ക്രൈസ്തവർ മുസ്ലിംകൾക്ക് ആരാണ്?

ക്രൈസ്തവർ മുസ്ലിംകൾക്ക് ആരാണ്?

ആയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയ തുർക്കി പ്രസിഡന്റ് എർദോഗാൻറെ തീരുമാനം ക്രിസ്ത്യൻ-മുസ്ലിം മത വിഭാഗങ്ങളിൽ അകലത്തിനും ശത്രുതക്കും കാരണമായിരിക്കുന്നു. ഒരു ന്യൂനപക്ഷം ഇസ്‌ലാമിസ്റ്റുകളുടെയും ക്രിസ്ത്യൻ വലതുപക്ഷത്തിന്റെയും പ്രചാരണം മൂലം നമ്മുടെ കേരളത്തിലും ഈ രണ്ടു ന്യൂനപക്ഷവിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഇത് കാരണമായിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. ആ സാഹചര്യത്തിൽ 2009 ൽ ഇസ്‌ലാമിക് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുസ്ലിം ഭീകരവാദത്തിന്റെ തായ്‌വേരുകൾ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പുതുക്കിയ രൂപം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു)

2007 ഒക്ടോബർ 13 വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള 138 മുസ്ലിം പണ്ഡിതന്മാർ ചേർന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന് ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. ക്രിസ്തുമതത്തിനും ഇസ്ലാമിനുമിടയിൽ സമാനതകളുണ്ടെന്ന് പ്രഖ്യാപിക്കാനായിരുന്നു അവർ സമ്മേളിച്ചത്. ഞങ്ങൾക്കും നിങ്ങൾക്കുമിടയിലെ സമാനവാക്യം എന്നപേരിൽ തയ്യാറാക്കിയ ആ കത്തിലൂടെ, ലോകസമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ ഇരുകൂട്ടർക്കുമുള്ള പൊതുവായ ബാധ്യതയെക്കുറിച്ച് ഉണർത്തുകയും അതിനായി പോപ്പിനോട് അപേക്ഷിക്കുകയും ചെയ്തു.

ഈ കത്തുകിട്ടി ഒരുമാസത്തിനകം( 2007 നവംബർ 18) ന്യൂയോർക്ക് ടൈംസ് ഒരു മുഴുപേജ് പരസ്യം പ്രസിദ്ധീകരിച്ചു. ക്രൈസ്തവ മുഖ്യധാരയിലും ഇവാഞ്ചലിക്കൽ വിഭാഗത്തിലുംപെട്ട 300 ക്രിസ്തുമതനേതാക്കൾ നൽകിയ പരസ്യം. മുസ്ലിംകൾ അയച്ച അത്യസാധാരണമായ സന്ദേശത്തിന്‍റെ ഉള്ളടക്കത്തിലും ഉദ്ദേശ്യത്തിലും ആകൃഷ്ടരായതുകൊണ്ടായിരുന്നു ഇത്

കുരിശുയുദ്ധകാലത്തും ഭീകരതയ്ക്കെതിരെ യുദ്ധങ്ങൾ നടക്കുന്ന ഇക്കാലത്തും ക്രൈസ്തവർ മുസ്ലിം അയൽക്കാരോട് പാപം ചെയ്തിട്ടുണ്ടെന്ന് അതിൽ അവർ ഏറ്റുപറഞ്ഞു. നിങ്ങളുടെ കത്തിനോടുള്ള പ്രതികരണമായി നിങ്ങളുമായി ഹസ്തദാനം ചെയ്യുംമുമ്പ് പരമകാരുണികനോടും മുസ്ലിം സമൂഹത്തോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു എന്ന് അവർ പറഞ്ഞു. മഹാമനസ്കതയോടെ നിങ്ങളയച്ച സന്ദേശം വിനയത്തോടും പ്രതീക്ഷയോടും കൂടിയാണ് ഞങ്ങൾ കൈപ്പറ്റുന്നത്. സന്ദർഭോചിതമായി നിങ്ങൾ മുമ്പോട്ടുവച്ച ലക്ഷ്യങ്ങൾക്കായി മനസാവാചാകർമ്മണാ ശ്രമിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. (Communalism Combat Nov-Dec 2007)

അടുത്തദിവസം (2007 നവംബർ 19) ലോകസമാധാനത്തിന് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അപേക്ഷയെയും മേൽസന്ദേശത്തിന് പ്രചോദനമായ സദ്ചിന്തയെയും അങ്ങേയറ്റം വിലമതിക്കുന്നു എന്നും സമാനവാക്യത്തിന്(Common Word) പിറകിലുള്ള 138 പ്രമുഖരുടെ സംഘത്തെ വരവേൽക്കാൻ പോപ്പ് സന്നദ്ധനാണ് എന്നും വത്തിക്കാൻ പ്രസ്താവിച്ചു.


