ഭാഷാച്യുതിയില്‍ ചര്‍ച്ച തുടങ്ങേണ്ടത് പിണറായിയില്‍ നിന്ന്, ചാനലുകളിലും പൊതുമധ്യത്തിലും ശൈലി മാറ്റേണ്ടത് സിപിഎം : സന്ദീപ് വാര്യര്‍

ഭാഷാച്യുതിയില്‍ ചര്‍ച്ച തുടങ്ങേണ്ടത് പിണറായിയില്‍ നിന്ന്, ചാനലുകളിലും പൊതുമധ്യത്തിലും ശൈലി മാറ്റേണ്ടത് സിപിഎം : സന്ദീപ് വാര്യര്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗിയുടെ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണം, ചാനല്‍ ചര്‍ച്ചകളുടെ ശൈലി മാറ്റേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നുവെന്ന് അഭിപ്രായങ്ങളുയരുകയാണ്. ആജ്തകിന്റെ ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് സംബിത് പാത്ര രൂക്ഷമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ത്യാഗിയുടെ പൊടുന്നനെയുള്ള വിയോഗം. പാത്രയുടെ കടുത്ത വാക്പ്രയോഗങ്ങളാണ് ത്യാഗിയുടെ മരണത്തിനിടയാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചര്‍ച്ചകള്‍ ഗുസ്തി മത്സരം പോലെയായിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞത്. നേരത്തേ ടൈംസ് നൗവിലും ഇപ്പോള്‍ റിപ്പബ്ലിക് ടിവിയിലുമായി അര്‍ണാബ് ഗോസ്വാമി നയിക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. സമാന്തരമായി കേരളത്തിലും ചാനല്‍ ചര്‍ച്ചകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന വാദങ്ങള്‍ സജീവമാകുന്ന സാഹചര്യവുമാണ്. ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകരും പാനലിസ്റ്റുകളും ഒരുപോലെ തങ്ങളുടെ ഇടപെടലില്‍ മാറ്റം വരുത്തണമെന്ന വാദങ്ങള്‍ ഉയരുകയാണ്. പ്രസ്തുത വിഷയത്തില്‍, ടെലിവിഷന്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ മുഖമായ സന്ദീപ് ജി വാര്യരുമായി സംസാരിക്കുകയാണ് ദ ക്യു പ്രതിനിധി കെ.പി സബിന്‍. കേരളത്തിലെ ടെലിവിഷന്‍ ചര്‍ച്ചകളുടെ നിലവാരത്തകര്‍ച്ചയുടെ ഉദാഹരണമായി സിപിഎം നേതാവ് എംബി രാജേഷ് ചൂണ്ടിക്കാട്ടിയത് ജ്യോതികുമാര്‍ ചാമക്കാലയും ബിജെപി നേതാവ് സന്ദീപ് വാര്യരും ഏറ്റുമുട്ടിയതായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിലപാട് ആരായുന്നത്.

'ഭാഷാച്യുതിയെക്കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ തുടങ്ങേണ്ടത് പിണറായി വിജയനില്‍ നിന്ന്'

വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ചാനല്‍ ചര്‍ച്ചയുടെ സ്വഭാവവും അങ്ങനെ തന്നെയായിരിക്കും. പാനലിസ്റ്റുകള്‍ ചിലപ്പോള്‍ വൈകാരികമായി സംസാരിച്ചുപോകും. അത് വ്യക്ത്യാധിഷ്ഠിതമല്ല, വിഷയാധിഷ്ഠിതമാണ്. നരേന്ദ്രമോദിയെക്കുറിച്ച് തീര്‍ത്തും അധിക്ഷേപാര്‍ഹമായ പരാമര്‍ശം ഉണ്ടായപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കേണ്ടി വന്ന സംഭവമാണ് എംബി രാജേഷ് എന്നെ വിമര്‍ശിക്കാന്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ രണ്ടാമത് പ്രതികരിച്ചയാളാണ് ഞാന്‍. അത്തരമൊരു സാഹര്യത്തിലേക്ക് നയിച്ചത് ജ്യോതികുമാര്‍ ചാമക്കാലയുടെ മോശം പരാമര്‍ശമാണ്. നരേന്ദ്രമോദിയെക്കുറിച്ചുള്ള അവഹേളനപരമായ പ്രയോഗം പിന്‍വലിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അതിന് അദ്ദേഹം തയ്യാറാകാതിരുന്നപ്പോള്‍ വൈകാരികമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്.ആ ചര്‍ച്ച മുഴുവന്‍ കണ്ടാലറിയാം. ബാക്കിയെല്ലാ സമയത്തും ഞാന്‍ വളരെ ശാന്തനായാണ് സംസാരിക്കുന്നത്. വേറൊരര്‍ത്ഥത്തില്‍ എന്റെ ഏറ്റവും നല്ല ഡിബേറ്റുകളില്‍ ഒന്നാണതെന്ന് വേണമെങ്കില്‍ പറയാം. നന്നായി വിഷയം അവതരിപ്പിച്ച് സമര്‍ത്ഥിച്ച ചര്‍ച്ചയാണ്. മന്‍മോഹന്‍സിങ്ങിന്റെ പത്തുവര്‍ഷത്തെ ഭരണത്തിനിടയില്‍ വിരലിലെണ്ണാവുന്ന സാഹചര്യങ്ങളില്‍ മാത്രമേ അദ്ദേഹം മാധ്യമങ്ങളെ കണ്ടിട്ടുള്ളൂവെന്ന് ഞാനതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹറു മുതല്‍ മന്‍മോഹന്‍സിങ് വരെയുള്ളവര്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ എണ്ണിപ്പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്ന്‌ 30 സെക്കന്റ് മുറിച്ചെടുത്താണ് എംബി രാജേഷും സിപിഎമ്മും എനിക്കെതിരെ പ്രചരണം നടത്തുന്നത്. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം വന്നപ്പോള്‍ ശബ്ദമുയര്‍ത്തേണ്ടി വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. അതിനെ പാരാമീറ്ററാക്കി ഇതാണ് എന്റെ ശൈലിയെന്ന് ആരോപിക്കുന്നതില്‍ എന്തര്‍ത്ഥമാണുളള്ളത്.ആരെയെങ്കിലും ബോധപൂര്‍വം ആക്ഷേപിക്കാന്‍ വേണ്ടി ഒന്നും ഉന്നയിച്ചിട്ടില്ല. ചാനല്‍ ചര്‍ച്ചയിലെ ഭാഷമാത്രം നന്നായാല്‍ മതിയോ, പൊതുരംഗത്തെ ഭാഷയും നന്നാകണ്ടേ. അതേക്കുറിച്ചെന്താണ് സിപിഎമ്മിന്റെ നിലപാട്. രാഷ്ട്രീയത്തിലെ ഭാഷാച്യുതിയെക്കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ അത് പിണറായി വിജയനില്‍ നിന്നാണ് തുടങ്ങേണ്ടത്. പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങളെക്കുറിച്ച് രാജേഷിനും സിപിഎമ്മിനും എന്താണ് പറയാനുള്ളത്. വിഎസ് അച്യുതാനന്ദന്റെ ഗണ്‍മോന്‍ പ്രയോഗം എത്ര മോശമായിരുന്നു. ലതിക സുഭാഷിനും സിന്ധു ജോയിക്കുമെതിരെ വിഎസ് നടത്തിയ പരാമര്‍ശങ്ങളില്‍ എന്തായിരുന്നു സിപിഎം സ്വീകരിച്ച നിലപാട്. അങ്ങനെയെത്ര കാര്യങ്ങള്‍ എണ്ണിപ്പറയാനാകും.

ഭാഷാച്യുതിയില്‍ ചര്‍ച്ച തുടങ്ങേണ്ടത് പിണറായിയില്‍ നിന്ന്, ചാനലുകളിലും പൊതുമധ്യത്തിലും ശൈലി മാറ്റേണ്ടത് സിപിഎം : സന്ദീപ് വാര്യര്‍
അഗ്രസീവാകുന്നത് അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടി വരുന്നതിനാല്‍, പറയാറുള്ളത് ഉത്തമ ബോധ്യത്തോടെയെന്നും ജ്യോതികുമാര്‍ ചാമക്കാല

