ഇനി പഴയ ലോകമില്ല: കൊറോണ വൈറസ് ലോകത്തെ മാറ്റുന്നതെങ്ങനെ?

ഇനി പഴയ ലോകമില്ല: കൊറോണ വൈറസ് ലോകത്തെ മാറ്റുന്നതെങ്ങനെ?

Summary

ദ ഗാര്‍ഡിയന്‍ ‘we can’t go back to normal: how will corna virus change the world എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പീറ്റര്‍ സി ബേക്കറിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ: വിവേക് നോബിള്‍

എല്ലാ അനുഭവങ്ങളും ഇപ്പോള്‍ പുതിയതാവുന്നു, ഒപ്പം അസാധാരണവും അവിശ്വസനീയവും. എന്നാലോ, ഒരു പഴയ സ്വപ്‌നം വീണ്ടും കാണുന്നത് പോലെയുമാണത്. ടിവിയിലും സിനിമകളിലും നാമത് മുന്‍പ് കണ്ടിട്ടുണ്ട്. അത് എങ്ങനെയായിരിക്കും എന്ന് നമുക്ക് പിടിയുണ്ട് താനും. സത്യത്തില്‍ അതില്‍ വലിയ അസാധാരണത്വമൊന്നുമില്ലെന്നാണ് നമ്മള്‍ വിചാരിക്കുന്നത്. പക്ഷെ, അത് അങ്ങനെയല്ലന്നതാണ് സത്യം.

ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ സംഭവിക്കുകയാണ്. ഫെബ്രുവരി മാസം നോക്കൂ. അസാധ്യമെന്നു കരുതിയത് വെറും ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവിക്കുന്നത്. ദിവസവും പലവട്ടം വാര്‍ത്തകള്‍ നാം കാണുന്നത് വാര്‍ത്തകള്‍ അറിയുന്നത് പ്രധാനമാണ് എന്ന പൗരബോധംകൊണ്ടല്ല മറിച്ചു കഴിഞ്ഞ മണിക്കൂറില്‍ എന്തൊക്കെ പുതുതായി സംഭവിച്ചിരിക്കാമെന്ന ഭീതി കൊണ്ട് മാത്രമാണ്. മാറ്റങ്ങളെ വിശകലനം ചെയ്യാനുള്ള സമയം പോലും തരാതെ കാര്യങ്ങള്‍ മാറിമറിയുകയാണ്.

സംഭവപരമ്പരകളുടെ വലുപ്പമോ വേഗതയോ അല്ല നമ്മെ അന്ധാളിപ്പിക്കുന്നത്. ജനാധിപത്യം വലിയ മാറ്റങ്ങള്‍ക്ക് ശേഷിയുള്ളതല്ല എന്ന് കേട്ടുതഴമ്പിച്ചത് കൊണ്ടാണ് നമ്മള്‍ പരിഭ്രമിക്കുന്നത്. എങ്കിലും നമ്മളിവിടെയുണ്ട്. പ്രതിസന്ധികളും ദുരന്തങ്ങളും മാറ്റത്തിന്, മിക്കപ്പോഴും നല്ലമാറ്റത്തിന്, അരങ്ങൊരുക്കുന്നതായി ചരിത്രം പറയുന്നു. 1918 ലെ സ്പാനിഷ് ഫ്‌ലൂ ആണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും ദേശീയ ആരോഗ്യ സേവനങ്ങള്‍ക്ക് (National Health Services) കാരണമായത്. മഹാ മാന്ദ്യവും രണ്ടാം ലോക മഹായുദ്ധവുമാണ് ആധുനിക ക്ഷേമരാഷ്ട്രങ്ങളുടെ പിറവിക്കു കളമൊരുക്കിയത്.

എന്നാല്‍ പ്രതിസന്ധികള്‍ ഇരുണ്ട വഴികളിലേക്കും നമ്മെ നയിച്ചേക്കാം. സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം അന്തമില്ലാത്ത അധിനിവേശങ്ങളിലേക്കും യുദ്ധങ്ങളിലേക്കും ജോര്‍ജ് ബുഷ് നീങ്ങിയപ്പോള്‍ പൗരന്മാരെ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കും അതിവേഗം കൈവന്നു. പൊതുപണമിറക്കി ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും സമീപകാലത്തെ മറ്റൊരു പ്രതിസന്ധിയില്‍ നിന്ന്, 2008 -ലെ സാമ്പത്തിക തകര്‍ച്ച, കരകയറ്റിയപ്പോള്‍ ലോകമെമ്പാടും സൗജന്യജനസേവനങ്ങള്‍ക്കുള്ള ചിലവുകള്‍ വെട്ടിക്കുറയ്ക്കപ്പെട്ടു.

ചരിത്രത്തെ രൂപപ്പെടുത്തുന്നത് പ്രതിസന്ധികളായതിനാല്‍ അവ എങ്ങനെയാണു വെളിപ്പെട്ടു വരുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നൂറുകണക്കിന് ചിന്തകന്മാര്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചിട്ടുണ്ട്. പൊതുവില്‍ പ്രതിസന്ധിപഠനം (Crises Studies) എന്ന് വിളിക്കപ്പെടുന്ന ഈ പഠന ശാഖ ഒരു സമൂഹത്തില്‍ പ്രതിസന്ധി രൂപപെടുമ്പോള്‍ ആ സമൂഹത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യം വെളിപ്പെടുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്നു. ആര്‍ക്കാണ് കൂടുതലുള്ളത്, ആര്‍ക്കാണ് കുറവുള്ളത്, അധികാരം എവിടെയാണ്, ജനങ്ങള്‍ എന്തിനെയാണ് വിലമതിക്കുന്നത്, എന്തിനെയാണ് ഭയക്കുന്നത്? തുടങ്ങിയ കാര്യങ്ങള്‍.

അത്തരം നിമിഷങ്ങളില്‍ മിക്കപ്പോഴും പലരീതിയില്‍ സമൂഹത്തിലെ വിള്ളലുകള്‍ വെളിപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിലെ വാര്‍ത്തകളില്‍ അത്തരം ഉദാഹരണങ്ങള്‍ ഇഷ്ടം പോലെയുണ്ട്. പ്രധാനപ്പെട്ട വ്യോമയാനപാതകളിലെ തങ്ങളുടെ 'പ്രൈംടൈമിനെ 'സംരക്ഷിക്കുന്നതിനുവേണ്ടി വിമാനകമ്പനികള്‍ ആളില്ലാതെയോ കുറച്ചാളുകളെ വച്ചോ സര്‍വീസുകള്‍ നടത്തുന്നു. ഫ്രഞ്ച് പോലീസ് ലോക് ഡൗണ്‍ സമയത്തു പുറത്തുകണ്ട വീടില്ലാത്തവര്‍ക്ക് പിഴ വിധിച്ച വാര്‍ത്തകളും വന്നിരുന്നു. ന്യുയോര്‍ക്കിലെ തടവുകാര്‍ അവര്‍ക്കുവിലക്കപ്പെട്ടിരുന്ന (ആല്‍ക്കഹോള്‍ അടങ്ങിയതിനാല്‍) ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നു. ഇവിടെ തടവുകാര്‍ക്ക് സോപ്പ് പോലും സൗജന്യമായി കൊടുക്കുന്നില്ല. അവര്‍ അത് കാശു കൊടുത്തു വാങ്ങണം.

