ശ്രീധന്യ, പണിയരിലേക്കും അടിയരിലേക്കും പടരേണ്ട വിപ്ലവം

ശ്രീധന്യ, പണിയരിലേക്കും അടിയരിലേക്കും പടരേണ്ട വിപ്ലവം
Summary

ആദിവാസി എന്ന സ്വത്വകല്പന ആധുനിക കേരളത്തിന്റെ ആത്മബോധത്തിന്റെ അപര സ്ഥാനത്താണ് എന്നും നിലകൊണ്ടത്.അപരിഷ്കൃതരും കാടന്മാരുമെന്ന് ഭാവന ചെയ്ത് അകറ്റിനിർത്തപ്പെടുകയോ 'വനവാസി' എന്ന പ്രത്യയശാസ്ത്രഭരിതമായ കല്പനയാൽ മനുഷ്യ മാനദണ്ഡങ്ങൾക്ക് പുറത്തു നിർത്തപ്പെടുകയോ ചെയ്ത ഗോത്രവർഗ്ഗ വിഭാഗങ്ങൾ നമ്മുടെ ആധുനികബോധത്തിന്റെ ഇടനാഴികളിലുണ്ട്. റഫീക്ക് ഇബ്രാഹിം എഴുതുന്നു

"അമ്പൂട്ടിപ്പണിക്കരേ... ഞാൻ പറയനായിട്ടും നിങ്ങളെന്നെ ദൂരെ നിർത്തുന്നില്ല. കാരണം എനിക്ക് വിദ്യയറിയാം എന്നു നിങ്ങൾ കരുതുന്നു. അപ്പോ അറിവാണ് പ്രധാനം....."

(എരി: പ്രദീപൻ പാമ്പിരികുന്ന്)

ഇച്ഛയും അവളവൾക്ക്/അവനവന് ലഭ്യമായ സാഹചര്യവും തമ്മിലുള്ള അപരിഹാര്യ വൈരുധ്യത്തിനകമേയുള്ള നിലയ്ക്കാത്ത ഇടപെടലാണ് ഒരാളെ പോരാളിയാക്കുന്നത് . മരണമുറപ്പാവുന്ന സന്ദർഭത്തിലും പരാജയപ്പെടാൻ കൂട്ടാക്കാത്ത പോരാട്ട വീര്യത്തിന്റെ, വീറിന്റെ, ആത്മസ്ഥാപനത്തിന്റെ, ആവിഷ്കാരത്തിന്റെ ധാരാളം രൂപകങ്ങൾ മനുഷ്യഭാവനയിലെ എക്കാലത്തെയും വലിയ ബിംബങ്ങളായി നിൽക്കുന്നതും പോരാട്ടത്തോടുള്ള ഈ അഭിവാജ്ഞ മൂലമാവാം. ഗൾഫ് സ്ട്രീമിൽ ഭീമാകാരൻ മാർലിൻ മത്സ്യത്തിനു പുറകെയുള്ള സാന്റിയാഗോയുടെ യാത്ര വീഴാൻ കൂട്ടാക്കാത്ത മനുഷ്യാന്തസ്സിന്റെ അത്തരമൊരു യാത്രയാണ്. പരിതസ്ഥിതിയോടുള്ള പടവെട്ടലിന്റെ പായ് വഞ്ചി യാത്രയാണ് ഏറിയും കുറഞ്ഞും ഓരോ ജീവിതവുമെന്നു പറയാം. അതിൽ വിജയം നേടുന്നവർ കായികശേഷിയല്ല കരുത്താക്കുന്നത്, ഇച്ഛാ ശേഷിയാണ്. അത്തരമൊരു നിലയ്ക്കാത്ത ഇച്ഛയുടെ വിജയഗാഥയാണ് ശ്രീധന്യ സുരേഷിന്റെ സിവിൽ സർവ്വീസിലെ ചുമതലയേറ്റെടുക്കൽ . സാമൂഹ്യവും സാമ്പത്തികവുമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള, ആധുനിക കേരള നിർമ്മിതിയിൽ ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടു പോയ വിഭാഗത്തിന്റെ പ്രാതിനിധ്യം ശ്രീധന്യയ്ക്കുണ്ട്. എല്ലാ അർത്ഥത്തിലും അഭിനന്ദനാർഹമായ ഒരു സ്ഥാനനേട്ടമാണത്.

അതിരിക്കെത്തന്നെ, ഈ ആലോചന ശ്രീ ധന്യയെക്കുറിച്ചല്ല.അവരുടെ സ്ഥാനാരോഹണ പശ്ചാത്തലത്തിൽ ഉയർന്നു വരേണ്ടുന്ന ചില അടിസ്ഥാന പ്രമേയങ്ങളെക്കുറിച്ചാണ്.ആധുനിക കേരളം തത്വത്തിൽ രൂപീകൃതമായി അറുപത് വർഷം പിന്നിട്ട ഘട്ടത്തിൽ ശ്രീധന്യ എന്ന പെൺകുട്ടിയുടെ വിജയം ചില മൗലിക പ്രമേയങ്ങൾ ഉയർത്തുന്നുണ്ട്.ശ്രീധന്യയുടെ സവിശേഷ സ്വത്വമാണ് മലയാളിയെ അവരുടെ വിജയത്തിൽ ആഹ്ളാദഭരിതരാക്കുന്നത്.നടേ പറഞ്ഞ ആധുനികതയുടെ ഭീമൻ പൽച്ചക്രങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ അദൃശ്യ വിഭാഗത്തിൽ നിന്നാണ് ശ്രീധന്യയുടെ വരവ്.സ്ത്രീ എന്നതു പോലെ കേരളത്തിന്റെ സാംസ്കാരിക സ്ഥലകൽപ്പനകളിൽ ആന്തരികമായി കോളനീകരിക്കപ്പെട്ട ഒരു പ്രദേശത്തിന്റെ പ്രാതിനിധ്യവും അവർക്കുണ്ട്. അതിലുപരി നമ്മുടെ പൊതുവിദ്യഭ്യാസ സമ്പ്രദായത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറ കൂടിയാണ് ശ്രീധന്യയുടേത്. മാതൃഭാഷ ഐച്ഛിക വിഷയമായി നേടിയ പരീക്ഷാവിജയമാണ്.ഇങ്ങനെ ധാരാളം സവിശേഷതകൾ ശ്രീധന്യയുടെ വരവിനുണ്ട് എന്നതിനാൽ തന്നെ, ആധുനിക കേരളത്തിന്റെ വിദ്യഭ്യാസ-സാംസ്കാരിക രൂപീകരണത്തിന്റെ ധനാത്മക വശങ്ങളിലേക്കും, വൈരുധ്യങ്ങളിലേക്കും ശ്രീധന്യ ഒരു സൂചകമായി വർത്തിക്കുന്നുണ്ട്. ആ സൂചകത്തിന്റെ വിശദ പരിശോധനയിലൂടെ മാത്രമേ ശ്രീധന്യമാർ ആവർത്തിക്കുകയുള്ളൂ.

