മനുഷ്യനെ,പ്രകൃതിയെ,ജീവജാലങ്ങളെ വലിയ അപകടത്തിലാക്കുന്നത് ; ഇഐഎ കരട് എന്തുകൊണ്ട് എതിര്‍ക്കപ്പെടണം, ഡോ.ടി.വി സജീവ് പറയുന്നു

മനുഷ്യനെ,പ്രകൃതിയെ,ജീവജാലങ്ങളെ വലിയ അപകടത്തിലാക്കുന്നത് ; ഇഐഎ കരട് എന്തുകൊണ്ട് എതിര്‍ക്കപ്പെടണം, ഡോ.ടി.വി സജീവ് പറയുന്നു

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തെ ദേശീയ തലത്തില്‍ ഏറ്റവും വിദഗ്ധമായി അപകടകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവാണ് എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് (പരിസ്ഥിതി ആഘാത പഠനം) നിയമത്തില്‍ ഭേദഗതിക്കുള്ള തിരക്കിട്ട നീക്കമെന്ന് ഡോ. ടി.വി സജീവ്. മനുഷ്യനെ,പ്രകൃതിയെ,ജീവജാലങ്ങളെ വലിയ അപകടത്തിലാക്കുന്നതാണ് ഭേദഗതി നിര്‍ദേശങ്ങളെന്ന് ദ ക്യു അഭിമുഖപരിപാടിയായ ടു ദ പോയിന്റില്‍, വനഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് വ്യക്തമാക്കി. കൂട്ടം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്താനും, അഭിപ്രായരൂപീകരണവും ഇടപെടലുകളും സാധ്യമാക്കാനും അവസരം കുറഞ്ഞ സാഹചര്യത്തില്‍ കേന്ദ്രം തിരക്കുപിടിച്ച് ഭേദഗതിക്ക് ശ്രമിക്കുകയാണ്. നേരത്തേ തന്നെ നിരവധി പഴുതുകളുള്ള നിയമത്തില്‍ അപകടകരമായ വ്യവസ്ഥകള്‍ അവതരിപ്പിച്ച് ഭേദഗതി വരുത്തുമ്പോള്‍ നിയമം കൂടുതല്‍ ദുര്‍ബലപ്പെടുകയാണുണ്ടാവുക, ഈ സാഹചര്യത്തില്‍ പ്രസ്തുത കരട് പിന്‍ലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡിന്റെ മറവില്‍ തിടുക്കപ്പെട്ട് ഭേദഗതി നീക്കം

ബ്രസീലില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ വലിയ സമരങ്ങള്‍ രൂപപ്പെട്ടുവരുന്ന സമയത്താണ് കൊവിഡ് പടരുന്നത്. ജനം മഹാമാരിയുടെ പുറകെയാണെന്നും ഈ സമയത്താണ് പല നിയമങ്ങളും നടപ്പാക്കാനും, പല പദ്ധതികളും ആരംഭിക്കാനും കഴിയുകയെന്നാണ് അവിടുത്തെ പരിസ്ഥിതി മന്ത്രി പരസ്യമായി പറഞ്ഞത്. സമാന സ്ഥിതിയാണ് ഇവിടെയും. മഹാമാരിയുടെ സാഹചര്യത്തെ ദേശീയ തലത്തില്‍ ഏറ്റവും വിദഗ്ധമായി അപകടകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവാണ് എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്മന്റ് നിയമത്തില്‍ ഭേദഗതിക്കുള്ള തിരക്കിട്ടനീക്കം.

മനുഷ്യനെ,പ്രകൃതിയെ,ജീവജാലങ്ങളെ വലിയ അപകടത്തിലാക്കുന്നത് ; ഇഐഎ കരട് എന്തുകൊണ്ട് എതിര്‍ക്കപ്പെടണം, ഡോ.ടി.വി സജീവ് പറയുന്നു
പിന്നോക്കം പോയി ഭിത്തിയില്‍ത്തട്ടി നില്‍ക്കുമ്പോള്‍ അവയ്ക്ക് പ്രത്യാക്രമണം നടത്തേണ്ടി വരുമെന്ന തിരിച്ചറിവ് വേണം : ഡോ. ടി.വി സജീവ് 

