കൊവിഡ് കാലത്തെ കൊലപാതക രാഷ്ട്രീയം സമൂഹം എന്ന നിലയില്‍ തരംതാഴ്ത്തുന്നു
Opinion

കൊവിഡ് കാലത്തെ കൊലപാതക രാഷ്ട്രീയം സമൂഹം എന്ന നിലയില്‍ തരംതാഴ്ത്തുന്നു

സുനില്‍ പി ഇളയിടം

ലോകം മുഴുവന്‍ പ്രയാസത്തിലൂടെ കടന്നു പോകുന്ന കാലമാണ്. ആ സമയത്ത് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയാന്തരീക്ഷവും നാം കടന്നു പോകുന്ന കാലത്തിന്റെ ഈ വലിയ പ്രയാസത്തെ എത്രയോ ചെറിയ കക്ഷി രാഷ്ട്രീയത്തിനും അതിന്റെ ക്ഷുദ്രമായ വൈരങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന വിചിത്രമായ മനോനിലയിലാണ് ഉള്ളത്. വേറെ എവിടെയെങ്കിലും ഇതുപോലെ ഉണ്ടാകുമോയെന്ന് എനിക്ക് അറിയില്ല. ലോകം മുഴുവന്‍ കൊവിഡിനെതിരായ പല രൂപത്തിലുള്ള പ്രതിരോധത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിന് മനുഷ്യര്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത് നാനാതരത്തില്‍ അതില്‍ വിള്ളലുകള്‍ ഉണ്ടാക്കാനും ചെറിയ ചെറിയ കാര്യങ്ങള്‍ കണ്ടെത്തി അകമേ തകര്‍ക്കാനുമുള്ള സുദൃഢ ശ്രമങ്ങള്‍ നടക്കുന്നു. മാധ്യമ മണ്ഡലം അതിന് വലിയൊരു പിന്തുണ നല്‍കുന്നു. ഇപ്പോള്‍ നടന്ന കൊലപാതകങ്ങളും ഇതുപോലെ തന്നെയാണ്. എല്ലാ കൊലപാതകങ്ങളും വേദനാജനകമാണ്. ഏതെങ്കിലുമൊന്നിന് സാധൂകരണം പറയാനും കഴിയില്ല. നമ്മുടെ മാധ്യമങ്ങള്‍ എത്രയോ കാലമായി സ്വീകരിക്കുന്ന സമീപനം ഇക്കാര്യത്തിലുണ്ട്. ചില മാധ്യമങ്ങള്‍ കൊല്ലപ്പെട്ടവര്‍ ഗുണ്ടകളായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിന് വേണ്ടി വാദിക്കുകയായിരുന്നു. കൊലപാതകത്തെ അപലപിക്കാനോ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനോ മുതിര്‍ന്നില്ല. പകരം പ്രാദേശികമായ ഗുണ്ട ആക്രമണമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. വസ്തുതകള്‍ പൊലീസ് കണ്ടെത്തുന്നതിന് മുമ്പ് തന്നെ വിധി പ്രസ്താവിക്കുന്ന രീതിയിലേക്ക് മാറി.

വിമോചന സമരകാലത്ത് ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഉണ്ടായിരുന്നു. അതിനെ ഗുണ്ടാ പ്രവര്‍ത്തനമായി കണ്ടിരുന്നില്ല. മറിച്ച് കേരളത്തെ കമ്യൂണിസത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇതിനും ആ രീതിയിലുള്ള സ്വഭാവമുണ്ട്. ചാനലുകളിലെ ചര്‍ച്ചകള്‍ കാണുമ്പോള്‍ ഇതിലെ രാഷ്ട്രീയ ഉള്ളടക്കത്തെ വലതുപക്ഷത്തിന്റെ യുക്തിയിലേക്ക് മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്.