പ്രയോജനവാദത്തിന്റെ ഈ ലാഭകേന്ദ്രകൃതത്വത്തിനെതിരെ ഉയർന്നു വന്ന ഒരു ജനകീയ പ്രതിരോധ പ്രവർത്തനമായിരുന്നു തൊണ്ണൂറുകളുടെ ആദ്യഘട്ടത്തിലെ സാക്ഷരതാ യജ്ഞം.ശ്രീധന്യയുടെ നേട്ടത്തിന്റെ ഭൂമികയൊരുങ്ങുന്നത് അവിടെ വെച്ചാണ്

കേവലമായ അഭിനന്ദന /വ്യക്ത്യാരാധനകൾ സന്ദർഭത്തോടുള്ള മാനുഷികമായ വൈകാരിക പ്രതികരണമാണ് എന്നിടത്തോളം ശരിയാണ്. അപ്പോൾ തന്നെ അറിഞ്ഞോ അറിയാതെയോ അത്തരം ആഖ്യാനങ്ങൾ ശ്രീധന്യയെ "ഒറ്റപ്പെട്ട പ്രതിഭാസമായി " ചുരുക്കിക്കെട്ടാൻ കൂടി ഉതകുന്നതാണ്.കേവലമായൊരു അഭിനന്ദനത്തിലുപരി ഘടനാപരമായ നോട്ടമെന്ന വിപുലമായ പരിപ്രേക്ഷ്യത്തിനകത്തേക്ക് ആ നേട്ടത്തെ ചേർത്തു വെക്കലാണ് ഒരു രാഷ്ട്രീയ സമൂഹം എന്ന നിലയിൽ നമുക്ക് ചെയ്യാനുണ്ടാവുക. ചരിത്രത്തിന്റെ വിശകലനവും ഭാവിയുടെ ദിശാ സൂചിയുമായി ആ വിജയത്തെ മാറ്റിയെടുക്കുക സാധ്യമാണോ എന്ന ഒരന്വേഷണം പ്രസക്തമാവുന്നതവിടെയാണ്.വിജയം ഒരാളുടേതാവുമ്പോഴും അതിനായൊരുങ്ങിയ സാമൂഹ്യ പശ്ചാത്തലം ചരിത്രത്തിന്റെ നിർമ്മിതിയാണല്ലോ.

ഒന്ന്

കൗതുകകരമെന്നു പറയട്ടെ ശ്രീധന്യയുടെ പരീക്ഷാവിജയവാർത്തയുടെ രണ്ട് നാൾ മുൻപാണ് ഡെൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ മലയാളിയായ അധ്യാപകരിലൊരാൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ഊതിവീർപ്പിച്ച ബലൂണെന്ന് വിളിച്ചത്.ഒരു ഓൺലൈൻ പോർട്ടലിൽ വന്ന പ്രസ്തുത ലേഖനത്തിൽ അക്കാഡമിക് ക്വാളിറ്റിയില്ലാത്ത വിദ്യാർത്ഥികളാണ് പൊതുമേഖലയിൽ നിന്ന് പുറത്തു വരുന്നത് എന്ന അസന്ദിഗ്ധ പ്രസ്താവനയുണ്ടായിരുന്നു.പ്രത്യേകിച്ചേതെങ്കിലും കണക്കുകളുടെ പിൻബലമില്ലാതെ, ആനുഭവികയാഥാർത്ഥ്യങ്ങളെ (?) മുൻനിർത്തിയെഴുതപ്പെട്ട ലേഖനം തകർന്നു കഴിഞ്ഞ ഒരു പ്രൊജക്ടായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ പരിഗണിക്കുന്നു.തൊട്ടുപുറകെ വന്ന ശ്രീധന്യയുടെ വിജയവാർത്ത അദ്ദേഹമടങ്ങുന്ന മധ്യവർഗ്ഗ പൊതുബോധത്തിന് ലഭിച്ച ഏറ്റവും കനമുള്ള മറുപടിയാണ്.

ശ്രീധന്യയുടെ വിജയം നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായ ചരിത്രത്തിന്റെ ഏറ്റവും തിളക്കമുള്ള അധ്യായമാണ്. ദുർബല വിഭാഗങ്ങൾക്കും ദൃശ്യത നഷ്ടപ്പെട്ടവർക്കും ജ്ഞാനമേഖലയിൽ ലഭിക്കുന്ന സമത്വം കൂടിയാണ് ഒരാധുനിക സമൂഹത്തിന്റെ നിർണ്ണയന ഘടകങ്ങളിലൊന്ന്. വിദ്യ നേടാനുള്ള അവകാശത്തിനായി ആദ്യ തൊഴിൽ സമരം സംഘടിപ്പിക്കപ്പെട്ട അപൂർവ്വ സമൂഹങ്ങളിലൊന്ന് എന്ന നിലയിൽ ജ്ഞാനവും വിമോചനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തിരിച്ചറിവ് മലയാളി എന്ന സാംസ്കാരിക സ്വത്വത്തോളം പഴക്കമുള്ള ഒന്നാണ്. ബ്രിട്ടീഷ് ആധിപത്യത്തിന് മുൻപ് നമ്മുടെ വിദ്യഭ്യാസത്തിന്റെയും ദിശനിർണ്ണയിച്ചത് മറ്റേതിലുമെന്നതു പോലെ ജാതി വ്യവസ്ഥയായിരുന്നു. വേദപാഠശാലകൾ, സഭാമഠങ്ങൾ, എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ വൈദിക കേന്ദ്രിതവും ആയോധന കേന്ദ്രിതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനുതകുന്നവയായി നിലകൊണ്ടു. മിഷണറി പ്രവർത്തനവും കൊളോണിയൽ ആധുനികതയുടെ സമ്മർദ്ദഫലമായി നാടുവാഴികൾ സ്വീകരിച്ച നയസമീപനവും നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിന്റെ ബാല്യദശയെ പോഷിപ്പിച്ചുവെങ്കിലും അതിന് അസ്ഥിവാരമിട്ടത് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനമായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന നാരായണ ഗുരുവിന്റെ മുദ്രാവാക്യം സാമൂഹികനവോത്ഥാനത്തിന്റെ അച്ചുതണ്ടായപ്പോൾ ജനകീയമായ വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിലുറച്ചു.1945 ലെ തിരുവിതാംകൂർ ഗവൺമെന്റിന്റെ പ്രൈമറി സ്കൂളുകൾ ദേശസാത്കരിക്കാനുള്ള നീക്കത്തെ മാനേജർമാർ എതിർത്തു തോല്പിച്ചതും 1957 ൽ ഇ എം എസ് മന്ത്രി സഭയുടെ വിദ്യഭ്യാസ ബില്ലിനെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും മാറ്റി നിർത്തിയാൽ എഴുപതുകൾ വരെ ജനകീയാടിത്തറയോടെ വികസിച്ചു വന്ന കേരളത്തിലെ ജനാധിപത്യ വിദ്യാഭ്യാസ സംസ്കാരം വലിയ വിള്ളലുകളില്ലാതെ തുടർന്നു.