എന്താണ് പരിസ്ഥിതി ആഘാത പഠനം

1986 ലെ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്‍വിയോണ്‍മെന്റ് അസസ്‌മെന്റ് റൂള്‍ നിലനില്‍ക്കുന്നത്. ഇതിന് മുന്‍പ് 2006 ലാണ് വ്യവസ്ഥകളില്‍ ഭേഗദതി വരുത്തിയത്. ശേഷം നിരവധി കോടതി വ്യവഹാരങ്ങളും ഗ്രീന്‍ ട്രിബ്യൂണലിന്റെ ഇടപെടലുകളുമൊക്കെ ഉണ്ടായി. അതിന്റെയൊക്കെ ചുവടുപിടിച്ചിട്ടാണ് വീണ്ടും ഭേദഗതിയെന്ന ലക്ഷ്യത്തോടെ കരട് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍പേ ഉള്ള നിയമം വലിയ പഴുതുകള്‍ നിറഞ്ഞതാണ്. എന്തിനാണ് എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് ? ഒരു പദ്ധതി തുടങ്ങുന്നു, അല്ലെങ്കില്‍ ഒരു വ്യവസായം തുടങ്ങുന്നു. പ്രസ്തുത പദ്ധതി അവിടുത്തെ പരിസ്ഥിതിയിലും മനുഷ്യരുടെ ജീവിതത്തിലും ഏതുതരത്തിലുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്നാണ് പഠിക്കുന്നത്. സാഹചര്യം പഠിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാതെ ആ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യം. വലിയ പ്രശ്‌നമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാന്‍ ആ പദ്ധതിയില്‍ വഴികളില്ലെന്ന് സ്ഥിരീകരിച്ചാല്‍ അത് വേണ്ടെന്ന് വെയ്ക്കുന്ന തരത്തില്‍ വളരെ അപൂര്‍വമായി നടപടികളുണ്ടാകാറുണ്ട്. പരിസ്ഥിതി ആഘാത പഠനം വളരെ പോസിറ്റീവായ പ്രക്രിയയാണ്. ഒരു പദ്ധതി പ്രകൃതിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ലഘൂകരിക്കാനും വേണ്ടിയുള്ള ശാസ്ത്രീയമായ ഇടപെടലാണത്.

ഭേദഗതിയിലെ അപകടകരമായ വ്യവസ്ഥകള്‍

സ്ട്രാറ്റജിക് പ്രൊജക്ട് ആണെന്ന് വിശദീകരിച്ചാല്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന് ഡ്രാഫ്റ്റ് പറയുന്നു. റോഡാകാം, പൈപ്പ് ലൈനാകാം, ഖനനമാകാം, അത് ദേശീയ ആവശ്യത്തിനാണെന്ന് വിശദീകരിച്ച് ഇഐഎ(Environment Impact Assessment) ഒഴിവാക്കാനാകും. 1,50,000 അടി വലിപ്പമുള്ള നിര്‍മ്മാണത്തിന് വരെ ഇഐഎ ആവശ്യമില്ല. എണ്ണ, കല്‍ക്കരി,പ്രകൃതി വാതകം തുടങ്ങിയവയുണ്ടോയെന്ന് അന്വേഷിക്കുന്ന പ്രക്രിയയും ഒഴിവാക്കി. 25 മെഗാവാട്ട് വരെയുള്ള ഹൈഡ്രോ ഇലക്ട്രിക് പദ്ധതികള്‍ ആരംഭിക്കാനും ഇഐഎ ആവശ്യമില്ല. രണ്ടായിരം മുതല്‍ പതിനായിരം ഹെക്ടര്‍ വരെയുള്ള പ്രദേശത്ത് ജലസേചനം നടത്താനുള്ള ഇറിഗേഷന്‍ പദ്ധതികളെയും ഒഴിവാക്കിയിട്ടുണ്ട്. സ്‌മോള്‍, മീഡിയം കാറ്റഗറിയിലുള്ള സിമന്റ് കമ്പനികള്‍, ഫോസ്ഫറിക് ആസിഡ്, അമോണിയ എന്നിവ ഒഴിച്ച് ബാക്കിയുള്ള കെമിക്കല്‍, ആസിഡ് നിര്‍മ്മാണങ്ങള്‍ക്കും അത് ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ക്കും ഇഐഎ വേണ്ടെന്നാണ് പറയുന്നത്. ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണില്‍ റോപ് വേ പോലുള്ളവയ്ക്കും ബാധകമല്ല. ഏറ്റവും അപകടകരമായ മറ്റൊരു വ്യവസ്ഥ, ഒരു പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനും മതില്‍ കെട്ടി തിരിക്കാനും പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതില്ല എന്നതാണ്. ഇഐഎ ഇല്ലാതെ തന്നെ ഒരു പദ്ധതിക്ക് കുറേദൂരം മുന്നോട്ടുപോകാനാകും. ഒരു പ്രദേശത്തെ മുഴുവനാളുകളെയും അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയും സ്ഥലം മുഴുവന്‍ മതില്‍കെട്ടി തിരിക്കുകയും ചെയ്യാം. കുറച്ചുവര്‍ഷങ്ങള്‍ ആ സ്ഥലമങ്ങനെ ഇട്ടുകഴിഞ്ഞാല്‍ പിന്നീട് അതെന്തിന് വേണമെങ്കിലും ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് മാറും. അത്തരത്തില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുകയെന്നത് സ്ഥിരം കാര്യമാകും. അതായത് ഒരു പദ്ധതി പ്രകൃതിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ആളുകള്‍ അവിടെയുള്ളപ്പോള്‍ പഠിക്കാതിരിക്കുന്നു. ഒരു പരിസ്ഥിതി പ്രശ്‌നമുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ 30 ദിവസമുണ്ടായിരുന്നു. അത് 20 ആക്കി കുറയ്ക്കുകയാണ് കരടില്‍. ഒരു പ്രശ്‌നം പെട്ടെന്ന് തിരിച്ചറിയുക, അതിനെ ശാസ്ത്രീയമായി മനസ്സിലാക്കുക, അതില്‍ അഭിപ്രായം രൂപീകരിക്കുക, അതിനോട് കൃത്യമായി പ്രതികരിക്കുക എന്നതിനൊക്കെ മനുഷ്യര്‍ക്ക് കിട്ടുന്നത് കേവലം 20 ദിവസം മാത്രമാകും. ധാരാളം പ്രൊജക്ടുകള്‍ ഇഐഎ ഇല്ലാതെ തുടങ്ങാന്‍ പോകുന്നുവെന്നതാണ് സംഭവിക്കുക. ഒരു പദ്ധതിയുടെ മുന്നോട്ടുള്ള പ്രക്രിയാഘട്ടങ്ങളില്‍ മാത്രമാണ് പരിസ്ഥിതി ആഘാത പഠനം നടക്കുക. പല പ്രൊജക്ടുകളെയും B2 കാറ്റഗറിയിലേക്ക് മാറ്റുന്നതോടുകൂടി അതില്‍ പബ്ലിക് ഹിയറംഗിന്റെ ആവശ്യമില്ലാതായി മാറും. അതായത് ജനങ്ങളോട് ചോദിക്കേണ്ട ആവശ്യമില്ലാതാകുന്നു. പ്രതികരിക്കാന്‍ ജനത്തിന് വേദി കിട്ടാതാകും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നത് / പഴുതുകള്‍ എന്തെല്ലാം