എന്നാല്‍ ലോകം നിലവില്‍ എങ്ങനെയാണ് എന്നതിലേക്ക് വെളിച്ചം വീശുക മാത്രമല്ല പ്രതിസന്ധികള്‍ ചെയ്യുന്നത്. അത് മറ്റൊരു ലോകത്തിന്റെ സാധ്യതകളിലേക്കുള്ള കാഴ്ചയുമായിത്തീരുന്നു. ചില ക്രൈസിസ് സ്റ്റഡീസ് കാര്യങ്ങള്‍ എത്ത്രതോളം വഷളായിത്തീരാം എന്നതിലാണ് ശ്രദ്ധയൂന്നുന്നത്. മറ്റുചിലരാകട്ടെ, ഭയങ്കരശുഭാപ്തി വിശ്വാസക്കാരും ആയിരിക്കും. നഷ്ടങ്ങളേക്കാളുപരി പ്രതിസന്ധികളെ മുതലെടുത്ത് എന്തൊക്കെ നേടാമെന്നതാണ്   അവര്‍ ചിന്തിക്കുന്നത്. ഓരോ ദുരന്തങ്ങളും വ്യത്യസ്തമാണ്. നഷ്ടവും നേട്ടവും എല്ലായിപ്പോഴും സഹയാത്രികരുമാണ്. നാം പ്രവേശിക്കാന്‍ പോകുന്ന നവലോകത്തിന്റെ രൂപരേഖകള്‍ പതിയെ മാത്രമേ തെളിഞ്ഞുവരുകയുള്ളൂ. പ്രതീക്ഷകളില്ലാത്തവരെ സംബന്ധിച്ച് പ്രതിസന്ധികള്‍ കാര്യങ്ങളെ വഷളാക്കും. ദുരന്തങ്ങളെക്കുറിച്ചു പഠിക്കുന്നവര്‍ക്ക് , വിശേഷിച്ചും പകര്‍ച്ചവ്യാധികളെക്കുറിച്ചു പഠിക്കുന്നവര്‍ക്ക് 'അമ്പട ഞാനേ' മനോഭാവത്തെയും (xenophobia) വംശീയ ബലിയാടുകളെ കണ്ടെത്താനുള്ള പ്രവണതകളെയും , അത് എങ്ങനെ സ്വാധീനിക്കുമെന്ന് നന്നായറിയാം.

അമേരിക്കന്‍ പസിഡന്റ് പുതിയ കൊറോണ വൈറസിനെ ‘ചൈനീസ് നിര്‍മ്മിതം’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി. അതിര്‍ത്തികള്‍ അടയ്ക്കാനും അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുമുള്ള ശ്രമങ്ങള്‍ക്ക് കൂടി മഹാമാരിയെ മറയാക്കാനും അദ്ദേഹം ശ്രമിച്ചു. റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍, ബുദ്ധിജീവികള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ കോവിഡ് 19 ചൈനീസ്‌ജൈവായുധമാണെന്നു അവകാശപ്പെടുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നു.

യൂറോപ്പില്‍ പ്ലേഗ് എന്ന മഹാമാരി ഉണ്ടായപ്പോള്‍ നഗരങ്ങളും പട്ടണങ്ങളും പുറത്തുള്ളവര്‍ക്ക് മുന്‍പില്‍ അടയ്ക്കപ്പെട്ടിരുന്നു. 'യോഗ്യരല്ലാത്ത' സമൂഹങ്ങളില്‍പ്പെട്ടവരെ, മിക്കപ്പോഴും ജൂതര്‍, ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 1858ല്‍ ന്യുയോര്‍ക് സിറ്റിയിലെ ഭരണകൂടം സ്‌ളേറ്റന്‍ ദ്വീപില്‍ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ച ഒരു ക്വാറന്റൈന്‍ ആശുപത്രി ആക്രമിക്കുകയും ആശുപത്രിക്കു തീ വെയ്ക്കുകയും ചെയ്തു. മഞ്ഞപ്പനി തങ്ങള്‍ക്കും പകരും എന്ന ഭീതിയായിരുന്നു ഇതിനു കാരണം. വിക്കിപീഡിയയില്‍ 'Xenophobia and Racism related to 2019-20 Corona virus pandemic' എന്ന പേജില്‍ ഏതാണ്ട് 35 രാജ്യങ്ങളിലായി നടന്ന ഇത്തരം അക്രമങ്ങളെക്കുറിച്ച് വിവരങ്ങളുണ്ട്.

ആഗോളീകരണത്തിന്റെ ദുരന്തങ്ങളെക്കുറിച്ചു ആഴത്തില്‍ പഠിച്ചിട്ടുള്ള പ്രസിദ്ധ അമേരിക്കന്‍ ചരിത്രകാരനായ മൈക്ക് ഡേവിസിന്റെ അഭിപ്രായത്തില്‍ 'ഒരു പ്രയോഗലോകത്തു ഒരു ലോകമഹാമാരി വലിയതോതിലുള്ള സാര്‍വ്വ ദേശീയതയിലേക്ക് നയിക്കുമെന്നാണ് നാം കരുതേണ്ടത് . എന്നാണ്. ' 2005 ലെ പക്ഷിപ്പനിയെപ്പറ്റി ഒരു പുസ്തകം എഴുതിയിട്ടുള്ള ഡേവിഡിന്റെ അഭിപ്രായത്തില്‍ (ചരക്കുകളുടെയും വ്യക്തികളുടെയും നിരന്തര നീക്കത്തെ ആശ്രയിക്കുന്ന) ആഗോളമുതലാളിത്തം ബലഹീനമാകുന്ന പ്രതിസന്ധികള്‍ക്കുള്ള മികച്ച ഉദാഹരണമാണ് മഹാമാരികള്‍. അതായത് (ലാഭത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാന്‍ കഴിയാത്ത) മുതലാളിത്ത മാനസികാവസ്ഥയ്ക് അതിനെ നേരിടാന്‍ കഴിയില്ല. 'ഒരു പ്രായോഗിക ലോകത്തു അത്യാവശ്യ സാധനങ്ങളുടെ - പരിശോധനാ ഉപകരണങ്ങള്‍, മാസ്‌കുകള്‍, ശ്വസന സഹായികള്‍ - ഉല്‍പ്പാദനം കഴിയുന്നത്ര വര്‍ധിപ്പിക്കാനാവും നാം ശ്രമിക്കുക. മറ്റു ദരിദ്ര രാജ്യങ്ങള്‍ക്കു വേണ്ടി കൂടി. കാരണം ഇതൊരു ഒറ്റയുദ്ധമാണ്. പക്ഷെ ഇത് തീര്‍ച്ചയായും ഒരു യുക്തിസഹലോകമല്ല. അതിനാല്‍ നോട്ടുനിരോധനത്തിനും, ഒറ്റപ്പെടലിനും വേണ്ടിയുള്ള മുറവിളികള്‍ ഉയരാം. ലോകവ്യാപകമായി കൂടുതല്‍ മരണങ്ങളും ദുരിതങ്ങളുമായിരിക്കും ഇതിന്റെ ഫലം.