എൺപതുകളോടെയാണ് പൊതുവിദ്യാഭ്യാസം ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിട്ടത്. പുതിയ വികസന കാഴ്ച്ചപ്പാടിന്റെ ഫലമെന്ന മട്ടിൽ പ്രാഥമിക മേഖലയുടെ പ്രാധാന്യം കുറച്ച് ഗുണത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ നയസമ്പ്രദായം പതുക്കെ രൂപം കൊണ്ടു. ലാഭമായി ചർച്ചകളുടെ മിക്കതിന്റെയും കേന്ദ്രം. തുടക്കത്തിൽ സൂചിപ്പിച്ച പോലെ അക്കാഡമിക് ക്വാളിറ്റി എന്ന മുഖം മൂടിക്കുള്ളിൽ ലാഭകേന്ദ്രിത / ഉപയോഗ്യതാവാദങ്ങൾ അരങ്ങേറിയത് ഇക്കാലത്താണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു; " മറ്റു സംസ്ഥാനങ്ങളിലെ കച്ചവട പ്രഫഷണൽ കോളജുകളിൽ പഠിക്കാൻ പോകുന്നതും അവർ ചെലവാക്കുന്ന സമ്പത്തും എൺപതുകളോടെ കേരളത്തിലെ പ്രധാനപ്പെട്ട വിദ്യഭ്യാസ വികസന പ്രശ്നമായി മാറി. ഓരോ വർഷവും പൊതുവിദ്യഭ്യാസധാരയിൽ നിന്നും പുറം തള്ളപ്പെടുന്ന മൂന്ന് ലക്ഷത്തോളം കുട്ടികളുടെ കാര്യവും ശരാശരി മാർക്ക് മാത്രം ലഭിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന സാധാരണ കുട്ടികളുടെ കാര്യവും വികസന ചർച്ചയിൽ വന്നതേയില്ല" (വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം. 23: 2002). ബഹുഭൂരിപക്ഷത്തെയും അന്യവത്കരിക്കാനും കുറച്ചു പേരെ ഉയർത്തിക്കൊണ്ടു വരാനുമുള്ള ആ കാലത്തിന്റെ പ്രയോജനവാദസമീപനമാണ് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വ്യാപനത്തിനുതകിയത്.

പ്രയോജനവാദത്തിന്റെ ഈ ലാഭകേന്ദ്രിതത്വത്തിനെതിരെ ഉയർന്നു വന്ന ഒരു ജനകീയ പ്രതിരോധ പ്രവർത്തനമായിരുന്നു തൊണ്ണൂറുകളുടെ ആദ്യഘട്ടത്തിലെ സാക്ഷരതാ യജ്ഞം.ശ്രീധന്യയുടെ നേട്ടത്തിന്റെ ഭൂമികയൊരുങ്ങുന്നത് അവിടെ വെച്ചാണ്.പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും നിലനിർത്താനുമുള്ള സമരം നവസാമ്രാജ്യത്വത്തിനെതിരായ സമരമാണെന്ന വിശാല രാഷ്ട്രീയമാണ് ശ്രീധന്യയടങ്ങുന്ന ഒന്നാം തലമുറ വിദ്യാസമ്പന്നരെ സൃഷ്ടിച്ചെടുത്തത്.സാക്ഷരതാ പ്രവർത്തകരുടെ വീടുവീടാന്തരമുള്ള വയോജന സാക്ഷരയജ്ഞമാണ് ആദിവാസി ഊരുകളിലേക്കും ദളിത്-പിന്നോക്ക-ന്യൂനപക്ഷ ഇടങ്ങളിലേക്കും വിദ്യ കടന്നുകയറാൻ കാരണമായത്." പട്ടിണിയായ മനുഷ്യാ " എന്ന ബ്രഹ്തിയൻ അഭിസംബോധന അക്ഷരാർത്ഥത്തിൽ തന്നെ അക്കാലത്ത് പ്രസക്തമായി.

ശ്രീധന്യയുടെ മാതാപിതാക്കള്‍
ശ്രീധന്യയുടെ മാതാപിതാക്കള്‍ source Manorama online

ആഗോളവൽക്കരണം നമ്മുടെ വിദ്യാഭ്യാസത്തെ പഴയ കുറ്റിയിലേക്ക് തിരികെക്കൊണ്ടു പോകുന്ന കാഴ്ച്ചയായിരുന്നു തൊണ്ണൂറുകളുടെ അന്ത്യത്തിന് പറയാനുണ്ടായിരുന്നത്. വിദ്യഭ്യാസമെന്നത് നൈപുണിവികാസമെന്ന ലക്ഷ്യത്തെ മുൻനിർത്തിയായ കാലമാണത്. മധ്യവർഗ്ഗത്തിന്റെ ആശാഭിലാഷങ്ങൾ, മികച്ച റിസൽട്ടുണ്ടാക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കുള്ള കുത്തൊഴുക്കായപ്പോൾ രണ്ട് തരം വിദ്യാർത്ഥികൾ കേരളത്തിൽ രൂപപ്പെട്ടു. ഇംഗ്ലീഷ് മീഡിയത്തിന്റെ കുലീനതയോ പ്രഫഷണലിസമോ അച്ചടക്കമോ അവകാശപ്പെടാനില്ലാത്ത പൊതുവിദ്യാലയങ്ങൾ ഓരോന്നായി അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന ഈ ഘട്ടത്തിലാവണം ശ്രീധന്യ സുരേഷ് തരിയോട് ഗവ.ഹയർ സെക്കണ്ടറിയിൽ പ്രാഥമിക വിദ്യഭ്യാസത്തിനെത്തിപ്പെടുന്നത്.ഏകദേശം സമാനതലമുറ എന്ന നിലയിൽ അക്കാലത്തെ പൊതുവിദ്യാലയക്കാർ നേരിട്ട - പ്രത്യേകിച്ചും ഹയർ സെക്കണ്ടറി ക്ലാസ് മുറികളിൽ - അപകർഷത ഈ ലേഖകന്റെ കൂടെ സ്വാനുഭവമാണ്. ശ്രേണീകരണത്തിന്റെ ആ കാലം പൊതുവിദ്യാലയങ്ങളുടെ മരണമണിയായാണ് ഞങ്ങളുടെ തലമുറ കേട്ടത്.

സംഭവിച്ചത് പക്ഷേ മറ്റൊന്നായിരുന്നു. സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പ്രഫഷണൽ/സ്കിൽ ഡെവലപ്മെന്റ് മേഖലകളിൽ നിന്നും അനന്തര തലമുറ പൊതു വിദ്യാഭ്യാസത്തിലേക്കും മാനവിക പഠനമേഖലയിലേക്കും പെട്ടെന്ന് തിരിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വളർച്ച കുത്തനെ മുകളിലോട്ടാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് പകരം പൊതു വിദ്യാലയങ്ങൾ മലയാളികൾ തിരഞ്ഞെടുത്തു തുടങ്ങി. ഭൗതിക സൗകര്യങ്ങളുടെ വികാസം അതിനു മാറ്റ് കൂട്ടുകയും ചെയ്തുവെന്ന് പറയാം. പൊതു വിദ്യാഭ്യാസത്തിന്റെ ഗുണപരമായ ഈ വളർച്ചയെ പ്രതി ആശങ്കകൊള്ളുന്നത് നമ്മുടെ മധ്യവർഗ ബുദ്ധിജീവികളുടെ സാമാന്യ സ്വഭാവമാകുന്നതും ഈ കാലത്താണ്. അക്കാഡമിക് ക്വാളിറ്റിയില്ലായ്മ എന്ന പുറം ലേപത്താൽ പൊതിഞ്ഞു വരുന്ന അത്തരം ആശങ്കകളുടെ നട്ടെല്ലിന് കിട്ടിയ അടിയാണ് ശ്രീധന്യയുടെ സ്ഥാനം. നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഭോക്താവായി ശ്രീധന്യ മാറുന്നു എന്നതു പോലെ തന്നെ ശ്രീധന്യയിലൂടെ പൊതുവിദ്യാഭ്യാസം അതിന്റെ നിർണ്ണായകമായ ഒരു പ്രതിസന്ധിയെ കവച്ചു വെക്കുകയുമാണിവിടെ.

