കേരളത്തിലെ ക്രിസ്ത്യൻ-മുസ്ലിം സാമൂഹികവിരോധത്തിന്റെ പ്രശ്നവും പരിഹാരവും

കേരളത്തിലെ ക്രിസ്ത്യൻ-മുസ്ലിം സാമൂഹികവിരോധത്തിന്റെ  
പ്രശ്നവും പരിഹാരവും
Summary

ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിൽ വിശ്വാസപരമായി വലിയ ബന്ധമുണ്ടെന്ന് എന്ന് എപ്പോഴും പറയാറുണ്ട്. ഖുർആനിൽ ഒരു സ്ത്രീയുടെ പേരിൽ മാത്രമേ ഒരു അദ്ധ്യായം ഉള്ളു എന്നും അത് യേശുവിന്റെ 'അമ്മ കന്യാമറിയത്തിന്റെ പേരിലാണെന്നും മുസ്ലിംകളോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ ക്രിസ്ത്യാനികൾ ആണെന്നും എടുത്തു പറയാറുണ്ട്

എന്‍.പി ആഷ്‌ലി എഴുതുന്നു

കോഴിക്കോടിന്റെ കിഴക്കേ ഭാഗത്തു കിടക്കുന്ന കർഷകഗ്രാമമായ മുക്കം-കാരശ്ശേരി ഭാഗത്തു ജനിച്ചു വളർന്ന എനിക്ക് രണ്ടു തരം സാമൂഹികവിരോധങ്ങൾ (social antagonism) ആണ് ചെറുപ്പത്തിൽ കണ്ടു പരിചയം. അതിൽ പ്രധാനം ഇ കെ സുന്നി എന്ന് വിളിക്കപ്പെടുന്ന ഇ കെ അബൂബക്കർ മുസ്ലിയാരുടെ പേരിൽ അറിയപ്പെടുന്ന സുന്നി വിഭാഗവും അതിൽ നിന്ന് വേറിട്ട് പോയി വേറെ ഒരു ഗ്രൂപ്പ് ആയി മാറിയ എ പി അബൂബക്കർ മുസ്ലിയാരുടെ ഗ്രൂപ്പും തമ്മിലുള്ള തർക്കങ്ങൾ ആയിരുന്നു. കാരശ്ശേരിയിലെ പള്ളിയിൽ ജുമുഅ നടക്കുമ്പോൾ അടിയും കല്ലേറും ഉണ്ടായതും കുറെ അറസ്റ്റ് നടന്നതും അടക്കമുള്ള സംഭവങ്ങൾ മാത്രമല്ല, രണ്ടു സംഘടനകളും തമ്മിൽ ഒരു ദൈനംദിനവിരോധം തന്നെ കണ്ടിട്ടുണ്ട്. തറവാട്ടുകാരും ഗൾഫുകാരും തമ്മിലുള്ള സാമ്പത്തിക-സാമൂഹിക വൈരുധ്യങ്ങൾ ആണ് ഇവയുടെ അടിത്തറ എന്നാണു തോന്നിയിട്ടുള്ളത്.