അമേരിക്കന്‍ പസിഡന്റ് പുതിയ കൊറോണ വൈറസിനെ 'ചൈനീസ് നിര്‍മ്മിതം' എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി. അതിര്‍ത്തികള്‍ അടയ്ക്കാനും അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുമുള്ള ശ്രമങ്ങള്‍ക്ക് കൂടി മഹാമാരിയെ മറയാക്കാനും അദ്ദേഹം ശ്രമിച്ചു. റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍, ബുദ്ധിജീവികള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ കോവിഡ് 19 ചൈനീസ്‌ജൈവായുധമാണെന്നു അവകാശപ്പെടുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നു. ചൈനാക്കാര്‍ കോറോണവ്യാപനം അമേരിക്കന്‍ സൈനികര്‍ വഴിയാണെന്ന മറ്റൊരു ഗൂഢാലോചന സിദ്ധാന്തം മുന്നോട്ടു വെയ്ക്കുന്നു. ഹംഗറിയേന്‍ പധാന മന്ത്രി വിക്ടര്‍ ഓര്‍ബന്‍, 'രണ്ടു യുദ്ധമാണ് നമ്മള്‍ നടത്തുന്നത്: ഒന്ന് കുടിയേറ്റത്തിനെതിരെ. മറ്റൊന്ന് കൊറോണയ്‌ക്കെതിരെ. രണ്ടിനും തമ്മില്‍ പരസ്പര ബന്ധമുണ്ട്, രണ്ടും പരക്കുന്നത് ഒരേപോലെയാണ്,' എന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ഒരു യുദ്ധത്തില്‍ ശത്രുവിനെക്കുറിച്ച് പരമാവധി അറിയാന്‍ നമ്മള്‍ ശ്രമിക്കും. എന്നാല്‍ ദീര്‍ഘകാലവെല്ലുവിളികളെപ്പറ്റി ആലോചിക്കാതെ പ്രതിസന്ധിയുടെ മറവില്‍ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുക എളുപ്പമാണ്. നിരീക്ഷണ മുതലാളിത്തത്തിന്റെ കാലം (The Age of Surveillance Capitalism) എന്ന പ്രബന്ധത്തിന്റെ കര്‍ത്താവായ ഷൊഷ്‌ന സുബൊഫ് (Shoshana Zuboff) 9/11നു മുമ്പ് തങ്ങളുടെ വ്യക്തിഗതവിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം, ഉപയോഗിക്കരുത് എന്നീ കാര്യങ്ങളില്‍ ഇന്റര്‌നെറ് ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കുന്ന നിയമം നിര്‍മ്മിക്കാന്‍ ആലോചിച്ചിരുന്നതായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 'ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികളെ എങ്ങനെ നിയന്ത്രിക്കാം എന്നതില്‍ നിന്നും നമുക്കാവശ്യമായ വിവരങ്ങള്‍ സമാഹരിക്കാനായി ഈ കമ്പനികളെ എങ്ങനെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നതിലേക്കു' കാര്യങ്ങള്‍ മാറിയതായി സുബൊഫ് പറയുന്നു.

തങ്ങളുടെ പൗരന്മാരെ കൂടുതല്‍ കൃത്യമായി നിരീക്ഷിക്കണമെന്നു ആഗ്രഹിക്കുന്ന സര്‍ക്കാരുകള്‍ക്കും ആ മാര്‍ഗ്ഗത്തിലൂടെ തന്നെ കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും ആഗോള മഹാമാരിയെക്കാള്‍ നല്ലൊരവസ്ഥ വേറെയില്ല. ചൈനയില്‍ ഇപ്പോള്‍ മാസ്‌ക്ക് ധരിക്കാത്തവരെ തപ്പിയിറങ്ങിയിരുക്കുന്നത് ഡ്രോണുകള്‍ ആണ്. കണ്ടെത്തിക്കഴിഞ്ഞാല്‍ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള പ്രക്ഷേപണ സംവിധാനം വഴി പോലീസിന്റെ ശകാരം കിട്ടും. ജര്‍മ്മനിയും, ആസ്ട്രിയയും, ബെല്‍ജിയവും ഇറ്റലിയുമെല്ലാം (ഇപ്പോള്‍ രഹസ്യമായി) ടെലികോം കമ്പനിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നു. ഇസ്രായേലിലെ ദേശീയ സുരക്ഷാ ഏജന്‍സിക്കു ഇപ്പോള്‍ രോഗബാധിതരായവരുടെ ഫോണ്‍ റിക്കാര്‍ഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.ദക്ഷിണ കൊറിയ രോഗസാധ്യത സംശയിക്കുന്നവരുടെ വിവരങ്ങളും അവരെവിടെയാണെന്നുള്ള വിവരവും മൊബൈല്‍ സന്ദേശമായി പൊതുജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നു.

എല്ലാ നിരീക്ഷണങ്ങളുംചില സാഹചര്യങ്ങളില്‍ ദോഷകരമല്ല. വൈറസിനെ പ്രതിരോധിക്കുന്നതില്‍ അതിനു നിര്ണ്ണായകമായ പങ്കുവഹിക്കാനും കഴിയും. എന്നാല്‍ ഈ താല്‍ക്കാലിക നടപടികള്‍ സ്ഥിരമാവുകയും അവയുടെ മൗലികമായ ഉദ്ദേശം വിസ്മരിച്ചുകൊണ്ടു നമ്മുടെ നിത്യജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നതിലാണ് സുബൊഫ് ആശങ്ക പ്രകടിപ്പിക്കുന്നത്. ലോക്ക് ഡൗണുകള്‍ നമ്മളെ പഴയതിനേക്കാള്‍ കൂടുതലായി ഇത്തരം കമ്പനികളുടെ ആശ്രിതരാക്കി കംപ്യൂട്ടറിലും ഫോണിലും നോക്കി വീട്ടിലിക്കാന്‍ നിര്ബന്ധിതരാക്കിയിട്ടുണ്ട്. ഇതില്‍ പല കമ്പനികളും സര്‍ക്കാരിനൊപ്പം സജീവമായി കോറാണായുദ്ധത്തില്‍ നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ടെക്‌നോളജിയും ജനാധിപത്യവും തമ്മിലുള്ള പരസ്പര ബന്ധത്തെപ്പറ്റി പഠനം നടത്തുന്ന വാസുകി ശാസ്ത്രിയുടെ അഭിപ്രായത്തില്‍ 'ഒരു മഹാമാരിയെ നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് സ്വകാര്യതയെപ്പറ്റി ഉയര്‍ന്ന തലത്തില്‍ ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ സംവിധാനം ഒരു തലത്തിലേക്ക് ഉയര്‍ന്നാല്‍ അതിനെ പഴയ നിലയിലേക്ക് താഴ്ത്തി കൊണ്ടുവരാന്‍ വളരെ കഷ്ടമാണ്. അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെടും '

ഇക്കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി സര്‍ക്കാരുകള്‍ നിയമനിര്‍മാണ സഭകളുടെയോ കോടതികളുടെയോ ഇടപെടലില്ലാതെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ വഴി ഭരിക്കാനുള്ള അധികാരം നേടിയെടുത്തിരിക്കുന്നു. ബ്രിട്ടനില്‍ രണ്ടുവര്‍ഷം വരെ പ്രാബല്യമുള്ള, പുതിയ കൊറോണ വൈറസു വാഹകരെന്നു സംശയിക്കുന്ന ഏതൊരാളെയും പരിശോധനക്കായി അറസ്റ്റു ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനുമുള്ള അധികാരം പോലീസിനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ജഡ്ജിമാര്‍ക്ക് കോടതിനടപടികള്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം നല്‍കുന്ന ഒരു നിയമം ഉണ്ടാക്കണമെന്ന് അമേരിക്കയിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യാനുള്ള അവകാസം ലഭിക്കാതെ ആളുകളെ തടവിലാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പ്രതിഷേധിക്കാനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന നെറ്റ്‌പോള്‍ (Netpoll) എന്ന സന്നദ്ധസംഘടനയുടെ വക്താവായ കെവിന്‍ ബ്ലോയുടെ അഭിപ്രായത്തില്‍ 'നിലവില്‍ പോലീസിനെ നിരീക്ഷിക്കുന്നവര്‍ക്കു ഇതിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇപ്പോള്‍ ആവശ്യമെന്നു തോന്നുന്ന ഈ അധികാരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് അവ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടും ജനാധിപത്യമായോ പൗരസുരക്ഷയുമായോ അതിനു ബന്ധമുണ്ടാകില്ല.'

