പൊതുജനാരോഗ്യത്തില്‍ സുസ്ഥിരമാകേണ്ട ‘കേരളാ മോഡല്’

പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഉദയവും ഉയര്‍ച്ചയും കേരളത്തില്‍
പൊതുജനാരോഗ്യത്തില്‍ സുസ്ഥിരമാകേണ്ട ‘കേരളാ മോഡല്’

ഈ പകര്‍ച്ചവ്യാധിക്കാലം സാമൂഹ്യ-ആരോഗ്യ മേഖലയിലെ ശക്തിയും ബലഹീനതയും തിരിച്ചറിയുവാനുള്ള സാധ്യത മുന്നിലെത്തിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു ഡോ.സി.സി.കര്‍ത്ത. പൊതുജനാരോഗ്യ സംവിധാനത്തിലെ കേരളാ മോഡലിന്റെ ഉദയത്തെക്കുറിച്ചും ഡോ.കര്‍ത്ത എഴുതുന്നു. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ്) സീനിയര്‍ അഡൈ്വസറും, ഐ.സി.എം.ആര്‍ റിസര്‍ച്ച് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനുമാണ് ഡോ. സി.സി കര്‍ത്ത. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പ്രൊഫസറുമായിരുന്നു.

നീതി ആയോഗിന്റെ ആരോഗ്യ സൂചിക പ്രകാരം ആരോഗ്യ പരിപാലനനിര്‍വ്വഹണത്തില്‍ കേരളമാണ് രാജ്യത്ത് ഇന്ന് ഏറ്റവും മുന്നില്‍. ഇത് കണക്കാക്കിയിരിക്കുന്നത് ചികിത്സാരംഗത്തെ ആരോഗ്യ ഫലങ്ങള്‍, ഭരണം, പ്രധാന വസ്തുതകളുടെ വിവര ശേഖരണം, അതിന്റെ ക്രോഡീകരണം മുതലായ 23 സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. മുന്‍പറഞ്ഞ ഓരോ ഘടകങ്ങള്‍ക്കും അവയുടെ പ്രാധാന്യമനുസരിച്ചുള്ള മാര്‍ക്കുകളാണ് സൂചിക തയ്യാറാക്കാന്‍ നല്‍കുക. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി മാറിമാറി വന്ന കേരളത്തിന്റെ സര്‍ക്കാരുകള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് ഒരുക്കിയ തന്ത്രങ്ങളുടെയും പദ്ധതികളുടെയും ഫലമാണ് ഇന്നു നാം നേടിയിട്ടുള്ള ഈ വിജയം എന്ന് വളരെ വ്യക്തമാണ്.

സംസ്ഥാന രൂപീകരണത്തിനും മുമ്പേ

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിവര്‍ത്തനം എന്നീ മേഖലകളില്‍ കേരളത്തിന്റെ ശ്രദ്ധേയമായ പുരോഗതി 1956ലെ സംസ്ഥാന രൂപീകരണത്തിന് ശേഷമുണ്ടായ ഒരു പ്രതിഭാസമല്ല. അതിനുമുന്‍പുതന്നെ സംസ്ഥാന രൂപീകരണത്തില്‍ ഉള്‍പ്പെട്ട തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രവശ്യകള്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ പുരോഗമനപരമായ മാറ്റങ്ങള്‍ കൂടുതലും പക്ഷെ പഴയ നാട്ടുരാജ്യങ്ങളായ കൊച്ചി, തിരുവിതാംകൂര്‍ എന്നീ ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. മേല്‍പ്പറഞ്ഞ നാട്ടുരാജ്യങ്ങളില്‍ നിന്ന് ബ്രിട്ടീഷ് മലബാറിനെ അകറ്റി നര്‍ത്തിയ കൊളോണിയന്‍ നയങ്ങളും മറ്റനവധി സാമൂഹിക-സാംസ്‌ക്കാരിക ഘടകങ്ങളും മലബാര്‍ മേഖലയിലെ സാമൂഹ്യ ആരോഗ്യ സംരക്ഷണത്തിനും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രതികൂലമായി ഭവിച്ചു.

ജനങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ നല്‍കുന്ന കാര്യത്തില്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് മദ്രാസ് പ്രവിശ്യയേക്കാള്‍ കൂടുതല്‍ കരുതലും ശ്രദ്ധയും നല്‍കിയിരുന്നത് തിരുവിതാംകൂറാണ്. മനുഷ്യര്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ രൂപത്തില്‍ വൈദ്യസഹായം നല്‍കുന്നത് തിരുവിതാംകൂറിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു. സ്വന്തം കോളനി ഭരണാധികാരികളുടെ ആരോഗ്യത്തിനു മാത്രം ബ്രിട്ടീഷ് ഭരണകൂടം പ്രാഥമിക പരിഗണന നല്‍കിയപ്പോള്‍ തിരുവിതാംകൂറിലെ രാജക്കന്മാര്‍ അവിടത്തെ മൊത്തം ജനങ്ങളുടെ കാര്യമാണ് ശ്രദ്ധിച്ചിരുന്നത്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തിരുവിതാംകൂറില്‍ മുന്തിയ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഉണ്ടാകാന്‍ കാരണവും ഇതു തന്നെയാകാം.

ആരോഗ്യം പോലെ തന്നെ വിദ്യാഭ്യാസവികസന കാര്യത്തിലും തിരുവിതാംകൂറിലെ ഭരണാധികാരികള്‍ വളരെ മുന്നില്‍ തന്നെ ആയിരുന്നു. 1859 ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം സ്‌കൂള്‍ തുറന്നത് ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നു. ആദ്യകാലത്തെ ബുദ്ധ ഭിക്ഷുക്കളും അതിനു പിന്നാലെ ക്രിസ്ത്യന്‍ മിഷനറിമാരും കൊണ്ടുവന്ന 'പള്ളിക്കൂട'മെന്ന സ്‌കൂളിന്റെ ആദ്യ മാതൃക കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിനുള്ള വഴിയൊരുക്കി. അതോടെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാകാന്‍ ഉള്ള അവസരം ഒരുങ്ങി.

