ജാമിഅ: ആ ദിവസത്തെച്ചൊല്ലി സര്‍ക്കാരിന് ഖേദിക്കേണ്ടിവന്നേക്കാം 
image Source: Mukul Kesavan/ The Telegraph

ജാമിഅ: ആ ദിവസത്തെച്ചൊല്ലി സര്‍ക്കാരിന് ഖേദിക്കേണ്ടിവന്നേക്കാം 

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കമിട്ടത് ജാമിയാ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു. ജാമിയാ വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരായ പൊലീസ് അതിക്രമവും ഭരണകൂട അടിച്ചമര്‍ത്തലും സര്‍വകലാശാലക്ക് എതിരെ തുടരുന്ന വിദ്വേഷണ പ്രചരണവും മുന്‍നിര്‍ത്തി ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ ചരിത്ര വിഭാഗം പ്രൊഫസറും പ്രമുഖ എഴുത്തുകാരനും, ചരിത്രകാരനുമായ മുകുള്‍ കേശവ് ദ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ. വിവര്‍ത്തനം: ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ എന്‍ പി ആഷ്‌ലി

ഞാന്‍ ചരിത്രം പഠിപ്പിക്കുന്ന ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലക്ക് അടുത്തവര്‍ഷം നൂറു വയസ്സ് തികയും. ഇന്ത്യയിലെ സാമ്രാജ്യത്വത്തെ ആദ്യമായി ബഹുജനാടിസ്ഥാനത്തില്‍ വെല്ലുവിളിച്ച നിസ്സഹകരണ-ഖിലാഫത്ത് പ്രചരണങ്ങളില്‍ നിന്നാണ് ഈ സര്‍വകലാശാല രൂപം കൊണ്ടത്. അതിന്റെ നീണ്ട ചരിത്രത്തിലുടനീളം ജാമിഅ പ്രത്യയശാസ്ത്രപരമായി ദേശീയവാദിമുസ്ലിംകളുടേതായിരുന്നു. ഗാന്ധിയുടെ ഹൃദയത്തോട് ഏറെ അടുത്ത് നിന്ന ഈ സ്ഥാപനം സാമ്പത്തികമായി കഷ്ടത്തിലായിരുന്ന ആദ്യ കാലത്തു ഈ സ്ഥാപനത്തിന് വേണ്ടി അദ്ദേഹം പണം പിരിച്ചിട്ടുണ്ട്. വിഭജനം കഴിഞ്ഞു ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നു ഗാന്ധി 1947 സെപ്റ്റംബറില്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ഗാന്ധിയുടെ അടിസ്ഥാന ദേശീയ വിദ്യാഭ്യാസപദ്ധതിയായ വാര്‍ദ്ധ സ്‌കീമിന് ചട്ടക്കൂട് രൂപകല്‍പന ചെയ്ത സാകിര്‍ ഹുസൈന്‍ ജാമിഅ സര്‍വകലാശാലയില്‍ ഏറ്റവും കൂടുതല്‍ കാലം വൈസ് ചാന്‍സലര്‍ ആയിരുന്ന ആളും ഒരു പക്ഷെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഏറ്റവും ബഹുമാന്യനായ രാഷ്ട്രപതിയും ആയിരുന്നു. അദ്ദേഹത്തിന്റെ ശവകുടീരം ജാമിഅ സര്‍വകലാശാലയുടെ മധ്യഭാഗത്താണ്- അദ്ദേഹത്തിന്റെ പേരിലുള്ള സര്‍വകലാശാലാലൈബ്രറിയുടെ അടുത്ത്.

ഡിസംബര്‍ 15 ഞായറാഴ്ച, ലൈബ്രറിയുടെ താഴത്തെനിലയിലെ വലിയ വായനാമുറിയില്‍ വിദ്യാര്‍ത്ഥികള്‍ വായിച്ചു കൊണ്ടിരിക്കെ, ഡല്‍ഹി പോലീസ്, ഡല്‍ഹിയിലെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള തങ്ങളുടെ അക്ഷീണപരിശ്രമങ്ങളുടെ ഭാഗമായി, ഈ സെന്‍ട്രല്‍ ലൈബ്രറിയിലേക്ക് ഇടിച്ചു കയറി.

