ലോകത്തെ ആവേശിച്ചിരിക്കുന്ന ഭൂതം

ലോകത്തെ ആവേശിച്ചിരിക്കുന്ന ഭൂതം

Summary

” A spectre is haunting Europe–the spectre of communism,” Communist Manifesto ഭൂതം 1. ഭവിച്ചു കഴിഞ്ഞത്‌  2. ത്രികാലത്തിലൊന്ന്                                            3. യുക്തമായിട്ടുള്ളത്‌ 4. മരിച്ച ജീവിയുടെ ആത്മാവ്‌ 5. പിശാച്‌ 6. ദേവത 7. ബാധ 8. ജനം 9. വസ്തു 10. സത്യം 11. ജന്തു 12. ലോകം. ശബ്ദതാരാവലിയിൽ നിന്ന്

ഈ കൊറോണാ കാലത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഒരു അലിഖിത നിയമമായി മാറിയിട്ടുണ്ട്. 'ശാരീരികമായ അകലം, സാമൂഹികമായ ഒരുമ' എന്ന പ്രചാരണ വാചകത്തില്‍ social distancing എന്നത് physical distancing ആണെന്നും, സാമൂഹികമായ ഒരുമയെ അത് ബാധിക്കരുതെന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. അങ്ങനെയൊരു സാമൂഹിക ഒരുമ,ശരീരങ്ങളുടെ അടുപ്പം നിഷേധിക്കുന്ന, തികച്ചും വെര്‍ച്വല്‍ ആയ ഒന്നാണെന്ന് വായിച്ചെടുക്കാം.

കൊറോണാ വൈറസിന്റെ വ്യാപനം, തികച്ചും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയം, ഒരു പ്രത്യയശാസ്ത്ര പരിസരം നിര്‍മ്മിക്കുന്നുണ്ടോ? മിഷേല്‍ ഫുക്കോവിനെ പോലൊരു ചിന്തകന്‍ epistemic break എന്ന് വിശേഷിപ്പിച്ചത് പോലെയൊരു വ്യവഹാര വിഛേദം(discursive break) കൊവിഡ് 19 സാധ്യമാക്കുന്നുണ്ടോ? എനിക്ക് തോന്നുന്നത് പുതിയൊരു(പഴയ)ശരീരം ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നാണ്. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കേണ്ട, 'അന്യരെ' സ്പര്‍ശിക്കരുതാത്ത ഒരു ശരീരം ഇപ്പോള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ആ ശരീരം എപ്പോഴും ശുദ്ധീകരിക്കേണ്ട(always to be sanitised)ഒന്നാണ്. തികച്ചും ബ്രാഹ്മനിക് ആയ ഒരു ശരീരം, അപരനാല്‍ തീണ്ടപ്പെടാത്ത, ശുദ്ധിയോടെ സ്ഥാപിക്കപ്പെടുന്നു. അന്യരെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന അയിത്തം/തൊട്ടുകൂടായ്മ എന്ന സങ്കല്‍പ്പനം ആരോഗ്യപരിപാലനത്തിന്റെ മുന്നുപാധിയായി മാറുന്നു.

ഈ പ്രത്യയശാസ്ത്ര കാലാവസ്ഥയില്‍ 'ചേരികളും' അവിടെ തിങ്ങിപ്പാര്‍ക്കുന്ന 'ജനങ്ങളും(ഇവരും 'പൗരന്‍'മാരാണ്) വൈറസിന്റെ ത്രസിക്കുന്ന സ്രോതസുകള്‍ എന്ന രീതിയില്‍ രൂപകവല്‍ക്കരിക്കപ്പെടുന്നു. ധാരാവിയെ അപ്പാടെ 'ക്വാറന്റൈന്‍' ചെയ്യേണ്ട 'ആവശ്യകത'യെക്കുറിച്ച് ഞാന്‍ കുറയേധികം ട്വീറ്റുകള്‍ കണ്ടു. 'ചേരി' എന്നത് എപ്പോഴും എങ്ങനെയാണ് ഒരേ സമയം സമൂഹത്തിനകത്തും, പുറത്തുമായി നിലനില്‍ക്കുന്ന ഒരു trope ആയി മാറുന്നത് എന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'വൃത്തിയും വെടിപ്പും', ശുചിത്വം തുടങ്ങിയ പരികല്‍പ്പനകളുടെ ഭയപ്പെടുത്തുന്ന അപരമാണ് ചേരി. ഈ അധീശ പ്രത്യയശാസ്ത്രധാരണ കൊവിഡ് കാലത്ത് ഊട്ടിയുറപ്പിക്കപ്പെടുന്നു.