ദീര്‍ഘവീക്ഷണവും കര്‍മ്മശേഷിയുമുള്ള ഭരണകര്‍ത്താക്കള്‍, മുകളില്‍ നിന്ന് താഴെ തട്ടിലേക്കുള്ള ഉചിതമായ നിര്‍ദ്ദേശങ്ങള്‍, പൊതുജനങ്ങളുമായുള്ള നല്ല ആശയവിനിമയം, ജനങ്ങളുടെ കൂട്ടായ പിന്തുണ, ജനങ്ങളുടെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം, അവയുടെ ഫലപ്രദമായ ഏകോപനം എന്നിവയാണ് ആരോഗ്യ മേഖലയില്‍ നമ്മുടെ മുന്‍കാല നേട്ടങ്ങള്‍ കൈവരിക്കാനുള്ള കാരണങ്ങള്‍

പാശ്ചാത്യ ചികിത്സയുടെ വരവിനുമുമ്പ് തിരുവിതാംകൂറില്‍ ആയൂര്‍വ്വേദ ചികിത്സ വികസിച്ച് സാര്‍വ്വത്രികമായി ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കൂടാതെ രോഗചികിത്സയ്ക്കും പ്രതിരോധത്തിനുമായുള്ള ഹോമിയോ, യോഗ, പ്രകൃതി ചികിത്സ, സിദ്ധവൈദ്യം, യുനാനി എന്നീ രീതികളും വളരെയധികം പ്രചരിച്ചിരുന്നു. തിരുവിതാംകൂര്‍ ഈ എല്ലാ ചികിത്സാരീതികളെയും പക്ഷാപാതപരമല്ലാതെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണ് നമുക്ക് അറിയാന്‍ കഴിയുക.

തിരുവിതാംകൂറില്‍ പാശ്ചാത്യ ആരോഗ്യ ചികിത്സാ സമ്പ്രദായത്തിന് 1811 ല്‍ തുടക്കം കുറിച്ചത് 1810 മുതല്‍ 1813 വരെ തിരുവിതാംകൂര്‍ മഹാറാണിയും അതിനുശേഷം 1815 വരെ റീജിയന്റുമായിരുന്ന ആയില്യം തിരുനാള്‍ ഗൗരിലക്ഷ്മിഭായി ആയിരുന്നു. 1815 ല്‍ അവരുടെ മരണശേഷം സ്വാതി തിരുനാള്‍ രാമവര്‍മ്മയായിരുന്നു ആ സ്ഥാനത്ത്. സാമൂഹിക ആരോഗ്യ സംവിധാനം ആദ്യമായി ചിന്തിച്ചതും നടപ്പിലാക്കിയതും തിരുവിതാംകൂര്‍ തന്നെയാണെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുജനാരോഗ്യ പ്രവര്‍ത്തനം 1813 ല്‍ തന്നെ ഇവിടെ തുടങ്ങിയിരുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. വസൂരിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ആദ്യമായി ആരംഭിച്ചത് ഈ വര്‍ഷം തന്നെയാണ്. പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് ജനങ്ങളില്‍ ശക്തമായ എതിര്‍പ്പും ആശങ്കയും ഉടലെടുത്തപ്പോള്‍ സ്വന്തം രാജകുടുംബത്തിലെ അംഗങ്ങള്‍ക്കു തന്നെ വസൂരിക്കെതിരെ കുത്തിവെയ്‌പ്പെടുത്തുവെന്ന് ഉറപ്പു വരുത്തിക്കൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് മാതൃകയായി മാറി. ആറു ദശാബ്ദങ്ങള്‍ക്കു ശേഷം 1879 ല്‍ വിദ്യാര്‍ത്ഥികള്‍ക്കും ജയില്‍ അന്തേവാസികള്‍ക്കും സര്‍ക്കാര്‍ ജോലിക്കാര്‍ക്കും വസൂരി കുത്തിവെയ്പ്പ് നിര്‍ബന്ധമായി എടുക്കണമെന്ന് രാജവിളംബരത്തിലൂടെ നടപ്പിലാക്കി. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വ്യാപകമായ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി ആസൂത്രണം ചെയ്തതോടൊപ്പം ഗ്രാമീണ മേഖലയിലെ പരിപാടികളുടെ സുപ്രധാന സ്ഥിതി വിവര കണക്കുകള്‍ രേഖപ്പെടുത്തി വെയ്ക്കുവാനും ആരംഭിച്ചു.

