എരിതീയില്‍ ഓസ്ട്രേലിയ

എരിതീയില്‍ ഓസ്ട്രേലിയ

ഒന്നരക്കോടി ഏക്കറോളം ഭൂമി ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നേ മുക്കാല്‍ കേരളം!

അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വരണ്ട ഭൂഖണ്ഡമാണ് ഓസ്ട്രേലിയ. അന്റാര്‍ട്ടിക്കയില്‍ പക്ഷേ സ്ഥിരജനവാസമില്ലല്ലോ. ആയതിനാല്‍, ജനവാസമുള്ള ഭൂഖണ്ഡങ്ങളില്‍ ഏറ്റവും വരണ്ടുണങ്ങിയത് എന്ന സ്ഥാനം ഓസ്ട്രേലിയക്ക് തന്നെ. വന്‍കരയുടെ ഇരുപത് മുതല്‍ മുപ്പത്തഞ്ചു ശതമാനത്തോളം വെറും മരുഭൂമിയാണ്. എഴുപത് ശതമാനവും വര്‍ഷത്തില്‍ അഞ്ഞൂറ് മില്ലീമീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെ കാട്ടുതീ ഇവിടെ അപൂര്‍വ്വമോ അസാധാരണമോ അല്ല.

ഓസ്ട്രേലിയന്‍ പ്രൊഡക്ടിവിറ്റി കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം, ചെറുതും വലുതുമായി ശരാശരി അമ്പതിനാലായിരത്തോളം കാട്ടുതീകള്‍ രാജ്യത്ത് ഒരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ കാരണങ്ങള്‍ അറിവില്ലെങ്കിലും പ്രകൃത്യാ സംഭവിക്കുന്നത് പത്തു ശതമാനത്തില്‍ താഴെ മാത്രമാണ്. പകുതിയധികവും മനപൂര്‍വ്വമോ അല്ലാതെയോ മനുഷ്യന്‍ തന്നെ വരുത്തിവെക്കുന്നതാണ് എന്നതാണ് സങ്കടകരമായ സത്യം.

കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴുള്ള കാട്ടുതീ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് അനുമാനിക്കേണ്ടി വരുന്നു. പതിവില്ലാത്ത വിധം വേനല്‍ക്കാലത്തു തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില വളരെ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ജനവാസപ്രദേശങ്ങളിലെ കുറ്റിക്കാടുകള്‍ക്ക് വരെ തീ പിടിക്കുന്നു. വീശിയടിക്കുന്ന കാറ്റുമായി കൂട്ടുകൂടുന്ന തീ വിനാശകാരിയായി, പോകുന്ന വഴിയിലുള്ളതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വിഴുങ്ങുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സത്യമാണെന്ന് തിരിച്ചറിഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരുമടക്കമുള്ള പൊതുജനം അമിതമായ തോതിലുള്ള കല്‍ക്കരി ഖനനത്തിന്റെ പങ്ക് ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു. പതിവ് പോലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു. ഒന്നിനും ഒരു മാറ്റവുമില്ല.

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് പഠിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനെലിന്റെ (ipcc) റിപ്പോര്‍ട്ടുകള്‍ പറയുന്നത് 1990 കളില്‍ നിന്നും 2020 കളിലെത്തുമ്പോള്‍ അന്തരീക്ഷ താപനില 0.4 മുതല്‍ 1 ഡിഗ്രീ വരെ ഉയരുമ്പോള്‍, 2050 ആവുമ്പോഴേക്കും അത് 0.7 മുതല്‍ 2.9 ഡിഗ്രി വരെ കുതിച്ചു കയറിയേക്കാം എന്നാണ്. അങ്ങനെ സംഭവിച്ചാല്‍ കാട്ടുതീകളുടെ തോത് മൂന്നിരട്ടി വരെ കൂടാമെന്നും അതേ പഠനറിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, ക്രമാതീതമായി ഉയരുന്ന ചൂട് മറ്റ് പല പ്രകൃതി ദുരന്തങ്ങളും വരുത്തിവെക്കുകയും ചെയ്യും. ഓസ്ട്രേലിയക്ക് മുകളില്‍ ഓസോണ്‍ പാളികള്‍ ബലഹീനമാണ് എന്നതും ഓര്‍ക്കുക. ചുരുക്കത്തില്‍, മനുഷ്യന്റെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥ തന്നെ ഭീഷണിയിലാവും എന്ന് സാരം.

