പരിഷ്‌ക്കാരങ്ങൾ ജനാധിപത്യ ബാങ്കിംഗ് ഉറപ്പാക്കുന്നതാകണം

പരിഷ്‌ക്കാരങ്ങൾ  ജനാധിപത്യ ബാങ്കിംഗ് ഉറപ്പാക്കുന്നതാകണം
Summary

2014 മുതലാണ് സ്വകാര്യവൽക്കരണ നീക്കങ്ങൾ തകൃതിയായി നടക്കുന്നത്. ബാങ്ക് ലയനങ്ങളുടെ തുടർച്ച അതാണ് കാണിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി ചുരുങ്ങിയിരിക്കുന്നു. ഇനിയും അത് അഞ്ചായി വീണ്ടും ചുരുക്കുമെന്നാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ള ഭീഷണി

ഇന്ത്യയിലെ ബാങ്ക് ദേശസാൽക്കരണം നടന്നിട്ട് അമ്പത്തിയൊന്നു വർഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക തലങ്ങളിലാകെ സമഗ്രമായ പുരോഗതിയും അഭിവൃദ്ധിയും സംഭാവന ചെയ്ത വിപ്ലവാത്മക നടപടിയായിരുന്നു ബാങ്ക് ദേശസാൽക്കരണം. ദശലക്ഷങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങൾ രാജ്യത്തിന്റെ സാമൂഹിക ലക്ഷ്യങ്ങൾക്കും ദേശിയ മുൻഗണനകൾക്കും കീഴ്പ്പെട്ട്‌ പ്രവർത്തിക്കണം എന്നതായിരുന്നു ദേശസാത്കരണ നയം ലക്‌ഷ്യം വച്ചത്. 2009 ജൂലൈ 6-ന് ഇന്ത്യൻ പാർലമെൻറിൽ ബജറ്റ് അവതരണ വേളയിൽ അന്നത്തെ ധനകാര്യ മന്ത്രി ശ്രീ. പ്രണബ് മുഖർജി നടത്തിയ പ്രസ്താവന ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. “നാല്പതു വര്‍ഷം മുമ്പ്, ഇന്ത്യയിലെ ബാങ്കിംഗ് വ്യവസ്ഥ ദേശസാല്‍ക്കരിക്കാനുള്ള പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ ആര്‍ജ്ജവമുള്ള തീരുമാനം എത്രമാത്രം വിവേകപൂര്‍ണമായ നടപടിയായിരുന്നുവെന്ന് ഈയടുത്തുണ്ടായ സംഭവങ്ങള്‍ കൂടി തെളിയിക്കുന്നു.”.

ഏതാനും കുത്തക മുതലാളിമാരുടെയും മറ്റു ധനിക വ്യാപാരികളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന പ്രധാനപ്പെട്ട പതിനാല് ബാങ്കുകള്‍ 1969 ജൂലൈ 19നാണ്‌ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്‌. 1955 ജൂലൈ ഒന്നിന് എസ്ബിഐ ദേശസാല്‍ക്കരിച്ചതും 1960ല്‍ അനുബന്ധ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതും ഇതിനു മുന്നോടിയായ നടപടികളായിരുന്നു. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ആധുനികവും ജനാധിപത്യപരവും ജനക്ഷേമകരവുമായ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ അനിവാര്യമായ തുടര്‍ച്ചകളായിരുന്നു ആ മൂന്നു നടപടികളും. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആശയാവിഷ്‌ക്കാരം തന്നെയായിരുന്നു ഈ ദേശസാല്‍ക്കരണ നടപടികളൊക്കെയും. അതിനെ തുടര്‍ന്ന് 1980ല്‍ ആറ് ബാങ്കുകള്‍ വീണ്ടും ദേശസാല്‍ക്കരിക്കപ്പെട്ടു.