പാശ്ചാത്യ മരുന്നുകളുമായി മിഷനറി സംഘം

പാശ്ചാത്യ വൈദ്യശാസ്ത്രം നാട്ടില്‍ ആവിഷ്‌ക്കരിക്കുവാനും നടപ്പിലാക്കാനുമുള്ള ശ്രമത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹകരണം കൂടുതല്‍ ഗുണകരമാകുമെന്ന് തിരുവിതാംകൂര്‍ ഭരണകൂടം നേരത്തെ തന്നെ കണ്ടെത്തി. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിന് മുമ്പു തന്നെ ക്രിസ്തുമത പ്രചരണ പ്രവര്‍ത്തനം തിരുവിതാംകൂറില്‍ എത്തിയിരുന്നു. അവരുടെ പ്രാഥമിക ലക്ഷ്യം മതപ്രചരണമായിരുന്നെങ്കിലും, ഭേദപ്പെടുത്താനാകാത്ത രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് സഹതാപം കാണിക്കുകും അത്തരത്തിലുള്ള രോഗങ്ങള്‍ക്ക് അവര്‍ മരുന്ന് ശേഖരിച്ച് നല്‍കി സഹായിക്കുകയും ചെയ്തിരുന്നു. പാശ്ചാത്യ മരുന്നുകളുടെ ഒരു ശേഖരവുമായി ആദ്യ മിഷനറി സംഘം 1706 ല്‍ മദ്രാസിന് 175 കിലോമീറ്റര്‍ തെക്ക് ട്രാന്‍ക്യൂബാറില്‍ എത്തി. സത്യത്തില്‍ ആ എത്തിയവരില്‍ ആരും വൈദ്യശാസ്ത്രത്തില്‍ പരിശീലനം ലഭിച്ചവരായിരുന്നില്ല. പിന്നീട് വളരെ കാലത്തിനുശേഷമാണ് ആദ്യമെഡിക്കല്‍ മിഷനറിമാരുടെ സംഘം ഇന്ത്യയിലെത്തുന്നത്. 1795ല്‍ സ്ഥാപിതമായ ലണ്ടന്‍ മിഷനറി സൊസൈറ്റിക്ക് (LMS) തിരുവിതാംകൂറില്‍ വിപുലമായ ഒരു സംവിധാനമുണ്ടായിരുന്നു. തിരുവിതാംകൂറിലേക്ക് ആദ്യമായി എത്തിയ മെഡിക്കല്‍ മിഷനറി ഡോ. ആര്‍ക്കി ബാല്‍ഡ് റാംസെ ആധുനിക അലോപ്പതി സമ്പ്രദായത്തിലുള്ള ഒരാശുപത്രി 1838 ല്‍ നെയൂരില്‍ സ്ഥാപിച്ചു. അതിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടു കൂടിയ ഒരാശുപത്രി സര്‍ക്കാര്‍ തിരുവനന്തപുരത്ത് തൈക്കാട്ട് ആരംഭിച്ചു. LMS മെഡിക്കല്‍ മിഷന്‍ അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും നെയൂര്‍ ആശുപത്രി തിരുവിതാംകൂറിലെ വലിയ ആശുപത്രികളില്‍ ഒന്നായി മാറുകയും ചെയ്തു. അതിനുശേഷം 1864 ല്‍ അവര്‍ മെഡിക്കല്‍ പരിശീലന പരിപാടിയും ഇവിടെ ആരംഭിക്കുകയുണ്ടായി. 1897 വരെ തിരുവിതാംകൂര്‍ സര്‍ക്കാര്‍, ലണ്ടന്‍ മിഷനറി സൊസൈറ്റിക്ക് അനവധി ഇളവുകളും സംഭാവനകളും നല്‍കിപ്പോന്നു. പിന്നീട് മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ്-ഇന്‍-എയ്ഡ് സംവിധാനം നടപ്പിലാക്കിയതോടെ സര്‍ക്കാര്‍ നെയൂര്‍ ആശുപത്രിക്കും ഒരു ഡിസ്പന്‍സറിക്കും ഒഴികെ LMS നു നല്‍കിവന്ന മറ്റു സഹായങ്ങള്‍ നിര്‍ത്തലാക്കി.

മുന്‍പറഞ്ഞ ലണ്ടന്‍ മിഷനറിയെ പിന്തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മിയും, ലൂദര്‍ മിഷനറിമാരും മെഡിക്കല്‍ സേവനവുമായി സ്വമേധയാ തിരുവിതാംകൂറിലെത്തി. മതപരിവര്‍ത്തന കാര്യത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൂദര്‍ മിഷനറിമാര്‍ ഇവിടെ എത്തിയത്. ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാരെയും മുസ്ലിംങ്ങളെയും ആകര്‍ഷിക്കുന്നതിനായി അവര്‍ പലതരം തന്ത്രങ്ങള്‍ ഇവിടെ സ്വീകരിച്ചു. 1920 ആയപ്പോഴേയ്ക്കും ലൂദര്‍ മിഷനറിമാര്‍ വണ്ടൂര്‍, മലപ്പുറം, വേങ്ങര, അമ്പൂരി, നിലമേല്‍ എന്നിവടങ്ങളില്‍ ഡിസ്പന്‍സറികള്‍ ആരംഭിച്ച് മുസ്ലിങ്ങള്‍ക്കും മറ്റുളളവര്‍ക്കും സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ നല്‍കി. വണ്ടൂര്‍ കേന്ദ്രം പിന്നീട് കരുണാലയം (ദയയുടെ ഈറ്റില്ലം) ആക്കി മാറ്റി. വണ്ടൂര്‍ കേന്ദ്രത്തിന്റെ വളര്‍ച്ച സംസ്ഥാനത്തിലെ ആരോഗ്യ പരിപാലന സംവിധാനത്തിലും മെഡിക്കല്‍ ചരിത്രത്തിലും ഒരു നാഴികക്കല്ലാണ്. ഇതോടുകൂടി തന്നെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും കുടുംബാസൂത്രണ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാന രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ വരുത്തുകയും അതു നാടിന്റെ ആരോഗ്യ പരിരക്ഷാ ചരിത്രത്തില്‍ സമൂലമായ മാറ്റം വരുത്തുകയും ചെയ്തു.

ജനങ്ങളില്‍ ആരോഗ്യ അവബോധം

തിരുവിതാംകൂറിന്റെ ആരോഗ്യ, ചികിത്സാ സൗകര്യങ്ങളുടെ വികസനത്തില്‍ മെഡിക്കല്‍ മിഷനറിമാര്‍ നല്‍കിയ നിര്‍ണ്ണായക സംഭാവനകള്‍ നമുക്ക് അംഗീകരിച്ചേ പറ്റൂ. പ്ലേഗ്, കോളറ, വസൂരി മുതലായ സാംക്രമിക രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മികച്ച സേവനമാണ് നല്‍കിയത്. മുസ്ലീം സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനും സേവനം നല്‍കുവാനുമായി മിഷനറിമാര്‍ സ്ത്രീ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങള്‍ അവര്‍ ജനങ്ങളെ പഠിപ്പിച്ചു. ഇതെല്ലാം ജനങ്ങളില്‍ ആരോഗ്യ അവബോധം ഉണര്‍ത്താല്‍ സഹായിച്ചു എന്ന് എടുത്ത് പറയേണ്ടതാണ്.

മിഷന്‍ സ്ഥാപനങ്ങളിലെ ചികിത്സ കൂടുതല്‍ ഗുണനിലവാരവും പ്രയോജനപ്രദവുമായിരുന്നെങ്കിലും രോഗികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളായിരുന്നു മുന്നില്‍. അന്നത്തെ കണക്കനുസരിച്ച് 1900-1901 വര്‍ഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ LMS മിഷനറി ആശുപത്രിയേക്കാള്‍ ആറിരട്ടിയിലധികം രോഗികളെ ചികിത്സിച്ചു. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് സ്ഥിതി നേരേ മറിച്ചായിരുന്നു. 1940 ആയപ്പോഴേക്കും മിഷനറിമാര്‍ വളരെയധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി കഴിഞ്ഞിരുന്നു. വിദ്യാഭ്യാസത്തേക്കാള്‍ ആരോഗ്യ മേഖലയിലാണ് സര്‍ക്കാരും മിഷനറിമാരും കൂടുതല്‍ സഹകരിച്ചിരുന്നതെന്ന് വസ്തുതകളില്‍ നിന്നും മനസ്സിലാക്കാം.