പിറ്റേന്ന് രാവിലെ ഞാന്‍ ആ ലൈബ്രറിയുടെ നടന്നു. വരാന്തയിലേക്ക് തുറന്നിരുന്ന ഫ്രഞ്ച് ജനലുകള്‍ പോലീസുകാര്‍ തങ്ങളുടെ ഒരു ലൈബ്രറിയുടെ വായനാമുറിയുടെ മേല്‍ പ്ലാന്‍ ചെയ്ത കയ്യേറ്റത്തിന്റെ ഭാഗമായി തകര്‍ത്തു കളഞ്ഞിരുന്നു. പിന്നീടവരുടെ ശ്രമം, സി സി ടി വി ക്യാമറകള്‍ തകര്‍ക്കാനും ലൈറ്റുകള്‍ കെടുത്താനും ആയിരുന്നുവെന്നു അന്ന് അവിടെ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന ഹിംസക്കു മൂക സാക്ഷ്യം വഹിക്കുന്നത് പോലെ ഷോളുകളും ദുപ്പട്ടകളും ബാഗുകളും അവിടെ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്നു.

ചിത്രത്തിന് കടപ്പാട് ശ്രീകാന്ത് ശിവദാസന്‍ 
ചിത്രത്തിന് കടപ്പാട് ശ്രീകാന്ത് ശിവദാസന്‍ 
ഹിംസാത്മകരായ, മരവിച്ച മനസ്സുള്ള ഈ ആണുങ്ങളെ നേരിടാന്‍ അസാമാന്യ ധൈര്യം കാണിച്ച ആ ചെറുപ്പക്കാരി എന്റെ വിദ്യാര്‍ത്ഥിനിയാണ്- ശാന്തസ്വഭാവിയും പഠനത്തില്‍ ശ്രദ്ധയുള്ളവളുമായ ഒരാള്‍. അയിഷ റെന്നയെച്ചൊല്ലി ഗാന്ധി അഭിമാനിക്കുമായിരുന്നു. കല്ലെറിയുന്നതിലോ ലാത്തി വീശുന്നതിലോ ഒരു ധീരതയുമില്ല. എന്നാല്‍ ആ ചെറുപ്പക്കാരികള്‍ ചെയ്തത് സത്യാഗ്രഹത്തിന്റെ മുഖമുദ്രയാണ്

യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ഒരു നീക്കത്തില്‍, വിദ്യാര്‍ത്ഥികള്‍ ഇരുന്നു വായിക്കുന്ന അടഞ്ഞ ഒരു മുറിയിലേക്ക് കണ്ണീര്‍വാതകം എറിയാനായി അവര്‍ ജനലിന്റെ ഗ്രില്ല് അടര്ത്തി ചില്ലു പൊളിച്ചിരുന്നു. പിറ്റേന്ന് രാവിലെയും ആ പൊട്ടിയ മൂന്നുകഷ്ണം ചില്ലു അവിടെ ഉണ്ടായിരുന്നു. ഈ അതിക്രമങ്ങള്‍ക്കിടെ ചില കുട്ടികള്‍ ടെറസില്‍ കയറിപ്പറ്റി പോലീസുകാരുടെ ചെയ്തികള്‍ വിഡിയോയില്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസുകാര്‍ ലൈബ്രറി വളഞ്ഞു അകത്തിരുന്നു പഠിക്കുന്നതിലൂടെ തങ്ങളെ പ്രകോപിപ്പിച്ച വിദ്യാര്‍ത്ഥികളെ ആക്രമത്തിലൂടെ പുറത്താക്കുകയായിരുന്നു. മധ്യകാലത്തിലെ മഹാനായ ഭിഷഗ്വരന്‍ ഇബ്നു സീനയുടെ (പടിഞ്ഞാറന്‍ ലോകത്തിനു ഇദ്ദേഹം അവിസെന്നയാണ്) പേരില്‍ അറിയപ്പെടുന്ന പഴയ ലൈബ്രറി ബ്ലോക്കില്‍ രണ്ടു ഡസന്‍ പോലീസുകാര്‍ 'ഇന്‍ഡോര്‍ ലാത്തിചാര്‍ജ്' നടത്തിയതിന്റെ ഫലമായി സമസ്തിപൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു.

ചിത്രത്തിന് കടപ്പാട് കാരവന്‍ 
ചിത്രത്തിന് കടപ്പാട് കാരവന്‍ 

അതിനു ശേഷം, വിദ്യാര്‍ത്ഥികളെ ആവശ്യത്തിന് ഒതുക്കി ലൈബ്രറിയില്‍ നിന്ന് പോലീസ് ഒഴിപ്പിച്ചു. യുദ്ധത്തില്‍ ഉപരോധത്തിന് ശേഷം കീഴടങ്ങിയ ജനതയെ എന്നപോലെ അവരെ കൈകള്‍ വായുവില്‍ ഉയര്‍ത്തി പുറത്തു മെയിന്‍ റോഡിലേക്ക്‌ നടത്തിച്ചു. ഇതേതോ മധ്യകാലകോട്ടയായിരുന്നില്ല; ആധുനിക ഇന്ത്യയിലെ ഒരു സര്‍വകലാശാലയായിരുന്നു. അവര്‍ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നില്ല; ഒരു ജനാധിപത്യറിപ്പബ്ലിക്കിലെ അവകാശങ്ങളുള്ള പൗരന്മാരായിരുന്നു.

