസാധാരണമാക്കുന്നതിലൂടെ അപരവിദ്വേഷത്തെ വ്യാപകമാക്കി അന്യവല്‍ക്കരണം പൂര്‍ണ്ണമാക്കുന്നു.

അക്രമത്തിന്റെ സംഘനീതിയായി അധഃപതിക്കുന്ന ആള്‍ക്കൂട്ടാക്രമത്തിലൂടെ അപരവല്‍ക്കരണത്തെ ഫാസിസ്റ്റ് ഇന്ത്യ നൈയാമികമാക്കുകയാണ്. ഏറ്റവുമൊടുവില്‍ യുപിയിലെ ഝാന്‍സിയില്‍ കത്തോലിക്കാ സന്യാസിനിമാര്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റാരോപണമുന്നയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അപലപനീയമാകുന്നത് അതുകൊണ്ടാണ്.

ഒപ്പം ആള്‍ക്കൂട്ട വിചാരണയുടെ പുതിയ 'പ്രത്തോറിയന്‍' പതിപ്പുകള്‍ സഭയ്ക്കകത്തും തള്ളിപ്പറയപ്പെടണം. പുറത്തു നിറുത്തുന്ന ശിക്ഷയല്ല, ആളുകളെ അകത്തിരുത്തുന്ന ശിക്ഷണത്തിന്റെ സ്നേഹമാര്‍ഗ്ഗമാണല്ലോ ക്രിസ്തുവിന്റേത്.

ഇന്ത്യന്‍ ഭരണഘടനയുടെ കേന്ദ്ര പ്രമേയം വ്യക്തിയാണ്. ആര്‍ട്ടിക്കിള്‍ 15 ആണ് അതിന്റെ അവിഭാജ്യഭാവവും. എന്നാല്‍ ഭരണഘടനാ ശില്പിയായ അംബേദ്ക്കര്‍ ഭയപ്പെട്ടതുപോലെ, ലോകത്തിലെ ഏറ്റവും നല്ല ഭരണഘടനകളിലൊന്നായത് വാഴ്ത്തപ്പെടുമ്പോഴും, പ്രയോഗതലത്തില്‍ പരാജയപ്പെടുമ്പോള്‍ രാജ്യമൊന്നാകെയാണ് തോറ്റുപോകുന്നത്. ഇരുട്ടി വെളുക്കുന്നതുപോലെ പെട്ടെന്ന് ജനാധിപത്യത്തിന്റെ ഫാസിസ്റ്റ് വേഷപ്പകര്‍ച്ച സംഭവിക്കുന്നില്ലെന്നതാണ് വാസ്തവം.

പാര്‍ലമെന്ററി രീതികളില്‍ കൂടെ തന്നെയാണ് അത് പലയിടത്തും അധികാരത്തിലെത്തിയിട്ടുള്ളത്. മുതലാളിത്ത ചങ്ങാത്തത്തെ അടയാളപ്പെടുത്തിയാണ് അതിന്റെ ആദ്യ അവതരണങ്ങള്‍. ക്ഷേമ പ്രവര്‍ത്തന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പതുക്കെ പിന്‍വാങ്ങിക്കൊണ്ട്, കമ്പോള മത്സരത്തിന്റെ കഠിന രീതികളിലൂടെ അതിജീവനത്തിന്റെ അവസാനിക്കാത്ത യാതനകളിലേക്ക് സാധാരണക്കാര്‍ നയിക്കപ്പെടുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങളിലൂടെ ഫാസിസം അതിന്റെ യഥാര്‍ത്ഥ നിലയുറപ്പിക്കുന്നതാണ് പ്രധാനഘട്ടം.

വിദ്യാഭ്യാസത്തെ ഒന്നാന്തരം വില്പനച്ചരക്കാക്കുന്ന നവവിദ്യാഭ്യാസ നയരേഖയും, കര്‍ഷകര്‍ക്ക് അവരുടെ മണ്ണിനും വിത്തിനും ഉടമസ്ഥതയില്ലാതാക്കുന്ന കാര്‍ഷിക കരിനിയമങ്ങളും പാര്‍ലമെന്റിലൂടെ തന്നെയാണ് വന്നതെന്ന് മറക്കരുത്.

