കിഫ്ബി-സിഎജിയുടെ രാഷ്ട്രീയക്കളിയ്ക്ക് കേരളം വഴങ്ങുകയില്ല

കിഫ്ബി-സിഎജിയുടെ രാഷ്ട്രീയക്കളിയ്ക്ക് കേരളം വഴങ്ങുകയില്ല

Auditor is Watchdog, not a Blood Hound എന്ന് വിഖ്യാതമായ ഒരു ചൊല്ലുണ്ട്. ഓഡിറ്റര്‍ കാവല്‍ നായയാണ്, വേട്ടപ്പട്ടിയല്ല എന്നാണ് അര്‍ത്ഥവും മുന്നറിയിപ്പും. ലോകമംഗീകരിച്ച ഓഡിറ്റിംഗിന്റെ ഈ അടിസ്ഥാനപാഠം മറന്ന് രാഷ്ട്രീയ യജമാനനുവേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സിഎജി എന്ന് തുറന്നു പറയേണ്ടി വന്നിരിക്കുകയാണ്. കിഫ്ബിയ്‌ക്കെതിരെ സിഎജി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം സ്വന്തം പദവിയുടെ ഭരണഘടനാ വിശുദ്ധിയും അന്തസും ബലികഴിച്ചുള്ള നഗ്‌നമായ രാഷ്ട്രീയക്കളിയാണ്. സിബിഐയെ കൂട്ടിലടച്ച തത്തയാക്കിയവര്‍ സിഎജിയെ തുടലഴിച്ചുവിട്ട വേട്ടനായയാക്കിയിരിക്കുന്നു. ഇതൊന്നും കേരളം അനുവദിച്ചു തരില്ല.

2016ലെ കിഫ്ബി നിയമഭേദഗതിക്കുമുമ്പ് 5 തവണ സി ആന്റ് എജി പരിശോധന നടന്നു. ഒരിക്കല്‍പ്പോലും വായ്പയെടുക്കുന്നത് അനധികൃതമാണെന്നോ ഭരണഘടനാ വിരുദ്ധമാണെന്നോ നിലപാട് എടുത്തിട്ടില്ല. 2017ലെ സി ആന്റ് എജി റിപ്പോര്‍ട്ടില്‍ കിഫ്ബി ബജറ്റ് പ്രസംഗത്തില്‍ ലക്ഷ്യമിട്ട ചെലവ് കൈവരിച്ചില്ല എന്ന പരാമര്‍ശമേയുള്ളൂ. 2018ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പകളാണെന്ന പരാമര്‍ശമേയുള്ളൂ. ഇവിടെയെങ്ങും കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദമില്ല.

ഇക്കൊല്ലത്തെ എജിയുടെ സമഗ്രമായ ഓഡിറ്റ് ജനുവരി മാസത്തിലാണ് ആരംഭിച്ചത്. ആവശ്യപ്പെട്ട രേഖകളെല്ലാം അവര്‍ക്കു നല്‍കിയിരുന്നു. എന്നു സമ്പൂര്‍ണ്ണമായും ഇഗവേണന്‍സ് നടപ്പാക്കിയിട്ടുള്ള കിഫ്ബിയുടെ ഏത് ഫയലും കാണുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം പാസുവേര്‍ഡ് അടക്കം കൈമാറിക്കൊണ്ട് നല്‍കുകയാണ് ചെയ്തത്.

76 ഓഡിറ്റ് ക്വറികളാണ് എജിയുടെ ഓഫീസ് നല്‍കിയത്. അവയ്‌ക്കെല്ലാം വിശദമായ മറുപടികളും നല്‍കി. എക്‌സിറ്റ് മീറ്റിംഗുകളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടതായി ആക്ഷേപമൊന്നും ഉന്നയിച്ചിട്ടില്ല. കിഫ്ബിയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് ഓഡിറ്റ് വേളയിലോ എക്‌സിറ്റ് വേളയിലോ ഒരു ചോദ്യംപോലും എജി ഉന്നയിച്ചിട്ടില്ല. എന്നിട്ടിപ്പോള്‍ കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന റിപ്പോര്‍ട്ടുമായി ഇറങ്ങിയിരിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?