രണ്ട്

" ഈട ഷ്ക്കൂളുണ്ടായിട്ട് കാട്ടിലെ ഭഗവതീടെ മുഷിച്ചല്ണ്ടായിറ്റ്ണ്ട്- കുഞ്ഞുകുട്ട്യോള് ആട്ടും പാട്ടുമായി ഓശയുണ്ടാക്കീറ്റ് ദൈവം മുഷിഞ്ഞ് -ദേവകോപം കൊണ്ട് ഏറെ കുരുപ്പുണ്ടായി ബുദ്ധിമുട്ടായിപ്പോയി-ഓകൊണ്ട് തമ്പിരാൻ മേഷ്ട്ര ഉപദേശിക്കണം" .കണ്ണവം ഫോറസ്റ്റിനുള്ളിൽ കുറിച്യക്കുട്ടികൾക്ക് വേണ്ടി കേരള ഗവൺമെന്റ് ഭാരിച്ച ചെലവ് വഹിച്ചു കൊണ്ട് നടത്തി വരുന്ന റസിഡൻഷ്യൽ ബെയ്സിക് സ്കൂൾ സന്ദർശിക്കാൻ പോയ കെ.പാനൂരിനെ കുറിച്യക്കാരണവരിലൊരാൾ വന്നു കാണുന്ന രംഗം കേരളത്തിലെ ആഫ്രിക്ക യിൽ വായിക്കാം. വർഷം 1963 കളിലാവണം. സ്ഥലത്തെ പഞ്ചായത്ത് ബോർഡിൽ മൂവായിരത്തിലധികം കുറിച്യരെ പ്രതിനിധീകരിക്കുന്ന മെമ്പർ കൂടിയായ ആ കാരണവർ റസിഡൻഷ്യൽ സ്കൂളിനും അവിടുത്തെ അധ്യാപകനുമെതിരെ കടുത്ത പരാതിയാണ് ബോധിപ്പിച്ചതെന്ന് പാനൂർ എഴുതുന്നു. കുട്ടികളെ ആട്ടവും പാട്ടും പഠിപ്പിക്കുന്നു എന്നതാണ് കുറ്റം. കുട്ടികൾ ഉല്ലാസഭരിതരാവുന്നതും ശബ്ദമുണ്ടാക്കുന്നതും ഭഗവതിയെ കോപിപ്പിക്കുന്നു, യൂണിഫോം ധരിപ്പിക്കുന്നതിനെതിരെ, മുടി മുറിച്ച് ക്രോപ്പ് ചെയ്യുന്നതിനെതിരെ എല്ലാം സ്കൂളിനെതിരെ ആ കാരണവർ ശകാരവർഷം ചൊരിഞ്ഞിരുന്നത്രേ.

ഇന്ന് കേരളത്തിലെ ഗോത്രവർഗ്ഗങ്ങൾക്കിടയിൽ ഏറ്റവുമുയർന്ന വിദ്യാഭ്യാസ നിരക്കിൽ രണ്ടാം സ്ഥാനത്താണ് കുറിച്യർ. ഒന്നാം സ്ഥാനത്തുള്ള മലയരയർ 94.5 % സാക്ഷരത കൈ വരിച്ചപ്പോൾ 71.4% ആണ് കുറിച്യരുടെ സാക്ഷര നിരക്ക്. സാക്ഷരതയുടെ കാര്യത്തിൽ മാത്രമല്ല അറുപത് വർഷം കൊണ്ടുള്ള കുറിച്യരുടെ ഈ കുതിച്ചു ചാട്ടം. അടിസ്ഥാന ജീവിത ശൈലികളെല്ലാം കുറിച്യരിൽ മാറിയിരിക്കുന്നു.കേരളത്തിലെ ആഫ്രിക്കയിലെ കുറിച്യർ എന്ന അധ്യായം കാലാഹരണപ്പെട്ടു."കുറിച്യ കുടുംബങ്ങൾ മലകളിൽ അങ്ങിങ്ങായി മുളങ്കുടിലുകൾ വെച്ചു കെട്ടി താമസിക്കുകയാണ്. കുടിലുകൾ കണ്ടത്താൻ ചില മലകൾ കയറുമ്പോൾ നമുക്ക് ടെൻസിങിനെപ്പറ്റി കൂടുതൽ ബഹുമാനം തോന്നും. ഒരു ദിവസവും ഒഴിയാതെ ഈ മലകൾ എത്രയെങ്കിലും പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കുറിച്യക്കുട്ടികളെപ്പറ്റി അതിൽക്കൂടുതൽ ബഹുമാനം തോന്നിത്തുടങ്ങും.അവരുടെ കുടിലുകൾ നമ്മെ തീരെ ആകർഷിച്ചെന്നു വരില്ല.വെറും മണ്ണിൽ മുളങ്കീറുകൾ വരിവരിയായി കുത്തി നിർത്തി അവയ്ക്കു മീതെ കുറച്ച് മുളകൾ ചരിച്ചുകെട്ടി ഓടപ്പുല്ലു കൊണ്ട് മേഞ്ഞാൽ ഒരു കുറിച്യക്കുടിലായി.... ", " രോഗം വന്നാലോ!.. ഗവൺമെന്റാശുപത്രികളിൽ പോയിക്കിടന്ന് ചികിത്സിക്കുന്നതിനെപ്പറ്റി അവർക്ക് ചിന്തിക്കാനേ വയ്യ. അശുദ്ധ കുറിച്യരാവാൻ ഇഷ്ടപ്പെടാത്ത രോഗികൾ ശുദ്ധ കുറിച്യരായി മരിക്കാൻ ഒരുങ്ങുന്നു.ഗവൺമെന്റ് നൽകുന്ന പല ആനുകൂല്യങ്ങളും ഉപയോഗിക്കാൻ കുറിച്യരുടെ അന്ധവിശ്വാസങ്ങൾ അവരെ അനുവദിക്കുന്നില്ല........". പാനൂർ കണ്ട വയനാട്ടിലെ ഈ കുറിച്യ വിഭാഗം ഇന്ന് ഭാവനയിൽ പോലുമില്ല. 1960 ന് ശേഷമാണ് ആദ്യമായി കുറിച്യരിൽ നിന്നൊരാൾ ബി.എ. ബിരുദം പൂർത്തിയാക്കുന്നത്. അതിന് ശേഷമിങ്ങോട്ടുള്ള അരനൂറ്റാണ്ട് കുറിച്യരെ സംബന്ധിച്ചിടത്തോളം വൻ കുതിച്ചു ചാട്ടത്തിന്റേതാണ്. ഗോത്ര ജീവിതത്തിന്റെ പാടുകൾ മുഴുവനായി മായ്ച്ചു കളഞ്ഞ് ശുദ്ധാശുദ്ധ സങ്കൽപ്പത്തെയും അയിത്താചാരത്തെയും എന്നേക്കുമായി നാടു കടത്തി അമ്പും വില്ലും നായാടലും മുളങ്കുടിലുകളും കൃഷി രീതിയും അടി തൊട്ട് പരിഷ്കരിച്ചെടുത്ത്, കൂട്ടായ ജീവിതവും വെളിച്ചപ്പാട്, പണിക്കർ, തെയ്യാടി പുരോഹിതവർഗങ്ങളുടെ ആജ്ഞാനുസാരമുള്ള ആത്മീയ ജീവിതവും കൈയൊഴിഞ്ഞ് കുറിച്യർ മുഖ്യധാരാവത്കരിക്കപ്പെട്ടു (അതിലെ ശരി തെറ്റുകൾ ഈ ആലോചനയുടെ ചർച്ചാവിഷയമല്ല).ഇന്ന് മധ്യവർഗ്ഗ ജീവിത സാഹചര്യങ്ങളിലേക്ക് സ്വയം ഉദ്ഗ്രഥിക്കപ്പെട്ടവരാണവർ. സ്കൂൾ/കോളജ് വിദ്യാഭ്യാസം പൂർത്തീകരിക്കുന്നവരും കഴിയും പോലെ മത്സര പരീക്ഷകളിൽ പങ്കെടുത്ത് സർക്കാർ സർവീസിൽ കയറിപ്പറ്റുന്നവരും അതിന് കഴിയാത്തവർ കൃഷി മുതൽ ഡ്രൈവറുദ്യോഗം വരെയുള്ള ഭിന്ന തൊഴിൽ മേഖലയിലൂടെ ജീവിതായോധനം നേടുന്നവരുമായി. എല്ലാ അർത്ഥത്തിലും ആധുനിക വത്കരിക്കപ്പെട്ടു എന്നു പറയാം. ആ വിഭാഗത്തിൽ നിന്നാണ് ശ്രീധന്യയുടെ വരവ്.