കേന്ദ്രീകരണത്തിന്റെ ഏകശിലാത്മകതയെ ഇതടിസ്ഥാനമാക്കുന്നതിനാല്‍ വ്യത്യസ്തതയും വിയോജിപ്പും ഫാസിസത്തിന്റെ വിരുദ്ധയുക്തിയാവുക സ്വാഭാവികം.

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലഫ. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന കേന്ദ്ര ഭരണ പ്രദേശ നിയമ ഭേദഗതി ബില്ല് ലോക്സഭയില്‍ പാസാക്കിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. എന്നാല്‍ ടൂള്‍കിറ്റ് കേസില്‍ ദിശരവിക്ക് ജാമ്യം നല്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തില്‍ ജനാധിപത്യ വഴികളിലേക്ക് മടങ്ങിവരുന്ന ഇന്ത്യയെക്കുറിച്ചുള്ള ശുഭസൂചനയുണ്ട്.

''വിയോജിപ്പുകളുടെ പേരില്‍ ജനങ്ങളെ ജയിലടയ്ക്കാനാവില്ല. നിസ്സംഗതയും വിധേയത്വവുമുള്ളവരല്ല മറിച്ച് ജാഗ്രതയും നിശ്ചയദാര്‍ഢ്യവുമുള്ള ജനതയാണ് ആരോഗ്യപരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ ലക്ഷണം. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്‌കാരം ഭിന്നാഭിപ്രായങ്ങളോട് ഒരിക്കലും മുഖം തിരിച്ചിട്ടില്ല.'' പൊതുജനാഭിപ്രായത്തിന്റെ ഉള്ളടക്കമുള്ള ജനകീയ സമരങ്ങളാണിവിടെ ഏകപ്രതിരോധമാര്‍ഗ്ഗം. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ അവസാന ചെറുത്തു നില്പായ കര്‍ഷകസമരവിജയം അനിവാര്യമാകുന്നതും.

പണ്ട് ഹിറ്റ്ലര്‍ പറഞ്ഞതിങ്ങനെ, ''അവര്‍ക്ക് കൊടികളും, ഡ്രമ്മുകളും കൊടുക്കൂ. അവര്‍ വേറൊന്നും ചോദിക്കില്ല.'' ജനാധിപത്യ ഇന്ത്യ എവിടെ എന്ന അടിസ്ഥാന ചോദ്യത്തെ നിശബ്ദമാക്കാന്‍ നമുക്ക് നല്കപ്പെടുന്ന താല്ക്കാലിക മുട്ടുശാന്തികളില്‍ മുട്ടു മടങ്ങുമ്പോള്‍ സ്റ്റാന്‍ സ്വാമിമാര്‍ ജയിലില്‍ മരിക്കും.

2015-ല്‍ റദ്ദാക്കിയ വിവര സാങ്കേതിക നിയമത്തിലെ 66എ വകുപ്പു ചുമത്തി ആയിരക്കണക്കിനു കേസുകള്‍ എടുത്ത സംഭവത്തില്‍ ഇന്നലെ സുപ്രീംകോടതിക്കുണ്ടായ നടുക്കവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

ആക്ടിവിസ്റ്റ് എന്നാല്‍ ആന്റി-സോഷ്യല്‍ എന്ന ഫാസിസ്റ്റ് നിര്‍വചന നിര്‍മ്മിതിയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി.

വരവര റാവുവിനെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊണ്ട് ഭാരതത്തിലെ ജയിലുകള്‍ നിറയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയെന്ന വിലാസം തന്നെ ഭാരതത്തിന് നഷ്ടമാവുന്നു. വിയോജിപ്പും വിമര്‍ശനവും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുമ്പോഴും എതിരു പറയുന്നവരെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരത ഇന്ത്യയില്‍ തുടരുമ്പോള്‍ ഇനിയും സ്റ്റാന്‍സ്വാമിമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in