എന്നാൽ അത് പോലെ മറ്റൊന്ന് കണ്ടിട്ടുള്ളത് തെക്കന്മാരായ ക്രിസ്ത്യാനികളോട് പലപ്പോഴും നാട്ടുകാർ കാണിച്ചിരുന്ന എതിരാണ്. സ്റ്റെയ്റ്റ്കാർ എന്ന് വിളിക്കുന്ന കുടിയേറ്റ ക്രിസ്ത്യാനികളെക്കുറിച്ചു എന്തിനാണെന്നറിയില്ല അത്യാവശ്യം വില്ലന്മാരാണെന്നു ഒരു കാഴ്ചപ്പാട് ഞാൻ പൊതുവെ ഞങ്ങളുടെ ഭാഗത്തുള്ള മുസ്ലികളിൽ കണ്ടിട്ടുണ്ട്.
ക്രിസ്ത്യാനിയായ ഒരാൾ ചെയ്ത സഹായങ്ങളെക്കുറിച്ചു ഉമ്മ സംസാരിക്കവെ വീട്ടിൽ പണിക്കു സഹായിക്കുന്ന ദളിത് സ്ത്രീ പറഞ്ഞത് "ചേട്ടന്മാർ നന്നാവാൻ ഇടങ്ങേറാ. നന്നായാൽ വല്ലാണ്ട് നന്നാവും' എന്ന് പറഞ്ഞാണ്. ക്രിസ്ത്യാനിയായിട്ടും നന്നാവുന്നവർ ഉണ്ട്; ക്രിസ്ത്യാനി ആയതു കൊണ്ട് മോശം ആവുന്നവരും- അതാണ് ചട്ടക്കൂട്.
ഭൂമി കയ്യേറുന്നവർ, സ്വാർത്ഥർ, "മിടുക്കുള്ളവർ" (പോസിറ്റീവ് അർത്ഥത്തിൽ അല്ല). അങ്ങിനെ പോവും തെക്കൻ വിരോധവും അച്ചായവിരോധവും. സാമ്പത്തികമായി ഒരു സുഹൃത്ത് പറ്റിച്ചതിനെപ്പറ്റി പറഞ്ഞപ്പോൾ കേട്ട രണ്ടാളുകൾ എടുത്തവായിക്കു ഇങ്ങോട്ടു ചോദിച്ചത് "അച്ചായന്മാരാവും അല്ലെ?" എന്നാണ്. കഥാപാത്രം കോഴിക്കോട്ടുകാരൻ മുസ്ലിം മാപ്പിള ആയിരുന്നു എങ്കിലും.

തീയന്മാരോടോ നായന്മാരോടോ നാട്ടിൽ ഈ പ്രശ്നമില്ല. വലിയ ബന്ധവുമാണ്. പിന്നെ സമൂഹത്തിൽ മൊത്തത്തിൽ ഉള്ള ഒരു ദളിത് വിരുദ്ധത ചിലപ്പോ പ്രത്യക്ഷപ്പെടും. അത് കച്ചവടം ചെയ്തോ ഗൾഫിൽ പോയോ പണമുണ്ടാക്കിയ ദളിത് മുസ്ലിംകളിൽ പോലും കണ്ടിട്ടുമുണ്ട്.
കുടിയേറ്റക്കാരുടെ മക്കൾക്ക് പഠിക്കാൻ വേണ്ടി 1956ൽ ഉണ്ടാക്കിയ ദേവഗിരി കോളേജിൽ ആണ് ഞാൻ ഡിഗ്രി പഠിച്ചത്. അവരിൽ അന്ന് ഞാൻ മാപ്പിള വിരോധമോ ഹിന്ദു വിരോധമോ മലബാർ വിരോധമോ കേട്ടിട്ടില്ല.