ആ വരവിന്റെ വിജയഗാഥ, സംശയരഹിതമായും ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വിജയമാണ്. പക്ഷേ ആ രാഷ്ട്രിയ വിജയത്തിന്റെ മറുപക്ഷത്താണ് പണിയരടക്കമുള്ള ഗോത്രവർഗ്ഗക്കാർ നിലകൊള്ളുന്നതും.ഒരേ സമയം ശ്രീധന്യയുടെ ആദിവാസി സ്വത്വം നമ്മെ അഭിമാനികളാക്കുന്നതോടൊപ്പം ആന്തരിക വൈരുധ്യങ്ങളിലേക്ക് വെളിച്ചം പായിക്കുന്നതും അത് കൊണ്ട് തന്നെയാണ്. പണിയരെയോ കാട്ടുനായ്ക്കരെയോ എടുത്തു നോക്കിയാൽ ഇതിന്റെ നേർ വിപരീത ചിത്രം കാണാം.കെ. പാനൂർ കണ്ട വയനാട്ടിലെ പണിയർ അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത മട്ടിൽ നിസഹായ ജീവിതം ഇന്നും നയിക്കുന്നു. വള്ളിയൂർക്കാവിലെ ക്ഷേത്രോത്സവച്ചന്തയിൽ നിപ്പുപണം നൽകി ജന്മിമാർ ഒരു വർഷത്തേക്ക് വിലക്കെടുക്കുന്ന അടിമക്കച്ചവടം നിയമം മൂലം നിരോധിക്കപ്പെട്ടത് മാറ്റി നിർത്തിയാൽ അവസ്ഥ വലിയ മാറ്റമില്ലാതെ അവിടങ്ങളിൽ തുടരുന്നു.വിദ്യാലയങ്ങളിൽ നിന്ന് ഇറങ്ങിയോടുന്ന കുട്ടികൾ, മദ്യത്തിന്റെ അമിതോപയോഗത്താൽ ആരോഗ്യം നശിച്ച പുരുഷൻമാർ, അപകർഷതാബോധത്തിന്റെ കുനിഞ്ഞ ശിരസുമായി നീങ്ങുന്ന സ്ത്രീകൾ, അവിവാഹിത അമ്മമാരായ സ്ത്രീകൾ, കുടകിലെ ഇഞ്ചിപ്പാടങ്ങളിലെ ദുരൂഹമരണങ്ങൾ, വൃത്തി ഹീനമായ ജീവിത ചുറ്റുപാടുകൾ, അടിക്കടി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജനത.

എന്ത് കൊണ്ട് കുറിച്യർക്കിടയിൽ നിന്നൊരു ശ്രീധന്യയുണ്ടായി എന്നതിന് നമുക്ക് മുൻപിൽ തെളിവുകളുണ്ട്. ഭരണകൂടം തങ്ങൾക്കായി ആസൂത്രണം ചെയ്ത ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാകാൻ അവർക്ക് കഴിഞ്ഞു എന്നതാണ് സാമാന്യമായി എത്തിച്ചേരാൻ പറ്റിയ നിഗമനം.ഇത്തരമൊരു ഉത്ഥാനത്തിന് അവരെ പ്രാപ്തരാക്കിയത് ഉത്പാദന ഉപാധികളുടെ മുകളിലുള്ള ഉടമാവകാശവും സ്വന്തം പാരമ്പര്യത്തെ പ്രതി രൂപപ്പെടുത്തിയെടുത്ത സാംസ്കാരിക മൂലധനവുമാണ്. കുറിച്യരുടെ വയനാട്ടിലേക്കുള്ള വരവിനെക്കുറിച്ചുള്ള പുരാവൃത്തങ്ങൾ ആദിവാസികളായിരിക്കെത്തന്നെ അഭ്യന്തരമായി ഉന്നതശ്രേണിയിലേക്കവരെ മാറ്റാൻ പര്യാപ്തമാണ്. വേട രാജാക്കന്മാരെ എതിർത്ത് തോൽപ്പിച്ച് വയനാട് കീഴടക്കാൻ കോട്ടയംകുറുമ്പ്രനാട്, ചുരം കയറിയപ്പോൾ ആ പടയിലുണ്ടായിരുന്ന തിരുവിതാം കൂർ ഭാഗങ്ങളിൽ നിന്നു വന്ന നായന്മാർ ദേശാന്തര ഗമനം നിമിത്തം ജാതിഭ്രഷ്ടായതാണെന്നും തെക്കൻ മലബാറിൽ നിന്ന് പഴശ്ശി കൊണ്ടു വന്ന കരിംപട (കരി നായർ എന്ന ജാതി വിഭാഗത്തിൽ പെടുന്നവർ) തിരികെ പോകൽ ജാതി വ്യവസ്ഥയുടെ ലംഘനമായതിനാൽ കുടകത്തികളെ വിവാഹം കഴിച്ചുണ്ടായ സന്തതി പരമ്പരകളാണ് എന്നും വ്യത്യസ്തമായ ആഖ്യാനങ്ങളുണ്ട്. അതെന്തായാലും മറ്റ് ഗോത്രവർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി രാജാധികാരം, സൈന്യം എന്നിവയുമായി നേരിട്ടു ബന്ധം പുലർത്തിപ്പോന്നവരാണ് തങ്ങളെന്ന ന് സ്മൃതി കുറിച്യർക്കുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ പഴശ്ശിക്കലാപത്തിന്റെ മുന്നണിപ്പോരാളികളായി നിറഞ്ഞാടിയും തൊട്ടുപിറകെ ഇന്ത്യയിലെ തന്നെ ജനകീയമായ ആദ്യ അധിനിവേശ വിരുദ്ധ കലാപം നയിച്ചും രാഷ്ട്രീയമായി നേടിയ മൂലധനം കൂടെ കുറിച്യ സമ്പത്താണ്. സമ്പന്നമായ ഈ ചരിത്രം ഇടക്കാലത്തുണ്ടായ പ്രതാപത്തിന്റെ മങ്ങലിനെ മറികടക്കാൻ അവരെ സഹായിച്ചു എന്നു കരുതാം.