കോളറ, പ്ലേഗ്, വസൂരി, മലേറിയ മുതലായ പകര്‍ച്ചവ്യാധികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ തിരുവിതാംകൂറിലെ വിവിധ നാട്ടുരാജ്യങ്ങളും വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. നിരവധി ആശുപത്രികള്‍, ഡിസ്പന്‍സറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവ സര്‍ക്കാര്‍ ആരംഭിച്ച് ആരോഗ്യ മേഖലയുടെ സംരക്ഷണം ഏറ്റെടുക്കുകയും അര്‍ഹരായ ഡോക്ടര്‍മാര്‍, വൈദ്യന്മാര്‍, മിഷനറിമാര്‍ എന്നിവര്‍ക്ക് സഹായധനം നല്‍കുകയും ചെയ്തുപോന്നു. പുരോഗമനപരമായ പരിപാടികള്‍മൂലം തിരുവിതാംകൂറിന്റെ ആരോഗ്യപരിപാലന സമ്പ്രദായം വളരെയധികം പ്രാധാന്യം നേടുകയും ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. മാത്രമല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂര്‍ സമൂഹത്തെ വലിയൊരു ജനസംഖ്യ വിസ്‌ഫോടനത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്തു എന്നതാണ് വസ്തുത. ഭക്ഷണത്തിലെ മായം ചേര്‍ക്കലും മരുന്നിന്റെയും വിഷവസ്തുക്കളുടെയും ദുരുപയോഗവും ഒരു പരിധിവരെ ഭരണാധികാരികള്‍ക്ക് നിലയ്ക്കു നിര്‍ത്താനായി. പാശ്ചാത്യരീതിയിലുള്ള രോഗപ്രതിരോധവും ചികിത്സാ രീതികളും വ്യാപിപ്പിച്ചു. എന്തിനേറെ, യൂറോപ്പിലിറക്കുന്ന ഏതു പുതിയ മരുന്നും ഉടന്‍ ഇവിടെയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു.

പകര്‍ച്ചവ്യാധികള്‍ ആവര്‍ത്തിക്കുന്നത് 'എല്ലാവിധ ശുചിത്വ നിരീക്ഷണങ്ങളുടെയും മുന്‍കരുതലുകളുടെയും അഭാവം മൂലമാണെന്ന്' 1870 ല്‍ തന്നെ അന്നത്തെ കൊട്ടാരം ഭിഷഗ്വരന്‍ (Durbar Physician) ഡോ. റോസ് തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജനങ്ങളുടെ മരണത്തിന് പ്രധാന കാരണങ്ങള്‍ കോളറ, വസൂരി, വിരകളുടെ ബാധ എന്നീ സാംക്രമിക രോഗങ്ങളായിരുന്നു. രോഗങ്ങളുടെ ഉത്ഭവത്തിനും വ്യാപനത്തിനുമുള്ള അടിസ്ഥാന ഘടകങ്ങള്‍ തിരുവിതാംകൂറിലെ ആരോഗ്യ അധികൃതര്‍ വളരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കോട്ടാര്‍ പള്ളി, ശുചീന്ദ്രം ക്ഷേത്രം എന്നിവിടങ്ങളില്‍ ഉത്സവങ്ങള്‍ക്കെത്തുന്ന അയല്‍ സംസ്ഥാനക്കാരായ തിരുനെല്‍വേലിക്കാരാണ് നാട്ടില്‍ കോളറ കൊണ്ടുവരുന്നതെന്ന് 19-ാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തിലുള്ള തിരുവിതാംകൂറിന്റെ ഭരണകാര്യ രേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശുചിത്വ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനായി 1895 ല്‍ തന്നെ ഒരു ശുചിത്വ വകുപ്പ് ആരംഭിക്കുകയും രോഗവ്യാപനത്തിന് സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ശുചിത്വ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശുചിത്വ ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനും നഗര-ഗ്രാമ പ്രദേശങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്തുവാനുമായി തിരുവിതാംകൂറില്‍ നഗര നവീകരണ സമിതികളും ഗ്രാമീണ പ്രസ്ഥാനങ്ങളും നിലവില്‍ വന്നു. തോട്ടിപ്പണി, മാലിന്യനിര്‍മാര്‍ജ്ജനം, കിണറുകളും ടാങ്കുകളും അണുവിമുക്തമാക്കുക, പൊതു വഴികളില്‍ നിന്ന് 'രാത്രി മണ്ണ്' നീക്കം ചെയ്യുക, ചന്തകളിലേയും അറവുശാലകളിലേയും ശുചിത്വം നിയന്ത്രിക്കുക എന്നീ പ്രവര്‍ത്തികള്‍ മേല്‍ സമിതികളുടെയും പ്രസ്ഥാനങ്ങളുടെയും ചുമതലയായിരുന്നു. നാട്ടിലെ മേളകളിലും ഉത്സവങ്ങളിലും രോഗങ്ങള്‍ പൊട്ടിപുറപ്പെടാതിരിക്കാന്‍ പ്രത്യേക ശുചിത്വ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഓരോ പകര്‍ച്ചവ്യാധിയുടെയും കാരണങ്ങള്‍ അന്വേഷിക്കുക എന്ന ആശയത്തെ 1915 മുതല്‍ തന്നെ തിരുവിതാംകൂറില്‍ പ്രോത്സാഹിപ്പിച്ചു.