ക്രിമിനലുകളെ തേടിപ്പിടിക്കുന്ന മനോഭാവത്തോടെ പൊതുജനാരോഗ്യ വിഷയങ്ങളെ സമീപിക്കുന്ന, വിശേഷിച്ചും 9/11നു ശേഷം സജീവമായ, ഈ പ്രവണതയെ അമേരിക്കയിലെ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ മഹാമാരിയോടുള്ള പ്രതികരണങ്ങളിലെ നിയമവശങ്ങളെ സംബന്ധിക്കുന്ന 2008ലെ റിപ്പോര്‍ട് അപലപിക്കുന്നു. സംശയകരമായ ഈ മനോഭാവം വംശീയ ന്യുനപക്ഷങ്ങളെയും ദരിദ്രരെയും ആണ് ഏറ്റവുമധികം ബാധിക്കുന്നത്. ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയില്‍ സംശയത്തിന്റെ വിടവ് സൃഷ്ടിച്ചുകൊണ്ട് ഇത്തരം സംഗതികള്‍ രോഗപ്രതിരോധം ദുഷ്‌കരമാക്കുന്നു. റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പോലെ രോഗമല്ല ജനങ്ങളാണ് ശത്രു' എന്ന നില വരുന്നു.

ഭയപ്പെടുത്തും വിധം അസാധാരണമാണ് ലോകമിപ്പോള്‍. നമ്മളില്‍ ആരുവേണമെങ്കിലും നാളെ രോഗബാധിതരാകാം, അല്ലെങ്കില്‍ നാം അറിയാതെ തന്നെ രോഗവാഹകരായിരിക്കാം. അത്രയും വേഗത്തിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്

പ്രതിസന്ധികളില്‍ സാധ്യതകളുടെ വെളിച്ചം കാണുന്ന മറ്റൊരു ചിന്താധാരയുമുണ്ട്. ഇവര്‍ക്കിടയില്‍ 2008ലെ സാമ്പത്തിക തകര്‍ച്ച ഒരു ദുരന്തം തന്നെയാണ്. എങ്കിലും അവരുടെ വീക്ഷണത്തില്‍ , 2008ലെ തകര്‍ച്ച ദുരന്തമായി മാത്രം പര്യവസാനിച്ചെങ്കിലും കോവിഡ് 19 രാഷ്ട്രീയ പുരോഗതിയുടെ വാതിലുകള്‍ തുറന്നേക്കാമെന്നാണ്.

'2008ലെ തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ വ്യത്യസ്ത രീതിയില്‍ വിലയിരുത്തേണ്ടതാണെന്ന്' പ്രതിസന്ധികളെയും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ആഴത്തില്‍ പഠിച്ചിട്ടുള്ള റെബേക്ക സോള്‍നിറ്റ് പറയുന്നു. 'ഇടതുപക്ഷ ആശയങ്ങള്‍ എന്ന് കരുതപ്പെട്ടിരുന്നവ കൂടുതല്‍ സ്വീകാര്യമായിത്തുടങ്ങി. മാറ്റത്തിനുള്ള സാധ്യത കൂടുതലായുള്ളത് ഇപ്പോഴാണ്. ഇതൊരവസരമാണ്.'

രാഷ്ട്രീയത്തിലെ സ്തംഭനാവസ്ഥ തകര്‍ക്കപ്പെടേണ്ടതാണെന്നു കോവിഡ് 19 തെളിയിച്ചിരിക്കുന്നു. നോവല്‍ കൊറോണ വൈറസ് എന്ന് ആരെങ്കിലും കേള്‍ക്കുന്നതിന് വളരെമുന്‍പ് തന്നെ ചികിത്സയും പ്രതിരോധവുമുള്ള രോഗങ്ങള്‍ മൂലം ആളുകള്‍ മരിച്ചിട്ടുണ്ട്. സാമ്പത്തികശക്തികളായ സമൂഹങ്ങളില്‍ പോലും അനിശ്ചിതത്വം നിറഞ്ഞ ജനജീവതങ്ങളുണ്ട്. മഹാമാരിയടക്കമുള്ള വന്‍ ദുരന്തങ്ങളെപ്പറ്റി വിദഗ്ധര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു തയ്യാറെടുപ്പുകളും നാം നടത്തിയില്ല. എന്നാല്‍ രോഗം ആഞ്ഞടിച്ചു കഴിഞ്ഞപ്പോള്‍ കുറഞ്ഞസമയം കൊണ്ട് സര്‍ക്കാര്‍ കൈകൊണ്ട കടുത്ത നടപടികള്‍ ഭരണകൂടങ്ങള്‍ക്ക് എത്രമാത്രം അധികാരങ്ങള്‍ ഉണ്ട് എന്നതും സര്‍ക്കാരുകള്‍ക്ക് എന്തൊക്കെ നടപ്പാക്കാന്‍ (കണ്ണടച്ചുതുറക്കുന്നവേഗത്തില്‍) കഴിയും എന്നതിന്റെ തെളിവുകളാണ്. പ്രവര്‍ത്തിച്ചില്ലെങ്കില്‍ തങ്ങളുടെ അധികാരമില്ലാതാവും എന്ന തിരിച്ചറിവിലാണ് ഇത് സംഭവിച്ചത്. പങ്കജ് മിശ്ര പറയുന്നതുപോലെ, 'ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമെന്നു ഭരണകൂടങ്ങള്‍ മനസ്സിലാക്കാന്‍ ഒരു ദുരന്തം വേണ്ടി വന്നു.'

എല്ലാ കാര്യങ്ങളിലും ലോകവും ജനങ്ങളും പ്രശ്‌നബാധിതമെങ്കിലും വിപുലമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒരു പ്രായോഗിക പരിഹാരമല്ലായെന്ന നിലപാടായിരുന്നു വര്ഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയത്തിലെ യാഥാസ്ഥിതിക സമീപനം. പകരം വിപണി അധിഷ്ടിത പരിഹാരങ്ങളാണ് പ്രായോഗികമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് 'പൊതുനന്മ' തുടങ്ങിയ കാലഹരണപ്പെട്ട ആശയങ്ങള്‍ക്ക് പകരം ലാഭേച്ഛ അടിസ്ഥാനമാക്കിയ കോര്‍പറേറ്റുകള്‍ക്കാണ് ഇവിടെ പ്രധാനപങ്കാളിത്തം.. എന്നാല്‍ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ ദിവസങ്ങള്‍ക്കുള്ളില്‍ ശതകോടികള്‍ ചിലവിടാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുന്നതായി നമുക്ക് കാണാം.