വലിയൊരു കൂട്ടായ്മ ഉണ്ടാകേണ്ട സമയത്ത് അതിനെ അകമേ ശിഥിലീകരിക്കുകയും കൊറോണ പ്രതിരോധത്തില്‍ പങ്കുചേരുന്ന മനുഷ്യരെ വെട്ടിക്കൊലപ്പെടുത്തുകയും പിന്നെ അതിന് ന്യായം ചമയ്ക്കാനും ഒരുങ്ങി പുറപ്പെടുന്ന മനോനില ഒരു സമൂഹം എന്ന നിലയില്‍ നമ്മളെ വളരെ തരംതാഴ്ത്തുന്ന കാര്യമാണ്. രാഷ്ട്രീയത്തിന് അപ്പുറം ഒരു സമൂഹം എന്ന നിലയില്‍ അധഃപതിപ്പിക്കുന്ന കാര്യമാണ്. ആ നിലയില്‍ മാധ്യമങ്ങള്‍ അതിനെ അവതരിപ്പിക്കാനോ നേരിടാനോ തയ്യാറല്ല. ഇപ്പോള്‍ തുടങ്ങിയതല്ല ഇത്. ദീര്‍ഘനാളായി കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവം ഇതാണ്. വെഞ്ഞാറുമൂടിലെ കൊലപാതകങ്ങളില്‍ മാധ്യമങ്ങള്‍ കുറച്ചെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറായത് സാമൂഹ്യമാധ്യമങ്ങളുടെ അതിശക്തമായ സാന്നിധ്യം കേരളത്തില്‍ ഉള്ളത് കൊണ്ടാണ്. ഇല്ലെങ്കില്‍ പതിവ് പോലെ നിസാരവത്കരിക്കപ്പെട്ട് പോകുമായിരുന്നു. ഒരു സമൂഹത്തിന്റെ സ്ഥിതിയെ ഇങ്ങനെയാക്കി തീര്‍ക്കുന്നതിലുള്ള പങ്കിനെക്കുറിച്ച് മാധ്യമങ്ങള്‍ ഗൗരവത്തോടെ ആലോചിക്കണം. കൊലപാതകത്തില്‍ മാത്രമല്ല, ക്ഷുദ്രമായ രാഷ്ട്രീയത്തിന് ഇത്ര വലിയ ഇടം കൊടുക്കുന്നത് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ തകരാറിലാക്കുന്ന യുക്തി വളര്‍ത്തി കൊണ്ടുവരുന്നതിനോട് വാസ്തവത്തില്‍ മാധ്യമങ്ങള്‍ മാത്രമല്ല, പൊതുസമൂഹവും വിമര്‍ശനാത്മകമായി സമീപിക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്.

പരിമിതികളുണ്ടെങ്കിലും കൊവിഡ് കാലത്തെ പ്രതിസന്ധികളെ മറികടക്കുന്നതിന് ഇച്ഛാശക്തി കാണിച്ച സമൂഹമാണ് കേരളം. രോഗവ്യാപനം ഉണ്ടെങ്കിലും ഏറ്റവും അശരണരായവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കാനും ശ്രമിക്കുകയാണ്. ഭരണകൂടം എന്ന നിലയില്‍ മാത്രമല്ല അത്. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള മനുഷ്യര്‍ അതില്‍ പങ്കുചേരുന്നുണ്ട്. അതിനെ മുഴുവന്‍ ഇല്ലാതാക്കുന്ന രീതിയിലാണ് ഇത് നടക്കുന്നത്. കൂട്ടായ്മയുടെയും ഒരുമയുടെ സന്ദേശത്തെ ഇല്ലാതാക്കുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ടവര്‍ തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവും ആശ്വാസവുമൊക്കെ ചെയ്തവരാണ്. നമ്മുടെ സമൂഹത്തിന്റെ പോസിറ്റീവായ ഉള്ളടക്കത്തെ മറച്ച് കളയുകയാണ്. കൊവിഡ് പ്രതിരോധത്തെ സമൂഹത്തിന്റെ നേട്ടമായാണ് കാണേണ്ടത്. അത് സര്‍ക്കാരിന്റെയോ ഏതെങ്കിലും പാര്‍ട്ടികളുടെയോ അല്ല. അതാണ് ഉയര്‍ന്നു വരേണ്ട സന്ദേശം. എല്ലാ പരിമിതികള്‍ക്കിടയില്‍ നമ്മള്‍ നടത്തിയ പ്രതിരോധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ബലം അതാണ്. അതിന് പകരം അക്രമത്തിന്റെ സന്ദേശമായി മാറുന്നത് വളരെ വളരെ ദൗര്‍ഭാഗ്യകരമാണ്.

The Cue
www.thecue.in