സിഎജിയുടെ ഈ കണ്ടെത്തല്‍ സംസ്ഥാനം തള്ളിക്കളയുന്നു. കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് ഒരു ആയുധമായി തല്‍പ്പരകക്ഷികള്‍ സി ആന്റ് എജിയെയും ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവായിട്ടു മാത്രമേ ഈ അസംബന്ധ നിലപാടിനെ കാണാന്‍ കഴിയൂ. ലൈഫ് മിഷന്‍, കെഫോണ്‍, ടോറസ് ഐറ്റി പാര്‍ക്ക്, ഇമൊബിലിറ്റി ഇലക്ട്രിക് ബസ് നിര്‍മ്മാണ പദ്ധതി തുടങ്ങിയവയെ അട്ടിമറിക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമങ്ങളുടെ തുടര്‍ച്ച തന്നെയാണ് കിഫ്ബിയെ തകര്‍ക്കാനുള്ള സി ആന്‍ഡ് എജി നീക്കവും. ഇതിനൊന്നിനും വഴങ്ങുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല

ഓഡിറ്റ് റിപ്പോര്‍ട്ട് എന്നപേരില്‍ സിഎജിയ്ക്ക് എന്തും എഴുതിവെയ്ക്കാനാവില്ല. റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കണമെന്നതു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവുണ്ട്(ഞലഴൗഹമശേീി െീി അൗറശ േമിറ അരരീൗിെേ, 2007). അതനുസരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന ഏതുകാര്യത്തെക്കുറിച്ചും വിശദീകരണം നല്‍കുന്നതിന് സര്‍ക്കാരിന് അവസരം നല്‍കണം. സിഎജിയുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വിശദീകരണങ്ങളും സംബന്ധിച്ച് പ്രതികരിക്കാന്‍ സര്‍ക്കാരിന് മതിയായ സാവകാശം നല്‍കണം. സര്‍ക്കാരിന്റെ പ്രതികരണങ്ങളും വിശദീകരണങ്ങളും പരിശോധിച്ചു മാത്രമേ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനാവൂ. സര്‍ക്കാരിന്റെ വിശദീകരണം പരിശോധിച്ച ശേഷം തള്ളിക്കളയാന്‍ സിഎജിയ്ക്ക് പൂര്‍ണ അവകാശമുണ്ട്. എന്നാല്‍, വിശദീകരണം നല്‍കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ റദ്ദു ചെയ്യുന്നില്ല.

പരിശോധന കഴിഞ്ഞാല്‍, തങ്ങളുടെ അഭിപ്രായങ്ങളും നീരീക്ഷണങ്ങളും വിശദീകരണങ്ങളുമുള്‍പ്പെടുന്ന കരട് റിപ്പോര്‍ട്ട് സിഎജി തയ്യാറാക്കുകയും ബന്ധപ്പെട്ട ഗവ. സെക്രട്ടറിയ്ക്ക് കൈമാറുകയും ചെയ്യുന്നു. തുടര്‍ന്ന് കരട് റിപ്പോര്‍ട്ടിനെക്കുറിച്ച് ഇരുകൂട്ടരും ചര്‍ച്ച ചെയ്യും. ഓഡിറ്റ് നിരീക്ഷണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ സഹിതമാകണം കരട് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. ആവശ്യമെങ്കില്‍ ഈ രേഖകളുടെ പകര്‍പ്പും കൈമാറേണ്ടതാണ്.

ഓഡിറ്റ് നിരീക്ഷണങ്ങളോടും നിഗമനങ്ങളോടും കാര്യകാരണസഹിതം വിയോജിക്കാനും ആ വിയോജിപ്പ് രേഖാമൂലം അറിയിക്കാനും സര്‍ക്കാരിന് അവകാശമുണ്ട്. തെളിവു സഹിതം തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കണം. എന്നാല്‍ ഈ വിയോജിപ്പ് തള്ളണോ കൊള്ളണോ എന്ന് സിഎജിയ്ക്ക് തീരുമാനിക്കാം. ഇതാണ് ഓഡിറ്റ് സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥ.

ഇത്തരത്തില്‍ കരട് റിപ്പോര്‍ട്ടിലെവിടെയും പരാമര്‍ശിക്കാത്തതും എക്‌സിറ്റ് മീറ്റിംഗില്‍ ചൂണ്ടിക്കാണിക്കാത്തുമായ ചില കാര്യങ്ങള്‍ ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിലുണ്ട്. ഇത് അനുചിതവും ചട്ടങ്ങള്‍ക്കും കീഴു്വഴക്കങ്ങള്‍ക്കും നിരക്കാത്തതും നിയമവിരുദ്ധവുമായ പ്രവൃത്തിയാണ്.