ഇങ്ങനെ നോക്കുമ്പോള്‍ പഴയ നിലയിലേക്ക് തിരിച്ചുപോവാനായി വൈറസിനോട് പൊരുതുക എന്നതല്ല നിലവിലെ ദൗത്യം - കാരണം പഴയ സ്ഥിതി എന്നതു തന്നെ ഒരു ദുരന്തമാണ്, വൈറസിനോടു പൊരുതുകയും അതുവഴി പഴയ സ്ഥിതി എന്നതിനെ കൂടുതല്‍ മാനവികവുമായ, സുരക്ഷിതമായ മറ്റൊന്നാക്കി മാറ്റുകയാണ് ചെയ്യേണ്ടത്.

ഇത്തരം സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തസംഗതികളെ സമര്‍ത്ഥിക്കാനായി സോള്‍നിറ്റ് തന്റെ 2009ലെ 'നരകത്തിനുള്ളില്‍ നിര്‍മ്മിച്ച സ്വര്‍ഗം' എന്ന പുസ്തകത്തില്‍ നിരവധി സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. 2005ലെ മെക്‌സിക്കോ സിറ്റിയിലെ ഭൂകമ്പം, 2001 ലെ ഭീകരാക്രമണങ്ങള്‍, കട്രീന ചുഴലിക്കാറ്റ് എന്നിവയടക്കമുള്ള ദുരന്തങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് അവര്‍ തന്റെ വാദങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. എല്ലാ ദുരന്തസാഹചര്യങ്ങളിലും ജനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അതീജീവനഗുണങ്ങളെ, അതിനെ നെഞ്ചുറപ്പോടെ നേരിടുന്ന സംഭവങ്ങളെ അത്രയും അവര്‍ ഉദാഹരിക്കുന്നു. ദുരന്താഘോഷപ്രഖ്യാപനമല്ല ഈ പുസ്തകം. മറിച്ച് ദുരന്തങ്ങളെപ്പോഴും പുതിയ സാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളൂന്നു എന്ന ബോധ്യപ്പെടുത്തലാണ്. സോള്‍നിറ്റിന്റെ അഭിപ്രായത്തില്‍ ഔദ്യോഗിക ദുരന്ത പ്രതികരണങ്ങള്‍ ജനങ്ങളെക്കൂടി പ്രശ്‌നത്തിന്റെ ഭാഗമായി കാണുക വഴി കാര്യങ്ങളെ സങ്കീര്ണമാക്കുകയാണ് . മറിച്ച് ജനങ്ങളെ പരിഹാരത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ ഭരണകൂടത്തിന്റെ പിഴവുകള്‍ കഴിവുകേടിന്റെ ഭാഗമായിരിക്കും. എന്നാല്‍ മറ്റുചിലപ്പോള്‍ അത് ചില ആസൂത്രിതലക്ഷ്യങ്ങളുടെ ഭാഗമായിരിക്കും.

Shock Doctrine (2007) എന്ന തന്റെ വിഖ്യാതപുസ്തകത്തില്‍ പ്രതിസന്ധി രാഷ്ട്രീയത്തിന്റെ ഇരുണ്ട വശങ്ങളെ നവോമി ക്‌ളീന്‍ വിശദമാക്കുന്നുണ്ട്. അവരുടെ കാഴ്ചപ്പാടില്‍ രണ്ടു തരം ദുരന്തങ്ങളുണ്ട്-ഒന്ന് ഭൂകമ്പം, ചുഴലിക്കാറ്റ്, സൈനിക അട്ടിമറി, സാമ്പത്തിക തകര്‍ച്ച എന്നിവയൊക്കെ, അധികാരത്തിലുള്ളവര്‍ ക്രമേണ ചെന്നെത്തുന്ന വഷളത്തരങ്ങളാണ് രണ്ടാമത്തേത്. അതായതു നമ്മള്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ സ്വന്തം ലാഭം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന കടുത്ത സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വഴിയുണ്ടാകുന്ന തകര്‍ച്ച. (യഥാര്‍ത്ഥത്തില്‍ ഇതിനുവേണ്ടി ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്നതായ ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ കൂടി ചിലര്‍ ശ്രമിക്കാറുണ്ടെന്നു നവോമി ക്‌ളീന്‍ വാദിക്കുന്നു.)

സോള്‍നീറ്റിന്റെ പുസ്തകത്തിലെപ്പോലെ സാധാരണ മനുഷ്യരുടെ അതിജീവന ശേഷിയെപ്പറ്റി നവോമി ക്‌ളീന്‍ കാര്യമായൊന്നും പറയുന്നില്ല. ( സോള്‍നിറ്റ് നവോമി ക്‌ളീനിനെ അതിന്റെ പേരില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്) എന്നാല്‍ രണ്ടു പുസ്തകങ്ങളും ഒരു പദപ്രശനം പോലെ പരസ്പര പൂരകമായി മാറുന്നുണ്ട്. രണ്ടുപേരും പ്രതിസന്ധികളുടെ പരിണിതികളില്‍ ജനങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളിലാണ് ഊന്നുന്നത്.

2008ല്‍ ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന റാം ഇമ്മാനുവേല്‍ (Rahm Emmanuel) നടത്തിയ പ്രസിദ്ധമായൊരു പ്രസ്താവനയുണ്ട് 'ഒരു ഗുരുതരമായ പ്രതിസന്ധി പാഴായിപ്പോവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല.' ഒബാമയില്‍ നിരാശരായിപ്പോയ ഇന്നത്തെ ഇടതുപക്ഷം അതിനോട് യോജിക്കുന്നു. സമീപകാല പ്രതിസന്ധികള്‍ പരാജയങ്ങളെ പരിഹരിക്കാനുള്ള അവസരമായി അവര്‍ കാണുന്നു. മഹാമാരിയെ നേരിടുമ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇത്രയും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എത്രയെല്ലാം മാറ്റങ്ങള്‍ സാധ്യമല്ല?

ഈ വാദം ഉന്നയിക്കുന്നവര്‍ 2008 ലെ പ്രതിസന്ധിയും ഇപ്പോഴത്തേതും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സാങ്കേതിക പദങ്ങള്‍ മൂലം (Credit default Swap, Collateral debt Obligation etc ) സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതിരുന്ന സാമ്പത്തിക പ്രതിസന്ധിയെ അപേക്ഷിച്ചു കൊറോണ വൈറസിനെ മനസ്സിലാക്കല്‍ വളരെ എളുപ്പമുള്ളതാണ്. അനേകം പ്രതിസന്ധികള്‍ ഒന്നിച്ചു ചേര്‍ന്ന് ക്ഷണ നേരത്തില്‍ പ്രത്യക്ഷമായ അതിനെ കാണാതിരിക്കാന്‍ ആര്‍ക്കും ആവില്ല. രാഷ്ട്രീയ നേതാക്കള്‍ രോഗബാധിതാരാവുന്നു, സമ്പന്നരും പ്രശസ്തരും രോഗികളാവുന്നു നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും രോഗബാധിതാരാവുന്നു നാമെല്ലാവരും ഒരേപോലാകില്ല, 'ബാധിതരില്‍' എപ്പോഴുമെന്നപോലെ ദരിദ്രര്‍ കൂടുതലായി സഹിക്കേണ്ടി വരും, എങ്കിലും 2008 നെ അപേക്ഷിച്ചു എല്ലാവരും ബാധിതരാകും.