ഒരുവർഷംമുമ്പ് പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ, "ഇസ്ലാമും ആക്രമണവും തമ്മിൽ ചരിത്രപരമായിത്തന്നെ ബന്ധമുണ്ടെന്ന്" പ്രസ്താവിച്ചതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മുസ്ലിം പണ്ഡിതന്മാർ തുടങ്ങിവച്ച സൗഹൃദശ്രമം പരക്കെ ശ്ലാഘിക്കപ്പെട്ടു. അസഹിഷ്ണുതയുടെ ഘനാന്ധകാരം സാമൂഹികജീവിതത്തിലെ മുഴുവൻ തലങ്ങളെയും ഗ്രസിച്ചുകഴിഞ്ഞ വർത്തമാനസാഹചര്യത്തിൽ ഈ സംഭവങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഒരുപക്ഷേ പ്രവാചകനുശേഷം ലോക മുസ്ലിംകളും ക്രൈസ്തവസമൂഹവും തമ്മിൽ ഹസ്തദാനത്തിനായി കൈനീട്ടുന്ന ആദ്യത്തെ അനുഭവമാണിത്. തെറ്റുകളെക്കുറിച്ചുള്ള പശ്ചാത്താപവും മതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലെ ഐക്യബോധവും കൊണ്ട് സഫലമാകുവാൻ ധാരാളം സാധ്യതകളുള്ള ഈ തുടക്കം ഫലപ്രാപ്തിയിലെത്തുവാൻ ഉണർന്നു പ്രവർത്തിക്കുകയാണ് ആവശ്യം.

"കഴിഞ്ഞ ചില നൂറ്റാണ്ടുകളിലായി ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിൽ ശണ്ഠകളും യുദ്ധങ്ങളും ഉണ്ടായിരുന്നതുകൊണ്ട്, ഈ പാവനമായ സിനഡ് (കത്തോലിക്കാ സഭയുടെ ക്യാബിനറ്റ്) കഴിഞ്ഞതൊക്കെ മറക്കാനും അന്യോന്യം ധാരണ വളർത്താനും മാനവസമൂഹത്തിന്‍റെ ഗുണത്തിനുവേണ്ടി സാമൂഹ്യനീതിയും സദാചാരവും പ്രോത്സാഹിപ്പിക്കാനും എല്ലാവരോടും പറയുകയാണ്" എന്ന പോള്‍ ആറാമന്‍റെ ആഹ്വാനത്തിന്‍റെ തുടർച്ചയായി നമുക്കിതിനെ കാണാം.

ത്വാഇഫിലെ ജനങ്ങളാൽ തിരസ്കൃതനാവുകയും അതിക്രൂരം കല്ലെറിയപ്പെടുകയും ചെയ്ത സന്ദർഭത്തിൽ മുഹമ്മദ് നബി ചെയ്തതും ഇതിനു തുല്യമാണ്. ബന്ധം വിച്ഛേദിക്കുന്നവരോട് ബന്ധം ചേർക്കുകയും നിങ്ങൾക്ക് നൽകാൻ വിസമ്മതിക്കുന്നവർക്ക് നൽകുകയും നിങ്ങളോട് തെറ്റ് ചെയ്യുന്നവരോട് പൊറുക്കുകയും ആണ് ഏറ്റവും ഉത്തമമായ പെരുമാറ്റം എന്നാണദ്ദേഹം പറഞ്ഞത്

മറുപടിയുടെ സംഗ്രഹം

മുസ്ലിം പണ്ഡിതന്മാർ അയച്ച തുറന്ന കത്തിനു ക്രൈസ്തവനേതാക്കള്‍ നല്കിയ മറുപടി ഇങ്ങനെ സംഗ്രഹിക്കാം.

ക്രൈസ്തവ-മുസ്ലിം വിശ്വാസപ്രമാണങ്ങളിലെ സമാനതകള്‍ ഇരുമതങ്ങളുടെയും ഹൃദയത്തിലുള്ളതാണ്. ജൂതായിസത്തിന്‍റെ ഹൃദയത്തിലും അവയുണ്ട്.