ഈ ദേശസാല്‍ക്കരണങ്ങള്‍ കേവലം ഭരണ നടപടികളോ സാമ്പത്തിക മാനങ്ങള്‍ മാത്രമുള്ള സാങ്കേതിക പരിഷ്‌ക്കാരങ്ങളോ അല്ല. രാഷ്ട്രീയ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാവാന്‍ സാമ്പത്തിക സ്വാതന്ത്ര്യം കൂടിയേ തീരൂ. ആ ദിശയിലുള്ള ചുവടുവയ്പായിരുന്നു ദേശസാല്‍ക്കരണം.കോടിക്കണക്കിന് ഇന്ത്യക്കാരുടെ നിത്യജീവിതത്തെയും ജീവനോപാധികളെയും ഭാവി-വര്‍ത്തമാനങ്ങളെയും മാറ്റിപ്പണിത പുരോഗമനപരമായ നടപടികളായിരുന്നു അവ. കാര്‍ഷിക-വ്യാവസായിക-വികസന മേഖലകളില്‍ രാഷ്ട്രത്തിന് കുതിച്ചു ചാട്ടം നടത്താനായി. ബാങ്കുകളിലൂടെയുള്ള സാമ്പത്തിക വിനിമയങ്ങള്‍ക്ക് നൂറു ശതമാനം വിശ്വാസ്യത കൈവരുകയും , അവ പല മടങ്ങ് വളരുകയും വ്യാപിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ ബാങ്കുകളെത്തി. ലക്ഷക്കണക്കിന് സാധാരണക്കാരായ ജീവനക്കാരും കോടിക്കണക്കിന് ഇടപാടുകാരും - അങ്ങിനെ ഇന്ത്യന്‍ ബാങ്കിംഗ് തന്നെ സവിശേഷവും മാതൃകാപരവും ജനകീയവുമായ ഒരു വ്യവസായ മേഖലയാണ്.

1969ല്‍ ബാങ്ക് ദേശസാല്‍ക്കരണ സമയത്ത് എണ്ണായിരത്തില്‍പരം ബാങ്ക് ശാഖകളാണ് രാജ്യത്താകെ ഉണ്ടായിരുന്നത്. ഇപ്പോഴത് ഒന്നര ലക്ഷത്തിലധികമാണ്. അറുപത്തയ്യായിരം പേര്‍ക്ക് ഒരു ബാങ്ക് ശാഖ എന്നത് ഒമ്പതിനായിരം പേര്‍ക്കൊന്ന് എന്ന നിലയില്‍ പുരോഗമിക്കുകയും വിപുലീകൃതമാകുകയും വികേന്ദ്രീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഹരിത വിപ്ലവം, ധവള വിപ്ലവം, ചെറുകിട വ്യവസായ/വാണിജ്യ വികാസം എന്നിങ്ങനെ രാഷ്ട്ര പുരോഗതിയുടെ നിരവധി ഘടകങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ സാധിച്ചത് ബാങ്കു ദേശസാല്‍ക്കരണത്തെതുടര്‍ന്നുള്ള ജനകീയ ബാങ്കിംഗ് നടപടികളിലൂടെയാണ്.

തൊണ്ണൂറുകളില്‍ പക്ഷെ നാം തിരിഞ്ഞു നടക്കാനാരംഭിച്ചു. രാഷ്ട്ര പുനർനിർമ്മാണത്തിന്റെ ആശയങ്ങളും പ്രവർത്തന പദ്ധതിയും മുന്നോട്ടുവച്ച ദേശസാൽക്കരണം അര നൂററാണ്ട് പിന്നിടുമ്പോൾ ധനകാര്യ മേഖലയിലെ ചിത്രമാകെ മാറുകയാണ്. എല്ലാ സീമകളേയും ലംഘിച്ചുകൊണ്ട് ബാങ്കിംഗ് മേഖലയിൽ സ്വകാര്യവൽക്കരണം അരങ്ങു തകർക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

2014 മുതലാണ് സ്വകാര്യവൽക്കരണ നീക്കങ്ങൾ തകൃതിയായി നടക്കുന്നത്. ബാങ്ക് ലയനങ്ങളുടെ തുടർച്ച അതാണ് കാണിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി ചുരുങ്ങിയിരിക്കുന്നു. ഇനിയും അത് അഞ്ചായി വീണ്ടും ചുരുക്കുമെന്നാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ള ഭീഷണി.

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി കുറച്ചു കൊണ്ടുവരികയാണ്. സാധാരണ ജനങ്ങൾക്ക് ബാങ്കിംഗ് സേവനത്തിലൂടെ ജീവിത പുരോഗതി നേടിക്കൊടുക്കുക എന്ന ലക്ഷ്യം മറവിയിലായിരിക്കുന്നു. വൻകിട കോർപറേറ്റുകൾക്ക് “തിരിച്ചടക്കേണ്ടതില്ലാത്ത” വായ്പകൾ നൽകി കോടികൾ എഴുതിത്തള്ളാനുള്ള സ്ഥാപനങ്ങളായി ബാങ്കുകൾ മാറിയിരിക്കുന്നു.