അതെ സമയം പിന്നീട് അടുത്ത സുഹൃത്തായ ഒരു ക്രിസ്ത്യൻ സുഹൃത്ത് പറഞ്ഞത് കേരളം വിടുന്നതുവരെ അയാൾക്കു മുസ്ലിംകളെ കണ്ടു കൂടായിരുന്നു എന്നാണ്. എല്ലാ പ്രശ്നങ്ങളും മുസ്ലിംകൾ ഉണ്ടാക്കുന്നതാണ് എന്നയാൾ വിശ്വസിച്ചിരുന്നു എന്നും പറഞ്ഞു. കോട്ടയത്തൊക്കെ ഏതെങ്കിലും മുസ്ലിം ഗൾഫിൽ പോയി കാശുണ്ടാക്കി വീടോ കടയോ വാങ്ങുമ്പോൾ വാങ്ങുന്നതിന്റെ ഭീതി അവിടെ നിന്നുള്ള ക്രിസ്ത്യാനികളുടെ വാക്കുകളിൽ ഞാൻ കേട്ടിട്ടുണ്ട്. മുസ്ലിംപ്രണയപ്പേടിയും ഏറ്റവുമധികം കാണിക്കുന്നതും ഇക്കൂട്ടർ തന്നെ. നായന്മാരുടെ കാര്യം അങ്ങിനെ അറിഞ്ഞുകൂടാ, തെക്കൻ ഈഴവർക്ക്‌ മാപ്പിള സമുദായത്തോട് എന്നും ഒരു കൃത്യമായ ഒരു കമ്മ്യൂണിക്കേഷൻ ഉണ്ട് എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. തെക്കു നിന്നുള്ള മുസ്ലിംകൾക്കിടയിൽ ക്രിസ്ത്യൻ വിരോധം ഞാൻ കണ്ടിട്ടുമില്ല.
മലബാറിലെ മുസ്ലിംകള്ക്കിടയിലെ കുടിയേറ്റക്രിസ്ത്യൻ വിരോധവും തെക്കൻ ഭാഗത്തെ ക്രിസ്ത്യാനികൾക്കിടയിലെ മുസ്ലിം വിരോധവും ഇങ്ങനെ പല തലത്തിൽ കണ്ടിട്ടുണ്ടെങ്കിലും അവ വ്യാപകമായി ഒരു തിരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെട്ടു കണ്ടത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും ആണ്.
അതിന്റെ ഭീകരമായ മുഖം കണ്ടത് ഇസ്രായേൽ-പലസ്തീൻ സംഘർഷ സമയത്താണ് എങ്കിൽ അതിന്റെ ഏറ്റവും പരിഹാസ്യമായ വശം കണ്ടത് മ്യാൻമറിൽ പട്ടാളം ഭരണം പിടിച്ചെടുത്തതോടെ ജീവന് രക്ഷിക്കാനായി മ്യാൻമർ ക്രിസ്ത്യാനികൾ പലായനം ചെയ്യുന്നു എന്ന വാർത്തയുടെ അടിയിൽ കണ്ട കമന്റുകൾ ആണ്: ആദ്യം റോഹിങ്ക്യൻമുസ്ലിംകളും ഇപ്പോൾ അവിടുത്തെ ക്രിസ്ത്യാനികളും ബുദ്ധിസ്റ്റ് ഭൂരിപക്ഷതയുടെ ഇരകൾ ആണ്. ആ വാർത്തക്ക് താഴെയാണ് കേരളത്തിലെ മുസ്ലിംകളും ക്രിസ്ത്യാനികളും പോയി അടി കൂടിക്കൊണ്ടിരിക്കുന്നത്. അത്രക്കുണ്ട് പരസ്പരവിദ്വേഷം.