ആഗോളഅടിസ്ഥാനത്തിൽ ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ആവശ്യം ക്രൈസ്തവ മുസ്ലിം സൗഹൃദം സാധിക്കുക എന്നതാണ്. ഇരുകൂട്ടരും പരസ്പരം നടത്തിയ സംഘട്ടനങ്ങളും അവർക്കിടയിലെ സംഘർഷങ്ങളും യുദ്ധങ്ങൾക്കുവരെ ഇടയാക്കിയതിന്റെ പ്രാഥമികമായ കാരണം ഒരിക്കലും മതപരമായിരുന്നില്ല. എങ്കിലും മതാവേശം അതിനുണ്ടായിരുന്നു. ലോകത്തിന്റെ ഭാവി ഇരുമതങ്ങൾക്കുമിടയിലെ സമാധാനത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

അത്ഭുതകരമെന്നു പറയട്ടെ ക്രിസ്തുമതത്തിന്‍റെയും ഇസ്ലാമിന്‍റെയും പ്രാഥമിക പ്രമാണമായി സന്ദേശത്തിൽ പറയുന്നത്, ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹമാണ്. അടിസ്ഥാനകാര്യങ്ങളിലുള്ള ഈ സമാനതകൾ നമുക്കിടയിലെ വൈകല്യങ്ങൾക്കും ബാഹ്യസമ്മർദ്ദങ്ങൾക്കും മധ്യേ ഒരുമിച്ചുനിൽക്കാനുള്ള അടിത്തറ നൽകുന്നു. ഇരുമതവിഭാഗങ്ങൾക്കുമിടയിൽ ആഴത്തിൽ സൗഹൃദം സാധ്യമാണെന്ന പ്രതീക്ഷ നൽകുന്നു. ദൈവശാസനകള്‍ക്കുപരിയായി മറ്റേതെങ്കിലും ഭരണാധികാരിയോ രാജ്യമോ സാമ്പത്തികതാല്പര്യമോ കടന്നുവന്ന്, നാമതിന് വിധേയരാകുമ്പോഴാണ് സംഘർഷങ്ങൾ ഉടലെടുക്കുന്നത്.

ഇസ്ലാമിൽ ദൈവം പരമകാരുണികനാണ്. ക്രിസ്തുമതത്തിൽ ദൈവം സ്നേഹമാണ്. സ്വയം ഇഷ്ടപ്പെടുന്നത് എന്തോ അത് തന്റെ അയല്ക്കാരനും ഇഷ്ടപ്പെടുവോളം നിങ്ങളിലാരും വിശ്വാസികളാവുന്നില്ല എന്ന് മുഹമ്മദ് നബിയും അയൽക്കാരനെ സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ലെന്ന് യേശുവും പറയുന്നു. സ്നേഹമാണു ദൈവമെങ്കിൽ നാം ആരാധിക്കുന്ന ദൈവത്തെ നാം അനുസരിക്കുകയാണ് ചെയ്യേണ്ടത്.

നീതിയും സമാധാനവും പ്രധാനമാണ് എന്ന് നിങ്ങളുടെ സന്ദേശത്തിൽ പറയുന്നതിനെ ഞങ്ങൾ പ്രശംസിക്കുന്നു. രണ്ടും ഹനിക്കപ്പെടുന്നിടത്ത് സ്നേഹവും ദൈവവും ഉണ്ടാകില്ല. ശത്രുവിനെ സ്നേഹിക്കാനും പീഡിതർക്കുവേണ്ടി പ്രാർത്ഥിക്കാനുമാണ് യേശു ഉപദേശിച്ചത്. അവസാനനിമിഷങ്ങളിൽപോലും അദ്ദേഹം പ്രാർഥിച്ചത് 'അവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല അവർക്ക് മാപ്പ് നൽകിയാലും' എന്നാണ്.

ത്വാഇഫിലെ ജനങ്ങളാൽ തിരസ്കൃതനാവുകയും അതിക്രൂരം കല്ലെറിയപ്പെടുകയും ചെയ്ത സന്ദർഭത്തിൽ മുഹമ്മദ് നബി ചെയ്തതും ഇതിനു തുല്യമാണ്. ബന്ധം വിച്ഛേദിക്കുന്നവരോട് ബന്ധം ചേർക്കുകയും നിങ്ങൾക്ക് നൽകാൻ വിസമ്മതിക്കുന്നവർക്ക് നൽകുകയും നിങ്ങളോട് തെറ്റ് ചെയ്യുന്നവരോട് പൊറുക്കുകയും ആണ് ഏറ്റവും ഉത്തമമായ പെരുമാറ്റം എന്നാണദ്ദേഹം പറഞ്ഞത്. ത്വാഇഫിൽനിന്ന് പ്രവാചകൻ പുറത്താക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അടുത്തുചെന്നു ഭക്ഷണം നൽകുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തത് അദ്ദാസ് എന്ന ക്രിസ്ത്യൻ അടിമയായിരുന്നു എന്നത് ഏറെ പ്രസക്തമാണ്.