കുടിശ്ശിക തിരിച്ചടക്കാൻ എല്ലാത്തരം ആസ്തികൾ ഉണ്ടായിട്ടും അടക്കാത്ത 5 കോടിയിൽ കൂടുതൽ വായ്പയെടുത്ത കല്പിച്ചു കൂട്ടിയ കുടിശ്ശികക്കാര്‍ (wilful defaulters) 2500 ഓളമുണ്ട്. 1,50,000 കോടിയോളമാണ് ഇവരുടെ മാത്രം ബാധ്യത. പൊതുമേഖലാ ബാങ്കുകളുടെ തകർച്ച രാജ്യത്തിന്റേയും ജനങ്ങളുടെയും തകർച്ചയിലെക്കാണ് നയിക്കുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിയപ്പെടണം.

കോവിഡ് മഹാമാരിയുടെ സന്നിഗ്ദഘട്ടത്തിലും ദേശീയ സംവാദത്തിലൂടെയും സുതാര്യവും സത്യസന്ധവുമായ നടപടികളിലൂടെയും പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാനുള്ള പ്രവർത്തന പരിപാടി രൂപപ്പെടുത്താൻ കേന്ദ്ര ഗവ. തയ്യാറാകുന്നില്ല. മറിച്ചു കിട്ടാക്കടം കാരണംപറഞ്ഞു ബാങ്കുകളെ സ്വകാര്യവത്കരിക്കാനും നിക്ഷേപകരുടെ സമ്പാദ്യങ്ങൾ തന്നെ നഷ്ടപ്പെടുത്തുന്ന റെസൊല്യൂഷൻ രൂപങ്ങൾ സൃഷ്ടിക്കാനുമുള്ള ആലോചനകളാണ് പിന്നണിയിൽ നടക്കുന്നത്. ബാങ്കുകളുടെ ഗവർണൻസ് സംബന്ധിച്ച ചർച്ചാ രേഖപോലും ഫലപ്രദമായ സംവാദത്തിനു വിധേയമാക്കപ്പെട്ടിട്ടില്ല.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബാങ്കിംഗ് വ്യവസായത്തിലാകെ, സ്വകാര്യവിഹിതം കേവലം അഞ്ച് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഇപ്പോഴത്‌ മുപ്പത്തഞ്ച് ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. അതോടൊപ്പം, പൊതുമേഖലാ ബാങ്കുകളുടെ തന്നെ നയങ്ങളും വായ്പാപദ്ധതികളും വന്‍ തോതില്‍ സ്വകാര്യമേഖലയിലേക്ക് ഒഴുകുന്ന സമീപനവുമുണ്ട്.സ്വകാര്യവത്ക്കരണവും എല്ലാം കൊള്ളലാഭത്തിന് കീഴ്‌പ്പെടുത്തലും കോര്‍പ്പറേറ്റ് വായ്ത്താരികളും അമേരിക്കന്‍ മാനേജ്‌മെന്റ് പരിഷ്‌ക്കാരങ്ങളും എല്ലാം സാധാരണക്കാരെ ബാങ്കില്‍ നിന്നകറ്റാന്‍ വേണ്ടി നിര്‍മ്മിച്ചുകൂട്ടിയതു പോലെയാണ് ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ടത്.

ബാങ്കിങ് നയങ്ങൾ ഭരണഘടനാ ലക്ഷ്യങ്ങൾക്ക് അനുസൃതമാവണം

ബാങ്കിങ് മേഖലയിൽ ഭരണഘടനാ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള പരിഷ്കാരങ്ങൾക്കാകണം പ്രാമുഖ്യമുണ്ടാകേണ്ടത്. ഊഹകച്ചവടത്തിന് ഊന്നൽ നൽകുന്നത്തിനു പകരം നിക്ഷേപങ്ങൾ സമാഹരിക്കുകയും പുനർ വിതരണം സാധ്യമാക്കുകയും ചെയ്യുന്ന ബാങ്കിങ് നയം ശക്തിപ്പെടുത്തണം. രാജ്യത്തെ 140 ലക്ഷം കോടിയോളം വരുന്ന ബാങ്ക് നിക്ഷേപങ്ങൾ കൃഷിക്കാർക്കും ചെറുകിട ഇടത്തരം സംരംഭകർക്കും പരമാവധി ലഭ്യമാവുന്ന രീതിയിൽ വായ്പ നയങ്ങൾ പരിഷ്കരിക്കണം. മുഴുവൻ ജനങ്ങൾക്കും ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ലളിതമായ നടപടികൾ ബാങ്ക് ശാഖകളിൽ ഉണ്ടാവണം. ബാങ്ക് ശാഖകളുടെ വ്യാപനവും സേവനവും വിപുലീകരിക്കുന്നതിനു പകരം പൊതുമേഖലാ ബാങ്കുകൾ തന്നെ ലയിപ്പിച്ചു ശാഖകൾ കുറക്കുകയും സേവനം പരിമിതപ്പെടുത്തുകയും ചെയ്യുന്ന സമീപനം പിൻവലിക്കണം. ഇക്കാര്യങ്ങൾ സംബന്ധിച്ചു ദേശീയ സംവാദത്തിന് കേന്ദ്ര ഗവര്മെണ്ട് തയ്യാറാകണം.

