പ്രഹസനങ്ങൾ മഹിമ വർദ്ധിപ്പിക്കുന്നില്ല എന്ന് അടൂരിനോട് ആരാണ് ഒന്ന് പറയുക!

പ്രഹസനങ്ങൾ മഹിമ വർദ്ധിപ്പിക്കുന്നില്ല എന്ന് അടൂരിനോട് ആരാണ് ഒന്ന് പറയുക!
Summary

ജാർഖണ്ഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'മോട്ടിഫ്' (MOTIF) മാഗസിന്റെ എഡിറ്ററും ചലച്ചിത്ര നിരൂപകനുമായ വിദ്യാർത്ഥി ചാറ്റർജി (Vidhyarthi Chatterje) കൗണ്ടർകറന്റ്‌സിൽ (Countercurrents) എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

നിർഭാഗ്യവശാൽ ഒരിക്കൽ കൂടി അടൂർ ഗോപാലകൃഷ്ണൻ 'അത്' തുടരുകയാണ്. അദ്ദേഹം അടുത്ത കാലത്തായി തന്റെ സമകാലികരെ തരംതാണ പ്രസ്‌താവനകളിലൂടെ അധിക്ഷേപിക്കുന്ന പ്രവൃത്തിയിൽ മുഴുകിയിരിക്കുകയാണ്. അടൂർ ഇപ്പോൾ ഏകദേശം അരനൂറ്റാണ്ട് മുൻപ് തന്റെ സിനിമാ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന ഒരാളെ താഴ്‌ത്തിക്കെട്ടാനുള്ള പരിശ്രമത്തിലാണ്. അടുത്തിടെ പുറത്തിറങ്ങിയ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്ന ഒരു അഭിമുഖത്തിൽ കെ.പി കുമാരനെതിരെ അടൂർ നടത്തിയ വിഷലിപ്‌തമായ പരാമർശങ്ങൾ തീർത്തും അരോചകവും നിരാശപ്പെടുത്തുന്നതുമായിരുന്നു. കുമാരന്റെ 1972 -ൽ പുറത്തിറങ്ങിയ 'റോക്ക്' എന്ന ഹ്രസ്വചിത്രം നേടിയ ശ്രദ്ധേയമായ വിജയത്തിന്റെ എല്ലാ അംഗീകാരവും 'താനാണ് ആ സിനിമാ ചിത്രീകരിച്ചതും എഡിറ്റ്‌ ചെയ്‌തതും ശബ്‌‌ദം നൽകിയതും' എന്ന് പറഞ്ഞുകൊണ്ടു അടൂർ അവകാശപ്പെടുമ്പോൾ, ആ സിനിമയുടെ ക്രിയാത്മക പ്രക്രിയയിൽ അടിസ്ഥാന ആശയം നൽകുകയും സ്‌ക്രീനിൽ കാണുന്ന അഭിനേതാക്കളെ എത്തിച്ചു കൊടുക്കുകയും മാത്രം ചെയ്‌ത വെറും 'ഷോബോയ്' സംവിധായകൻ മാത്രമായിരുന്നു കുമാരൻ എന്നാണ് അടൂർ പറഞ്ഞു വെക്കുന്നത്.