ഇതിനു മുമ്പെപ്പോഴാണ് പോലീസ് ഒരു യൂണിവേഴ്‌സിറ്റി മോചിപ്പിച്ചതെന്നു എനിക്കാലോചിക്കാന്‍ പറ്റുന്നില്ല (എന്തില്‍ നിന്ന് മോചിപ്പിച്ചു എന്നത് വ്യക്തവുമല്ല). പോലീസിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടെ ഇല്ലെന്നു വൈസ് ചാന്‍സലര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജാമിഅയിലേക്ക് മെയിന്‍ റോഡില്‍ നിന്ന് തിരിയുന്ന റോഡില്‍ കുഴപ്പമുണ്ടാക്കിയ ചില അക്രമികളെ പിന്തുടര്‍ന്നാണ് തങ്ങള്‍ ജാമിഅയില്‍ എത്തിയതെന്നാണ് പോലീസ് വക്താവിന്റെ അവകാശവാദം. എന്നാല്‍ ജാമിഅ സര്‍വ്വകലാശാലയിലേക്ക് മെയിന്‍ റോഡില്‍ നിന്ന് തിരിയുന്ന റോഡില്‍ യാതൊരു അക്രമസംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അക്രമസംഭവങ്ങള്‍ക്കു തെളിവായി കാണിക്കപ്പെട്ട കത്തിയ ബസ് കിടന്നിരുന്നത് കിലോമീറ്ററുകള്‍ക്കപ്പുറമാണ് താനും. തീ വെച്ചതിനോ അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ അന്നുവരെ ജാമിഅയിലെ ഒരു വിദ്യാര്‍ത്ഥി പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമായിപ്പറഞ്ഞത് പോലീസ് തന്നെയാണ്.

എന്നിട്ടും ഈ പോലീസ് സേന ഒരു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറി തകര്‍ത്തു (യൂണിവേഴ്‌സിറ്റി അധികൃതരുടെ കണക്കുപ്രകാരം) 2.5 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്. ഈ നശീകരണക്കാര്‍ ഒന്നും വിട്ടില്ല. പ്രധാനമന്ത്രിയുടെ വലിയ ഫോട്ടോ ഉള്ള പുസ്തകത്തിന്റെ കവര്‍ പേജ് വെച്ച ഡിസ്‌പ്ലേ കെയ്സ് അടക്കം തകര്‍ക്കപ്പെട്ടിരുന്നു. ഹിംസ ശാരീരികം മാത്രമായിരുന്നില്ല. യൂണിഫോമില്‍ വന്നവരുടെ ചീത്തവിളിയും തെറിയും വര്‍ഗീയ ആക്രോശങ്ങളും വിദ്യാര്‍ത്ഥികള്‍ വ്യക്തമായി ഓര്‍ത്തു.

ചിത്രത്തിന് കടപ്പാട് ശ്രീകാന്ത് ശിവദാസന്‍ 
ചിത്രത്തിന് കടപ്പാട് ശ്രീകാന്ത് ശിവദാസന്‍ 

ഒരു കൂട്ടം പോലീസുകാര്‍ ചേര്‍ന്ന് ഡ്രൈവ് വേയില്‍ സുഹൃത്തുക്കളോടൊപ്പം അഭയം തേടിയിരുന്ന ഒരു ചെറുപ്പക്കാരന്‍ വിദ്യാര്‍ത്ഥിയെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നതിന്റെ വീഡിയോ വൈറല്‍ ആയിട്ടുണ്ട്. 'ധീരരായ' ആ പോലീസുകാര്‍ അയാളെ അടിച്ചു താഴെവീഴ്ത്തി സ്ത്രീസുഹൃത്തുക്കള്‍ സ്വന്തം ശരീരം പരിചയാക്കി അയാളെ പ്രതിരോധിക്കും വരെ അയാളെ അടിച്ചു കൊണ്ടിരുന്നു. അതിലൊരാള്‍, ഹിംസാത്മകരായ, മരവിച്ച മനസ്സുള്ള ഈ ആണുങ്ങളെ നേരിടാന്‍ അസാമാന്യ ധൈര്യം കാണിച്ച ആ ചെറുപ്പക്കാരി എന്റെ വിദ്യാര്‍ത്ഥിനിയാണ്- ശാന്തസ്വഭാവിയും പഠനത്തില്‍ ശ്രദ്ധയുള്ളവളുമായ ഒരാള്‍. അയിഷ റെന്നയെച്ചൊല്ലി ഗാന്ധി അഭിമാനിക്കുമായിരുന്നു. കല്ലെറിയുന്നതിലോ ലാത്തി വീശുന്നതിലോ ഒരു ധീരതയുമില്ല. എന്നാല്‍ ആ ചെറുപ്പക്കാരികള്‍ ചെയ്തത് സത്യാഗ്രഹത്തിന്റെ മുഖമുദ്രയാണ്- അഹിംസാമാര്‍ഗത്തിലുള്ള പ്രതിരോധത്തിലൂടെ രാഷ്ട്രത്തിന്റെ ഹിംസയെ നാണം കെടുത്തുകയും അതിനെ തീര്‍ത്തും അധാര്‍മികമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തി.