പണ്ടുമുതലേ പരിസ്ഥിതി ആഘാതപഠനത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ട്. പഠനം നടത്തുന്നത് അക്രഡിറ്റഡ് ഏജന്‍സിയാണ്. അക്രഡിറ്റേഷന്‍ ലഭിക്കണമെങ്കില്‍ പണം നല്‍കണം. ഈ ആംഗീകാരം നിലനിര്‍ത്തണമെങ്കിലും പണം നല്‍കണം. അതായത് ഇഐഎയില്‍ നിന്ന് പൈസയുണ്ടാക്കാന്‍ കഴിയുന്ന ആളുകളാണ് ഇതിന് നില്‍ക്കുകയെന്ന് വ്യക്തം. അത് ചെയ്യാന്‍ പണം കൊടുക്കുന്നതും പദ്ധതി നടത്തിപ്പുകാര്‍ തന്നെയാണ്. ചീമേനിയില്‍ സൂപ്പര്‍ പവര്‍ തെര്‍മല്‍ പ്ലാന്റിനായി പ്രപ്പോസല്‍ ഉണ്ടായിരുന്നു. വാബ്‌കോസ് എന്ന ഏജന്‍സിയാണ് അന്ന് ഇഐഎ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതൊരു വലിയ പുസ്തകമായിരുന്നു. ധാരാളം ജീവജാലങ്ങളുടെ പേരുകളൊക്കെ പരാമര്‍ശിക്കുന്നുണ്ട്. അങ്ങനെയാണ് വലുപ്പമേറിയത്. പക്ഷേ അതില്‍ പരാമര്‍ശിച്ച പല ജീവജാലങ്ങളും ചീമേനിയിലോ കേരളത്തിലോ എന്തിന് ഇന്ത്യയില്‍ പോലുമോ ഇല്ലാത്തതാണ്. പഠനം എവിടുന്നോ പകര്‍ത്തിയതാണെന്ന് ചുരുക്കം. ഇഐഎ റിപ്പോര്‍ട്ടുണ്ടാക്കുന്ന പ്രക്രിയ പോലും അങ്ങനെയുള്ളതാണ്. അത്തരത്തില്‍ നിരവധി പഴുതുകളുള്ള ആ പ്രക്രിയ വീണ്ടും ദുര്‍ബലപ്പെടുന്ന സ്ഥിതിയാണ് ഈ ഡ്രാഫ്റ്റ് നിയമമായാല്‍ സംഭവിക്കുക. ഇത്തരത്തിലെല്ലാം അപടകരമാണ് കരടിലെ വ്യവസ്ഥകള്‍. ഈ സാഹചര്യത്തിലാണ് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങളുന്നയിച്ച് നിരവധി കത്തുകള്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്. രാജ്യം മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ തിരക്കുപിടിച്ച് ഇത് ചെയ്യരുതെന്നാണ് ആവശ്യപ്പെടാനുള്ളത്. കുറച്ചുകൂടി സമയം ലഭ്യമാക്കേണ്ടതുണ്ട്. കൂടാതെ പ്രതികരണമായി ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അത് പരസ്യപ്പെടുത്തണം. പലരും പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. ഓരോരുത്തരും എന്തെല്ലാം അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാന്‍ ഇതിലൂടെ കഴിയും. അവയെല്ലാം കൂട്ടിച്ചേര്‍ത്തേ ഭേദഗതി സാധ്യമാക്കാവൂ എന്നുമാണ് ആവശ്യപ്പെടുന്നതെന്നും ഡോ. ടിവി. സജീവ് ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in