ഇ എം എസിന്റെ ജീവിതം അത്തരമൊരു പോരാട്ടമായിരുന്നു

ഇ എം എസിന്റെ ജീവിതം അത്തരമൊരു പോരാട്ടമായിരുന്നു
Summary

അടിമുടി രാഷ്ട്രീയപോരാട്ടത്തിലേക്ക് എടുത്തെറിഞ്ഞ ആ കാലഘട്ടത്തിന്റെ ഉത്പന്നങ്ങൾക്ക് അതുകൊണ്ടുതന്നെ ആത്മകഥയും പാർട്ടിയുടെ ചരിത്രവും ഏതാണ്ട് ഒന്ന് തന്നെയായിരുന്നു. ഇ എം എസും അക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനായിരുന്നില്ല. പ്രമോദ് പുഴങ്കര എഴുതിയത്‌

സഖാവ് ഇ എം എസ് ദിനം; മാർച്ച് 19. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രം എങ്ങനെയൊക്കെയെഴുതിയാലും അതിന്റെ സകല പരിണാമ കാലങ്ങളിലും ആവർത്തിക്കുന്ന പേരായിരിക്കും ഇ എം എസിന്റേത്. രാഷ്ട്രീയം എന്നത് ഓരോ നിമിഷവും തുടരുന്ന അനുസ്യൂതമായ സംവാദ സംഘാതങ്ങളിലൂടെയാണ് വികസിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അതിന്റെ പരിമിതികൾക്കുള്ളിലും കേരളീയ സമൂഹത്തിൽ പൊതുവായും ഉറപ്പിച്ചെടുത്ത ധാരയായിരുന്നു ഇ എം എസിന്റേത്. ഒരു വ്യക്തി എന്ന നിലയിൽ ഇ എം എസിന്റെ രാഷ്ട്രീയ വളർച്ച ഇന്ത്യയുടെ ദേശീയ വിമോചന സമരത്തിനും അതിനെ ഉൾക്കൊണ്ടിരുന്ന വിശാലമായ സാർവ്വദേശീയമായ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിനൊപ്പവുമായിരുന്നു തുടങ്ങിയത്. വളരെ വേഗത്തിൽ അദ്ദേഹമടക്കമുള്ള നിരവധി കൊളോണിയൽ വിരുദ്ധ പോരാളികൾ അന്നത്തെ സാർവ്വദേശീയ പോരാട്ടങ്ങളിലേക്ക് അണിചേരുകയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ദേശീയ സ്വഭാവം സാർവ്വദേശീയതയുടെ ഒപ്പമോ കേഴിലോ നിൽക്കുന്ന ഒരു കാലമായിരുന്നു അതെന്നുള്ളതുകൊണ്ട് ആ തലമുറ കമ്മ്യൂണിസ്റ്റുകാർ അക്ഷരാർത്ഥത്തിൽ തൊഴിലാളിവർഗ സാർവ്വദേശീയതയുടെ വക്താക്കളായിരുന്നു. അടിമുടി രാഷ്ട്രീയപോരാട്ടത്തിലേക്ക് എടുത്തെറിഞ്ഞ ആ കാലഘട്ടത്തിന്റെ ഉത്പന്നങ്ങൾക്ക് അതുകൊണ്ടുതന്നെ ആത്മകഥയും പാർട്ടിയുടെ ചരിത്രവും ഏതാണ്ട് ഒന്ന് തന്നെയായിരുന്നു. ഇ എം എസും അക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനായിരുന്നില്ല.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടിയുടെ രാഷ്ട്രീയ നയപരിപാടികൾക്കും അതാത് കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനും വേണ്ടിയായിരുന്നു ഇ എം എസ് അടക്കമുള്ള നേതൃനിരയുടെ ബൗദ്ധികപ്രവർത്തനങ്ങൾ എല്ലാം തന്നെ. മൂർത്തമായ പ്രശ്നങ്ങളുമായി ദൈനംദിനം ഏറ്റുമുട്ടേണ്ടിവരുടെ സംഘടനാ പ്രവർത്തനത്തിന്റെ അമിയോണിസ്റ്റ് ജീവിതം ആവശ്യപ്പെടുന്ന സൈദ്ധാന്തിക പ്രവർത്തത്തിന് പിൽക്കാല മാർക്സിസ്റ്റ് അക്കാദമിക്കുകളിൽ കാണുന്ന തരം സമയത്തിന്റെ ആഡംബരമോ അപ്രായോഗികതയുടെ അപായസാധ്യതകളെക്കുറിച്ചുള്ള അലസവിസ്‌മൃതിയോ ഉണ്ടാകാൻ തരമില്ലായിരുന്നു.