മതപരമായ വീക്ഷണങ്ങളോ ആഗോള ചരിത്രമോ ഉപയോഗിച്ച് വിശദീകരിച്ചു തീർക്കേണ്ടതോ തീർക്കാവുന്നതോ അല്ല ഇന്നത്തെ ഈ പുതിയ "ക്രിസ്ത്യൻ-മുസ്ലിം" സാമൂഹിക വിരോധം എന്നാണ് എനിക്ക് തോന്നുന്നുത്.

പാരസ്പര്യമോ ശത്രുതയോ? ചരിത്രവും വർത്തമാനവും


ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിൽ വിശ്വാസപരമായി വലിയ ബന്ധമുണ്ടെന്ന് എന്ന് എപ്പോഴും പറയാറുണ്ട്. ഖുർആനിൽ ഒരു സ്ത്രീയുടെ പേരിൽ മാത്രമേ ഒരു അദ്ധ്യായം ഉള്ളു എന്നും അത് യേശുവിന്റെ 'അമ്മ കന്യാമറിയത്തിന്റെ പേരിലാണെന്നും മുസ്ലിംകളോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ ക്രിസ്ത്യാനികൾ ആണെന്നും എടുത്തു പറയാറുണ്ട്. പല കാര്യങ്ങളിലും ഒരു പാട് സമാനതകളും ഉണ്ട് താനും (അവയൊക്കെ ഭൂമിശാസ്ത്രപരം കൂടി ആണ്).
എന്നാൽ ചരിത്രത്തിൽ അധികാരത്തിന്റെ വഴികൾ മറ്റു പലതുമായിരുന്നു. ലോക മേധാവിത്വത്തിനു വേണ്ടി ശ്രമിച്ച ക്രിസ്ത്യാനികളും മുസ്ലിംകളും തങ്ങൾ എന്തോ മത സേവനം ചെയ്യുകയാണെന്ന് എപ്പോഴും ഭാവിച്ചിരുന്നു (ലോകത്തിന്റെ സിംഹഭാഗവും ഈ രണ്ടു മതത്തിലും പെട്ടവരായ രാജാക്കന്മാർ ഭാഗം വെച്ചതായിരുന്നു എന്ന് തോന്നും മധ്യകാലത്തിലെ ലോകക്രമം കണ്ടാൽ). അങ്ങിനെ ആണ് കുരിശുയുദ്ധങ്ങൾ ഉണ്ടായത്. അതിന്റെ അലയൊലികൾ ലോക ചരിത്രത്തിൽ ഒരു പാട് കാലം നിലനിന്നു എന്നും കാണാം.
പോര്ടുഗീസ്കാരുടെ ആക്രമണങ്ങൾക്കെതിരെ സാമൂതിരിയുടെ പട നയിക്കുന്ന മുസ്ലിംകളുടെ ഉദാഹരണവും ഒരു ഹിന്ദു രാജാവ് മുസ്ലിംകൾക്ക് നൽകുന്ന സംരക്ഷണത്തെപ്പറ്റി കാവ്യം അറബികൾ വായിക്കാൻ വേണ്ടി അറബിയിലെഴുതുന്ന കോഴിക്കോട്ടെ മുസ്ലിം പണ്ഡിതന്റെ ഉദാഹരണവും കേരളീയ പാരസ്പര്യം മാത്രമല്ല, കുരിശുയുദ്ധത്തിന്റെ ശേഷിപ്പുകൾ കൂടി അതിലുണ്ടെന്ന് വിചാരിക്കണം.
എന്നാൽ മതപരമായ വീക്ഷണങ്ങളോ ആഗോള ചരിത്രമോ ഉപയോഗിച്ച് വിശദീകരിച്ചു തീർക്കേണ്ടതോ തീർക്കാവുന്നതോ അല്ല ഇന്നത്തെ ഈ പുതിയ "ക്രിസ്ത്യൻ-മുസ്ലിം" സാമൂഹിക വിരോധം എന്നാണ് എനിക്ക് തോന്നുന്നുത്.
കുടിയേറ്റ ക്രിസ്ത്യാനികൾ ആവട്ടെ, തെക്കൻ മുസ്ലിംകൾ ആവട്ടെ, രണ്ടു കൂട്ടരും പ്രാദേശികമായി ന്യൂനപക്ഷങ്ങൾ ആണ്. അവർക്കെതിരെയുള്ള ലോകബോധം അതതു പ്രദേശങ്ങളിലെ ഭൂരിപക്ഷ, അധീശ സമുദായവിഭാഗങ്ങളിൽ നിന്ന് വരുന്നതും ആണ്.

കുടിയേറ്റക്കാർക്കെതിരെയുള്ള വിരോധവും പുതുപ്പണക്കാർക്കെതിരെയുള്ള വികാരവും ജന്മിത്വത്തിന്റെ സാമൂഹികമൂല്യങ്ങളിൽ അധിഷ്ടിതമാണ്. നിലനിൽക്കുന്ന സാമൂഹികക്രമത്തെ അനിവാര്യമാണെന്ന് തോന്നിക്കുക, അതിനെക്കുറിച്ചു വൈകാരികത ഉണ്ടാക്കി അത് ആവർത്തിപ്പിക്കുക, പുതുതായി വരുന്ന സാമ്പത്തിക മൂലധനത്തെ ഒരു ഭാഗത്തു സാമ്പത്തികമായി ഉപയോഗപ്പെടുത്തുമ്പോൾ തന്നെ സാമൂഹികമായി ദുഷ്ടവൽക്കരിക്കുക- ഇവയൊക്കെ ആണ് ലോകത്തെവിടെയും സ്ഥിരം പരിപാടി. ഈ സാമൂഹിക-സാമ്പത്തിക യാഥാർഥ്യങ്ങളെ സാമുദായികാവൽക്കരിച്ചു, സംസ്ഥാനവൽക്കരിച്ചു അദൃശ്യവൽക്കരിക്കുന്നു എന്നതാണ് കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.