മറുഭാഗത്ത് ഭൂമിയുടെ ഉടമസ്ഥാവകാശമായിരുന്നു അവരുടെ മുഖ്യധാരാവത്കരണത്തിന്റെ ഭൗതികാടിസ്ഥാനം. വയനാട്ടിലെ മിക്ക കുറിച്യത്തറവാടുകളും വിശാലമായ നെൽവയലുകളുടെ ഉടമകളായിരുന്നു.സ്ഥലനാമം പോലും കുറിച്യത്തറവാടുകളുടെ പേരുകളായാണ് നിലവിൽ വന്നത്.കൂട്ടുകുടുംബ സമ്പ്രദായം പുലർത്തിയിരുന്ന അവർ കുടുംബകൃഷിയായിരുന്നു നിലനിർത്തിപ്പോന്നത്. കാരണവർ കേന്ദ്രീകൃതമായ അഭ്യന്തര ധനവിനിയോഗ ക്രമവും ഭൂവുടമസ്ഥതയും സ്വയം പര്യാപ്തരായ ഗോത്രവർഗ്ഗമാക്കി അവരെ മാറ്റി.തങ്ങളുടെ സാംസ്കാരികവും ഭൗതികവുമായ ഈ സവിശേഷതകളെ ആത്മബോധ നിർമ്മിതിക്കുപയുക്തമാക്കി എന്നിടത്താണ് കുറിച്യർ വിജയിച്ചത്. അതൊരു പ്രതിരോധത്തിന്റെ ജീവിത ഗാഥ കൂടിയാണ്.

സാംസ്കാരിക-ഭൗതിക മൂലധനമുണ്ടായിട്ടു പോലും വയനാട്ടിൽ കുറിച്യർ ബഹുമാനിതരായിരുന്നില്ല. മുഖ്യധാര അപരിഷ്കൃത ഗോത്രവർഗ്ഗമായി തന്നെയായിരുന്നു അവരെ കണ്ട് പോന്നിരുന്നത്. പഴശ്ശിയുടെ കാലത്ത് തന്നെ അനവധി സാമൂഹ്യവിലക്കുകൾ അവർക്കുണ്ടായിരുന്നെന്ന് മുത്തപ്പൻ പാട്ടുകൾ സാക്ഷ്യം നിൽക്കും. വെളുത്ത അരിയുടെ ചോറ് കഴിക്കൽ, പായസം വെക്കൽ, കോടിപ്പുടവയുടുക്കൽ, കുട ചൂടൽ തുടങ്ങിയവയെല്ലാം നിഷിദ്ധമായിരുന്നു. ആധുനിക കാലത്താവട്ടെ തരം കിട്ടുമ്പോൾ അപഹസിക്കപ്പെട്ടിരുന്ന വിഭാഗമായിരുന്നു അവർ.ഈ അപഹാസ്യത്തെയും അകറ്റിനിർത്തലിനെയും തങ്ങളുടെതായ പ്രതിവ്യവഹാരം നിർമ്മിച്ച് പരാജയപ്പെടുത്താൻ കഴിഞ്ഞ കഥയാണ് കുറിച്യ ചരിത്രം.

തങ്ങളനുഭവിക്കേണ്ടി വരുന്ന പ്രവർജിതത്വത്തെ അവർ തിരികെ സ്വയം സ്ഥാനപ്പെടുത്തൽ കൊണ്ടു നേരിട്ടു.അയിത്തത്തെ പാരഡിവത്കരിക്കുകയാണ് വാസ്തവത്തിലവർ ചെയ്തത്.അതിന്റെ രീതിശാസ്ത്രത്തെ ചൊല്ലി നമുക്ക് വിയോജിക്കാമെങ്കിലും മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്നതിൽ അവർ വിജയിച്ചു.നമ്പൂതിരിമാരൊഴികെ മറ്റെല്ലാവരും അസ്പൃശ്യരാണെന്ന് അവരും കരുതി. ഓരോ ജാതി മത വിഭാഗത്തിനും തീണ്ടൽപാട് അവർ നിർമ്മിച്ചു. ആരുമത് വക വെച്ചില്ലെങ്കിലും സ്വയം തന്നെ അയിത്തമായി അവർ വലഞ്ഞെങ്കിലും നിങ്ങളെക്കാൾ മുകളിലാണ് ഞങ്ങളെന്നവർ പ്രസ്താവിച്ചു കൊണ്ടേയിരുന്നു. ബ്രാഹ്മണരുടെ മണ്ണാത്തി മാറ്റ് പോലുള്ള ആചാരങ്ങളെ സ്വയം സ്വീകരിച്ചു. മലനമ്പൂതിരിമാരെന്ന് ഉറച്ചു വിശ്വസിച്ചു.അമ്പും വില്ലുമെന്ന പ്രാക്തന ഗോത്രായുധം ആർച്ചറിയെന്ന ആയോധന വിദ്യയിലേക്ക് വളർത്തി നേട്ടങ്ങൾ കൊയ്തെടുത്തു. തങ്ങളുടെ വൈദ്യ വിജ്ഞാനം വംശീയ വൈദ്യമാക്കി ആധുനികീകരിച്ചു.മുഖ്യധാര അവരെ അപഹസിച്ചപ്പോൾ തിരികെയവർ മുഖ്യധാരയെ അപഹസിച്ചു.കുറിച്യ കലാപത്തിന്റെ സാംസ്കാരികമായ ആ തൻപോരിമ ആധുനിക കേരളത്തിന് അംഗീകരിക്കാതിരിക്കാൻ പറ്റാതെ വന്നു.

സ്വന്തം ഭാഷയെ പ്രതി കുട്ടികളിൽ രൂപപ്പെടുന്ന അഭിമാന ബോധത്തിൽ നിന്ന് അല്പം വൈകിയാണെങ്കിലും പണിയ-അടിയ വിഭാഗത്തിൽ നിന്ന് മറ്റൊരു ശ്രീധന്യ പിറവിയെടുക്കും. ഒരു പക്ഷേ അന്നായിരിക്കും വിദ്യാഭ്യാസത്തിലെ സമത്വമെന്ന സങ്കല്പത്തെ നാമെത്തിപ്പിടിച്ചു എന്നഭിമാനിക്കാൻ കഴിയുക.