1924 മുതല്‍ 1931 വരെ തിരുവിതാംകൂറിന്റെ റീജിയന്റായിരുന്നു സേതുലക്ഷ്മിഭായിയുടെ കാലത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവ് മുന്‍കാലങ്ങളിലേക്കാള്‍ ഏതാണ്ട് ഇരട്ടിയാക്കി. ഇതേ ഭരണത്തില്‍ ഡിസ്പന്‍സറികളുടെ എണ്ണവും അതിവേഗം വര്‍ദ്ധിപ്പിച്ചു. അത്തരം ഡിസ്പന്‍സറികള്‍ക്കായി പലയിടത്തും ഗ്രാമീണ ജനങ്ങള്‍ തന്നെ ആവശ്യമായ ഫര്‍ണ്ണിച്ചറുകളും കെട്ടിടങ്ങളും സൗജന്യമായി നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇക്കാലത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തിന് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും മരുന്നും ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ദി റോക്ക് ഫെല്ലര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം, പ്രസവശുശ്രൂഷ, ശിശുക്ഷേമം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് തിരുവിതാംകൂര്‍ മഹാറാണി ഒരു പൊതുജനാരോഗ്യ വകുപ്പ് സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ വൈദ്യശാസ്ത്ര, ആരോഗ്യസംരക്ഷണ സംവിധാന ചരിത്രത്തിലെ നാഴികക്കല്ലായി മാറി ഈ വകുപ്പ് എന്നതാണ് ശ്രദ്ധേയം. ഇതോടെ ആധുനിക വൈദ്യശാസ്ത്രം, പൊതുജനാരോഗ്യം, ശുചിത്വം എന്നീ മേഖലകളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തിരുവിതാംകൂര്‍ മാതൃകയായി.

ഇന്ത്യ സ്വാതന്ത്യം നേടിയപ്പോഴേക്കും ആരോഗ്യപരിപാലന രംഗത്ത് തിരുവിതാംകൂര്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. ക്ഷയരോഗം, കുഷ്ഠം, മാനസിക രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായി ഓരോന്നിനും പ്രത്യേകസ്ഥാപനങ്ങളും സേവനങ്ങളും ആരംഭിച്ചു.

1928 ഫെബ്രുവരിയില്‍ പൊതുജനാരോഗ്യ രംഗത്ത് സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കുന്നതിന് ഒരു ഔദ്യോഗിക വിദഗ്ദ്ധനെ വിട്ടു നല്‍കുവാന്‍ റോക്ക് ഫെല്ലര്‍ ഫൗണ്ടേഷനോട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് രാജ്യത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുവാന്‍ ഡോ. ഡബ്ല്യു. പി. ജക്കോക്‌സിനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കൊക്കോപ്പുഴു സര്‍വ്വെ, രോഗങ്ങള്‍ പരത്തുന്ന പ്രാണികളെ കുറിച്ചുള്ള പഠനം, പൊതുജനാരോഗ്യ വിദ്യാഭ്യാസം, പ്രചരണം, പ്രസവശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ യുണിറ്റുകളുടെ തുടക്കം എന്നിവയ്ക്കായുള്ള ഒരു പദ്ധിതി ആവിഷ്‌ക്കരിച്ചു. 1930-31 സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍വ്വേ പൂര്‍ത്തിയായി. അതിനെ തുടര്‍ന്ന് 1931 മാര്‍ച്ചില്‍ ഒരു രോഗ ചികിത്സാ കാമ്പയിന്‍ ആരംഭിക്കുകയുണ്ടായി. മന്ത്, മലമ്പനി എന്നിവയുടെ സര്‍വ്വെ 1931-32 ല്‍ ആരംഭിക്കുകയും അടുത്ത വര്‍ഷങ്ങളില്‍ അതിനുളള പ്രതിവിധികള്‍ തുടങ്ങുകയും ചെയ്തു. ഈ പരിപാടികള്‍ ഇത്തരം രോഗങ്ങളുടെ വ്യാപനത്തെ ഫലപ്രദമായി ചെറുത്തു നില്‍ക്കാന്‍ സഹായിച്ചു. ദി റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ 1933 ല്‍ ശുചിത്വ വകുപ്പ് പുനഃസംഘടിപ്പിക്കുകയും പൊതുജനാരോഗ്യവകുപ്പ് ആരംഭിക്കുകയും ചെയ്തു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള പരിശീലനത്തിനായി രണ്ട് ഉദ്യോഗസ്ഥന്മാരെ അക്കാലത്ത് അമേരിക്കയിലേക്ക് നിയോഗിക്കുകയും അവര്‍ തിരിച്ചുവന്ന് നാട്ടിലെ പുതിയ വകുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇതോടൊപ്പം രോഗപ്രതിരോധ ചികിത്സയുടെ ഭാഗമായി തിരുവിതാംകൂറില്‍ വിവിധതരം വാക്‌സിനുകള്‍ നടപ്പില്‍ വരുത്തി. വില്ലന്‍ ചുമ, പോളിയോ, ഡിഫ്ത്തീരിയ, ടെറ്റ്‌നസ്സ്, ബി.സി.ജി. എന്നീ പ്രതിരോധ കുത്തിവയ്പ്പുകള്‍ തിരുവിതാംകൂറില്‍ പ്രചാരത്തില്‍ വന്നു. പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി സംസ്ഥാനത്ത് ഉടനീളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു. പോസ്റ്ററുകള്‍, ലഘുലേഖകള്‍, വിവിധ വിഞ്ജാന വ്യാപന രീതികള്‍ എന്നിവ മുഖാന്തിരം ജനങ്ങളില്‍ ആരോഗ്യ അവബോധം സൃഷ്ടിച്ചെടുത്തു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് രൂപത്തിലുള്ള ധനസഹായവും ലഭ്യമാക്കി.

സമൂഹത്തിലെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മൂലകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. പോഷകാഹാരക്കുറവ്, മോശം പാരിസ്ഥിതിക അവസ്ഥ, വിദ്യാഭ്യാസത്തിന്റ അഭാവം, ശുചിത്വം ഇല്ലാത്ത ചുറ്റുപാടുകള്‍ എന്നിവ അനേകം രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നു എന്ന് കണ്ടെത്തി. അതിനാല്‍ പൊതുജനാരോഗ്യ വകുപ്പിന്റെ പ്രധാന കര്‍ത്തവ്യം പാവപ്പെട്ട ജനങ്ങളെ ആരോഗ്യ കാര്യങ്ങളില്‍ അറിവുള്ളവരാക്കുകയും അതൊടൊപ്പം അവരുടെ പാരിസ്ഥിതി മെച്ചമുള്ളതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ സംസ്ഥാന തലത്തില്‍ തന്നെ രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചു.