ശുഭാപ്തിയെ ആധാരമാക്കിയ ഈ വീക്ഷണത്തില്‍ നമ്മള്‍ കോറോണാനന്തരം ലോകത്തെ വ്യത്യസ്തമായി നോക്കികണ്ടേക്കാമെന്ന പ്രതീക്ഷയുണ്ട്. ഒരുപക്ഷെ നമ്മുടെ പ്രശ്‌നങ്ങള്‍ ഒന്നാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം. സ്വത്തിനും പദവിക്കും വേണ്ടി പരസ്പരം പോരടിക്കുന്ന വ്യക്തികളുടെ കൂട്ടമെന്ന നിലവിട്ടു ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയേക്കാം.ചുരുക്കത്തില്‍ മനുഷ്യാസ്തിത്വത്തിന്റെ എല്ലാ മേഖലകളിലും വിപണിയുടെ യുക്തി ആധിപത്യം ചെലുത്തേണ്ടതില്ലയെന്നു നമുക്ക് തിരിച്ചറിവ് ഉണ്ടായേക്കാം.

ക്‌ളീന്‍ പറയുന്ന 'വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയില്‍ കൂടുതല്‍ ആളുകളുണ്ട്. ജനങ്ങളുടെ അനുഭവങ്ങളില്‍ നിന്നുവേണം അത് തുടങ്ങുവാന്‍. ഒരു നിശ്ചിത പ്രായപരിധിയിലുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം മുതലാളിത്തത്തെ സംബന്ധിച്ച അവരുടെ അനുഭവങ്ങള്‍ പ്രതിസന്ധിയുടേത് മാത്രമാണ്. അവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്.

ഈ വാദങ്ങളുടെ പശ്ചാത്തലത്തിലും വേദനാജനകമായ ശബ്ദം കാലാവസ്ഥ മാറ്റത്തിന്റെതാണ്.2008 ലെ പ്രതിസന്ധി ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ക്‌ളീനും സമാനമനസ്‌ക്കരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ വ്യതിയാനമാണ് വരാന്‍ പോവുന്ന അഥവാ ഇപ്പോള്‍ തന്നെ വരവറിയിച്ച ഏറ്റവും വലിയ ദുരന്തമെന്നു അവര്‍ തിരിച്ചറിയുന്നു. അതിനോട് പൊരുതാനാണവര്‍ ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥത്തില്‍ The Shock Doctrine ന്റെ പ്രസാധനത്തിന് ശേഷം കാലാവസ്ഥ വ്യതിയാനമാണ് അവര്‍ മുഖ്യവിഷയമായി സ്വീകരിച്ചിരിക്കുന്നത്. ഇന്ധന മുതലാളിമാരുടെയും അവരുടെ ഭരണകൂട പിണിയാളുകളുടെയും കൈകളില്‍ നിന്നും അടിയന്തരമായി മോചിപ്പിക്കേണ്ട ഒരു വിഷയമായിട്ടാണ് അവര്‍ അതിനെ അവതരിപ്പിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് കോവിഡ് 19. എങ്കിലും ദീര്‍ഘകാലയളവില്‍ കാലാവസ്ഥ വ്യതിയാനത്തിന് മുന്നില്‍ അത് നിസ്സാരമാണ്. അപ്പോഴും അവ തമ്മില്‍ സാമ്യങ്ങളുണ്ട്. രണ്ടും അസാധാരണ നിലവാരത്തിലുള്ള ആഗോള സഹകരണമാവശ്യപ്പെടുന്നവയാണ്. നാളത്തെ ദുരിതങ്ങള്‍ കുറയ്ക്കാനായി ഇന്നത്തെ സ്വഭാവത്തില്‍ മാറ്റം ആവശ്യപ്പെടുന്നവയാണിത് .

തികഞ്ഞ ധാരണയോടെ ശാസ്ത്ര ലോകം പ്രവചിച്ചവയാണി രണ്ടു പ്രശ്‌നങ്ങളും. അടുത്ത പാദത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്കിനെകുറിച്ച് മാത്രം ആകുലപ്പെടുന്ന സര്‍ക്കാരുകള്‍ ഈ പ്രവചനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്. രണ്ടിലും സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ , വിപണിയുടെ യുക്തിക്കു വിലക്ക് കല്പിക്കുന്നതിനോടൊപ്പം പൊതു നിക്ഷേപത്തെ സ്വീകരിക്കുകയും ചെയ്യുന്ന പോലുള്ളവ സ്വീകരിക്കേണ്ടതാണ്. ചുരുക്കത്തില്‍ ഇപ്പോഴത്തെ ഭരണകൂട ഇടപെടലുകളെ താത്ക്കാലികാവശ്യങ്ങളായി കാണുന്നത് കാലാവസ്ഥ ദുരന്തത്തിന്റെ പടുകുഴിയിലേക്കുള്ള നമ്മുടെ പ്രയാണം തുടരുമെന്നതിന്റെ സൂചനയാണ്.

രണ്ടു പ്രതിസന്ധികളും തമ്മിലുള്ള സാമ്യതകള്‍ ഇവിടെ അവസാനിക്കുന്നു.കോവിഡ് 19 ന്റെ ആഘാതം പോലെ പെട്ടന്നുള്ളതല്ല ക്രമേണയാണ് കാലാവസ്ഥ മാറ്റത്തിന്റെ ആഘാതം എന്നതില്‍ ആശ്വാസം കൊള്ളാന്‍ കഴിയില്ല. തങ്ങളുടെ പ്രിയപ്പെട്ടവര്‍ കാലാവസ്ഥ മാറ്റങ്ങള്‍ കൊണ്ട് അടുത്ത മാസം മരിച്ചു പോകുമെന്ന് ആളുകള്‍ കരുതുന്നില്ല. അതിനാല്‍ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്താനും നിലനിര്‍ത്താനും പ്രയാസമാണ്. അടിയന്തര പ്രാധാന്യം നമ്മള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഏതൊക്കെ രാജ്യങ്ങളാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ നടപടികള്‍ എടുത്തത് എന്നത് ഓരോ ദിവസവും പ്രധാനവാര്‍ത്ത ആയേനെ. നടപ്പാക്കാവുന്ന നയങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തങ്ങളുടെ നേതാക്കളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുമായിരുന്നു.