പണിയ, അടിയ, കുറുമ ഗോത്ര വിഭാഗങ്ങളിലാവട്ടെ ഇതിന് നേർവിപരീത ദിശയിലാണ് കാര്യങ്ങൾ നീങ്ങിയത്.കുറിച്യരോളം സമ്പന്നമല്ല എങ്കിലും തനതായ ഭാഷാ-സാംസ്കാരിക-കലാപാരമ്പര്യം വയനാട്ടിലെ ഓരോ ഗോത്ര വിഭാഗത്തിനുമുണ്ട്. അവ കണ്ടെടുക്കപ്പെട്ടില്ല എന്ന് മാത്രമല്ല പുറത്തെക്കുള്ള ഓരോ ആവിഷ്കാരങ്ങളും മുഖ്യധാരയുടെ പരിഹാസച്ചിരിക്ക് പാത്രമായി. സിനിമ-സാഹിത്യ പ്രാതിനിധ്യങ്ങൾ ടൈപ്പുകളായി.ആധുനിക ലോകത്തോട് പുറം തിരിഞ്ഞ് അവർ തങ്ങളിലേക്ക് കുടുതൽ കൂടുതൽ ഉൾവലിഞ്ഞു.സാമ്പത്തിക സ്വയം പര്യാപ്തതയില്ലായ്മ അതിന്റെ ഭൗതിക കാരണമായി. ശ്രീധന്യയുടെ വിജയം കേരളത്തിന്റെ രാഷ്ട്രീയ സമൂഹത്തിന് മുമ്പിൽ വെക്കുന്ന ട്രൈബൽ ക്വസ്റ്റൻ പരിഹാര നിർദ്ദേശം വളരെ സുവ്യക്തമാണ്. ഉത്പാദന ഉപാധികളുടെ ഉടമസ്ഥാവകാശവും സ്വന്തം പാരമ്പര്യത്തെ അഭിമാനപൂർവ്വം ആത്മബോധത്തിനുപാധിയാക്കലുമാണ് ഗോത്ര പ്രശ്നത്തിന്റെ പരിഹാരം. ഈ പരിഹാരത്തിന് ഭൂമി കയൊരുക്കുക എന്നതാണ് നിസംശയമായും രാഷ്ട്രീയ കേരളത്തിന്റെ അടിയന്തര ഉത്തരവാദിത്തം.

മൂന്ന്

"നിങ്ങൾ കടലിനെ പുഴയിലേക്കൊഴുക്കുന്നതിനെക്കുറിച്ചാണോ ചർച്ച ചെയ്യുന്നത്.."ഗോത്രവർഗ്ഗങ്ങളെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മഹാശ്വേത ദേവിയുടെ മറുപടിയാണിത്. അവർ പറഞ്ഞതിലെ സാഹിതീയമായ അതിഭാവുകത്വത്തെ മാറ്റി വെച്ചാൽ ചില വസ്തുതകളതിലുണ്ട്. മുഖ്യധാര തങ്ങളുടെ പാരമ്പര്യത്തെ മുൻനിർത്തി രൂപീകരിച്ച സംസ്കാര സങ്കല്പങ്ങൾക്കും, ആധുനികതയുടെ സ്വാംശീകരണത്തിലൂടെ രൂപപ്പെടുത്തിയ ജ്ഞാനശാസ്ത്രത്തിനും സമാന്തരമായ വിപുല ജ്ഞാന-സാംസ്കാരിക വ്യവഹാരം ഗോത്രവർഗ്ഗമേഖലയിലുണ്ട്. അതിനെ എന്ത് ചെയ്യും എന്നത് പിടികിട്ടാത്ത സമസ്യയാണ്. ആ കുറ്റിയിൽ ചുറ്റി കോഴിയോ മുട്ടയോ എന്ന ചിരപുരാതന ദാർശനിക ചോദ്യം പോലെ ഗോത്രവർഗ്ഗത്തെ ആധുനികീകരിക്കണോ അതോ അവരുടെ ഗോത്രീയതയെ സ്വകീയമായി നിലനിർത്തണോ എന്നതിൽ ഒരു രീതിശാസ്ത്രം രൂപീകരിക്കാൻ ആധുനിക ലോകത്തിന് കഴിഞ്ഞിട്ടില്ല. ഓരോ സമാന്തര അന്വേഷണങ്ങളും പരാജയങ്ങളായി ഒടുങ്ങിക്കൊണ്ടേയിരിക്കുന്നു.

സ്കൂൾ വിട്ടിറങ്ങിപ്പോകുന്ന കുട്ടികളാണ് ഗോത്രവിദ്യാഭ്യാസ മേഖലയിലെ രൂക്ഷമായ പ്രതിസന്ധി. 2017 -18 വിദ്യാഭ്യാസ വര്‍ഷം സ്‌കൂളുകളില്‍ എത്തിയ കുട്ടികളില്‍ 10.60 ശതമാനമാണ് ദളിത് -ആദിവാസി (SC/ST) വിദ്യാര്‍ഥികള്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് കുറവാണെങ്കിലും കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗവും ആദിവാസികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.2016-17 സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് 0.22 ശതമാനമാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്. ഇതില്‍ എസ്/സി – എസ്/ടിവിദ്യാര്‍ഥികളാണ് കൂടുതലും പാതി വെച്ച് പഠനം ഉപേക്ഷിച്ചവര്‍. 2016-17 വിദ്യാഭ്യാസ വര്‍ഷം എസ്/സി വിഭാഗത്തില്‍ 0.26 ശതമാനം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയപ്പോള്‍ എസ്/ടി വിഭാഗത്തില്‍ 2.27 ശതമാനം പേരാണ് സ്‌കൂളുകളുടെ പടി ഇറങ്ങിപ്പോയത്. അതും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൂടുതല്‍.

എന്ത് കൊണ്ടാണ് ഗോത്രവർഗ്ഗത്തിലെ സ്കൂൾ വിട്ടിറങ്ങൽ പരിഹരിക്കാൻ കഴിയാത്തത് എന്ന ചോദ്യം അടിസ്ഥാനപരമായി നമ്മെ കൊണ്ടെത്തിക്കുക ഭാഷയിലെ വിടവിലേക്കാണ്. മലയാളം മാതൃഭാഷയല്ലാത്ത ഗോത്രവർഗ്ഗക്കാരെ ആ ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് നിർബന്ധിതരാക്കുന്നതിലെ മനുഷ്യാവകാശ പ്രശ്നത്തിലേക്കാണ്. നിറത്തിന്റെ, ശുദ്ധാശുദ്ധിയുടെ പേരിൽ സ്കൂളുകളിൽ അപഹസിക്കപ്പെടുന്നത് ഇതിന് ബലം കൂട്ടുന്നു എന്നു മാത്രം. കുറിച്യ, മലഅരയ വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായ പ്രധാന ഘടകങ്ങളിലൊന്ന് മലയാള ഭാഷയിൽ അവർക്കുള്ള കൈവശാവകാശമാണ്. പണിയ/ കാട്ടുനായ്ക്ക/അടിയ വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിന്റെ തന്നെ വകഭേദങ്ങളിലൊന്നായാണ് കുറിച്യ ഭാഷ നിലനിൽക്കുന്നത്. ഉച്ചാരണത്തിലെ നീട്ടലുകളെയും ചില വർണ്ണങ്ങളുടെ ഭേദങ്ങളും മാറ്റി നിർത്തിയാൽ മലയാളം തന്നെയാണ് കുറിച്യ ഭാഷ. മാതൃഭാഷാധ്യായനമാണ് അവർക്ക് ലഭിക്കുന്നത് എന്ന് പറയാം. സ്കൂൾ വിട്ടിറങ്ങിപ്പോകൽ അവരെ സംബന്ധിച്ച് സാമാന്യമല്ല.

