കേരളത്തില്‍ ഈ വര്‍ഷവും പ്രളയം ഉണ്ടാകുമോ? 

കേരളത്തില്‍ ഈ വര്‍ഷവും പ്രളയം ഉണ്ടാകുമോ? 

Summary

കേരളത്തില്‍ ഈ വര്‍ഷവും പ്രളയം ഉണ്ടാകുമോ?, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്ററോളജി പുനെയില്‍ ഗവേഷകനായ ദീപക് ഗോപാലകൃഷ്ണന്‍ എഴുതുന്നു.

‘കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയം? കണക്ക് നിരത്തി പ്രവചനവുമായി വെതര്‍മാന്‍’ ഇങ്ങനെ വന്നൊരു വാര്‍ത്ത നിശ്ചയമായും ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഇതിലെത്ര മാത്രം വസ്തുതയുണ്ടെന്ന് പരിശോധിക്കാം

ഈ വാര്‍ത്ത തമിഴ്നാട് വെതര്‍മാന്‍ എന്ന ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ടതാണ്. ഒന്നാമതായി മേല്‍പ്പറഞ്ഞ പോസ്റ്റില്‍ ഒരു പ്രളയം ഉണ്ടാകുമെന്ന് പറയുന്നില്ല. 2018, 2019 എന്നീ വര്‍ഷങ്ങളില്‍ കേരളത്തില്‍ മണ്‍സൂണ്‍ സമയത്തു സാധാരണ ലഭിക്കുന്നതിലും 20% അധികം മഴ ലഭിച്ചിരുന്നു. അതായത് ഒരു അതിവര്‍ഷം (excess monsoon) ആയിരുന്നു. അതിനാല്‍ അധികമഴയുടെ ഒരു 'hat-trick' സംഭവിക്കുമോ എന്നൊരു സംശയം മാത്രമേ അദ്ദേഹം പോസ്റ്റിലൂടെ പങ്കുവെക്കുന്നുള്ളു. എങ്ങനെയാണ് അതിവര്‍ഷം ഉണ്ടാകും എന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തിയത് ? 1922, 1923, 1924 എന്നീ മൂന്ന് വര്‍ഷങ്ങളില്‍ നമുക്ക് സാധാരണയില്‍ കവിഞ്ഞു മഴ ലഭിക്കുകയും 1924 ല്‍ വലിയ പ്രളയം ഉണ്ടാവുകയും ചെയ്തിരുന്നു. അതായത് 96 വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒരു ഹാട്രിക്ക് സംഭവിച്ചു. 2018 ലും 2019 ലും പ്രളയം സംഭവിക്കുകയും സാധാരണയിലധികം മഴ ലഭിക്കുകയും ചെയ്തിരുന്നുവല്ലോ. രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കൂടുതല്‍ മഴ ലഭിച്ചതിനാല്‍ 2020 ലും ഒരു അതിവര്‍ഷം ആയിരിക്കുമോ?, വീണ്ടും ഒരു hat-trick സംഭവിക്കുമോ? ഇതാണ് ഇദ്ദേഹം ഉന്നയിക്കുന്ന ചോദ്യം. ഒരു സാധാരണ കൗതുകം എന്നതിനപ്പുറം ഇതിലൊന്നുമില്ല എന്നതാണ് വാസ്തവം. പണ്ടെപ്പോഴോ ഒരു ഹാട്രിക്ക് സംഭവിച്ചു എന്നല്ലാതെ അദ്ദേഹം യാതൊരുവിധ ശാസ്ത്രീയ വിശദീകരണവും തന്റെ നിഗമനത്തിനു നല്‍കുന്നില്ല. ലോകത്തെമ്പാടും അന്തരീക്ഷാവസ്ഥ (weather) പ്രവചിക്കുന്നതിന് പ്രധാനമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത മാതൃകകള്‍ (models) ആണ് ഇന്നുപയോഗിക്കുന്നത്. നമ്മുടെ അന്തരീക്ഷത്തിന്റെ സ്വഭാവം അനുകരിക്കുന്ന ഇത്തരം മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉയര്‍ന്ന ശേഷിയുള്ള സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ്. സാറ്റലൈറ്റുകളും മറ്റു സംവിധാനങ്ങളും വഴി നമ്മുടെ അന്തരീക്ഷത്തിലെ താപനില, കാറ്റ്, ഈര്‍പ്പത്തിന്റെ അളവ്, മര്‍ദ്ദം, എന്നിവ നാം നിരന്തരം നിരീക്ഷിക്കുകയും അവ വേണ്ടവിധം അന്തരീക്ഷ മോഡലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്താണ് നാം പ്രവചനം സാധ്യമാക്കുന്നത്. ഒരു മോഡല്‍ നിര്‍മ്മിക്കുന്നതും അത് വേണ്ടവിധം പ്രവര്‍ത്തിപ്പിക്കുന്നതുമെല്ലാം അത്യധികം സങ്കീര്‍ണ്ണമായ ജോലിയാണ്. ഇത്രയും സൂചിപ്പിച്ചത്, ശാസ്ത്രീയമായ രീതിയില്‍ പ്രവചനം നടത്തുന്നത് കേവലം ഊഹങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് പറയുന്നതിനാണ്. April 15 നു പുറത്തിറക്കിയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനപ്രകാരം, ഈ വര്‍ഷം, രാജ്യത്താകമാനം സാധാരണ നിലയില്‍ മഴലഭിക്കാനാണ് സാധ്യത. മെയ് അവസാന ആഴ്ചയില്‍ പുറത്തിറക്കുന്ന അടുത്ത അപ്‌ഡേറ്റില്‍ ചിത്രം കൂടുതല്‍ വ്യക്തമാവും.