അടൂർ ആദ്യമായി സംവിധാനം ചെയ്‌ത്‌ 1974 -ൽ പുറത്തിറങ്ങി ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ 'സ്വയംവരം' എന്ന ചിത്രത്തിന്റെ സഹ-തിരക്കഥാകൃത്ത് കുമാരൻ ആയിരുന്നു. കുളത്തൂർ ഭാസ്‌കരൻ നായർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് കുമാരന്റെ ഒപ്പം തിരക്കഥയുടെ ക്രെഡിറ്റ് പങ്കിടാൻ താൻ സമ്മതിച്ചത് എന്ന് അടൂർ അഭിമുഖത്തിൽ പറയുന്നു. കുമാരന്റെ ഏക സംഭാവന താൻ പറഞ്ഞു കൊടുത്ത സ്ക്രിപ്റ്റ് പേപ്പറിൽ എഴുതിയെടുത്തു എന്നത് മാത്രമാണ് എന്ന് അടൂർ അവകാശപ്പെടുന്നു. അന്ന് ഭാസ്‌കരൻ നായരുടെ നിർദേശ പ്രകാരം അങ്ങനെ ചെയ്‌തതിൽ താൻ ഇപ്പോൾ പശ്ചാത്തപിക്കുന്നു എന്നും, തന്റെ ജീവിതത്തിൽ ചെയ്‌ത ഏറ്റവും വലിയ തെറ്റായിരുന്നു ആ തീരുമാനമെന്നും അടൂർ അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ, 'തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്' തുറന്ന് പറയാൻ അഞ്ച് പതിറ്റാണ്ടോളം സമയം വേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല! കുറച്ച് ആഴ്ചകൾക്ക് മുൻപ് മാതൃഭൂമിയിൽ തന്നെ, കുളത്തൂർ ഭാസ്‌കരൻ നായരെ അനുസ്‌മരിച്ച് കൊണ്ട് എഴുതിയ ലേഖനത്തിൽ, അടൂരിന് തന്റെ മരിച്ചുപോയ 'സുഹൃത്തിനെ' കുറിച്ച് അത്ര നല്ലതല്ലാത്ത ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു എന്ന് കാര്യം ഇവിടെ പരാമർശിക്കുന്നു.

ജീവിച്ചിരിക്കുന്നവരായാലും മരിച്ചുപോയവരായാലും, അടൂർ ആരെയും വെറുതെ വിടാറില്ല എന്നത് ഏല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇന്ന് ഭാസ്‌കരൻ നായർ ആണെങ്കിൽ, കുറച്ച് വർഷങ്ങളായി അത് അരവിന്ദൻ ആയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി, അരവിന്ദനെ ആക്ഷേപിക്കാനും കുറച്ചു കാണിക്കാനും അടൂർ നിരന്തരം ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അടൂർ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ, അതിനുള്ള ഉത്തരം അടൂരിന് മാത്രമേ പറയാൻ കഴിയുകയുള്ളൂ. പക്ഷേ ആളുകൾ ഇതെല്ലാം കാണുന്നുണ്ട്, അവർക്ക് അവരുടേതായ വിശദീകരണങ്ങളുമുണ്ട്. ആരെങ്കിലും എന്റെ ഈ ലേഖനത്തെ, ഒരു ശാസനയായോ എതിർവാദം ഉന്നയിക്കാനുള്ള എഴുത്തായോ ആണ് കാണുന്നതെങ്കിൽ, എനിക്കതിൽ തർക്കമില്ല. കാരണം, പല കാര്യങ്ങളിലും ഒരു പഴയ സുഹൃത്തിന്റെ പ്രത്യക്ഷമായ അധഃപതനം കാണുമ്പോഴുണ്ടാകുന്ന സ്വാഭാവികവും വേദനാജനകവുമായ പ്രതികരണത്തിന്റെ സ്വഭാവം ഈ എഴുത്തിനുണ്ടാകാം. ഈ പ്രതികരണം കൊണ്ട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്; ഒരു തരത്തിലെ തെളിവുകളോ കൃത്യമായ വിശദീകരണമോ നൽകാതെ സമകാലികരായ കലാകാരന്മാരെ ഇകഴ്ത്തികാട്ടാനായി കുറേ ആരോപണങ്ങൾ മാത്രം വിളിച്ചു പറയുമ്പോൾ, അശ്ലീലവും അഴുകിയതുമായ എന്തോ ആ കലാകാരന്റെ പ്രവൃത്തിയിൽ പ്രകടമാകുകയാണ്. തന്റെ സമകാലികരെ താഴ്‌ത്തിക്കെട്ടുന്ന പതിവ് തത്‌ക്ഷണ പ്രഹസനങ്ങൾ ഒരു തരത്തിലും സ്വന്തം മഹിമ വർദ്ധിപ്പിക്കുന്നില്ല എന്ന് അടൂരിനോട് ആരാണ് ഒന്ന് പറയുക!

ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെയും അരവിന്ദനെ മായ്ച്ചുകളയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അടൂർ; എന്നാൽ അരവിന്ദന്റെ അഭാവം ഈ രാജ്യത്തെ എല്ലാ സിനിമാപ്രേമികളുടെയും ഇടയിൽ അനുഭവപ്പെടുന്നുണ്ട് എന്നതാണ് വാസ്‌തവം

അടൂർ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് തനിക്ക് ഇഷ്ടമല്ലാത്തവരെ അപകീര്‍ത്തിപ്പെടുത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാറുള്ളതിന്റെ നീണ്ട ചരിത്രം തന്നെ പറയാനുണ്ട്; കുമാരനാണ് ആ വിഷത്തിന്റെ ഏറ്റവും പുതിയ ഇര. ഇപ്പോൾ ജീവിച്ചിരിക്കുണ്ടായിരുന്നു എങ്കിൽ ഈ വർഷം എൺപത്തിയഞ്ച് വയസ് തികയുമായിരുന്ന, കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയെ ഉയരങ്ങളിൽ എത്തിച്ച അതുല്യ പ്രതിഭയായ ജി അരവിന്ദൻ എന്ന അവിസ്‌മരണീയ കലാകാരനെ കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. അങ്ങനെ ആയിരുന്നിട്ട് കൂടിയും അദ്ദേഹം അടൂരിന്റെ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും പാത്രമായിട്ടുണ്ട്. സിനിമയിലേക്ക് ഒരുപാട് കാലം വൈകിയാണ് അരവിന്ദൻ വരുന്നത്. 1991 -ൽ അൻപത്തിയാറാം വയസിൽ അദ്ദേഹം പെട്ടന്ന് വിട വാങ്ങിയപ്പോൾ, അദ്ദേഹം ബാക്കി വെച്ചിട്ട് പോയത് തന്റെ സമകാലികരുടെ സൃഷ്ടികളോട് താരതമ്യപ്പെടുത്താവുന്ന, ചിലപ്പോൾ അതിനും മുകളിൽ നിൽക്കുന്ന, മികച്ച സിനിമകളാണ്. അടൂരിന്റെ ക്രൂരവും വിവേകശൂന്യവുമായ വാക്കുകൾ കാരണം അരവിന്ദൻ മരണാനന്തരം വീണ്ടും വീണ്ടും 'കൊലചെയ്യപ്പെട്ടിട്ടുണ്ട്'. കല എന്നതിനേക്കാളുപരി ഞെട്ടിക്കുന്ന ധാർമ്മിക തകർച്ചയിലേക്ക് പോയികൊണ്ടിരിക്കുന്ന ഒരു കലാകാരനെയാണ് നമ്മൾ അടൂരിൽ കാണുന്നത്. അരവിന്ദൻ നേടിയ അംഗീകാരങ്ങളെ നിഷേധിക്കാനും അവഹേളിക്കാനും എത്രതന്നെ അദ്ദേഹത്തിന്റെ 'സമകാലികൻ' ശ്രമിച്ചാലും, അരവിന്ദന്റെ മികച്ച കലാ സൃഷ്ടികളുടെ പ്രാധാന്യത്തെ, അതിന്റെ ചൈതന്യത്തെ, ആരും നിസ്സാരവൽക്കരിക്കില്ല. അദ്ദേഹത്തിന്റെ ഉള്ളിലെ മാനവികത, ഒരുപാട് സമ്മർദ്ദങ്ങൾ ഉള്ളപ്പോഴും നിലനിർത്തുന്ന ശാന്തത, ദുർബലരായ, കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള സഹാനുഭൂതി - ഈ ഗുണങ്ങൾ എല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് കണ്ടെടുക്കാം.

ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെയും അരവിന്ദനെ മായ്ച്ചുകളയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അടൂർ; എന്നാൽ അരവിന്ദന്റെ അഭാവം ഈ രാജ്യത്തെ എല്ലാ സിനിമാപ്രേമികളുടെയും ഇടയിൽ അനുഭവപ്പെടുന്നുണ്ട് എന്നതാണ് വാസ്‌തവം. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള അകാലത്തിലെ നിര്യാണം ഇപ്പോഴും കേരളത്തിന്റെ ഉള്ളിലുള്ളവരും വെളിയിലുള്ളവരും തങ്ങളുടെ സ്വകാര്യ നഷ്ടമായി കണക്കാക്കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ മേൽപറഞ്ഞ സ്വഭാവമോ അല്ലെങ്കിൽ അദ്ദേഹം സൃഷ്ടിച്ച മികവുറ്റ സിനിമകളോ ഒക്കെയാണ്. അതീവ ദുഃഖത്തോടെയും കോപത്തോടെയും ഞാൻ ആശ്ചര്യപ്പെടുകയാണ്, ഒരുപക്ഷേ അടൂർ വിടവാങ്ങുമ്പോൾ സമാനമായ രീതിയിൽ ആരെങ്കിലും അദ്ദേഹത്തെ സ്‌മരിക്കുമോ? സമാനമായി സ്‌നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമോ? അല്ലെങ്കിൽ, ചില പ്രധാനപ്പെട്ട സിനിമകൾ ചെയ്‌ത സംവിധായകൻ എന്ന നിലക്ക് ഓർമ്മിക്കപ്പെടുകയും, അതൊഴിച്ചു നിർത്തിയാൽ ആളുകളിൽ ഭയം, കോപം, അന്യവൽക്കരണം എന്നിവ ഉത്സാഹപ്പെടുത്തിയ ഒരാൾ എന്ന നിലക്ക് മാത്രമാകുമോ അടൂർ നിലനിൽക്കുക?

'തമ്പ്', 'എസ്തപ്പാൻ' എന്നീ സിനിമകളുടെ സംവിധായകനായ അരവിന്ദനെതിരെ 2010 -ൽ തിരവനന്തപുരം ദൂരദർശനിൽ പുതിയ കുറേ അപകീർത്തി പരാമർശങ്ങൾ നടത്തിയപ്പോൾ, അന്ന് കേരളത്തിലെ മാധ്യമങ്ങളിലൂടെ പലരും ശക്തമായി പ്രതിഷേധിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകാം. അന്ന് പ്രതിഷേധിച്ചവർ വ്യക്തമായ ബോധ്യങ്ങളിലൂന്നി അതിനുള്ള ധൈര്യം കാണിച്ചു. കുമാരന് പക്ഷേ ആ ഭാഗ്യമുണ്ടാകുമോ എന്ന് അറിയില്ല. ഇത്രയും കാലം നിശബ്ദനായി അദ്ദേഹം നേരിട്ട കാര്യങ്ങൾ പലതും ഓർക്കുമ്പോൾ, തന്റെ വേദനയിൽ അദ്ദേഹം തനിച്ചല്ല എന്ന് തീർച്ചയായും നമ്മൾ ഉറപ്പ് വരുത്തണം. ഒരുപക്ഷേ, ഒരു കലാകാരനാകാനുള്ള ഒന്നുംതന്നെ കുമാരന് ഇല്ല എന്ന ധാരണ നൽകാനാണ് അടൂർ ആ അഭിമുഖത്തിൽ അങ്ങനെ ഒരു പരാമർശം നടത്തിയത് എന്ന് തോന്നുന്നു. എന്റെ അഭിപ്രായത്തിൽ കുമാരന്റെ 1974 -ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'അതിഥി', ഒരു മികച്ച സംവിധായകനെ അടയാളപ്പെടുത്തുന്നുണ്ട്. പക്ഷേ നിക്ഷിപ്ത താൽപര്യങ്ങളുള്ള കുറച്ച് ആളുകൾ ഒന്നിച്ചു ചേർന്നാൽ മികച്ച സിനിമകളെ പോലും അത് ബാധിക്കും. നാൽപത്തിയാറു വർഷങ്ങൾക്ക് മുൻപാണ് 'അതിഥി' പുറത്തിറങ്ങിയതെങ്കിലും, 2017 -ൽ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച 'കുമാരൻ റിട്രോസ്‌പെക്ക്റ്റിവ്' -ലാണ് എനിക്ക് ആ സിനിമ കാണാൻ കഴിഞ്ഞത്. അരനൂറ്റാണ്ടിലേറെയായി മലയാള സിനിമകൾ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ എങ്ങനെയാണ് ഇത്രയും മികച്ച ഒരു സിനിമയെ കുറിച്ച് അറിയാതെ പോയതെന്ന് ഞാൻ അത്ഭുതപെടുകയായിരുന്നു. ഞാൻ മാത്രമല്ല അങ്ങനെ ആശ്ചര്യപെടുന്നത് എന്ന് പിന്നീടാണ് എനിക്ക് മനസിലായത്. കേരളത്തിൽ ജീവിക്കുന്ന, മലയാള സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന പലരും കുമാരന്റെ ആദ്യത്തെ സിനിമയെ കുറിച്ച് കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. ആദ്യമായിട്ടല്ലെങ്കിൽ പോലും, 'അസൗകര്യപ്പെടുത്തുന്ന' കലയോടുള്ള രാഷ്ട്രീയ പ്രേരിതമായ നിസ്സംഗതയ്ക്കും വിദ്വേഷത്തിനും ഉള്ള സ്വാധീനം എനിക്കൊരു തിരിച്ചറിവ് തന്നെയായിരുന്നു.