ഇതര ഗോത്രവർഗ്ഗങ്ങളെ സംബന്ധിച്ച്‌ ഭാഷ ഒരു കീറാമുട്ടിയാണ്. പണിയ/ അടിയ ഭാഷ മലയാളമല്ല. തങ്ങളുടേതല്ലാത്ത ഭാഷയിലെ അധ്യയനം അവരെ പുറത്താക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഭാഷാപ്രശ്നത്തെ എങ്ങനെ പരിഹരിക്കാമെന്നതിൽ നേരിയ ചുവടുവെപ്പ് നാം നടത്തിയിട്ട് മൂന്ന് വർഷമാകുന്നേയുള്ളൂ. ഗോത്രബന്ധു എന്ന് ശീർഷകം ചെയ്യപ്പെട്ട പദ്ധതി പ്രകാരം വയനാട്ടിലെ 241 പ്രൈമറി സ്കൂളുകളിൽ മെന്റർ ടീച്ചർമാരെ നിയമിച്ചു കഴിഞ്ഞു.തദ്ദേശീയ ഗോത്രഭാഷയിലെയും കലാരൂപങ്ങളിലെയും പ്രാവീണ്യമാണ് മെന്റർ ടീച്ചർ നിയമനത്തിന്റെ അടിസ്ഥാനം. തങ്ങളുടെ മാതൃഭാഷയിൽ പ്രാഥമിക അധ്യയനം നടത്താൻ കഴിയുന്നത് കൊഴിഞ്ഞു പോക്കിന് തടയിടുമെന്ന് കരുതാം. അതിലുപരി സ്വന്തം ഭാഷയെ പ്രതി കുട്ടികളിൽ രൂപപ്പെടുന്ന അഭിമാന ബോധത്തിൽ നിന്ന് അല്പം വൈകിയാണെങ്കിലും പണിയ-അടിയ വിഭാഗത്തിൽ നിന്ന് മറ്റൊരു ശ്രീധന്യ പിറവിയെടുക്കും. ഒരു പക്ഷേ അന്നായിരിക്കും വിദ്യാഭ്യാസത്തിലെ സമത്വമെന്ന സങ്കല്പത്തെ നാമെത്തിപ്പിടിച്ചു എന്നഭിമാനിക്കാൻ കഴിയുക.

നാല്

അവസാനമായി ശ്രീധന്യയുടെ വിജയത്തിന് മാറ്റ് കൂട്ടുന്നത് ഐച്ഛിക വിഷയത്തിന്റെ തിരഞ്ഞെടുപ്പാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശ്രീധന്യ മലയാളമാണ് സിവിൽ സർവീസിന് ഐച്ഛികമായെടുത്തത്. മലയാളത്തെയും ഭാഷാകേന്ദ്രിത ബോധനത്തെയും സംബന്ധിച്ച വിപുലമായ ഒരു സംവാദത്തിലേക്കുള്ള അവസരമായി ഈ സന്ദർഭത്തെ മാറ്റേണ്ടതുണ്ട്.ഭാഷാ-സാഹിത്യ പഠനങ്ങൾ രണ്ടാം തരമായത് മുകളിൽ ചൂണ്ടിക്കാട്ടിയ ചരിത്ര ഘട്ടങ്ങളുടെ ഉപോത്പന്നമായാണ്. ഭാഷാപഠനത്തിന്റെ പ്രയോജനമെന്താണെന്ന സംശയം ഉപഭോക്തൃ സമൂഹത്തിന്റെ പ്രധാന ചോദ്യങ്ങളിലൊന്നാണ്. ഭാഷാ-സാഹിത്യ പഠനത്തിന്റെ ധാർമ്മിക-മാനവിക- സൗന്ദര്യശാസ്ത്രാടിസ്ഥാനങ്ങൾ കമ്പോളവൽകൃത സമൂഹത്തിൽ ഒട്ടും വിലപ്പോകാത്ത ഒന്നായാണ് നിലനിൽക്കുന്നത്.കെ എ എസ് പരീക്ഷാ മാധ്യമം മലയാളമാക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന എതിർവാദങ്ങളിൽ മുഴുവൻ ഇതിന്റെ ഛായയുണ്ടായിരുന്നു.

എന്തിന് ഭാഷയും സാഹിത്യവും പഠിക്കുന്നു എന്ന ചോദ്യത്തിന് അതേ നാണയത്തിൽ മറുപടി പറയാനുള്ള വഴി ശ്രീധന്യയടക്കം കഴിഞ്ഞ കുറെ വർഷങ്ങളിലെ മലയാള സിവിൽ സർവ്വീസ് വിജയികൾ തുറന്നു തരുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ആധികാരികവും ബൃഹത്തായതുമായ പരീക്ഷകളിലൊന്നാൽ മലയാളം ഐച്ഛികമായി പുതുതലമുറ വിജയം കൊയ്യുന്നു എന്നത് ഭാഷയെ സംബന്ധിച്ച് പുതു ഊർജ്ജമാണ്.ഭാഷാപഠനത്തിന്റെ പ്രയോജനമാണ് ഇതെങ്കിലും,സൗന്ദര്യാത്മകവും മാനവികവുമായ വിദ്യാഭ്യാസമെന്ന വിപുല ലക്ഷ്യത്തിലേക്ക് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ നയിക്കാൻ ഈ ഉണർവ്വ് പ്രാപ്തമാണ്.

ഫോട്ടോ അനീസ് കെ മുഹമ്മദ്
ഫോട്ടോ അനീസ് കെ മുഹമ്മദ്

ആദിവാസി എന്ന സ്വത്വകല്പന ആധുനിക കേരളത്തിന്റെ ആത്മബോധത്തിന്റെ അപരസ്ഥാനത്താണ് എന്നും നിലകൊണ്ടത്.അപരിഷ്കൃതരും കാടന്മാരുമെന്ന് ഭാവന ചെയ്ത് അകറ്റിനിർത്തപ്പെടുകയോ 'വനവാസി' എന്ന പ്രത്യയശാസ്ത്രഭരിതമായ കല്പനയാൽ മനുഷ്യ മാനദണ്ഡങ്ങൾക്ക് പുറത്തു നിർത്തപ്പെടുകയോ ചെയ്ത ഗോത്രവർഗ്ഗ വിഭാഗങ്ങൾ നമ്മുടെ ആധുനികബോധത്തിന്റെ ഇടനാഴികളിലുണ്ട്. ജ്ഞാന കൈവശാവകാശമോ അധികാര പ്രാതിനിധ്യമോ രാഷ്ട്രീയമായ സംഘടിതത്വമോ ഇല്ലാത്ത ദുർബല വിഭാഗത്തെ മറുപക്ഷത്ത് നിർത്തി മാത്രമാണ് ആധുനികരെന്ന് നാം ഊറ്റം കൊണ്ടത്. ശ്രീധന്യയുടെ തിളക്കമുള്ള വിജയത്തിനെതിരായും വംശീയമായ അധിക്ഷേപങ്ങൾ അക്കാലത്ത് ഉയർന്നു വരികയുണ്ടായി. ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞും കേട്ട അത്തരം വംശീയാക്രമണങ്ങൾക്കെതിരായ കുറിച്യകലാപം കൂടിയാണ് ശ്രീധന്യയുടെ വിജയം. ഒരർത്ഥത്തിൽ ആധുനിക കേരളം ശ്രീധന്യയോട് കടപ്പെട്ടിരിക്കുന്നു. ഒരു രാഷ്ട്രീയ സമൂഹമെന്ന നിലയിലുള്ള നമ്മുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും ചർച്ചക്കെടുക്കാൻ പര്യാപ്തമായി സവിശേഷ സന്ദർഭമൊരുക്കിയതിന്. മനുഷ്യേച്ഛയുടെ അഗാധമായ കരുത്തിനെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതിന്.

Related Stories

No stories found.
logo
The Cue
www.thecue.in