അലിഗഡ് മുസ്ലിം സര്‍വകലാശാലയിലുണ്ടായ പോലീസ് വേട്ട ഇതിലും മാരകമായിരുന്നു. സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ യാതൊരു രാഷ്ട്രീയ പ്രത്യാഘാതവുമില്ലാതെ ജാമിഅയെപ്പോലെ ഒരു ‘മുസ്ലിം സര്‍വ്വകലാശാല’യെ അടിച്ചമര്‍ത്തിക്കാണിച്ചു കൊടുക്കാമെന്നായിരുന്നു.

മുകുള്‍ കേശവന്‍

'മുസ്ലിം' പ്രതിഷേധങ്ങളെയും 'അമുസ്ലിം' പ്രതിഷേധങ്ങളെയും ഈ സര്‍ക്കാര്‍ നേരിടുന്ന രീതിയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. പ്രത്യേകിച്ചും പോലീസ് ഹിംസയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍. ഒരു ഭാഗത്ത് നരേന്ദ്രമോദി സര്‍ക്കാരും അദ്ദേഹത്തിന്റെ അക്കാദമിക ഏജന്റുമാരും മറു ഭാഗത്ത് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് കൊല്ലം കുറച്ചായി. വന്നു വന്നു കനയ്യ കുമാര്‍ എന്ന് കേട്ടാല്‍ ഏതോ പുരാണയുദ്ധത്തിലെ പേരാണെന്ന് തോന്നും. ഏറെ കയ്‌പ്പേറിയ ഒരു യുദ്ധമാണത്. ഏറെ കയ്‌പോടെയാണ് പോരാട്ടം നടന്നതും. പക്ഷെ ഒരിക്കല്‍പോലും വിവേചനരഹിതമായ ഹിംസയിലൂടെ ജെ എന്‍ യു പ്രശ്‌നം പരിഹരിച്ചു കളഞ്ഞേക്കാമെന്നു നരേന്ദ്ര മോഡി സര്‍ക്കാരിന് തോന്നിയിട്ടില്ല.

അക്രമത്തിനു മുമ്പുള്ള വെള്ളിയാഴ്ച ജാമിഅയില്‍ ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ച് തുടങ്ങാന്‍ പൊലീസിന് അഞ്ചു മിനുട്ടെ വേണ്ടിവന്നുള്ളൂ. വിദ്യാര്‍ത്ഥികളും അധ്യാപകരും യൂണിവേഴ്‌സിറ്റി ഗേറ്റിനുള്ളില്‍ ഒരു മാര്‍ച്ചിനായി ഒത്തുകൂടിയിരുന്നു. റിപ്പബ്ലിക്കിന്റെ തുടക്കം മുതലുള്ള എല്ലാ പ്രതിഷേധജാഥകളിലും എല്ലാവരും ചെയ്തു പോരുന്നപോലെ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ തള്ളാനും മാറ്റാനും തുടങ്ങിയതോടെ പോലീസ് കൊടൂരമായ അടിച്ചമര്‍ത്തല്‍ തുടങ്ങി. കണ്ണീര്‍ വാതക ഷെല്‍ കൊണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ കൈ തകര്‍ന്നു പോയി; പിന്നീടാ കൈ മുറിച്ചു മാറ്റേണ്ടി വന്നു.

