ബ്യുറോക്രാറ്റിക്ക് നന്മമരങ്ങള്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രചാരകരാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല 

ബ്യുറോക്രാറ്റിക്ക് നന്മമരങ്ങള്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രചാരകരാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല 

മോശം’ രാഷ്ട്രിയക്കാരും’ നല്ല ഉദ്യോഗസ്ഥരുമെന്ന ദ്വന്ദബോധ്യങ്ങളിലാണ് ഇവര്‍ക്ക് പലപ്പോഴും സ്വീകാര്യത ലഭിക്കുന്നത്. 

ടി പി സെന്‍കുമാര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്റ്റേറ്റ് പോലീസ് ചീഫായി നിയമിച്ചു. കെ എസ് രാധാകൃഷ്ണന്‍ അതെ സര്‍ക്കാര്‍ പി എസ് സി ചെയര്‍മാനായി നിയമിച്ചു. ടി പി ശ്രീനിവാസന്‍ അതെ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായി നിയമിച്ചു. എന്നാല്‍ പില്‍ക്കാലത്തു അവര്‍ ഫാസിസ്റ്റു പാളയത്തിലേക്ക് ചേക്കേറി. ഇവരില്‍ പലരെയും പൊതു ബോധം കണ്ടിരുന്നത് സ്വീകാര്യരും നന്മയുള്ളവരുമായാണ്. പല വികസനവാദികളെയും പോലെ ഇവരില്‍ പലരും വാദിക്കുന്നത് മോഡി സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യത്തില്‍ ആകര്‍ഷിക്കപ്പെട്ടാണ് തങ്ങള്‍ ആ പാളയത്തില്‍ എത്തിയതെന്നാണ്. അവരെ സംബന്ധിച്ച് ഈ വികസന പരിപ്രേഷ്യത്തിനപ്പുറം ബി ജെ പി പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരിക ദേശീയത മുസ്ലിം സമുദായത്തെയും മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങളെയും ഒക്കെ അപരവത്കരിക്കുന്നതും ഭക്ഷണത്തെയും തുടങ്ങി മനുഷ്യരുടെ വ്യക്തിപരമായ ചോയിസുകള്‍ റെഗുലേറ്റ് ചെയ്യുന്നതുമായ സാമൂഹിക സാഹചര്യങ്ങള്‍ ഒരു പ്രശ്‌നം പോലും ആവുന്നില്ല. ഇത്തരം പൊതു ബോധത്തിന് പ്രിയപ്പെട്ടവരായി മാറിയ ബുറോക്രാറ്റിക്ക് എലൈറ്റുകള്‍ പില്‍ക്കാലത്തു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രിയപ്പെട്ട നയ നിര്‍വാഹകരായി എത്തുന്നത് ആദ്യവുമല്ല. മധ്യവര്‍ഗാവബോധങ്ങളില്‍ രക്ഷക പരിപ്രേക്ഷ്യമുണ്ടായിരുന്ന കിരണ്‍ ബേദിയെ പോലുള്ളവര്‍ അവരുടെ മുന്‍ഗാമികളായുണ്ട്.

മോശം' രാഷ്ട്രിയക്കാരു'നല്ല ' ഉദ്യോഗസ്ഥരുമെന്ന ദ്വന്ദബോധ്യങ്ങളിലാണ് ഇവര്‍ക്ക് പലപ്പോഴും സ്വീകാര്യത ലഭിക്കുന്നത്. വ്യക്തിപരമായ നന്മതിന്മകള്‍ തുടങ്ങിയ ആപേക്ഷികതകള്‍ ഭരണ നിര്‍വഹണ പ്രക്രിയയില്‍ ഒരു പരിധിക്കപ്പുറം പ്രസക്തമേ അല്ല. പൊതുബോധത്തിലെ അടയാളപ്പെടുത്തലുകള്‍ക്കപ്പുറം അവരുടെ വ്യക്തിപരമായ നന്മയെന്നത് വെറും ആപേക്ഷികമായ ഒരു തോന്നലാണ്. കാരണം നന്മ തിന്മ, ശരി,തെറ്റ് എന്നിവയെ നിര്‍ണയിക്കുന്നത് സാമൂഹിക സാഹചര്യങ്ങളാണ്. ഇവരുടെ പലരുടെയും സൊ കോള്‍ഡ് നന്മ എന്നത് ഒരു ക്രോണി ക്യാപിറ്റലിസ്റ്റ് സമ്പദ് ഘടനയുടെ മൂല്യബോധത്തിന് അനുസരിച്ചാണ്. മറ്റൊരു മൂല്യബോധത്തില്‍ വിലയിരുത്തപ്പെടുമ്പോള്‍ അവ നന്മയായി തന്നെ വായിക്കപ്പെടണമെന്നില്ല. കാരണം ഇത്തരം നന്മകളുടെ അടയാളമായി പലരും കരുതുന്നത് വ്യക്തിപരമായി അയാള്‍ ആര്‍ക്കെങ്കിലും ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ അഥവാ ചാരിറ്റിയാണ്. അവര്‍ നടപ്പാക്കിയ ചില പദ്ധതികളുടെ തുടര്‍ നിര്‍വഹണത്തിന് അവര്‍ അവിഭാജ്യരാണ് എന്ന ബോധമാണ് അവരെ പലപ്പോഴും സ്വീകാര്യരാക്കുന്നത്.