സ്വകാര്യവത്ക്കരണവും എല്ലാം കൊള്ളലാഭത്തിന് കീഴ്‌പ്പെടുത്തലും കോര്‍പ്പറേറ്റ് വായ്ത്താരികളും അമേരിക്കന്‍ മാനേജ്‌മെന്റ് പരിഷ്‌ക്കാരങ്ങളും എല്ലാം സാധാരണക്കാരെ ബാങ്കില്‍ നിന്നകറ്റാന്‍ വേണ്ടി നിര്‍മ്മിച്ചുകൂട്ടിയതു പോലെയാണ് ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ടത്.

ബാങ്കുകളിൽ മതിയായ ജീവനക്കാരെ നിയമിക്കണം

ഏതൊരു വ്യക്തിക്കും ബാങ്കിങ് സേവനം അനിവാര്യമായ ഒരു കാലമാണിത്. സാമൂഹ്യ സുരക്ഷാ പദ്ധതികളെല്ലാം ബാങ്കുകൾ വഴിയായിരിക്കുന്നു. സർക്കാർ കൊണ്ടുവരുന്ന ആധാർ മുതൽ എല്ലാ സേവനങ്ങൾക്കും ബാങ്കുകളിൽ സൗകര്യമൊരുക്കണമെന്നു ഉത്തരവായിരിക്കുന്നു. വിവിധ തരത്തിലുള്ള പണമയക്കൽ സംവിധാനങ്ങൾ, ഡിജിറ്റൽ ബാങ്കിങ്ങിന്റെ ഭാഗമായുള്ള കാർഡുകൾ കൈകാര്യം ചെയ്യൽ, ഇന്റർനെറ്റ് ബാങ്കിങ് മുഖാന്തിരമുള്ള ഇടപാടുകൾ നടത്തൽ, ഓഹരികൾ സംബന്ധിച്ച ഡീമാറ്റ് സംവിധാനങ്ങൾ മുതൽ ടോക്കൺ എടുക്കൽ തുടങ്ങി അക്കൗണ്ടുകൾ തുടങ്ങാനുള്ള ആപ്പുകൾ വരെ പ്രവർത്തിപ്പിക്കാൻ ആരംഭിച്ച ബാങ്ക് ശാഖകൾക്കകത്ത് വർധിച്ച ജോലി ഭാരം ഉണ്ട്. ക്രോസ്സ്‌ സെല്ലിങ് എന്ന പേരിൽ ലൈഫും അല്ലാത്തതുമായ ഇൻഷൂറൻസുകൾ, മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങിയവയുടെ വിപണന കേന്ദ്രമായും ബാങ്കുകളെ മാറ്റിയിരിക്കുന്നു. മനുഷ്യ വിഭവ ആസൂത്രണത്തിന് (Man Power Planning) ശാസ്ത്രീയമായ മാനദണ്ഡങ്ങൾ അനുവർത്തിക്കേണ്ടതു ഏതൊരു മാനേജുമെന്റിന്റെയും ബാധ്യതയാണ്. എന്നാൽ ജോലി ഭാരം കൂട്ടാനല്ലാതെ കുറക്കാനുള്ള നടപടികൾ ബാങ്ക് മാനേജുമെന്റുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. ഖണ്ഡേൽവാൾ കമ്മിറ്റി നിർദ്ദേശം കൂടി നടപ്പിലാക്കാൻ തുടങ്ങിയതോടെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവാണു ഉണ്ടായിട്ടുള്ളത്. ഓരോ വർഷവും റിട്ടയർമെന്റ് മൂലമോ മറ്റു കാരണങ്ങളാലോ കുറവ് വരുന്ന ജീവനക്കാർക്ക് തുല്യമായി പോലും പുതിയ നിയമനം നടത്തുന്നില്ല ഇക്കാര്യത്തിൽ മാനേജുമെന്റുകൾ കാണിക്കുന്ന നിഷേധാൽമക നിലപാടുകൾ തിരുത്തണം.