1930 ആരംഭത്തില്‍ തന്നെ ലഭ്യമായ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് പൊതുജനാരോഗ്യ വകുപ്പ് ആരോഗ്യ വിദ്യാഭ്യാസത്തിനായി ശക്തമായ പ്രചരണപരിപാടികള്‍ ആരംഭിച്ചു. 1933-34 കാലയളവില്‍ പൊതുജനാരോഗ്യ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഏതാണ്ട് 50,000 പ്രഭാഷണങ്ങളിലായി 4 ലക്ഷത്തോളം ആളുകളിലേക്ക് ആരോഗ്യ സന്ദേശം എത്തിച്ചു. വ്യക്തിഗത ശുചിത്വം, മുന്‍കരുതല്‍ കൊണ്ട് തടയാന്‍ കഴിയുന്ന രോഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുവാനും പൊതുജനങ്ങളില്‍ ആരോഗ്യ, സാമൂഹ്യ അവബോധം സൃഷ്ടിക്കുവാനും വകുപ്പിന്റെ ആരോഗ്യ വിദ്യാഭ്യാസ വിഭാഗത്തിനു കഴിഞ്ഞു. തിരുവിതാംകൂറില്‍ അനുവര്‍ത്തിച്ച ആരോഗ്യ പരിരക്ഷ നടപടികള്‍ തന്നെയാണ് കൊച്ചി രാജ്യത്തും മാതൃകയാക്കിയതെന്ന് അവിടത്തെ ഭരണരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

തിരുവിതാംകൂര്‍ 'ആരോഗ്യ മാതൃക'

തിരുവിതാംകൂറിലെയും കൊച്ചിയിലേയും സര്‍ക്കാരുകള്‍ രോഗങ്ങള്‍ മൂലമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങള്‍ തിരിച്ചറിയുന്നതിനും അവ സംഭവിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി നമുക്ക് കാണാം. 'ചികിത്സയേക്കാള്‍ പ്രതിരോധമാണ്' നല്ലതെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ആരോഗ്യ വ്യവസ്ഥയിലെ പുരോഗമനപരമായ പരിണാമങ്ങള്‍ മൂലം മിതമായ ജനസംഖ്യാ വളര്‍ച്ച്, പ്രാകൃത മരണങ്ങളിലുള്ള കുറവ്, താരതമ്യേന കുറഞ്ഞ ശിശു മരണ നിരക്ക് എന്നിവ കൈവരിച്ച തിരുവിതാംകൂര്‍ ഇന്ത്യയിലെ മറ്റു നാട്ടു രാജ്യങ്ങള്‍ക്കിടയില്‍ ഒരു 'ആരോഗ്യ മാതൃക'യായി മാറി. സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുജനാരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും വിവിധ പരിപാടികളായിരിക്കണം മരണനിരക്കിലുണ്ടായ പ്രാരംഭ ഇടിവിന് കാരണമായത്.

ഇന്ത്യ സ്വാതന്ത്യം നേടിയപ്പോഴേക്കും ആരോഗ്യപരിപാലന രംഗത്ത് തിരുവിതാംകൂര്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. ക്ഷയരോഗം, കുഷ്ഠം, മാനസിക രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായി ഓരോന്നിനും പ്രത്യേകസ്ഥാപനങ്ങളും സേവനങ്ങളും ആരംഭിച്ചു. 1951 ല്‍ തിരവനന്തപുരത്ത് കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് തുടങ്ങി. പുതിയ സാങ്കേതിക അറിവ് നേടുന്നതിനായി ഡോക്ടര്‍മാരെ വിദേശത്തേക്ക് അയച്ചു. 1954 ലെ ഭക്ഷ്യ മായം ചേര്‍ക്കല്‍ നിയമം, 1955 ലെ സമഗ്ര പൊതുജനാരോഗ്യ നിയമം, ഗ്രാമീണ ആരോഗ്യ സേവനങ്ങള്‍, സ്‌കൂള്‍ ആരോഗ്യ സേവനങ്ങള്‍, മാതൃ-ശിശു ആരോഗ്യ സേവനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും വ്യാപനത്തെയും നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ ആരോഗ്യപരിപാലന സമ്പ്രദായത്തില്‍ വീണ്ടും കൂടുതല്‍ പുരോഗതികള്‍ ഉണ്ടായി. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ കേരളത്തില്‍ 140 ആശുപത്രികളും അവയില്‍ എല്ലാം കൂടി 3,300 കിടക്കകളുമാണുണ്ടായിരുന്നതെങ്കില്‍ 1956 ല്‍ കേരള സംസ്ഥാനം രൂപീകൃതമാകുമ്പോഴക്കും 186 ആശുപത്രികള്‍, 4,500 കിടക്കകള്‍ എന്ന സ്ഥിതിയിലേക്ക് എത്തി. ആദ്യ പഞ്ചവത്സര പദ്ധതി പൂര്‍ത്തിയായപ്പോള്‍ 270 സ്ഥാപനങ്ങളിലായി 7,600 ലധികം കിടക്കകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ നാലഞ്ചു ദശകങ്ങളിലായി ആരോഗ്യത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്ന മേഖലകളില്‍ ഇവിടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇത് ആരോഗ്യ നിലവാരത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്നത് നമ്മേ വല്ലാതെ അലട്ടുന്ന ഒരു പ്രശ്‌നമാണ്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ കേരള സര്‍ക്കാര്‍ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലത്തിലുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളിലൂടെ ജനങ്ങളുടെ പൊതുവായ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ ചികിത്സയിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 1956 ല്‍ കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം മെഡിക്കല്‍, പൊതുജനാരോഗ്യ സേവന വകുപ്പുകള്‍ ലയിപ്പിച്ച് ആരോഗ്യ സേവന വകുപ്പ് രൂപീകരിച്ചു. അതിനുശേഷമുള്ള 15 വര്‍ഷത്തെ (3 പഞ്ചവത്സര പദ്ധതി) പുരോഗതി അഭൂതപൂര്‍വ്വമായിരുന്നു. 1971 ല്‍ നേടിയെടുത്ത ബെഡ്-ജനസംഖ്യ അനുപാതം 1:1000 എന്നതു മാത്രം നോക്കിയാല്‍ ഈ മേഖലയിലെ പുരോഗതി അറിയാവുന്നതാണ്. ഡോ. എ. എല്‍. മുതലിയാര്‍ അദ്ധ്യക്ഷനായി ആരോഗ്യ സര്‍വ്വേയ്ക്കും ആസൂത്രണത്തിനും വേണ്ടി ഉണ്ടാക്കിയ സമിതിയുടെ ലക്ഷ്യ സമയത്തേക്കാള്‍ 5 വര്‍ഷം നേരത്തെ തന്നെ കേരളം മേല്‍പ്പറഞ്ഞ അനുപാതം കൈവരിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്.