ജന്മബന്ധം അറിയാതെ

ലോകം ഇന്ന് എത്തിച്ചേർന്ന സാമൂഹ്യഘടനയിൽ ഒരു രാജ്യത്തിനും വേറിട്ടുനിൽക്കുക സാധ്യമല്ല. ഇന്ന് ഓരോ വ്യക്തിയും ഭൂഗോളത്തിലെ അങ്ങേത്തലയ്ക്കുള്ള വ്യക്തികളുമായി ജീവിതം പങ്കുവയ്ക്കാൻ നിർബന്ധിതനാണ്. വിദ്യാഭ്യാസത്തിലും കൃഷിയിലും കച്ചവടത്തിലും വാർത്താവിനിമയത്തിലും കൊള്ള കൊടുക്കലുകളിലും വീട്ടിലും പുറത്തും അനുഭവിക്കുന്ന ജീവിതസൗകര്യങ്ങളിലുമൊക്കെ അവർ കടലുകൾക്കപ്പുറമുള്ള മനുഷ്യരുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. വ്യക്തിയും രാഷ്ട്രവും ഈ ബന്ധങ്ങളെ മനുഷ്യവർഗ്ഗത്തിന്‍റെ നന്മയ്ക്കും ക്ഷേമത്തിനുമായി പ്രയോജനപ്പെടുത്തണമെന്നതാണ് മാനവികമൂല്യബോധത്തിന്‍റെ താല്പര്യം. അന്താരാഷ്ട്രസമൂഹം അത്തരമൊരു മൂല്യബോധത്തിന്‍റെ മാഹാത്മ്യം തിരിച്ചറിയാൻമാത്രം ബുദ്ധിപരമായി വളർന്നിട്ടുണ്ട്. മുൻകാലങ്ങളിൽ ആ മട്ടിലുള്ള ബോധം പൊതുവായുണ്ടായിരുന്നില്ല. ശക്തിയും അധികാരവും ഉള്ളവർക്ക് എന്തുമാവാം എന്ന നിലയിലായിരുന്നു. ദുർബലരെ അടിമകളാക്കാനും അന്യരാജ്യങ്ങളെ വെട്ടിപ്പിടിക്കാനുമൊക്കെ അവർക്ക് അവകാശമുള്ളതായി ഗണിക്കപ്പെടുന്നു. അലക്സാണ്ടർ 'മഹാനാ'യത് അങ്ങിനെയാണ്. ഇന്ന് മാനവിക മൂല്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് ഉയർന്ന സങ്കൽപമുണ്ട്. വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും എങ്ങനെ പെരുമാറണമെന്നുള്ള രാഷ്ട്രാന്തരീയ നിയമങ്ങളുണ്ട്. ഐക്യരാഷ്ട്രസഭ ഉണ്ട്. ജനാധിപത്യ ഭരണസംവിധാനങ്ങളുണ്ട്. എന്നാൽ ഈ വ്യവസ്ഥകൾ മറികടന്നും വൻശക്തികൾ ബലഹീനരെ കയ്യേറ്റം ചെയ്യുന്നില്ലേ? ഉണ്ട്. അമേരിക്കയും വികസിതരാജ്യങ്ങളും ചെയ്യുന്നത് അതാണ്. അതുകൊണ്ടുതന്നെ അവരുടെ ചെയ്തികൾ അന്യായമാണെന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും ലോകമനസാക്ഷിയ ഉണർത്തുകയും പൊതുസമൂഹം ഒന്നായി വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. പല ഭരണാധികാരികളുടെയും പതനങ്ങൾക്കിടയാക്കുന്ന പ്രധാനഘടകംകൂടിയാണ് ജനങ്ങളുയർത്തുന്ന ഈ മൂല്യബോധം. സംശയമില്ല. ഇത്തരമൊരു പൊതുമനസ്സ് ഒരുപക്ഷേ മുൻകാലങ്ങളിൽ ദൃശ്യമായിരുന്നില്ല. ആധുനികമനുഷ്യന്റെ വളർച്ചയുടെ സവിശേഷതയായി നമുക്കിതിനെ വിലയിരുത്താവുന്നതാണ്. ഈ വഴിക്കുള്ള വളർച്ചയുടെ മികവിലും മനുഷ്യജീവിതത്തിന്‍റെ ക്ഷേമൈശ്വര്യങ്ങളും തകർച്ചയും ഇത്രമേൽ ബന്ധപ്പെട്ടിട്ടും അവർക്കിടയിൽ മത-ജാതി വിഭാഗീയമായ സങ്കുചിതത്വത്തിന് അയവ് വരുന്നില്ല. അത് നാൾക്കുനാൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. പ്രത്യേകിച്ച് മുസ്ലിംകളും ക്രൈസ്തവരും തമ്മിൽ. വേദക്കാർ എന്ന സംജ്ഞയിലൂടെ ഖുർആൻ അവരെയും ക്രിസ്ത്യാനികളെയും അംഗീകരിക്കുകയും പരസ്പരം (അനുരഞ്ജനത്തിന്‍റെ മാർഗ്ഗങ്ങളിലൂടെ) അടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഖുർആനിലെ പത്തൊമ്പതാം അധ്യായംതന്നെ മേരിയുടെ പേരിലാണ്- സൂറത്ത് മറിയം( മേരിയുടെ അധ്യായം) എന്ന്. യേശുവിന്റെയും മേരിയുടെയും കഥയും വ്യഥയും സത്യസ്ഥിതിയും സംയുക്തമായി ഈ അധ്യായം വിവരിക്കുന്നു. താത്വികമായി വേദക്കാർ എന്നനിലയിൽ ജൂതരും ക്രൈസ്തവരും ഖുർആനിക കാഴ്ചപ്പാടിൽ തുല്യരാണ്. ആ നിലയ്ക്കാണ് എല്ലാ അഭിസംബോധനങ്ങളും നടത്തിയിട്ടുള്ളത്. അക്കാലത്ത് റോമും പേർഷ്യയും തമ്മിൽ യുദ്ധം പതിവായിരുന്നു. ക്രൈസ്തവരായ റോമക്കാരോടൊപ്പമായിരുന്നു മുസ്ലിംകളുടെ മനസ്സ്. ആ ഇടയ്ക്ക് ഒരിക്കൽ ഒരു യുദ്ധത്തിൽ റോം പരാജയപ്പെട്ടു. മുസ്ലിംകൾ വല്ലാതെ ദുഃഖിച്ചു. റോമക്കാർ വൈകാതെതന്നെ പേർഷ്യക്കാരെ ജയിക്കുമെന്നും അന്ന് മുസ്ലിംകൾക്കു സന്തോഷിക്കാനാവുമെന്നും ഖുർആൻ(30:2-5 ആശ്വസിപ്പിക്കുകയുണ്ടായി. വേദക്കാരുമായുള്ള ബന്ധം വെറും വൈകാരികമായിരുന്നില്ല. കാരണം തോറയും ബൈബിളും ഖുർആനും അടിസ്ഥാനപരമായി ഒരേ തന്‍മരത്തിൽ മുളപൊട്ടിവളർന്ന ശാഖകളാണ്. ഏകദൈവവിശ്വാസം, സത്കർമാനുഷ്ഠാനം, പാരത്രികജീവിതം എന്നീ അടിസ്ഥാനങ്ങളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത്. മോശയും യേശുവും നബിയും വംശീയമായി ചെന്നെത്തുന്നത് ഇതേ ആശയം പ്രചരിപ്പിച്ച പ്രവാചകന്മാരിലൂടെ അബ്രഹാമെന്ന തങ്ങളുടെ മഹാനായ പൂർവ്വപിതാമഹനിലാണ്. ആശയപരമായും കുടുംബപരമായുമുള്ള ഈ ബന്ധങ്ങളത്രയും നിലനിർത്തണമെന്ന പ്രേരണ ഖുർആനിലുടനീളം കാണാം. ആദർശവ്യതിയാനങ്ങളെ കർശനമായി വിമർശിക്കുന്നതോടൊപ്പം സമാനതകൾ ചൂണ്ടിക്കാട്ടി പരസ്പരസൗഹൃദത്തിലേക്കും കൂട്ടായ പ്രവർത്തനങ്ങളിലേക്കും പ്രോത്സാഹിപ്പിക്കുകയാണ് ഖുർആൻ ശൈലി. ലോകജനസംഖ്യയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും ഐക്യത്തിലാണ് മനുഷ്യവർഗ്ഗത്തിന്‍റെ ഭാവി നിലകൊള്ളുന്നത്. നിരവധി സമാനതകളുള്ള ഈ വിഭാഗങ്ങൾ ഐക്യപ്പെടേണ്ടത് അതുകൊണ്ടുതന്നെ വിശ്വാസത്തിന്‍റെയും ലോക ക്ഷേമത്തിന്‍റെയും ആവശ്യമാണ്. ഇക്കാര്യം