സമൂഹത്തിലെ അധീശാധികാരശക്തികളെ അട്ടിമറിക്കുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശരീരങ്ങളുടെ വിമോചക നൃത്തമായാണ് 'കാര്‍ണിവലിനെ' റഷ്യന്‍ ചിന്തകന്‍ മിഖായേല്‍ ബക്തിന്‍ കണ്ടത്. കൊറോണാ കാലം കാര്‍ണിവലിനെ പൂര്‍ണമായും നിരോധിക്കുന്നു. അനേകം ശരീരങ്ങള്‍ ഒരുമിച്ച് തെരുവിലിറങ്ങുന്ന സമരരീതികള്‍-പായിപ്പാട്ടെ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം പോലുള്ളവ-ഇപ്പോള്‍ നിഷിദ്ധമാണ്. അവയെ അടിച്ചമര്‍ത്തി ഇല്ലാതാക്കേണ്ടത് 'എല്ലാവരുടെയും സുരക്ഷ' ഉറപ്പാക്കുന്ന ജനാധിപത്യ ഭരണവ്യവസ്ഥയുടെ അനിവാര്യതയായി മാറുന്നു.

ഇപ്പോള്‍ ഏറ്റവും 'സുരക്ഷിതമായ ഇടം' അവനവന്റെ 'വീട്' ആണ്. സംതൃപ്തിയുടെയും ശുദ്ധിയുടെയും ആരോഗ്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അവസാന പറുദീസയായി വീട്/കുടുംബം (പുന:)സ്ഥാപിക്കപ്പെടുന്നു. ഭാര്യയുടെ ഗാര്‍ഹികാധ്വാനം പങ്കിടുന്ന 'ഭര്‍ത്താവെന്ന' പ്രതിരൂപം നിരവധി പ്രചാരണ ചിത്രങ്ങളിലൂടെ രൂപപ്പെടുകയും വീട്ടിനകത്തെ(തീര്‍ച്ചയായും അത് ഒരു സ്വകാര്യ/ആന്തരിക സ്ഥലമായാണ് വിവക്ഷിക്കപ്പെടുന്നത്) ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ച് നമ്മെ ബോധവാന്‍മാരാക്കുകയും ചെയ്യുന്നു.

പുരോഗമന-സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ കര്‍ക്കശമായ ഒരു തിരിച്ചിടല്‍ ഈ കൊറോണാ കാലം നടത്തിക്കൊണ്ടിരിക്കുകയാണ്. അത് എല്ലാത്തിനെയും-വിനോദോപാധികളെ, ചരക്ക് വിതരണത്തെ, ചികില്‍സാ മാര്‍ഗങ്ങളെ, വീട്ടിനുള്ളിലേക്ക് പരുവപ്പെടുത്തുന്നു(home theatre,home delivery,online medicine etc).

നമ്മുടെ 'പൊതുശത്രു'വായ വൈറസ് ആകട്ടെ വര്‍ഗ്ഗ-ലിംഗ-ജാതി-ദേശ വിവേചനങ്ങളെയെല്ലാം, എല്ലാ അതിര്‍ത്തികളെയും നിസാരമായി അട്ടിമറിച്ചുകൊണ്ട് മഹാവിപ്ലവം പോലെ പടരുന്നു. വൈറസിന്റെ യുക്തി തീര്‍്ച്ചയായും വിപ്ലവത്തിന്റെ യുക്തിയാണ്. it does, by definition, go viral. നമ്മുടെ പ്രതിരോധത്തിന്റെ യുക്തിയാകട്ടെ, തികച്ചും ബ്രാഹ്മണിക് ആയ ശുദ്ധിയുടെയും isolatonന്റെയും യുക്തിയാണ്.

ഈ കൊറോണാ കാലം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത് എന്തൊക്കെയാണ്? ഏത് രാഷ്ട്രീയത്തിലേക്കാവും നമ്മള്‍ പരുവപ്പെടുക. മൂല്യങ്ങളുടെ ഈ തിരിച്ചിടല്‍ വെറും താല്‍ക്കാലികമായ ഒരു 'വ്യവഹാര വൃത്തി' (വൃത്തിക്ക് പ്രവര്‍ത്തി, ജോലി എന്നും കൂടി അര്‍ത്ഥമുണ്ടല്ലോ) മാത്രമാണോ, തീര്‍ച്ചയില്ല.

ലോകത്തെ ആവേശിച്ചിരിക്കുന്ന ഭൂതം
കൊറോണക്ക് ശേഷമുള്ള ലോകം, യുവാല്‍ നോഹ ഹരാരിയുടെ ലേഖനം സ്വതന്ത്ര പരിഭാഷ

Related Stories

No stories found.
logo
The Cue
www.thecue.in