 തമിഴ്‌നാട് വെതര്‍മാന്‍ പങ്കുവച്ചത് 
തമിഴ്‌നാട് വെതര്‍മാന്‍ പങ്കുവച്ചത് 

മണ്‍സൂണ്‍ മഴയും പ്രളയവും

ഒരു ചെറിയ മണ്ഡലത്തില്‍ ഒരു വോട്ടെടുപ്പ് നടക്കുന്നു എന്ന് കരുതുക. ആകെ വോട്ടര്‍മാര്‍ 1000 പേരാണ്. സാധാരണ ഒരു 700 പേരൊക്കെയാണ് വോട്ട് ചെയ്യാന്‍ വരാറ്. വോട്ടിങ് സമയം രാവിലെ 8 മുതല്‍ 1 വരെ. ഇനി, വോട്ട് ചെയ്യുന്നതിന് താഴെ പറയുന്ന രണ്ട് സാധ്യതകള്‍ നോക്കാം:

1.കുറച്ചുപേരായി ഈസമയത്തിനുള്ളില്‍ വന്നാല്‍ വലിയ തിരക്കില്ലാതെ, അധികനേരം ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്തു പോകാം. അങ്ങനെ ഈ 3 മണിക്കൂറിനുള്ളില്‍, പലസമയങ്ങളിലായി 850 ആളുകള്‍ വോട്ട് ചെയ്തു പോയിയെന്ന് കരുതുക. അതായത് ധാരണയിലും അധികം പോളിംഗ് നടന്നു (സാധാരണആകെപോളിംഗ് 700 ആണല്ലോ).

ഇനി അടുത്ത ഒരു സാധ്യത:

2.എല്ലാവരും രാവിലെ വോട്ട് ചെയ്തു അവരവരുടെ ജോലിക്ക് പോകാം എന്ന് കരുതി 8 മണിക്ക് തന്നെ എത്തുന്നു. എന്തായിരിക്കും ഫലം ? നിശ്ചയമായും ആകെ തിരക്കാകുന്നു, വലിയ ക്യൂ, ബഹളം. പക്ഷെ ആകെ 500 പേര്‍ മാത്രമേ വോട്ട് ചെയ്യാന്‍ വന്നുള്ളൂ. അതായത് സാധാരണ നടക്കുന്നതിലും പോളിംഗ് വളരെ കുറവ്.

പ്രളയത്തിനും മറ്റും കാരണമാവുന്ന അതി തീവ്ര പ്രതിഭാസങ്ങള്‍ പരമാവധി 10-14 ദിവസങ്ങള്‍ക്ക് മുന്‍പേ മാത്രമേ മുന്‍കൂട്ടി അറിയാന്‍ കഴിയൂ. മാസങ്ങള്‍ മുന്നേ ചുഴലിക്കാറ്റുകളോ അതിതീവ്ര മഴയോ കൃത്യമായി പ്രവചിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരിടത്തും നിലവിലില്ല.