സമകാലികരാഷ്ട്രീയത്തിന്റെ പങ്ക്


ഇതിൽ രാഷ്ട്രീയക്കാർക്കുള്ള കുറ്റകരമായ പങ്കിനെ ചൂണ്ടിക്കാണിക്കാതിരിക്കാൻ ആവില്ല.
തുർക്കി എന്ന മുസ്ലിം ഭൂരിപക്ഷരാഷ്ട്രത്തിലെ ഉർദുഗാൻ എന്ന ഇസ്ലാമിസ്റ്റ് അവിടുത്തെ ഒരു മ്യൂസിയം പിന്നെയും മുസ്ലിം പള്ളി ആക്കിയപ്പോൾ അതിനെ പിന്തുണച്ച പാണക്കാട് സാദിഖ്അലി തങ്ങളുടെ ലേഖനം വലിയ തോതിൽ ക്രിസ്ത്യാനികളെ മുസ്ലിംകളിൽ നിന്ന് അകറ്റാൻ കാരണമായിട്ടുണ്ട്.
ഉർദുഗാനെ പിന്തുണക്കുക എന്നത് തികച്ചും പ്രാദേശികമായി ന്യൂനപക്ഷശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിനെപ്പോലുള്ള ഒരു പാർട്ടിക്ക് സാധ്യമല്ല. ലക്ഷദ്വീപിൽ മുസ്ലിംകൾ മാത്രമാണ് ഉള്ളത് എന്നത് കൊണ്ട് അവിടെ ലീഗ് തുടങ്ങരുത് എന്ന തീരുമാനം കണ്ടാൽ അറിയാം ന്യൂനപക്ഷരാഷ്ട്രീയത്തെ ലീഗ് എങ്ങിനെ മനസ്സിലാക്കിയിരുന്നു എന്ന്. അങ്ങിനെ ഒരു പാർട്ടിക്ക് ഉർദുഗാനെപ്പോലെയുള്ള ഒരാളെ പിന്തുണക്കാൻ ഒരിക്കലും ആവാൻ പാടില്ല.
ആ ലേഖനം വലിയൊരു തെറ്റായിരുന്നു എന്ന് ലീഗിനും സാദിഖലി തങ്ങൾക്കും തന്നെ മനസ്സിലായി എന്നത് അവരുടെ പിന്നീടുള്ള പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ അത് തുറന്നു പറഞ്ഞു ഖേദം പ്രകടിപ്പിച്ചു ,മാറുക എന്ന നീതിപൂർവവും ആത്മവിശ്വാസമുള്ളതുമായ കാൽവെയ്പ് ആ ഭാഗത്തു നിന്നുണ്ടായില്ല.
ഇവിടെയാണ് ലീഗും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സൈദ്ധാന്തികവൈരുധ്യം: ഉർദുഗാനെപ്പോലുള്ള ഒരു ഭൂരിപക്ഷതാവാദിയെയും അവിടത്തെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ വിഷമിപ്പിക്കുകയും ചെയ്ത നടപടിയെയും ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ വിഭാവനത്തിലുള്ള ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തുടക്കം എന്ന് കണ്ടു പിന്തുണച്ചു. ഇത്രയും വലിയ ആശയപരമായ വൈപരീത്യം നിലനിൽക്കുമ്പോഴും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ താല്പര്യത്തിൽ, സുന്നി-മുജാഹിദ് വിഭാഗങ്ങളുടെ എതിർപ്പിനെ ഒരു അരികിലാക്കി, നടന്ന കുറച്ചു കാലം മാത്രം നിലനിന്ന തിരഞ്ഞെടുപ്പ് ക്രമീകരണം ലീഗിന്റെ പൈതൃകത്തെയും ചിന്തയെയും തന്നെ തള്ളിക്കളയുന്നതായിരുന്നു. അത് ഈ അന്താരഷ്ട്രപ്രശ്നം പ്രാദേശികതലത്തിൽ വർഗീയവൽക്കരിക്കപ്പെടാൻ വലിയ കാരണം ആയിട്ടുണ്ട്.