അതുകൊണ്ടുതന്നെ സമരങ്ങളുടെ അനുബന്ധമോ പ്രയോഗരേഖകളോ ആയിരുന്നു അവരുടെ സൈദ്ധാന്തിക വ്യവഹാരങ്ങൾ. കമ്മ്യൂണിസ്റ്റ് പാർടി ഇന്ത്യയിലെ വിവിധ ദേശീയതകളെ സംബന്ധിച്ച നിലപാട് പ്രഖ്യാപിക്കുമ്പോഴാണ് ഇ എം എസ് National Question in Kerala -യും ഒന്നേകാൽ കോടി മലയാളികളും എഴുതുന്നത്. മാർക്സിസത്തിന്റെ പ്രയോഗ സാധ്യതയും സൈദ്ധാന്തിക വ്യാഖ്യാനങ്ങളും അന്നത്തെ ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാഹചര്യത്തിൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങൾക്ക് അനുസൃതമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലാതാകട്ടെ അത് സ്റ്റാലിൻ യുഗം എന്ന് വിളിക്കാവുന്ന സോവിയറ്റ് യൂണിയന്റെ വ്യാഖ്യാനങ്ങളായിരുന്നു. ഇന്നിപ്പോൾ വളരെ വിശദമായി ഇഴകീറി ശരി തെറ്റുകൾ കണ്ടെത്താമെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ മഹായുദ്ധവും ലോകത്തിലെ ഏക സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ ആഭ്യന്തര, വൈദേശിക ഭീഷണികളെ അതിജീവിച്ചു നിൽക്കാനുള്ള അസ്തിത്വ സംഘർഷങ്ങൾ എല്ലാം ചേർന്നുണ്ടാക്കിയ ചരിത്ര കാലത്തിന്റെ മൂർത്തമായ വെല്ലുവിളികളും എല്ലാം ചേർത്തുവേണം അക്കാലത്തെ വായിക്കാൻ. തീർച്ചയായും അത് പിഴവുകളേയോ പാഠങ്ങളേയോ മൂടിവെക്കേണ്ട തരത്തിലുള്ള രാഷ്ട്രീയാനുകൂല്യമാകരുത് എന്നത് മാർക്സിസ്റ്റ് പാഠമാണ്.

കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരത്തിൽ നിന്നും ഇന്ത്യൻ വിപ്ലവത്തിലേക്കുള്ള ഉടന്തടി ചാട്ടം കമ്മ്യൂണിസ്റ്റ് പാർട്ടിയെ അതിധീരമായ പോരാട്ടത്തിന്റെയും ചെറുത്തനില്പിന്റെയും വഴികളിലൂടെ നടത്തിയെങ്കിലും കൊൽക്കത്ത തീസിസിന്റെ ആകെത്തുക പാർട്ടിക്കേറ്റ വലിയ ക്ഷീണമായിരുന്നു. അവിടെനിന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം തപ്പിയും തടഞ്ഞുമാണെങ്കിലും ഇന്ത്യൻ സമൂഹത്തിലെ നിരന്തര സമര സാന്നിധ്യമായി തുടർന്നു. അതൊട്ടും എളുപ്പമായിരുന്നില്ല. എന്തുകൊണ്ട് വിപ്ലവം നടക്കുന്നില്ല എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വ്യാഖ്യാനിക്കുക എന്ന എളുപ്പവഴിയിൽ കയറി കുടുങ്ങിപ്പോയ സഖാക്കളിൽ പലരും പല പല കമ്മ്യൂണിസ്റ്റ് സകലങ്ങളായി പോയി. എന്നാൽ സി പി ഐ -സി പി എം പിളർപ്പ് അതായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ അനുചര സംഘമായി മാറിയതരത്തിലുള്ള പ്രതിലോമ രാഷ്ട്രീയത്തിലേക്ക് പിന്നീട് നടന്നടുത്ത സി പി ഐ നേതൃത്വത്തിന് മാർക്സിസമെന്നാൽ കോൺഗ്രസായി മാറിയതിന്റെ കൂടി ഫലമായിരുന്നു അത്. അതൊരു വിശദ വിഷയമാണ്, മറ്റു സമയത്തേക്ക്.

ഈ കാലങ്ങളിലെല്ലാം അതാത് കാലത്തേക്ക് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ സംഘടനാ, സൈദാനത്തിക വ്യവഹാരങ്ങൾ ഒന്നിച്ചുകൊണ്ടുപോകുക എന്ന വലിയ ചുമതല നിർവ്വഹിച്ച നേതൃത്വത്തിലെ ഏറ്റവും പ്രമുഖ കമ്മ്യൂണിസ്റ്റ് സാന്നിധ്യമായിരുന്നു സഖാവ്. ഇ എം എസ് . അതൊട്ടും എളുപ്പമുള്ള പണിയല്ല. പത്തരമാറ്റ് വിശുദ്ധിയുള്ള സിദ്ധാന്തത്തിന് ചില്ലുകൂട്ടിൽ എക്കാലത്തും തിളങ്ങുന്ന രാഷ്ട്രീയ ശരിയുടെ തൂക്കമൊപ്പിച്ച് ഇരിക്കാൻ കഴിഞ്ഞേക്കും. എന്നാലതിന്‌ വാസ്തവികതയുടെ കല്ലിൽ മാറ്റുരച്ചുനോക്കേണ്ടി വരുന്നില്ല.

ഇത് ഇന്ത്യയിൽ മാത്രം സംഭവിച്ച ഒന്നല്ല. ആഗോള കമ്മ്യൂണിസ്റ്റ് ചിന്താലോകത്തുതന്നെ ഇത്തരത്തിലുള്ള മാറ്റം പ്രകടമായി. ലെനിനും ട്രോട്സ്കിയും സ്റ്റാലിനും മാവോയും ഗ്രാംഷിയും എല്ലാം സൈദ്ധാന്തിക വ്യവഹാരങ്ങൾ കമ്മ്യൂണിസ്റ്റ് സംഘടനയുടെ ഭാഗമായാണ് നടത്തിയത്. കേവലമായ സൈദ്ധാന്തിക ശരികളുടെ ലോകം ഒരു വിനോദ വ്യവസായമായി മാറുമെന്നത് നാം കണ്ടുകൊണ്ടിരിക്കുന്നത് ഇതിന്റെ മറുപുറമാണ്.

എത്രയൊക്കെ ത്യാഗം ചെയ്താലും വ്യക്തിപരമായ കഷ്ടപ്പാടുകൾ സഹിച്ചാലും സത്യസന്ധനായാലും ഒരാൾ മാർക്സിറ്റാകണമെന്നില്ല. അതിനു political -economy യുടെ വിശകലനത്തിന് Marxian tools ഉപയോഗിക്കണം.

സ്റ്റാലിൻ യുഗത്തിനും സോവിയറ്റ് പാർട്ടിയിലെ ക്രൂഷ്ചേവ് കാല അപനിർമ്മാണത്തിനും ശേഷം സംഘടനയും സിദ്ധാന്തവും തമ്മിലുണ്ടാകേണ്ട, അല്ലെങ്കിൽ പ്രയോഗവും സിദ്ധാന്തവും തമ്മിലുണ്ടാകേണ്ട ഒഴിച്ചുകൂടാനാകാത്ത ബന്ധം ദുര്ബലമായിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരക്കാലത്ത് തൊട്ടുതന്നെ ഇത്തരംഭിക്കുകയും ചെയ്തിരുന്നു. ഫ്രാൻക്ഫര്ട് സ്‌കൂൾ അടക്കമുള്ള Western Marxist ധാര ഇത്തരത്തിലാണ് വികസിച്ചത്. അതെല്ലാം പൂർണമായും തെറ്റായിരുന്നു എന്നല്ല. അതിന്റെ ചരിത്രശേഷിപ്പിൽ സംഘടന ദുര്ബലമായിപ്പോയിരുന്നു എന്നാണ്.

ഈ ആഡംബരം ഇന്ത്യയിൽ ഇ എം എസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉപയോഗിച്ചില്ല. അതായത് കെ എം മാണിയും കെ കരുണാകരനുമായും രാഷ്ട്രീയ തർക്കങ്ങളിൽ ഏർപ്പെട്ടുകൊണ്ടു നടത്തുന്ന രാഷ്ട്രീയപ്രവർത്തനം തങ്ങളുടെ ബൗദ്ധിക, രാഷ്ട്രീയ വലിപ്പത്തെ ചെറുതാക്കുമെന്നു കരുതുന്ന തരത്തിൽ വ്യക്തിവാദത്തിൽ അവർ അഭിരമിച്ചില്ല എന്നതാണ് ശരി. ലെനിൻ പറഞ്ഞ മൂർത്ത സാഹചര്യങ്ങളുടെ മൂർത്ത വിശകലനത്തിൽ അവർക്ക് തെറ്റ് പറ്റിയിട്ടുണ്ട്.പി പക്ഷെ അത് നടത്തുന്നതിൽ അവരൊരിക്കലും അറച്ചുനിന്നില്ല എന്നതാണ് അവരെ കമ്മ്യൂണിസ്റ്റുകാരാക്കി മുന്നോട്ടു നടത്തിയത്. State and Revolution നു അനുബന്ധമായി ലെനിൻ എഴുതുന്നു, "വിപ്ളാവത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതാണ് അതിനെക്കുറിച്ച് എഴുതുന്നതിനേക്കാൾ ആഹ്ളാദകരവും ഉപയോഗപ്രദവും" എന്ന്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം അനിതരസാധാരണമായ പോരാട്ടങ്ങൾ നിറഞ്ഞതാണ്. അതിൽ വലിയ പിഴവുകളുണ്ടായിട്ടുണ്ട്. സോവിയറ്റ് പാർട്ടിയുടെ ജീര്ണതയും തുടർന്നുണ്ടായ തകർച്ചയും സംഘടനാ പരമായി ഉടനടി ബാധിച്ചില്ലെങ്കിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ആഗോളീകരണ കാലത്ത് മൂലധനാധിപത്യവുമായി സമരസപ്പെടാനുള്ള പ്രവണത അതിനുള്ളിൽ ശക്തമാണ്. സ്വയം വിശുദ്ധിയുടെ രൂപക്കൂട് പണിയാത്ത ഏതൊരു മാർക്സിസ്റ്റിനും ഇത്തരം വിഷയങ്ങളുമായി സംവദിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുക എന്നത് ദൈനംദിന രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