കേരളത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെട്ടതിനുള്ള പ്രധാനഘടകം ഇവിടത്തെ ആരോഗ്യപരിപാലന വിതരണ സംവിധാനമാണ്. അധികാരത്തിലുള്ള സര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യം കണക്കിലെടുക്കാതെ ആരോഗ്യ മേഖലയോട് കാണിച്ച ശക്തമായ രാഷ്ട്രീയ ഇച്ഛാ ശക്തിയും പ്രതിബദ്ധതയുമാണ് ഈ മാറ്റത്തിന് ഉത്തേജനമായത് എന്ന് പറയാതെ വയ്യ. ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍, എപ്പോഴും എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന വിധം സൗകര്യങ്ങള്‍ കൊണ്ടുവരിക എന്നതാണ് എല്ലാ കാലത്തും ഇവിടത്തെ സര്‍ക്കാരിന്റെ സമീപനം. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ എണ്ണത്തിലും വ്യാപനത്തിലും സംസ്ഥാനത്ത് ഗ്രാമ നഗര വ്യത്യാസം നോക്കാറില്ല. ഇപ്പോള്‍ ഓരോ പഞ്ചായത്തിനും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനം എന്ന നിലയില്‍ ഉണ്ടെന്നുള്ളതാണ് വസ്തുത. ആരോഗ്യ സേവനങ്ങളുടെ ഫലപ്രദവും അര്‍ത്ഥവത്തുമായ നടത്തിപ്പിനായി കുടുംബാസൂത്രണം, മാതൃ-ശിശു ആരോഗ്യം, പോഷകാഹാരം, രോഗപ്രതിരോധം എന്നിവ സംയോജിപ്പിച്ച് പൊതുആരോഗ്യ സേവനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്.

ആരോഗ്യ ബജറ്റിനുള്ള വിഹിതം വര്‍ഷാവര്‍ഷം കേരള സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. ഒരു സമയത്ത് ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ആരോഗ്യ രംഗത്തെ നിരവധി ദേശീയ പരിപാടികള്‍ ഇവിടെയും യഥാകാലം ആരംഭിച്ചൂ. മലേറിയ, സ്‌മോള്‍ പോക്‌സ് നിര്‍മ്മാര്‍ജ്ജന പരിപാടികളുടെ പര്യവേഷണ (Surveillance)ഘട്ടത്തിലേക്ക് പ്രവേശിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.

പരിഹരിക്കേണ്ട വീഴ്ചകള്‍

ഇന്ത്യന്‍ ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള ഈ ചെറിയ സംസ്ഥാനമാണ് രാജ്യത്തിന്റെ മൂന്നില്‍ രണ്ട് പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ നല്‍കുന്നത് എന്നത് അഭിമാനകരമായ നേട്ടമാണ്. സാന്ത്വന പരിശീലന നയവും കമ്മ്യൂണിറ്റി അധിഷ്ഠിത (ജനകീയ) പരിപാടികള്‍ക്ക് ധനസഹായവുമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കേരളത്തിലെ കമ്മ്യൂണിറ്റി അധിഷ്ഠിത 'നൈബര്‍ ഹുഡ് നെറ്റ്‌വര്‍ക്ക് ഇന്‍ പാലിയേറ്റീവ് കെയര്‍' (NNPC) പദ്ധതിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു വലിയ സൈന്യം തന്നെയുണ്ട്. വളരെയധികം പ്രശംസയും അംഗീകാരവും നേടിയ, സര്‍ക്കാര്‍ ധനസഹായമുള്ള ഈ പരിപാടിയില്‍ സംസ്ഥാനത്ത് 260 പ്രാദേശിക പരിചരണ യൂണിറ്റുകള്‍ ഇന്നുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ 1970 കളില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനം കേരളത്തെ സംബന്ധിച്ച ചില പ്രത്യേക പ്രശ്‌നങ്ങളെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിന്റെ ഫലങ്ങളും ശുപാര്‍ശകളും 'തുല്യമായ വളര്‍ച്ചയുടെ കേരള മാതൃക' എന്നാണ് വ്യാപകമായി അറിയപ്പെടുന്നത്. ഭൂപരിഷ്‌ക്കരണം, ദാരിദ്ര്യം കുറയ്ക്കല്‍, വിദ്യാഭ്യാസത്തിന്റെ ലഭ്യത, ശിശുക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഒരു ദശാബ്ദത്തിനു ശേഷം ഐക്യരാഷട്ര സഭ അവരുടെ 'മില്ലേനിയം ഗോളുകള്‍' (ശതാബ്ദ വികസന ലക്ഷ്യങ്ങള്‍) എന്ന വികസനത്തിന്റെ പുതിയ രേഖയില്‍ കേരള മോഡലിന്റെ സവിശേഷതകള്‍ പലതും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വളരെയധികം പ്രശംസ പിടിച്ചു പറ്റിയ 'വികസനത്തിന്റെ കേരള മാതൃക'യുടെ പ്രത്യേകത എന്നത് ഉത്പ്പാദനപരമായ സാമൂഹിക സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ നേടിയ വിദ്യാഭ്യാസം, ആരോഗ്യം, ഉയര്‍ന്ന ആയൂര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുജനന-മരണ നിരക്ക് മുതലായ സാമൂഹിക സൂചകങ്ങളിലുള്ള വളര്‍ച്ചയാണ്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ കുറയ്ക്കുന്നതിലും ആരോഗ്യ പരിരക്ഷ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ വിനിയോഗിക്കുന്നതിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന നയങ്ങളും നടപടികളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പ്രസ്തുത 'കേരള മാതൃക'. എന്നാല്‍ ആരോഗ്യമൊഴികെയുള്ള മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ആരോഗ്യ ലക്ഷ്യങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടല്ല നടന്നതെന്ന് നമുക്കിവിടെ പറയേണ്ടിവരും.