ഇനി ഹിറ്റ്ലർ ജൂതചെറുപ്പക്കാരെക്കുറിച്ചു പറഞ്ഞതിൽ നിന്ന് നേരിട്ട് കോപ്പി അടിച്ച, ഏറ്റവും സ്ത്രീവിരുദ്ധവും ഫ്യുഡലുമായ ലവ് ജിഹാദെന്ന സംജ്ഞയെ സാധൂകരിച്ച ജോസ് കെ മാണി തെക്കൻ കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ അണികൾക്കിടയിൽ നടക്കുന്ന വംശീയതയെ നിർവീര്യമാക്കുന്നതിനു പകരം അതിനെ ഉപയോഗപ്പെടുത്തുക ആയിരുന്നു. ഇതിന്റെ ഒപ്പം നിൽക്കുകയും താൽക്കാലിക ആവശ്യത്തിന് വേണ്ടി സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന വാക്കുകൾ സി പി എം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായി. സാമുദായിക ശാക്തീകരണത്തിൽ വിശ്വസിക്കുന്ന ലീഗോ കേരള കോൺഗ്രെസ്സോ പല ജാതിമതസ്ഥർ ഒരുമിച്ചു വരുന്ന സി പി എമ്മോ വർഗീയത എന്ന ഇതരമത വെറുപ്പിനെ പ്രത്യയശാസ്ത്രം എന്ന നിലക്ക് പിന്തുണക്കുമെന്ന് വിചാരിക്കാൻ ആവില്ല. പിന്നെ കാലികമായി ആവശ്യമുണ്ടെങ്കിൽ അതെടുത്തു ഉപയോഗിക്കാൻ ഇവർക്ക് പ്രത്യേകിച്ച് മനസ്സാക്ഷിക്കുത്തില്ലെന്നു മാത്രം.

എൻ പി ആഷ്‌ലി
എൻ പി ആഷ്‌ലി
മതേതരത്വം ഒരു ആശയധാര ആവുന്നതിനു മുമ്പ് അത് മനുഷ്യരുടെ സഹവാസത്തിൽ അധിഷ്ഠിതമായ ഒരു യാഥാർഥ്യമാണ്. ആ ജീവിതാനുഭവത്തിനു ആശയരൂപം കിട്ടുന്നത് പിന്നീടാണ്. അത് കൊണ്ട് സഹവാസത്തിനുള്ള വഴികൾ ഉണ്ടാക്കുക, തുറന്നു സംസാരിക്കാനും സമൂഹത്തെ മനസ്സിലാക്കാനും ഉള്ള ശ്രമങ്ങൾ നടത്തുക ഇവയാണ് ആദ്യത്തെ ആവശ്യം.

ഓർമയിൽ നിന്നുള്ള പരിഹാരം

നാട്ടിലെ പൊതുവായ ക്രിസ്ത്യൻ വിരോധം വളരെയൊന്നും ബാധിക്കാത്ത കുടുംബം ആയിരുന്നു ഞങ്ങളുടേത്. അതിനു കാരണം വീടിന്റെ അടുത്തുള്ള ഗീതേച്ചി എന്ന ഉമ്മയുടെ ഓഫീസിലെ സഹപ്രവർത്തകയും അടുത്ത സുഹൃത്തും ആയുള്ള കുടുംബബന്ധമായിരുന്നു. ചാമ്പക്ക പറിക്കാനും ടി വി കാണാനും ഉറയൊഴിക്കാൻ തൈര് വാങ്ങാൻ പോയും ആ വീട്ടിൽ സ്ഥിരക്കാരായിരുന്നു ഞാനൊക്കെ (സാക്ഷാൽ പി ടി ചാക്കോയുടെ അനിയൻ, വക്കീൽ എന്ന് വിളിച്ചിരുന്ന പി ടി തോമസിന്റെ മകളാണ് ഗീതേച്ചി). പിന്നെ അഗസ്ത്യമുഴിയിലെ താഴക്കോട് എ യു പി സ്കൂളിൽ ഞങ്ങളുടെ അധ്യാപകർ, ജോൺ മാഷ്, മേരി ടീച്ചർ, റോസ് മേരി ടീച്ചർ, സിസിലി ടീച്ചർ മിക്കവരും ക്രിസ്ത്യാനികൾ. കാപ്പിയും കേക്കും എന്ത് കൊണ്ടോ ക്രിസ്ത്യൻ ഐറ്റങ്ങൾ ആയിരുന്നു എനിക്ക് ചെറുപ്പകാലത്ത്.