ആദ്യത്തെ കേസില്‍ പതിവിലും കൂടുതല്‍ ആളുകള്‍ വന്നെങ്കിലും ക്രമമായ ഇടവേളകളില്‍ വന്നതിനാല്‍ തിരക്കില്ലാതെ പരിപാടി കഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെ കേസില്‍ പതിവില്‍ കുറവ് ആളുകളേ വന്നുള്ളൂ എങ്കിലും എല്ലാവരും ഒരുമിച്ചു വന്നതിനാല്‍ ആകെ തിരക്കായി മാറി. എല്ലാ വര്‍ഷവും മുകളില്‍ പറഞ്ഞ രണ്ടു സാധ്യതള്‍ മാത്രം ആവണമെന്നില്ല. ആദ്യത്തെ കേസില്‍ തന്നെ 8 മണി മുതല്‍ 12.30 വരെ 400 പേര്‍ വന്നിട്ട് അവസാന അരമണിക്കൂറില്‍ ബാക്കി 450 ആളുകള്‍ വന്നാലും തിരക്കാവും. അതുപോലെ തന്നെ ക്രമമായ സമയങ്ങളില്‍ 500 പേര്‍ മാത്രം വരുന്ന അവസ്ഥയും ഉണ്ടാവാം. അതായത് എത്ര പേര്‍ വോട്ട് ചെയ്തു എന്ന് നോക്കിയാല്‍ മാത്രം തിരക്കുണ്ടായോ എന്ന് പറയാന്‍ കഴിയില്ല. എത്രപേര്‍ ഒരുമിച്ചു വരുന്നു എന്നതാണ് പ്രധാനമായ കാര്യം.

പ്രളയത്തിന്റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. ഒരു മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ മഴ ലഭിക്കും എന്ന് പറഞ്ഞാല്‍ ഉടനെ പ്രളയമാണ് വരാന്‍ പോകുന്നത് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഇത്തവണ വോട്ടിങ്ങിന് 850 പേര്‍ വരാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നതുപോലെയാണ്. ക്രമമായ ഇടവേളകളില്‍ പെയ്താല്‍ ഒരു പ്രളയവും കൂടാതെ ആ മഴക്കാലം കഴിഞ്ഞുപോകും (ആദ്യ കേസിലെ വോട്ടിങ്ങിനെ കുറിച്ച് പറഞ്ഞതുപോലെ). കുറെ ആളുകള്‍ ഒരുമിച്ചു വരുന്നതുപോലെ, കുറെ ദിവസം കൊണ്ട് ലഭിക്കേണ്ട മഴ 1-2 ദിവസം കൊണ്ട് പെയ്യുന്ന സ്ഥിതി (extreme rainfall events) വന്നാലാണ് പ്രളയത്തില്‍ കലാശിക്കുന്നത്. അതുപോലെ തന്നെ ഈ വര്‍ഷം കുറവു മഴയേ ലഭിക്കൂ എന്ന് പറഞ്ഞാലോ സാധാരണ അളവില്‍ മഴ ലഭിക്കും എന്ന് പറഞ്ഞാലോ പ്രളയം ഉണ്ടാവില്ല എന്ന് പറയാന്‍ കഴിയില്ല (രണ്ടാമത്തെ കേസിലെ വോട്ടിങ്ങിനെ കുറിച്ച് പറഞ്ഞതുപോലെ). ആകെ മഴ സാധാരണ നിലയില്‍ ആണെങ്കിലും, കുറഞ്ഞാലും കൂടിയാലും അവിടെ പ്രളയം ഉണ്ടാവാം ഉണ്ടാവാതിരിക്കാം. പ്രളയം ഉണ്ടാവുന്നത് ഓരോ സമയത്തെയും മഴപ്പെയ്ത്തിന്റെ തീവ്രതയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. കൂടാതെ, ഓരോ സ്ഥലങ്ങളിലെയും ഭൂപ്രകൃതിയെയും മറ്റു പ്രത്യേകതകളെയുമൊക്ക അനുസരിച്ചു പ്രളയസാധ്യതയില്‍ വ്യത്യാസമുണ്ടാകും.