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക വഴി സിഎജി ഒരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവിലാണ് വിവരങ്ങള്‍ പൊതുമധ്യത്തില്‍ വിശദീകരിക്കാന്‍ തീരുമാനിച്ചത്. ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിഗമനങ്ങളാണ് സിഎജി നടത്തിയിരിക്കുന്നത്. പൂര്‍ണമായും രാഷ്ട്രീയലക്ഷ്യത്തോടെ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കേസിന് ബലപ്പെടുത്തുന്ന നിരീക്ഷണങ്ങളാണ് റിപ്പോര്‍ട്ടില്‍ സിഎജി ഒളിച്ചുകടത്തിയത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഒരു രാഷ്ട്രീയക്കളിയില്‍ സിഎജി കരുവായി മാറിക്കഴിഞ്ഞു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം ജനങ്ങളുടെ കോടതിയില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്.

മസാലാ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച് അതിന്റെ വിനിയോഗം ഫ്രീസ് ചെയ്യുക എന്ന ഗുരുതരമായ ആവശ്യവുമായി കേരള ഹൈക്കോടതി മുമ്പാകെ ഒരു കേസുണ്ട്. കേരളവികസനം സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേസ് കൊടുത്തിരിക്കുന്നത്. കോടതിയുടെ അനുവാദത്തോടെ പലതവണ പിന്‍വലിക്കപ്പെട്ട കേസ് ഇപ്പോള്‍ സിഎജിയെ കക്ഷി ചേര്‍ത്ത് വീണ്ടും കൊടുത്തിരിക്കുകയാണ്. ഹര്‍ജിയിലെ ആവശ്യത്തെ സാധൂകരിക്കാന്‍ എന്നവണ്ണമാണ് സിഎജിയുടെ വാദങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. ഇത് അതിഗുരുതരമായ രാഷ്ട്രീയസാഹചര്യമാണ്.

60,102.51 കോടിരൂപയുടെ 821 പദ്ധതികള്‍ക്കാണ് നാളിതുവരെ കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ 20,000 കോടിയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ഉള്‍പ്പെടും. 16,191.54 കോടി രൂപയുടെ 433 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണത്തിലേക്ക് കടന്നു. 388 പദ്ധതികളുടെ ടെന്‍ഡറിങ് നടപടികള്‍ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇഴഞ്ഞു നീങ്ങുകയായിരുന്ന ദേശീയപാതാ വികസനം, കിഫ്ബിയുടെ സഹായത്തോടെ യാഥാര്‍ഥ്യമാവുകയാണ്. 5374 കോടി രൂപ പദ്ധതിയുടെ സംസ്ഥാനവിഹിതമായി കിഫ്ബി വഴി അനുവദിച്ചു കഴിഞ്ഞു.

3500 കോടിയുടെ മലയോര ഹൈവേ, 6500 കോടിയുടെ തീരദേശ ഹൈവേ, 5200 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ശൃംഖല, 3178.02 കോടി മുതല്‍മുടക്കുള്ള ആരോഗ്യപദ്ധതികള്‍, നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതികനിലവാരവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി 2427.55 കോടി രൂപയുടെ പദ്ധതികള്‍, പട്ടികജാതിപട്ടികവര്‍ഗ, മല്‍സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1103.58 കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങി സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ കിഫ്ബി വഴി നടപ്പാക്കുന്നത്.

ഇതാകെ നിലച്ചാല്‍ എന്താകും അവസ്ഥ? നവംബര്‍ 17ന്റെ മാതൃഭൂമി എഡിറ്റോറിയല്‍ ചൂണ്ടിക്കാണിച്ചതുപോലെ, 'തുടങ്ങിയ ഇരുപതിനായിരം കോടിയോളം രൂപയുടെ പ്രവൃത്തികളും അതിലേറെ ടെന്‍ഡര്‍ നടപടി തുടങ്ങിയ അത്രത്തോളം രൂപയുടെ പ്രവൃത്തികളും നടക്കാതെവന്നാല്‍ സംസ്ഥാനത്തിന് വലിയ ആഘാതമാണുണ്ടാവുക. വികസനമുരടിപ്പുമാത്രമല്ല, പതിനായിരക്കണക്കിന് തൊഴില്‍നഷ്ടവുമാണുണ്ടാവുക'.

'കിഫ്ബിയെ വിവാദങ്ങളില്‍ കുരുക്കിയാല്‍ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിക്കു മുടങ്ങിപ്പോകുമെന്നും അത് കേരള വികസനത്തെ പിന്നോട്ടടിക്കുമെന്നും വിമര്‍ശിക്കുന്നവരും വിവാദം സൃഷ്ടിക്കുന്നവരും ഓര്‍ക്കുന്നത് നന്നായിരിക്കു'മെന്നും മുന്നറിയിപ്പു നല്‍കുന്നു, നവംബര്‍ 25ന്റെ കേരള കൌമുദി മുഖപ്രസംഗം.

മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ, 'കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുകതന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണ്'.

Related Stories

No stories found.
The Cue
www.thecue.in