എത്രയൊക്കെ ത്യാഗം ചെയ്താലും വ്യക്തിപരമായ കഷ്ടപ്പാടുകൾ സഹിച്ചാലും സത്യസന്ധനായാലും ഒരാൾ മാർക്സിറ്റാകണമെന്നില്ല. അതിനു political -economy യുടെ വിശകലനത്തിന് Marxian tools ഉപയോഗിക്കണം. നിരന്തരമായി രാഷ്ട്രീയത്തിൽ പല രീതിയിൽ ഇടപെടണം. ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് എല്ലായ്പ്പോഴും രണ്ടു തരത്തിൽ സമൂഹവുമായി ഇടപെട്ടുകൊണ്ടിരിക്കും. ഒന്ന് മാർക്സിയൻ സൈദ്ധാന്തിക വിശകലനങ്ങളിലൂടെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെയും സാഹചര്യങ്ങളേയും ഇഴപിരിച്ചെടുക്കുന്നു. രണ്ട്, കമ്മ്യൂണിസ്റ്റ് സംഘടനയിലൂടെ ഓരോ രാഷ്ട്രീയ-സാമൂഹ്യ സന്ദർഭത്തിലും ആ വിശകലനങ്ങളെ പ്രായോഗികമാക്കുന്നു.

സഖാവ്. ഇ എം എസ് അതുകൊണ്ടുതന്നെ സമുന്നതനായ മാർക്സിസ്റ്റ്-ലെനിനിസ്റ്റായിരുന്നു. അദ്ദേഹത്തിന് പിഴവുകൾ പറ്റിയിട്ടുണ്ട്, കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം എന്നത് അത്‌ഭുതമില്ലാത്ത വാസ്തവമാണ്. എന്നാൽ ജീവിക്കുന്ന സമൂഹം അപ്രസക്തമാണെന്നും തങ്ങളെ ആഘോഷിക്കുന്ന കാലം വരുമെന്നുമുള്ള സ്വയം വിശുദ്ധ വാദികളുടെ രാഷ്ട്രീയമാണ് മാർക്സിസം എന്ന് തെറ്റിദ്ധരിപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയ ബോധവും ധീരതയും ഇ എം എസിനുണ്ടായിരുന്നു. നമ്മൾ ഉണർന്നതുകൊണ്ട് പ്രഭാതമായി ഏന് തെറ്റിദ്ധരിക്കാതിരിക്കുക എന്നതൊരു രാഷ്ട്രീയ പാഠമാണ്.

നിലനിൽക്കുന്ന ചൂഷണ രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥയെ പോരാട്ടങ്ങളാൽ ഉലച്ചുകൊണ്ടേയിരിക്കുക എന്നതൊരു കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ രാഷ്ട്രീയ കടമയാണ്. അത് തെരുവുകളിലും വ്യവസ്ഥയുടെ സ്ഥാപങ്ങൾക്കു നേരെയും അതിനുളിലും അതിന്റെ ആശയലോകത്തിനെതിരെയുമെല്ലാം ഒരേ സമയം നടക്കേണ്ടതുണ്ട്. ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആ പോരാട്ടം ഏറ്റെടുക്കുന്നയാളാണ്. സഖാവ് ഇ എം എസിന്റെ ജീവിതം അത്തരമൊരു പോരാട്ടമായിരുന്നു.

ഓർമ്മകൾക്ക് ലാൽസലാം !

The Cue
www.thecue.in