ഇങ്ങിനെയൊക്കെയാണെങ്കിലും കഴിഞ്ഞ നാലഞ്ചു ദശകങ്ങളിലായി ആരോഗ്യത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്ന മേഖലകളില്‍ ഇവിടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇത് ആരോഗ്യ നിലവാരത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്നത് നമ്മേ വല്ലാതെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഉയര്‍ന്ന രോഗാവസ്ഥയോടെ സംസ്ഥാനം മോശം ആരോഗ്യനിലവാരത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ വര്‍ഷങ്ങളായി നമ്മള്‍ കൈവരിച്ച മരണനിരക്കിലുള്ള കുറവ് നിലനിര്‍ത്തുക എന്നത് വെല്ലുവിളിയായി മാറും. ഏറെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം ആരോഗ്യ രംഗത്ത് സര്‍ക്കാരിന്റെ മുതല്‍മുടക്ക് കുറഞ്ഞിരിക്കുന്നു എന്നതാണ്. കൂടിവരുന്ന ആവശ്യങ്ങളും കുറഞ്ഞു വരുന്ന വിഭവങ്ങളുമാണ് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമുള്ള പ്രാദേശിക സ്വയംഭരണ കേന്ദ്രങ്ങള്‍ നേരിടുന്ന വെല്ലുവിളി. ആരോഗ്യ രംഗത്തെ കെട്ടിടങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള ചെലവ്, മരുന്നും മറ്റു ഉപഭോഗ വസ്തുക്കള്‍ക്കുമുള്ള ചെലവ് എന്നിവ 1980കളുടെ പകുതിയോടെ മരവിച്ചു നില്‍ക്കുന്നു എന്നതാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഭൂരിഭാഗം സാധാരണക്കാരും ചികിത്സാ സഹായത്തിനായി എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലുമുള്ള വൈദ്യസഹായത്തിന്റെ ഗുണനിലവാരത്തെ ഈ മരവിപ്പ് സാരമായി ബാധിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്റെയും പൊതുജന ആരോഗ്യത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ ജനങ്ങള്‍ ഉപേക്ഷിക്കുന്നതും തങ്ങളുടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ആശങ്കാജനകമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുതിയതായി ആരംഭിച്ച ലൈഫ് മിഷന്‍, ആര്‍ദ്രം മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവ സാമൂഹ്യ വികസനം ത്വരിതപ്പെടുത്തുമെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ പരിവര്‍ത്തനം ചെയ്യുമെന്നും പ്രതീക്ഷിക്കാം. അതോടുകൂടി മാലിന്യസംസ്‌ക്കരണം ജലമലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന സൂചനകളാണ് നമുക്കിന്ന് കാണാന്‍ കഴിയുന്നത്.

ദീര്‍ഘവീക്ഷണവും കര്‍മ്മശേഷിയുമുള്ള ഭരണകര്‍ത്താക്കള്‍, മുകളില്‍ നിന്ന് താഴെ തട്ടിലേക്കുള്ള ഉചിതമായ നിര്‍ദ്ദേശങ്ങള്‍, പൊതുജനങ്ങളുമായുള്ള നല്ല ആശയവിനിമയം, ജനങ്ങളുടെ കൂട്ടായ പിന്തുണ, ജനങ്ങളുടെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം, അവയുടെ ഫലപ്രദമായ ഏകോപനം എന്നിവയാണ് ആരോഗ്യ മേഖലയില്‍ നമ്മുടെ മുന്‍കാല നേട്ടങ്ങള്‍ കൈവരിക്കാനുള്ള കാരണങ്ങള്‍. ഇന്നു നേരിടുന്ന കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ കാലത്തും രോഗവ്യാപനത്തെ ചെറുത്തു നിര്‍ത്താന്‍വേണ്ട, വ്യാപനവഴികള്‍ കണ്ടെത്തുന്നതിനുള്ള ജനകീയ കൂട്ടായ്മ, അവശ്യവസ്തുക്കളുടെ പൊതുവിതരണം എന്നീ കാര്യങ്ങളില്‍ ജനകീയ സഹകരണത്തിനായുള്ള സര്‍ക്കാര്‍ തലത്തിലുള്ള സന്നദ്ധ ശ്രമങ്ങള്‍ വിജയിച്ചതിന്റെയും അടിസ്ഥാനം മേല്‍പ്പറഞ്ഞ കാരണങ്ങള്‍ തന്നെയാണെന്നു കാണാം. ഈ പകര്‍ച്ചവ്യാധിക്കാലം നമുക്ക് സാമൂഹ്യ-ആരോഗ്യ മേഖലയിലെ സ്വന്തം ശക്തിയും ബലഹീനതയും തിരിച്ചറിയുവാനുള്ള സാധ്യത മുന്നിലെത്തിച്ചിട്ടുണ്ട്. അതിലുപരി ആരോഗ്യ സംരക്ഷണത്തില്‍ മികച്ചതും സുസ്ഥിരവും അനുകരിക്കാവുന്നതുമായ ഒരു കേരള മാതൃക രൂപകല്‍പ്പന ചെയ്യുന്നതിന് പൊതുജനാരോഗ്യ ശാസ്ത്രമേഖലയിലും മെഡിക്കല്‍ സാങ്കേതിക വിദ്യകളിലുമുള്ള പുരോഗതിയെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് നിര്‍ണ്ണയിക്കാനുള്ള അവസരവും വര്‍ത്തമാനകാല അനുഭവം നമുക്കു നല്‍കുന്നു.

വിവര്‍ത്തനം: ആര്‍.സതീഷ് ചന്ദ്രന്‍

Related Stories

No stories found.
logo
The Cue
www.thecue.in