രാഷ്ട്രീയനേതൃത്വങ്ങൾ മറന്നേക്കും. പക്ഷേ ആത്മീയനേതൃത്വം ഒരിക്കലും മറന്നുകൂടാ. പ്രവാചകന്റെ കാലംമുതൽ ക്രൈസ്തവജനതയുടെനേരെ ഖുർആന്റെ പ്രേരണയ്ക്കനുസൃതമായ മനോഭാവം മുസ്‌ലിംലോകം പുലർത്തിവന്നിട്ടുണ്ട്. നബിയുടെ ശിഷ്യന്മാരായ നാലു ഖലീഫമാരും അതിനുശേഷം അമവി, അബ്ബാസി ഭരണകർത്താക്കളും ഈ സൗഹൃദം നിലനിർത്തുന്നതിന് ശ്രദ്ധിച്ചുവന്നതായി കാണാം. ഭരണതലത്തിലും മതസ്വാതന്ത്ര്യത്തിന്‍റെ മുഴുവൻ മേഖലകളിലും മുസ്ലിംകൾക്കു തുല്യമായ പരിഗണന പൊതുവേ അന്യമതവിഭാഗങ്ങൾ, വിശിഷ്യ ക്രൈസ്തവർ അനുഭവിച്ചുവന്നിട്ടുണ്ട്. പേർഷ്യയിൽ ക്രിസ്ത്യാനികൾ രാജാക്കന്മാരുടെ മർദ്ദനത്തിനു വിധേയരായിരുന്നപ്പോൾ ഖലീഫമാരുടെ ഭരണം നൽകിയ സുരക്ഷാബോധം മിഷനറി പ്രവർത്തനങ്ങൾ വിദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അവരെ ധൈര്യപ്പെടുത്തുകയുണ്ടായി. ചൈനയിലേക്കും ഇന്ത്യയിലേക്കും മിഷണറിമാർ അയക്കപ്പെട്ടു. എട്ടാം നൂറ്റാണ്ടിൽ രണ്ടുരാജ്യങ്ങളിലും മെത്രാപ്പോലീത്തമാർ നിലവിൽവന്നു. ഈജിപ്തിലേക്കും അവർ കടന്നുചെന്നു. ഏഷ്യയിലുടനീളം അനുയായികളെ സമ്പാദിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ താർത്താരികളില്‍പോലും അവർക്ക് വിശ്വാസികളുണ്ടായിരുന്നു നബിയുടെ അനുചരനായ മുആവിയ(661-680)യുടെ കീഴിൽ ക്രൈസ്തവരായ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആസ്ഥാനകവി അഖ്തല്‍ ക്രിസ്ത്യാനിയായിരുന്നു. ഖലീഫ അബ്ദുൽ മലികി(685-705)ന്റെ ഉപദേഷ്ടാവ് ദമാസ്കസിലെ പുണ്യവാളൻ യോഹന്നാന്റെ പിതാവായിരുന്നു. ഖലീഫ മുഅ്ത്തസിമി(833-842)ന്റെ വിശ്വസ്തസേവകർ ക്രിസ്ത്യാനികളായ സൽമ വൈഹിയും അദ്ദേഹത്തിന്റെ സഹോദരനുമായിരുന്നു. രാജകീയരേഖകളിൽ ഒപ്പിടാനുള്ള അധികാരം സൽമവൈഹിക്കാണ് നൽകപ്പെട്ടത്. പൊതുഖജനാവിന്‍റെ മേൽനോട്ടവും ഇബ്രാഹിം എന്ന ഒരു ക്രിസ്ത്യാനിക്കായിരുന്നു.ഖലീഫ അബ്ദുൾ മാലികിന്‍റെ സഹോദരനായ അബ്ദുല്ല അസീസിന്‍റെ അധ്യാപകനായി നിയമിക്കപ്പെട്ടത് ഒരു അത്തനേഷ്യസ് ആണ്. മുഅ്തഇദ് രാജാവ് (892-902) അന്‍ബാറിലെ ഗവർണറായി നിയമിച്ചത് ക്രിസ്ത്യാനിയായ ഉമറുബ്നു യൂസഫിനെയാണ്. മുഅ്തിമിദിന്‍റെ (870-892) സേനയുടെ മേൽനോട്ടം ഇസ്രായേൽ എന്ന ക്രിസ്ത്യാനിയ്ക്കായിരുന്നു. മുഖ്ത്തെതദിറിന്‍റെ (908 -932) കീഴിൽ യുദ്ധവകുപ്പ് കൈയാളിയത് ക്രൈസ്തവനായിരുന്നു. ഈജിപ്തിലെ മിക്ക ഉദ്യോഗങ്ങളും ക്രൈസ്തവരുടെ അധീനതയിലായിരുന്നു. വൈദ്യന്മാർ എന്ന നിലയ്ക്കും അവർ ധാരാളം സമ്പാദിക്കുകയുണ്ടായി. ഹാറൂൺ അൽ റഷീദിന്‍റെ വൈദ്യൻ ഗബ്രിയേലിന് തന്‍റെ സ്വത്തിൽ നിന്നുള്ള വരുമാനം 800000 ദിർഹമായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ ഖലീഫയെ ചികിത്സിക്കുന്നയിനത്തിൽ 2.80 ലക്ഷം ദിർഹം വേറെയും. ക്രിസ്ത്യാനിയായ മറ്റൊരു കൊട്ടാരം വൈദ്യന് 22,000 ദിർഹമാണ് ലഭിച്ചിരുന്നത്. അധികാരസ്ഥാനങ്ങളിലെ സജീവമായ ക്രൈസ്തവസാന്നിധ്യവും ക്രൈസ്തവരുമായി ചെയ്ത ഉടമ്പടികളിലെ ഉദാരമായ വ്യവസ്ഥകളും വ്യക്തമാക്കുന്നത്. ഇരുജനതകൾക്കുമിടയിൽ ഭേദപ്പെട്ട സൗഹൃദം നിലനിന്നിരുന്നു എന്നാണ്. ചരിത്രം വരേണ്യവിഭാഗത്തിനു മാത്രമായ കാലമായിരുന്നു അത്. സാധാരണക്കാരനെയും അവന്റെ ജീവിതത്തെയും ചരിത്രകാരന്മാർ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ സാധാരണക്കാരുടെ സാമൂഹികജീവിതത്തിന്റെ ഉപ്പും കണ്ണീരും മനസ്സിലാക്കാൻ ഏറെ വഴികൾ ഇല്ലായിരുന്നു. രാജാക്കൻമാരും പടനായകന്മാരും രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നതിലും സുഖജീവിതത്തിൽ മുഴുകുന്നതിലും മാത്രം ശ്രദ്ധിച്ചു. അവരുടെ കഥകൾ മഹത്വവത്കരിച്ചുകൊണ്ടുള്ള കവിതകളും രചനകളും ഉണ്ടായി. അപ്പോഴൊക്കെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള സാധാരണജനങ്ങൾ അവരുടേതായ ജീവിതം പരസ്പരം പങ്കിട്ടു കഴിയുന്നുണ്ടായിരുന്നു. അവർ പല മതക്കാരും ഗോത്രക്കാരും ആയിരുന്നു. സാമൂഹ്യജീവിതത്തിന്റെ മധുരവും കയ്പ്പും അനുഭവിച്ചു കഴിഞ്ഞുകൂടിയ ആ കൂട്ടായ്മ രാജാക്കന്മാരുടെ എല്ലാ ചെയ്തികളോടും വിധേയത്വം പുലർത്തിയിരുന്നതായിരുന്നു എന്നു കരുതുക വയ്യ. സാമാന്യബുദ്ധിക്ക് അത് നിരക്കുന്നതല്ല. സ്വാഭാവികമായും ആ കൂട്ടായ്മ മനുഷ്യത്വത്തിന്‍റെ ഉദാരമായ പങ്കുവയ്പുകൊണ്ട് ധന്യമായിരുന്നിരിക്കണം. അധികാരവർഗ്ഗം നിലനിൽപ്പിനായി വർഗീയവും വിഭാഗീയവുമായ സങ്കുചിതചിന്തകളെ ആയുധമായി പ്രയോഗിക്കുക സാധാരണമാണ്. എന്നാൽ അവർ കല്പിക്കുന്ന തരത്തിൽ ഒരുകാലത്തും ഒരുജനതയും ഇത്തരം ദുഷ്ടവികാരങ്ങളെ അപ്പടി വിഴുങ്ങാൻ ഇടയില്ല. അയൽപക്കബന്ധങ്ങളെ ഊഷ്മളമാക്കുന്ന വികാരം സ്നേഹവും സഹിഷ്ണുതയുമാണെന്ന് അവർ തിരിച്ചറിയാതെ പോവുകയില്ല. ദുർബലനിമിഷങ്ങളിൽ ബാഹ്യപ്രേരണകൾക്കു കീഴ്പ്പെട്ട് അവർക്ക് കാലിടറിയേക്കാം. എന്നാൽത്തന്നെ വിവേകത്തിലേക്ക് പെട്ടെന്ന് ഉണരാതിരിക്കാൻ മനുഷ്യമനസ്സാക്ഷിയ്ക്കു കഴിയുകയില്ല.