ഈ വ്യത്യാസത്തില്‍ ഒരു പാഠമുണ്ട്: ജെ എന്‍ യു വിനെപ്പോലെ, ജാമിഅ മില്ലിയ ഇസ്ലാമിയയും ഒരു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണ്. എന്നാല്‍ ഒരു മുസ്ലിം സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ഒരു മുഖ്യധാരാ സര്‍വകലാശാലക്ക് കിട്ടുന്ന ബഹുമാനം കിട്ടേണ്ടതില്ലാത്തതും എന്നാണ് സര്‍ക്കാരിന്റെ കണക്ക്. അലിഗഡ് മുസ്ലിം സര്‍വകലാശാലയിലുണ്ടായ പോലീസ് വേട്ട ഇതിലും മാരകമായിരുന്നു. സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ യാതൊരു രാഷ്ട്രീയ പ്രത്യാഘാതവുമില്ലാതെ ജാമിഅയെപ്പോലെ ഒരു 'മുസ്ലിം സര്‍വ്വകലാശാല'യെ അടിച്ചമര്‍ത്തിക്കാണിച്ചു കൊടുക്കാമെന്നായിരുന്നു.

അവര്‍ക്കു തെറ്റി. വര്‍ഗീയവാദികള്‍ക്കു ജനിതകപരമായിത്തന്നെ സമാനുഭാവം ഇല്ലാത്തതിനാല്‍ അവര്‍ സാഹോദര്യത്തെ മനസ്സിലാവുകയേ ഇല്ല. വാക്കിലും പ്രവര്‍ത്തിയിലും ജെ എന്‍ യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികളും വക്കീല്‍മാരും പൊതുസമൂഹത്തിലെ അംഗങ്ങളും സര്‍വകലാശാലയുമായി ഒരു ബന്ധവുമില്ലാത്ത സാധാരണക്കാരും കാണിച്ച ഐക്യധാര്‍ഢ്യം വൈകാരികമായി സ്പര്‍ശിക്കുന്നതും ഫലപ്രദവുമായിരുന്നു. ഡല്‍ഹി ഐ ടി ഓ യില്‍ കസ്റ്റഡിയില്‍ എടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ തടിച്ചു കൂടിയ ആയിരങ്ങളുടെ ശ്രമം വിജയിക്കുക തന്നെ ചെയ്തു. മാത്രമല്ല, 2019 പൗരത്വഭേദഗതി ആക്ടില്‍ ഒളിപ്പിച്ചു വെച്ച വര്‍ഗീയതയുടെ രോഷാകുലമായ അപലപനം ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ വൈദ്യുതി പോലെ പടരുകയാണ്. പണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന പ്രൈവറ്റ് സര്‍വകലാശാലകളായ അശോക മുതല്‍ ഐ ഐ എം അഹമ്മദാബാദ്, ഐ ഐ ടി ഡല്‍ഹി തുടങ്ങിയ പ്രൊഫഷണല്‍ കേന്ദ്രങ്ങള്‍ വരെ, ഉപഭൂഖണ്ഡത്തിലെ എല്ലാ സ്റ്റേറ്റ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും അതിന്നും എരിഞ്ഞു കൊണ്ടിരിക്കുന്നു. നിയമത്തിന്റെ പിന്‍വാതിലിലൂടെ ഹിന്ദുരാഷ്ട്രത്തെ ഒളിച്ചു കടത്താന്‍ ഉള്ള ഈ ശ്രമത്തിനെതിരെ ഇന്ത്യ ഒന്നായുയരുമ്പോള്‍, യഥാര്‍ത്ഥത്തിലുള്ള ദേശീയപ്രസ്ഥാനം ജന്മം നല്‍കിയ ഒരു സര്‍വ്വകലാശാലയെ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച ആ ദിവസത്തെച്ചൊല്ലി ഈ സര്‍ക്കാരിന് ഖേദിക്കേണ്ടി വന്നേക്കാം.

(ചരിത്രകാരനും ക്രിക്കറ്റ് എഴുത്തുകാരനും നോവലിസ്റ്റുമായ മുകുള്‍ കേശവന്‍ ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ ചരിത്ര വിഭാഗം പ്രൊഫസര്‍ ആണ്. Secular Commonsense, Men in White, Through the Looking Glass, The Ugliness of the Indian Male and Other Propostions, Homeless on Google Earth എന്നിവയാണ് പ്രധാന കൃതികള്‍. കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ട്രിനിറ്റി കോളേജില്‍ നിന്ന് എം ലിറ്റ് ബിരുദം. ദ ടെലഗ്രാഫില്‍ കോളം എഴുതുന്നു) 

പരിഭാഷകന്‍ എന്‍ പി ആഷ്ലി ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ്

Related Stories

No stories found.
logo
The Cue
www.thecue.in