യൂണിവേഴ്സിറ്റിയിലെ താമസക്കാലത്തു ഏറ്റവും ബന്ധം മാണിച്ചായന്റെ കുടുംബവുമായിട്ടാണ്. ദേവഗിരിക്കാലത്തും സ്റ്റീഫൻസ് കാലത്തും നിറയെ ക്രിസ്ത്യൻ സുഹൃത്തുക്കൾ. ദയാപുരത്തെ കാര്യങ്ങൾക്ക് വേണ്ടി ദിവസം മിനിമം ഒരു പ്രാവശ്യമെങ്കിലും വിളിക്കുന്ന ടിജി എബ്രഹാം- അവിടുത്തെ നടത്തിപ്പിന്റെ ഓൾ ഇൻ ഓൾ. അങ്ങിനെ ക്രിസ്ത്യാനികൾ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്.

ഇത് തന്നെ ആണ് വൈകി മാത്രം മുസ്ലിംകളെ പരിചയപ്പെടുകയും അവരെ സുഹൃത്തുക്കൾ ആക്കുകയും ചെയ്ത ക്രിസ്ത്യാനികളും പറഞ്ഞു കേട്ടിട്ടുള്ളത്. വ്യക്തിപരമായ അനുഭവം നടക്കുന്ന ചർച്ചകളിൽ നിന്ന് എത്ര വ്യത്യസ്തമാണ്. സഹവാസം അതുകൊണ്ടു തന്നെ പ്രധാനമാണ്.

മതേതരത്വം ഒരു ആശയധാര ആവുന്നതിനു മുമ്പ് അത് മനുഷ്യരുടെ സഹവാസത്തിൽ അധിഷ്ഠിതമായ ഒരു യാഥാർഥ്യമാണ്. ആ ജീവിതാനുഭവത്തിനു ആശയരൂപം കിട്ടുന്നത് പിന്നീടാണ്. അത് കൊണ്ട് സഹവാസത്തിനുള്ള വഴികൾ ഉണ്ടാക്കുക, തുറന്നു സംസാരിക്കാനും സമൂഹത്തെ മനസ്സിലാക്കാനും ഉള്ള ശ്രമങ്ങൾ നടത്തുക ഇവയാണ് ആദ്യത്തെ ആവശ്യം.

പിന്നെ സാമൂഹിക-സാമ്പത്തിക കാരണങ്ങൾ പ്രത്യയശാസ്ത്രപരമായി മനസ്സിലാക്കുക. ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾക്കുള്ളിലെ ദളിത്-പിന്നാക്ക-സ്ത്രീ ധാരകളെക്കൂടി അഭിമുഖീകരിക്കുകയും സാമൂഹ്യ യാഥാർഥ്യങ്ങൾക്കു പിന്നിലെ താല്പര്യങ്ങളെ വിശകലനം ചെയ്തു മാറ്റുന്നതിന് പകരം "ഞങ്ങൾ-നിങ്ങൾ" എന്ന പോരിലേക്കു കൊണ്ട് പോവുന്ന ഇരുഭാഗത്തുമുള്ള ആളുകൾ എല്ലാവരുടെയും നാശത്തിലേക്കാണ് നയിക്കുക.