കുരിശുയുദ്ധങ്ങളുടെ സ്വാധീനം

മുസ്ലിം-ക്രൈസ്തവബന്ധത്തിന് കാര്യമായ ആഘാതമേൽപ്പിച്ച പ്രധാന ചരിത്രസംഭവം കുരിശുയുദ്ധങ്ങളാണ്. അന്നത്തെക്കാലത്ത് ലോകത്തെ ക്രൈസ്തവലോകവും മുസ്ലിം ലോകവും ആയാണ് കണ്ടിരുന്നത്. രാജാക്കന്മാർ അവരുടെ അധികാരത്തിനു സാധൂകരണം നേടിയിരുന്നത് വിശ്വാസത്തിൽ നിന്നാണ് എന്നതിനാൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ എപ്പോഴും മതവിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കൂടി ആയി അവതരിപ്പിക്കപ്പെട്ടു. (ഇത് ജൂത-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലും പ്രൊട്ടസ്റ്റന്റ്-കാത്തോലിക് വിഭാഗങ്ങൾക്കിടയിലും സുന്നി-ഷിയാ വിഭാഗങ്ങൾക്കിടയിലും ഒരു പാട് നടന്നിട്ടുണ്ട്). മുസ്ലിം രാജാക്കന്മാരിൽ നിന്ന് പുണ്യദേശങ്ങൾ തിരിച്ചു പിടിക്കുക എന്ന ആഹ്വാനത്തോടെ AD 1096 മുതൽ AD 1297 വരെ നടന്ന കുരിശുയുദ്ധങ്ങൾ സാമുദായികാടിസ്ഥാനത്തിൽ ഈ രണ്ടു മതങ്ങളെയും വൈരുധ്യങ്ങളായി പ്രതിഷ്ഠിച്ചു. ഈ എതിർപ്പ് കുരിശുയുദ്ധങ്ങൾക്കപ്പുറവും തുടരാൻ കോളോണിയലിസവും കാരണമായിട്ടുണ്ട്. യുറോപ്പിന്റ കൊളോണിയൽ പണ്ഡിതന്മാരുടെ ശ്രമങ്ങളും മുസ്ലിം ലോകത്തു വിശ്വാസത്തെയും മതചരിത്രത്തെയും സംസ്കാരത്തെയും അധിഷ്ഠിതമാക്കിയ ഗവേഷണം അവസാനിച്ചു പോയതും ഈ അകൽച്ചയെ ഊട്ടിയുറപ്പിച്ചു. ചരിത്രത്തിന്‍റെ ശരിയായ വിശകലനത്തിനും വേദഗ്രന്ഥങ്ങളുടെ സത്യസന്ധമായ വായനയ്ക്കും സന്നദ്ധമാവുന്നപക്ഷം ഈ രണ്ടു മതവിഭാഗങ്ങളും തമ്മിലുള്ള അകലം വ്യർത്ഥവും അവിവേകത്തിന്‍റെ വഴിയുമാണെന്ന് ആർക്കും ബോധ്യമാകും. അതിനുവേണ്ടത് ചരിത്രബോധവും നിർമ്മാണാത്മകതയെ സംബന്ധിച്ച സൂക്ഷ്മതയുമാണ്. പോപ്പ് പോൾ ആറാമൻ ആവശ്യപ്പെട്ടതും മാർപാപ്പ ബെനഡിക്ട് പതിനാറാമൻ മുസ്ലിംപണ്ഡിതന്മാരുമായി ഹസ്തദാനത്തിനു സന്നദ്ധമായതും അത്തരമൊരു ഹൃദയത്തുടിപ്പിന്‍റെ ലക്ഷണമാണ്. ഘനാന്ധകാരത്തിൽ തെളിയുന്ന നുറുങ്ങുവെട്ടം. (ഈ ലേഖനം പ്രസിദ്ധീകരിച്ചു കഴിഞ്ഞാണ് അമേരിക്കൻ പ്രസിഡന്റിന്റെ സുപ്രസിദ്ധമായ കെയ്റോ പ്രസംഗം. അവിടെയും പാരസ്പര്യത്തിന്റെ പല വഴികൾ ഉണ്ട്. കുരിശുയുദ്ധത്തിന്റെ ശത്രുത തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചിരുന്ന ഡൊണാൾഡ് ട്രമ്പിനും ഇപ്പോൾ ഉർദുഗാനും മറുപടി ആവേണ്ടത് ഈ പൈതൃകം തന്നെയാണ്). വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിലുള്ള സമാനവാക്യത്തിലേക്ക് വരിൻ- അഥവാ ദൈവത്തെ/ല്ലാതെ നാം ആരാധിക്കുന്നില്ല; അവനിൽ ഒന്നിനെയും പങ്കുചേർക്കുന്നില്ല; നമ്മിൽ ആരും ആരെയും അവനവനപ്പുറം രക്ഷാകർത്താക്കളാക്കുന്നില്ല. (വി.ഖുർആൻ 3:24) 1400 വർഷങ്ങളായി മുഴങ്ങുന്ന വിളയാണിത്. അതിനു കാതോർക്കുവാൻ ആരും കാണില്ലെന്നു വരില്ല. ആ അളവിൽ നിരാശപ്പെടാൻമാത്രം നിർഭാഗ്യവാനല്ല തീർച്ചയായും മനുഷ്യൻ.

(ദയാപുരം വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രത്തിൻ്റെ പേട്രനാണ് സി ടി അബ്ദുറഹീം)

No stories found.
The Cue
www.thecue.in