അന്ന് സെല്‍ഫ് ക്വാറന്റൈനില്‍ പോയ ആളാണ് എം ബി രാജേഷ്

കേരളത്തില്‍ മോശമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കിയത് നേരത്തെ ഞാന്‍ കൂടി ഭാഗമായിരുന്ന ഇടതുപക്ഷമാണ്. എതിരാളികളെ അസഭ്യം പറഞ്ഞ് തോല്‍പ്പിക്കുക,ഭീഷണിപ്പെടുത്തുക,ശാരീരികമായി ഇല്ലാതാക്കുക എന്നതൊക്കെ എംബി രാജേഷിന്റെ പാര്‍ട്ടിയാണ് കേരളത്തില്‍ തുടങ്ങിവെച്ചതും നടത്തിക്കൊണ്ടിരിക്കുന്നതും. ഇനിയുള്ള കാലവും അവര്‍ അത് തുടരുകയും ചെയ്യും. രാജേഷ് രാഷ്ട്രീയ സദാചാരം പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയെയും വിഎസ് അച്യുതാനന്ദനെയും ഇപി ജയരാജനെയും എംവി ജയരാജനെയും കണ്ണൂരിലെ ധാര്‍ഷ്ട്യം നിറഞ്ഞ നേതാക്കളെയുമാണ്. കണ്ണൂര്‍ നേതാക്കളുടെ ശൈലി എംബി രാജേഷ് ഉള്‍പ്പെടെ എല്ലാവര്‍ക്കും പകര്‍ന്നുകിട്ടിയിട്ടുണ്ട്. മുഴുവന്‍ സിപിഎം നേതാക്കളുടെയും ശരീരഭാഷ അഹങ്കാരത്തിന്റെതും താന്‍ പോരിമയുടേതും ധിക്കാരത്തിന്റേതുമാണ്. ധാര്‍ഷ്ട്യവും മാടമ്പിത്തരവുമൊക്കെ കയ്യില്‍ വെച്ചാല്‍ മതി. ബിജെപിക്കാര്‍ക്കെതിരെ എടുത്താല്‍ അതേ രീതിയില്‍ തന്നെ പ്രതികരിക്കും. ഇതുവരെ ആയിരം മണിക്കൂറെങ്കിലും ഞാന്‍ ഓണ്‍ എയറില്‍ പോയിട്ടുണ്ട്. അതില്‍ ചില ചര്‍ച്ചകളിലെ ചെറിയ ക്ലിപ്പുകളെടുത്താണ് രീതി അളക്കുന്നതെങ്കില്‍, എംബി രാജേഷിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതിലും വഷളായ പലതും കാണാനാകും. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകന്റെ ബൈക്കില്‍ നിന്ന് വടിവാള്‍ വീണ സംഭവം ആരും മറന്നിട്ടില്ല. സഹപ്രവര്‍ത്തകയെ പാര്‍ട്ടി എംഎല്‍എ പീഡിപ്പിച്ചെന്ന് ആരോപണമുയര്‍ന്നപ്പോള്‍ ഒന്നരമാസം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മുങ്ങി നടന്ന ആളാണ് എംബി രാജേഷ്. അന്ന് സെല്‍ഫ് ക്വാറന്റൈനിലായിരുന്നു അദ്ദേഹം. ആ രാജേഷ് എന്നെ ഉപദേശിക്കാന്‍ വരണ്ട .ബാക്കിയുള്ളവരൊക്കെ മോശക്കാരും അദ്ദേഹവും പാര്‍ട്ടിക്കാരും സാംസ്‌കാരിക സമ്പന്നരുമെന്ന രീതിയിലുള്ള രാജേഷിന്റെ പ്രതികരണം തരംതാണതാണ്.

ഭാഷാച്യുതിയില്‍ ചര്‍ച്ച തുടങ്ങേണ്ടത് പിണറായിയില്‍ നിന്ന്, ചാനലുകളിലും പൊതുമധ്യത്തിലും ശൈലി മാറ്റേണ്ടത് സിപിഎം : സന്ദീപ് വാര്യര്‍
മഹാമാരി, മഴക്കെടുതി ദുരന്തങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വര്‍ണക്കടത്ത് കേസിന്, അജണ്ട സ്ഥാപിക്കലെന്ന് സംശയം: ശശികുമാര്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശൈലി മാറ്റില്ല, രീതി മാറ്റേണ്ടത് സിപിഎം

മുന്‍ പ്രതിപക്ഷ നേതാവ് പിടി ചാക്കോയ്‌ക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ഹീനമായ ആക്രമണം നടത്തിയത് കമ്മ്യൂണിസ്റ്റ് നേതാക്കളല്ലേ. ആരോപണങ്ങളില്‍ ഹൃദയം തകര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് അന്ന് ആക്ഷേപമുയര്‍ന്നതല്ലേ. രാജീവ് ത്യാഗിയുടെ മരണം മാത്രം അന്വേഷിച്ചാല്‍ പോര, അത്തരത്തില്‍ പിടി ചാക്കോയുടെ മരണവും പരിശോധിക്കപ്പെടണം.അതടക്കം ഇങ്ങോട്ടുണ്ടുണ്ടായ ഓരോ സംഭവങ്ങളിലും സിപിഎം മാപ്പുപറയണം. സ്വയം തിരുത്തണം. ശൈലീമാറ്റത്തിന് ഞാന്‍ തയ്യാറല്ല. സിപിഎമ്മിനെ അവര്‍ പ്രയോഗിക്കുന്ന അതേ തരത്തില്‍ തന്നെ എതിര്‍ക്കും. ഈ ശൈലി സ്വീകരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതമാക്കിയത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യമാണ്. ആ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചത് ഇടതുപക്ഷമാണ്. അവരാണ് ആദ്യം ശൈലി മാറ്റേണ്ടത്. സിപിഎം മാന്യതയോടെ രാഷ്ട്രീയ എതിരാളികളെ സംബോധന ചെയ്താല്‍, സഭ്യമായി പെരുമാറാന്‍ തുടങ്ങിയാല്‍ സ്വാഭാവികമായും മറുപക്ഷം ആ രീതിയില്‍ തന്നെയാണ് പ്രതികരിക്കുകയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in