പിന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ കാര്യം പറയുമ്പോൾ മുസ്ലിംകളെ മാത്രം പറയുക എന്നത് അമിത് ഷായുടെ ആവശ്യമാണ്. പിന്നെ ഇസ്ലാമിസ്റ്റുകളുടെയും. 1947 ഇന് ശേഷം ഇന്ത്യയിൽ ഏറ്റവും കൊല്ലപ്പെട്ട ന്യൂനപക്ഷം എണ്ണം കൊണ്ട് സിഖുകാരാണ്. ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുത്വത്തിനും ഇപ്പോഴത്തെ സർക്കാരിനും എതിരായ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ക്രിസ്ത്യാനികളാണ്. (ഒന്നാം മോഡി ഭരണം തുടങ്ങിയ ആദ്യം ആക്രമിക്കപ്പെട്ടത് ക്രിസ്ത്യൻപള്ളിയും ഗുഡ് ഗവേര്ണൻസ് ഡേ ക്കായി ഇല്ലാതാക്കിയത് ക്രിസ്തുമസ് അവധിയുമായിരുന്നു എന്നും ഓർക്കുക). ന്യൂനപക്ഷം എന്ന് പറയുമ്പോൾ അതിൽ ഇവരൊക്കെ ഉൾപ്പെടെണ്ടതുണ്ട്. അങ്ങിനെ ഒരു കാഴ്ചപ്പാട് മുസ്ലിംകൾക്കു അത്യാവശ്യമാണ്.

പിന്നെ ദേശീയമായ കാഴ്ചപ്പാട് കേരളത്തിലെ പല ക്രിസ്ത്യൻ സഭകളിലും ഇല്ല. അവർ കേരളത്തിലെ അവരുടെ അവസ്ഥ കൊണ്ടാണ് രാജ്യത്തെ അളക്കുന്നത്. അത് അവരുടെ ആലോചനയുടെ വലിയൊരു പാളിച്ചയായി തോന്നിയിട്ടുണ്ട്.

അവസാനമായി, സാമൂഹിക നീതിയുടെ പ്രശ്നമാണെങ്കിൽ അതൊരു ന്യൂനപക്ഷവിഷയമല്ല; സാമൂഹിക-സാമ്പത്തികതലങ്ങളിൽ ഉള്ള അവസ്ഥയുടെ പ്രശ്നമാണ്. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ എന്നീ മൂന്നു വിഭാഗങ്ങളിലെയും ദളിത്-പിന്നാക്കക്കാരെ പൊതുവായും വിശ്വാസിസമുദായങ്ങളിലെ പിന്നാക്കാവസ്ഥയുടെ പ്രശ്നങ്ങളെ പ്രത്യേകിച്ചും പരിഗണിച്ചും പരിഹാരം കാണേണ്ട വിഷയങ്ങൾ (ഇതിൽ പങ്കാളിത്തത്തിലും നേതൃത്വത്തിലും ആശയതലത്തിലും സ്ത്രീനീതി സുപ്രധാനമാണ്). ഈ സമുദായങ്ങളിലെ സവർണ-സമ്പന്ന ആണുങ്ങൾക്ക് മാത്രം എല്ലാം നൽകുന്ന ഇന്നത്തെ ചർച്ചയുടെ ചട്ടക്കൂട് തന്നെ നാം തള്ളിക്കളയേണ്ടതുണ്ട്.

ലോകത്തെ മുഴുവൻ അന്ധരാക്കുന്ന, എല്ലാവരെയും തോൽപ്പിച്ചു കൊണ്ട് മാത്രം ഇരിക്കുന്ന കരുണാരഹിതവും നീതിരഹിതവും ആയ അഭിനവയുദ്ധങ്ങൾ അവസാനിപ്പിക്കാൻ സമയമായില്ലേ എന്ന് ചോദിക്കാൻ ഞാൻ ആരുമല്ല. അങ്ങിനെ ഒരു ചോദ്യം പക്ഷെ അവിടെ ഉണ്ട് എന്ന് തന്നെ ഞാൻ വിചാരിക്കുന്നു...!

കേരളത്തിലെ ക്രിസ്ത്യൻ-മുസ്ലിം സാമൂഹികവിരോധത്തിന്റെ  
പ്രശ്നവും പരിഹാരവും
ഭീരുക്കളും ബലഹീനരുമായ നായകന്‍മാര്‍, പുതിയ മലയാള സിനിമ

Related Stories

No stories found.
logo
The Cue
www.thecue.in