സ്വകാര്യവത്ക്കരണവും എല്ലാം കൊള്ളലാഭത്തിന് കീഴ്‌പ്പെടുത്തലും കോര്‍പ്പറേറ്റ് വായ്ത്താരികളും അമേരിക്കന്‍ മാനേജ്‌മെന്റ് പരിഷ്‌ക്കാരങ്ങളും എല്ലാം സാധാരണക്കാരെ ബാങ്കില്‍ നിന്നകറ്റാന്‍ വേണ്ടി നിര്‍മ്മിച്ചുകൂട്ടിയതു പോലെയാണ് ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ടത്. ഇക്കാലത്തു തന്നെയാണ് കമ്പ്യൂട്ടറും ശൃംഖലകളും ഡിജിറ്റൈസേഷനും എല്ലാമായി അതിസാങ്കേതികതാ വിപ്ലവങ്ങളും നടന്നത്. അനിവാര്യമായ ഈ ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കു പകരം പഴയതും പുതിയതും, നാടനും വിദേശിയുമായ കുത്തകകള്‍ക്ക് ലഭ്യമാവുന്ന പരിതസ്ഥിതിയും സംജാതമായത് ഈ മനോഭാവം മൂലമാണ്.

കോര്‍പ്പറേറ്റുകള്‍ക്കും അതുപോലുള്ളവര്‍ക്കും വാരിക്കോരി കൊടുത്തു തള്ളിയ കോടിക്കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടങ്ങളാണ് ഇന്നത്തെ ഇന്ത്യന്‍ ബാങ്കിംഗിന്റെ മുഖ്യ ശാപം. ലയനങ്ങളും പിടിച്ചെടുക്കലും ഭാഗികവും പൂര്‍ണവുമായ സ്വകാര്യവത്ക്കരണങ്ങളും എല്ലാം ചേര്‍ന്ന് ബാങ്കുകളുടെ ശോഭ കെടുത്തുകയും സാധാരണക്കാരെ കൂടുതല്‍ കൂടുതലായി വെളിമ്പ്രദേശത്തു നിര്‍ത്തലുമായി കാര്യങ്ങളാകെ കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ആഗോള സാമ്പത്തിക തകര്‍ച്ചകളെപ്പോലും ഇന്ത്യക്ക് അതിജീവിക്കാനായത്, പൊതുമേഖലാ ബാങ്കുകളുടെ ശക്തമായ അടിത്തറയുണ്ടായിരുന്നതു കൊണ്ടാണെന്നെല്ലാവരും അംഗീകരിച്ചതാണ്. ഇപ്പോള്‍, കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകമാകെ സ്തംഭിച്ചു നില്‍ക്കുകയാണ്. ഭാവിയാകെ അനിശ്ചിതത്വത്തിലായിരിക്കുന്നു. ഈയവസ്ഥയും തങ്ങളുടെ അതി മുതലാളിത്താനുകൂല പരിഷ്‌ക്കാരങ്ങള്‍ക്കുള്ള മുന്‍കൂര്‍ ന്യായീകരണങ്ങളാക്കാനാണ് ഭരണകൂടങ്ങളും മാനേജ്‌മെന്റുകളും ശ്രമിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ഡിജിറ്റൈസേഷന്‍ വ്യാപകമായ തൊഴില്‍ നഷ്ടത്തിലേക്കും സുരക്ഷാവീഴ്ചയിലേക്കും കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കാനാണ് സാധ്യത. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശുഷ്‌ക്കാന്തിയില്ലാത്തതും അപകടകരമായ മനോഭാവമാണ്.

ദേശസാല്‍ക്കരണത്തിന്റെ ഓര്‍മ്മ പുതുക്കല്‍, തൊഴിലാളിയെ സംബന്ധിച്ചിടത്തോളം കേവലം അനുഷ്ഠാനങ്ങളല്ല. സാമൂഹികവും ആത്മാഭിമാനപരവുമായ രാഷ്ട്ര ജീവിതത്തെ തിരിച്ചുപിടിക്കലും ഉറപ്പിക്കലുമാണത്. ആ പ്രതിജ്ഞ പുതുക്കാനാണ് ദേശസാല്‍ക്കരണത്തിന് അമ്പത്തൊന്നു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാം പരിശ്രമിക്കേണ്ടത്.

(സ്‌റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) ജനറല്‍ സെക്രട്ടറിയും നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് ദേശീയ ജോയന്റ് സെക്രട്ടറിയുമാണ് ലേഖകന്‍ എ. രാഘവൻ)

Related Stories

No stories found.
logo
The Cue
www.thecue.in