ആഗോളതാപനത്തെ ചെറുക്കാന്‍ നിലവിലെ കല്‍ക്കരി ഖനനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലോകത്തിലെ പരിസ്ഥിതി വിദഗ്ധര്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും ഓസ്ട്രേലിയന്‍ രാഷ്ട്രീയ നേതൃത്വം ഭരണ പ്രതിപക്ഷ ഭേദമന്യേ അത് ചെവിക്കൊള്ളാതെ നില്പ് തുടരുകയാണ്. ഖനി വ്യവസായികളാണ് പ്രധാനപാര്‍ട്ടികളുടെ ഫണ്ട് സ്രോതസ്സ് എന്ന ആരോപണം നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ രാജ്യതാല്പര്യത്തേക്കാള്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

ഓസ്ട്രേലിയ ഇതുവരെ നേരിട്ടതില്‍ ഏറ്റവും മോശം കാട്ടുതീ 2009 ലേതാണ്. ചരിത്രത്തില്‍ 'ബ്ലാക്ക് സാറ്റര്‍ഡേ' എന്നാണ് ഇതിന്റെ പേര്. ആ വേനലില്‍ മെല്‍ബണ്‍ ഉള്‍പ്പെടുന്ന വിക്ടോറിയ സ്റ്റേറ്റില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 173 മനുഷ്യര്‍ക്കാണ്. ഈ വേനല്‍ക്കാലമാകട്ടേ സ്ഥിതി അതിലും നിയന്ത്രണാതീതമാണ്. ഇത്തവണ ഓസ്ട്രേലിയയില്‍ പരക്കെ തീ പിടിച്ചുവെന്ന് പറയേണ്ടി വരും. ടാസ്മാനിയ അടക്കം എല്ലാ സ്റ്റേറ്റിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. വേനല്‍ക്കാലത്തിന്റെ തുടക്കം മാത്രമായതിനാല്‍ ഇതിനിയും മാസങ്ങള്‍ തുടര്‍ന്നേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുന്നു.

എരിതീയില്‍ ഓസ്ട്രേലിയ
‘ഇത് നമ്മുടെ നാടല്ലേ’; കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ 

ഒന്നരക്കോടി ഏക്കറോളം ഭൂമി ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നേ മുക്കാല്‍ കേരളം!

500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങള്‍ തീയിലമര്‍ന്നു. അതില്‍ പലതും അപൂര്‍വ ഗണത്തില്‍ പെട്ടവയാണ്. ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുന്നവര്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിച്ചിരുന്നവര്‍.

ഇരുപതില്പരം മനുഷ്യര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. മുപ്പതോളം പേരെ കാണ്മാനില്ല.

1600 ഓളം വീടുകളും ആയിരത്തിലധികം മറ്റ് കെട്ടിടങ്ങളും കത്തി നശിക്കപ്പെട്ടു.

പത്തു ദശലക്ഷത്തോളം ആളുകളിപ്പോള്‍ ശ്വസിക്കുന്നത് വിഷപ്പുക പടര്‍ന്ന വായുവാണ്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ദുരന്തബാധിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ പടരുന്ന സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിച്ചു കൊണ്ടിരിക്കുന്നു. മൊത്തം നാശനഷ്ടത്തിന്റെ ഭീമമായ കണക്കുകള്‍ ഇനിയും തിട്ടപ്പെടുത്തേണ്ടതുണ്ട്.

എരിതീയില്‍ ഓസ്ട്രേലിയ
ജാമിഅ: ആ ദിവസത്തെച്ചൊല്ലി സര്‍ക്കാരിന് ഖേദിക്കേണ്ടിവന്നേക്കാം 

ഇപ്പൊഴേ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിലുള്ള ഓസ്ട്രേലിയക്ക് ഈ ദുരന്തം കൂടിയാവുമ്പോള്‍ വരാനുള്ള നാളുകള്‍ അത്ര ശുഭകരമാവില്ല. പ്രകൃതിയുടെ മുന്നറിയിപ്പ് അധികാരികള്‍ ഇനിയും അവഗണിക്കില്ലയെന്ന് പ്രത്യാശിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in