എങ്കിലും, കോവിഡ് 19 ന്റെ അനുഭവങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തെ കൂടുതല്‍ അടുത്തുനിന്ന് മനസ്സിലാക്കാന്‍ നമ്മളെ സഹായിച്ചേക്കാം. വൈറസ് ബാധ മൂലം വ്യാവസായിക പ്രവര്‍ത്തങ്ങളും ഗതാഗത സംവിധാനങ്ങളും നിലച്ചതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുത്തനെ കുറഞ്ഞിട്ടുണ്ട്. മാര്‍ച് ആദ്യം ചൈനീസ് പട്ടണങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതിലെ വ്യത്യാസം സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ മാര്‍ഷല്‍ ബുര്‍കെ പഠനവിധേയമാക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ പ്രകാരം മലിനീകരത്തിന്റെ തോതിലെ കുറവ് അഞ്ചു വയസിനു താഴെയുള്ള 1400 കുഞ്ഞുങ്ങളുടെയും എഴുപതു വയസിനു മുകളിലുള്ള 51,700 മുതിര്‍ന്നവരുടേയും ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്നുമുണ്ട്. സുഗന്ധവാഹിനിയായ ഇളം കാറ്റിനെ പറ്റിയും, തിരിച്ചെത്തുന്ന പക്ഷികളെ പറ്റിയുമൊക്കെയുള്ള കഥകള്‍. ദുരന്തത്തിനിടയിലും നാമാഗ്രഹിക്കുന്ന ഒരു സ്വപ്ന ലോകത്തിന്റെ മിന്നലാട്ടങ്ങളെ ജനങ്ങള്‍ പിടിച്ചെടുക്കുന്നു.

നല്ലതല്ലാത്ത വാര്‍ത്തകളും പക്ഷെ കടന്നു വരുന്നുണ്ട്. ക്‌ളീന്‍ Shock Doctrine ല്‍ വിവരിച്ച ക്രമത്തിലാണ് അവയുടെ വരവ്. ഒന്നാമത്തെ ദുരന്തം: കോവിഡ് 19. ദുരന്തം രണ്ട്: നിലനില്‍ക്കുന്ന പരിമിതമായ പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഇല്ലാതാകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 26 ന് അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി ഒരുത്തരവ് പുറപ്പെടുവിച്ചു, മഹാമാരിയുടെ പ്രത്യാഘാതത്തില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാനെന്ന പേരില്‍ പാരിസ്ഥിതിക നിയമലംഘനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് അത്തരം ലംഘനങ്ങളെ മഹാമാരി പ്രതിരോധവുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവയ്ക്കു ശിക്ഷയുണ്ടാവില്ല. വ്യവസായ ലോബിയുടെ സമ്മര്‍ദ്ദമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍. ചൈനയിലെ പരിസ്ഥിതി മന്ത്രാലയം വ്യാവസായിക സ്ഥാപങ്ങളുടെ പരിസ്ഥിതികാഘാതം വിലയിരുത്താനുള്ള പരിശോധനകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ അപേക്ഷിച്ചു തുണികളിലും പുനരുപയോഗിക്കാവുന്ന സഞ്ചികളിലും വൈറസ് കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന തെളിയിക്കപ്പെടാത്ത വാദത്തെ ഉപയോഗിച്ച് കൊണ്ട് പ്ലാസ്റ്റിക് വ്യവസായികളുടെ ഒരു ലോബി പ്ലാസ്റ്റിക് നിരോധനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 2008 ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അന്ന് മലിനീകരണം വന്‍ തോതില്‍ കുറഞ്ഞിരുന്നതായി കാണാന്‍ കഴിയും. പക്ഷെ 2010 - 11 കാലഘട്ടത്തില്‍ വന്‍തോതില്‍ തിരിച്ചുവരികയും ചെയ്തു.

കൊറോണ വൈറസ് നല്‍കുന്ന ഒരു പാഠം സമാനവികാരങ്ങളുടേതാണ്.അതായിരിക്കും മഹാമാരിയുടെ വേഗത കുറയ്ക്കുനുള്ള നല്ല മാര്‍ഗമെന്നാണ് മാര്‍ഗരറ്റ് ക്‌ളീസ സലമോണ്‍ അഭിപ്രായപ്പെടുന്നത്. 'ജനങ്ങള്‍ പരസ്പരം നല്‍കുന്ന വൈദ്യോപദേശങ്ങളുടെ കാര്യമല്ലിത്, ഞാന്‍ പറയുന്നത്, ആളുകള്‍ പരസ്പരം വിളിച്ചു 'സുഖമാണോ? പേടിയുണ്ടോ? എനിക്ക് പേടിയുണ്ട്. നിങ്ങള്ക്ക് സുഖമാകട്ടെയെന്നു ഞാന്‍ ആഗ്രഹിക്കുന്നു.' ഇത്തരം വൈകാരിക പങ്കിടലുകള്‍ പ്രധിരോധമൊരുക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

അത് തന്നെയാണ് കാലാവസ്ഥയെ സംബന്ധിച്ചും ലോകം ആഗ്രഹിക്കുന്നത്. ഒന്നിച്ചു ഭയപ്പെടാനും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. എന്തിനെയാണ് നമ്മള്‍ ഭയക്കുന്നത് എന്നതില്‍ യോജിപ്പിലെത്താനും. അപ്പോള്‍ മാത്രമാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കാന്‍ നിര്ബന്ധിതരാവുക എന്നും അവര്‍ പറയുന്നു. മാവുര എന്നുമവര്‍ പറയുന്നു. മഹാമാരിയെ സംബന്ധിച്ചിടത്തോളം നമ്മള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്ന നിലയിലെത്തിയത് നല്ലതു തന്നെ. നമ്മള്‍ കാലാവസ്ഥയുടെ കാര്യത്തിലും അത് ചെയ്യുന്നില്ലെങ്കില്‍ ഭാവി ദുരൂഹമായിരിക്കും.

'ശുഭാപ്തിവിശ്വാസദര്‍ശനം' പ്രാവര്‍ത്തികമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്? 'ഒരു ഗുരുതര പ്രതിസന്ധിയും പാഴാകാന്‍ അനുവദിക്കരുത്' നവ ഉദാരീകരണം എങ്ങനെയാണു സാമ്പത്തിക എരിഞ്ഞമരലിനെ അതിജീവിച്ചത്?എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ പ്രസിദ്ധ ചരിത്രകാരന്‍ ഫിലിപ്പ് മിറോവ്‌സ്‌കി അലംഭാവത്തിനെതിരെ താകീത് നല്‍കുന്നു. 'സമ്പല്‍വ്യവസ്ഥയെ സമീപിക്കുന്ന ഒരു സവിശേഷ വീക്ഷണത്തിന്റെ പാപ്പരത്തം പ്രതിസന്ധി എല്ലാവരുടെയും മുന്‍പാകെ വെളിപ്പെടുത്തുകയും അത് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാവുകയും ചെയ്തു എന്നാണ് ഇടതുപക്ഷം കരുതിയത്.' അദ്ദേഹം പറയുന്നു,'എന്നാല്‍ അത് എല്ലാവര്ക്കും വ്യക്തമായിരുന്നില്ല ഇടതുപക്ഷം പരാജയപ്പെടുകയും ചെയ്തു.' കോവിഡ് 19 നു മുന്‍പത്തെ അതേ ലോകവ്യവസ്ഥയിലേക്കു ലോകം തിരികെ പോകുന്നത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? വൈറസ് അപ്രത്യക്ഷമാവുന്നതോടെ പഴയ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയല്ലേ ചെയ്യുക? ഇതൊക്കെയാണ് ചോദ്യങ്ങള്‍.