ഭരണ പരിഷ്‌കരണങ്ങള്‍ ഒരാള്‍ പോയാല്‍ തകിടം മറിയുമെങ്കില്‍ അത് അദേഹത്തിന്റെ കൂടി പരാജയമല്ലേ? ഒരു വ്യവസ്ഥ മാറ്റം സാധ്യമാക്കാത്ത ഒരു മാറ്റവും ശാശ്വതമല്ല. അത് കൊണ്ടാണ് തേവള്ളിപ്പറമ്പന്‍ ജോസഫ് അലക്‌സിന്റെ ഒരെല്ല് കൂടുതലും, ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെ തന്തക്ക് പിറക്കലും,' ഒന്നും വലിയ കാര്യമായി തോന്നാത്തത്. അത് കൊണ്ടു തന്നെയാണ് ബ്യുറോക്രാറ്റുകള്‍ നമ്മെ രക്ഷിക്കും'എന്നു കരുതാത്തത്.

ശരികള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന ഒരു ഭരണ നിര്‍വഹണ സംവിധാനം ഉണ്ടായി വരികയാണ് വേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും സ്റ്റേറ്റ് പിന്‍വാങ്ങുകയും അവ കാരുണ്യവാന്‍മാരായ ഏതാനം വ്യക്തികളുടെ ദയപൂര്‍വമായ ഇടപെടലാക്കുകയും ചെയ്യുമ്പോഴാണ് ചാരിറ്റിയുണ്ടാവുന്നത്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്റ്റേറ്റിന്റെ ഉത്തരവാദിത്വം സ്വകാര്യവല്കരിക്കുന്ന ഒരു പദ്ധതിയുടെ ഫലമാണ് ചാരിറ്റി.

വ്യക്തിപരമായ ഇത്തരം ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട് എന്ന് മാത്രമാണ്. അതിനു എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളെ പൂര്‍ത്തികരിക്കാനാവില്ല. അപ്പോള്‍ സ്റ്റേറ്റിന്റെ പിന്‍വാങ്ങല്‍ ഒഴിച്ചിട്ടുന്ന ശൂന്യതയില്‍ പിന്നെ ആരാണ് കടന്നു വരുന്നത്? മൂലധന താല്പര്യങ്ങള്‍. ഇത്തരം താല്പര്യങ്ങളെ തടഞ്ഞു നിര്‍ത്താന്‍ വ്യക്തിപരമായ തലത്തിലുള്ള ഭനന്മയുള്ള മനുഷ്യര്‍ക്ക് ' ആവില്ല. എന്ന് മാത്രമല്ല ഇത്തരം താല്‍പര്യങ്ങളുടെ എതിര്‍മുഖതാണ് നന്മയുള്ള മനുഷ്യരുടെ ഇടമെങ്കില്‍ സ്റ്റേറ്റ് ഇത്തരം താല്‍പര്യങ്ങള്‍ക്ക് ഒപ്പമാവും.എന്നാല്‍ ഇത്തരം നന്മ മരങ്ങള്‍ സ്റ്റേറ്റിന്റെ നിയോ ലിബറല്‍ വികസന നയങ്ങള്‍ക്കൊപ്പമാണ് എന്നും അക്രമോല്‍സുകവും പലപ്പോഴും ഫാസിസ്റ്റ് ആഭിമുഖ്യങ്ങളോട് സന്ധിചെയ്യുന്നരുമാണ് എന്ന് അവരുടെ വ്യക്തിപരമായ നിലപാടുകള്‍ തെളിയിച്ചിട്ടുമുണ്ട്.

ധര്‍മ്മാശുപത്രിയും റേഷന്‍ കടയുമൊന്നും ചാരിറ്റിയല്ല. അത് സ്റ്റേറ്റിന്റ്‌റെ ചുമതലയാണ്. എന്നാല്‍ നിയോലിബറല്‍ സാമ്പത്തിക നയങ്ങളുടെ കാലത്ത് ഇതെല്ലാം തങ്ങള്‍ക്ക് കിട്ടുന്ന പിച്ചയാണെന്ന് ജനങ്ങള്‍ ധരിച്ചോളണം. അതിന്റ്‌റെ സമര്‍ത്ഥമായ അവതരണമായിരുന്നു മോഡി മുന്നോട്ട് വെക്കുന്ന വികസന പരിപ്രേക്ഷ്യം.

കാരുണ്യം,ചാരിറ്റി, ക്ഷേമം എന്നതിന് അപ്പുറം ശാക്തീകരണം എന്ന ഒരു അവസ്ഥയുണ്ട് എന്നും രക്ഷകര്‍തൃത്വത്തിന്റെ ഭാഷയല്ലാതെ ഐക്യദാര്‍ഢ്യത്തിന്റെ ഒരു ഭാഷയുണ്ടെന്നും ഒരു ബുറോക്രാറ്റിക്ക് വികസന വാദി ഒരിക്കലും മനസിലാക്കില്ല. അത് കൊണ്ട് വികസന മുഖംമൂടിയിട്ടു വരുന്ന ഫാസിസത്തോട് സന്ധിചെയ്യുന്നതില്‍ നിന്നും അവരെ അവരുടെ മൂല്യ ബോധം വിലക്കുന്നുമില്ല. വ്യക്തിപരമായ താല്പര്യങ്ങള്‍ക്കപ്പുറം സാമൂഹിക താല്പര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ അത് അവരെ പ്രേരിപ്പിക്കുന്നുമില്ല.അത് കൊണ്ട് തന്നെ ബ്യുറോക്രാറ്റിക്ക് നന്മ മരങ്ങള്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രചാരകരായി തീരുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in