മണ്‍സൂണ്‍ പ്രവചനം

അമേരിക്കന്‍ ശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് ലോറന്‍സിന്റെ കയോസ് സിദ്ധാന്തം (Chaos theory) പ്രകാരം, അന്തരീക്ഷത്തിന്റെ ഓരോ പ്രദേശത്തേയും വിശദ സ്വാഭാവം രണ്ടാഴ്ചയ്ക്കപ്പുറം പ്രവചിക്കുവാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ശരാശരി സ്വഭാവം പ്രവചിക്കാം എന്ന് പിന്നീടുള്ള പഠനങ്ങള്‍ നിരീക്ഷിച്ചു. വരുന്ന ഒരാഴ്ച പൊതുവില്‍ മഴ കുറവായിരിക്കും എന്നോ അടുത്തമാസം സാധാരയിലധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നൊക്കെ പ്രവചിക്കാം എന്നല്ലാതെ അടുത്ത 30 ദിവസത്തിനുശേഷം മുംബൈയില്‍ അതിതീവ്ര മഴപെയ്യും എന്നമട്ടിലുള്ള പ്രവചനങ്ങള്‍ നിലവിലുള്ള സങ്കേതങ്ങള്‍ പ്രകാരം സാധ്യമല്ല. ഇതേരീതിയിലാണ് നിലവിലുള്ള നമ്മുടെ മണ്‍സൂണ്‍ പ്രവചനങ്ങള്‍ സാധാരണ മൂന്ന് ഘട്ടങ്ങളിലായി മണ്‍സൂണ്‍ കാലത്തു ലഭിച്ചേക്കാവുന്ന മഴയുടെ ദീര്‍ഘകാല പ്രവചനങ്ങള്‍ (long-range forecasts) നമ്മുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കാറുണ്ട്. ഇത്തരം പ്രവചനങ്ങളുടെ ഉദ്ദേശം പ്രധാനമായും വരുന്ന മണ്‍സൂണ്‍ കാലയളവില്‍ (ജൂണ്‍, ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍) സാധാരണരീതിയില്‍ മഴലഭിക്കുമോ ഇല്ലയോ എന്ന് അറിയുകയാണ്. ഇന്ത്യയെ വടക്ക്-പടിഞ്ഞാറന്‍ ഭാഗം, മധ്യഭാഗം, തെക്കുഭാഗം, വടക്കുകിഴക്കന്‍ ഭാഗം എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തും ഓരോ മാസങ്ങളിലും ലഭിക്കാന്‍ സാധ്യതയുള്ള മഴയുടെ കണക്കുകൂടി സൂചിപ്പിക്കുന്നു. ഒരു വലിയ പ്രദേശത്തു ലഭിച്ചേക്കാവുന്ന മഴയുടെ ശരാശരി കണക്കുമാത്രമേ ഇത്ര ദീര്‍ഘകാലയളവില്‍ പ്രവചിക്കുവാന്‍ കഴിയൂ. കൊച്ചിയിലോ മുംബൈയിലോ സംഭവിച്ചേക്കാവുന്ന പ്രളയം രണ്ടുമാസം മുന്നേ പ്രവചിക്കാന്‍ കഴിയില്ല.

ആഗോളതാപനവും അതിതീവ്ര പ്രതിഭാസങ്ങളും

ആഗോളതാപനവും അതിനോടനുബന്ധിച്ചുള്ള കാലാവസ്ഥാ വ്യതിയാനവും മൂലം ലോകത്തിലെ പല ഭാഗത്തും അതിതീവ്ര പ്രതിഭാസങ്ങള്‍ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കടുത്ത വരള്‍ച്ച, അതിതീവ്ര മഴപ്പെയ്ത്തുകള്‍, കാട്ടുതീ, മുതലായ പ്രതിഭാസങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഒരാഴ്ച കൊണ്ട് ലഭിക്കേണ്ട മഴ ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ പെയ്‌തൊഴിയുന്ന അവസ്ഥ. അതുകൊണ്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതിതീവ്രമഴയ്ക്കുള്ള സാധ്യത പൊതുവെ ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതലാണ് എന്നത് ഒരു വസ്തുതയാണ്.അതിനാല്‍, ഈ എന്തുകൊണ്ടും അല്‍പ്പം ജാഗ്രത എന്തുകൊണ്ടും നല്ലതാണ്. പക്ഷെ, ഈ മഴക്കാലത്തും കേരളത്തില്‍ പ്രളയം വരുന്നുവെന്നത്തിനുള്ള യാതൊരു ശാസ്ത്രീയ തെളിവുകളും ഇപ്പോഴില്ല. മുന്‍പ് സൂചിപ്പിച്ചതുപോലെ, പ്രളയത്തിനും മറ്റും കാരണമാവുന്ന അതി തീവ്ര പ്രതിഭാസങ്ങള്‍ പരമാവധി 10-14 ദിവസങ്ങള്‍ക്ക് മുന്‍പേ മാത്രമേ മുന്‍കൂട്ടി അറിയാന്‍ കഴിയൂ. മാസങ്ങള്‍ മുന്നേ ചുഴലിക്കാറ്റുകളോ അതിതീവ്ര മഴയോ കൃത്യമായി പ്രവചിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരിടത്തും നിലവിലില്ല. അതായത്, ഈ വര്‍ഷത്തെ മഴക്കാലത്തിനിടയ്ക്ക് പ്രളയം ഉണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്ന് ചുരുക്കം. ഈവട്ടവും പ്രളയം എന്ന പേരില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകളെല്ലാം തന്നെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വ്യാജ വാര്‍ത്തകളാണ്. അതുകൊണ്ട് അത്തരം വാട്‌സ്ആപ്പ് ഫോര്‍വേഡുകള്‍ക്ക് പിന്നാലെ പോകാതെ ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in