മൈക്ക് ഡേവിസ് പറയുന്നു, 'മഹാമാരിയുടെ രാഷ്ട്രീയമായ മാറ്റങ്ങള്‍ മറ്റെല്ലാ രാഷ്ട്രീയമാറ്റങ്ങളെയുംപോലെ സമരങ്ങളിലൂടെ, വ്യഖ്യാനങ്ങളെ ചൊല്ലിയുള്ള പോരാട്ടങ്ങളിലൂടെ പ്രശ്‌നകാരണങ്ങളും അവയുടെ പരിഹാരങ്ങളും ചൂണ്ടികാണിക്കുന്നതിലൂടെയാണ് നിശ്ചയിക്കപ്പെടുന്നത്. നമുക്കാവുന്ന വിധത്തിലെല്ലാം ഇത്തരം വിശകലനങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ കഴിയണം. നിലവിലെ പ്രധാന തടസം സാമൂഹിക അകലം എന്ന നിബന്ധനയാണ്. അത് പഴയ മുറകളായ രാഷ്ട്രീയ പ്രചാരണത്തെയും തെരുവ് സമരങ്ങളെയും തടയുന്നുണ്ട്. വീട്ടില്‍ ഇരുന്നു സാമൂഹ്യ മാധ്യമങ്ങള്‍ വഴി അലസമായി, സമയം അല്പാല്പമായി, നാം നഷ്ടപെടുത്തുന്നുവെന്നതാണ് ഏറ്റവും വലിയ അപകടം.

'സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കുന്ന വളരെ പരിമിതമായ രാഷ്ട്രീയ ഇടത്തിലാണ് നമ്മുടെ അഭ്യാസമത്രയും.'- ക്‌ളീന്‍ പറയുന്നു.

പ്രതിഷേധിക്കുന്നവര്‍ അധികം വൈകാതെ തെരുവുകളിലേക്കു എത്തുമെന്ന് ഡേവിഡ് പ്രതീക്ഷിക്കുന്നു. 10 -15 അടി അകലം പാലിച്ചുകൊണ്ട് തെരുവുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മാധ്യമ ശ്രദ്ധ നേടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഡാന്‌സിയാഹോയില്‍ താമസിക്കുന്ന അദ്ദേഹം   സായാഹ്ന പ്രതിഷേധങ്ങളുടെ ഭാഗമായി പ്‌ളക്കാര്‍ഡുമായി തെരുവിലിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്‌ളക്കാര്‍ഡില്‍ എന്തെഴുതണം എന്നദ്ദേഹം തീരുമാനിച്ചിട്ടില്ല. എങ്കിലും 'നേഴ്‌സ്മാരെ പിന്തുണയ്ക്കുക', 'ശമ്പളത്തോടു കൂടിയ രോഗാവധി അനുവദിക്കുക' തുടങ്ങിയ മുദ്രവാക്യങ്ങളാണ് അദ്ദേഹം പരിഗണിക്കേണ്ടി വരുക.

ലോകമെന്പാടും ജനങ്ങള്‍ പരസ്പരം ബന്ധപ്പെടാനും സഹായിക്കാനും നടത്തുന്ന പുത്തന്‍ശ്രമങ്ങളെ താന്‍ ഹൃദയാലിംഗനം ചെയ്യുന്നതായി സോള്‍നിറ്റ് പറയുന്നു.ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന അയല്‍ക്കൂട്ട ശൃംഖലകള്‍ മുതല്‍ കുഞ്ഞുങ്ങള്‍ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധ ദമ്പതികളുടെ വീട്ടുമുറ്റത്തു അവതരിപ്പിച്ച ഗാനമേള പോലുള്ള പ്രതീകാല്മക ഇടപെടലുകള്‍ വരെ ഹൃദ്യമായ അനുഭവമാണെന്ന് അവര്‍ പറയുന്നു. രോഗവ്യാപനത്തിന് ശേഷം യൂറോപ്പിലെയും അമേരിക്കയിലെയും ആമസോണ്‍ വെയര്‍ ഹൗസുകളെ ഇളക്കിമറിക്കുന്ന തൊഴിലാളി സമരങ്ങളെയും ഇറ്റാലിയന്‍ സമ്പദ്ഘടനയിലെ തൊഴിലാളികള്‍ സുരക്ഷാ ഉപകരണങ്ങള്‍ പരസ്പരം ലഭ്യമാക്കാനായി നടത്തുന്ന ശ്രമങ്ങളെയും താന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായി ഇറ്റാലിയന്‍ രാഷ്ട്രീയ നിരീക്ഷകന്‍ അലസാന്ദ്രോ ഡെല്‍ഫാന്റിയും പറയുന്നു.

ഇത്തരം ഐക്യപകടനങ്ങളെ വിപുലമായ രാഷ്ട്രീയ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശുഭാപ്തി വിശ്വാസികളുടെ ശേഷിയാണ് അനന്തര സംഭവങ്ങളെ നിര്‍ണയിക്കുക. മറ്റുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ശ്രമമെങ്കിലും ഇല്ലാതെ കോവിഡ് 19 നെ ഒറ്റയ്ക്കു സമീപിക്കുന്നതിലെ അര്‍ത്ഥശൂന്യത വ്യക്തമാക്കാന്‍ ഏവര്‍ക്കും കഴിയണം. അതുവഴിയാണ് നമ്മുടെ പൊതുസമ്പത്തുകള്‍ ജനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരുലോകം സൃഷ്ടിക്കാന്‍ കഴിയുക. 'ഈ വികാരത്തിനു നമുക്കൊരു ഭാഷ പോലുമില്ല. ഇവിടെ സന്തോഷം ഭയത്തിന്റെ നിഴലിലാണ് വരുന്നത്. സങ്കടത്തില്‍ സന്തോഷം, ഭയത്തില്‍ ധൈര്യം. സോള്‍നിറ്റ് എഴുതുന്നു, 'നമുക്ക് ദുരന്തങ്ങളെ സ്വാഗതം ചെയ്യാനാവില്ല. പക്ഷെ അതുളവാക്കുന്ന പ്രായോഗികവും മാനസികവുമായ പ്രതികരണങ്ങളെ ഗൗരവതരമായി സമീപിക്കാം.

ഭയപ്പെടുത്തും വിധം അസാധാരണമാണ് ലോകമിപ്പോള്‍. നമ്മളില്‍ ആരുവേണമെങ്കിലും നാളെ രോഗബാധിതരാകാം, അല്ലെങ്കില്‍ നാം അറിയാതെ തന്നെ രോഗവാഹകരായിരിക്കാം. അത്രയും വേഗത്തിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുമാത്രമല്ല അത് അപരിചിതമായി അനുഭവപ്പെടുന്നതും.മാറില്ലായെന്ന നമ്മള്‍ ധരിക്കുന്ന വലിയ കാര്യങ്ങള്‍ പോലും മാറിയേക്കുമെന്ന വസ്തുത ഓരോ നിമിഷത്തിലും വെളിപ്പെടുന്നതാണ്. എല്ലാറ്റിനെയും തകിടം മറിക്കുന്ന, വിമോചനത്തിന്റെ ഈ ലളിത വസ്തുത മറക്കാനും എളുപ്പമാണ്. അപ്പോള്‍ നമ്മള്‍ ഒരു സിനിമ കാണുകയല്ല മറിച്ച് നമ്മള്‍ ഒരു പുതിയ തിരക്കഥ എഴുതുകയാണ്, എന്നോര്‍ക്കണം

Related Stories

No stories found.
logo
The Cue
www.thecue.in