ശൂന്യമായ സ്വപ്‌നങ്ങൾ മാത്രം കാണുന്ന, പരാജയങ്ങളിൽ നിസ്സഹായരായ ജീവിതങ്ങളുടെ ഒരു മിശ്രിതത്തെ പ്രകോപനപരമായി വ്യാഖ്യാനിക്കുന്നതിന് വേണ്ടി ബോധപൂര്‍വമാണ് 'അതിഥി' എന്ന സിനിമ സംവിധായകൻ അപൂർണമായി ആവിഷ്‌കരിച്ചിരിക്കുന്നത് എന്നാണ് എന്റെ മനസ്സിൽ തോന്നുന്നത്. ഒരു മോശം സാഹചര്യത്തിൽ നിന്ന് മികച്ച സൃഷ്ടി ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരാളുടെ ധീരകൃത്യമായും അതിനെ കാണാം. തികച്ചും അസാധാരണമായ അനിശ്ചിതത്വം കലർന്ന സൗന്ദര്യ ബോധത്തെ (aesthetics) 'അശുദ്ധമായതുമായി' ചേർത്ത്, സിനിമയുടെ വ്യാകരണത്തെ കുറിച്ചോ ആഖ്യാന ഘടനയെ കുറിച്ചോ വ്യാകുലപ്പെടാതെ സ്വതന്ത്രമായി ഒരു ശൈലിയിൽ രൂപപെടുത്തിയിരിക്കുന്ന 'അതിഥി' എന്ന ചിത്രം മൗലികമായ. ധീരമായ, വെല്ലുവിളികൾ നിറഞ്ഞ സിനിമ എന്ന നിലക്ക് പ്രശംസ പിടിച്ചുപറ്റേണ്ട സൃഷ്ടിയായിരുന്നു. പക്ഷേ. നിർഭാഗ്യവശാൽ അതുണ്ടായില്ല. അംഗീകാരങ്ങൾക്ക് പകരം ദീർഘകാലത്തെ അവഗണനയാണ് സിനിമയെ കാത്തിരുന്നത്.

കൗണ്ടര്‍ കറന്റ്‌സ് ലേഖനം ഇവിടെ വായിക്കാം

പരിഭാഷ ഗോകുല്‍. കെ.എസ്

Related Stories

No stories found.
logo
The Cue
www.thecue.in