ആദ്യമായിട്ടാണ് എന്റെ കരിയറിൽ സ്ക്രിപ്റ്റ് വായിക്കുവാനുള്ള അവസരം കിട്ടുന്നത്; നടി ജലജ

തന്റെ കരിയറിൽ ആദ്യമായാണ് സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുവാനുള്ള അവസരം കിട്ടുന്നതെന്ന് നടി ജലജ. മാലിക് സിനിമയുടെ കഥയെക്കുറിച്ചുള്ള പൂർണ്ണമായ ധാരണ സ്ക്രിപ്റ്റ് വായനയിലൂടെ മനസ്സിലായെന്നും ജമീല ടീച്ചർ എന്ന കഥാപാത്രത്തിന്റെ സ്ഥാനം എത്രത്തോളം നിർണ്ണായകമാണെന്നും ബോധ്യമായി. ആ കഥാപാത്രം ചെയ്യാനുള്ള തീരുമാനത്തിൽ വലിയ സന്തോഷം തോന്നുന്നതായി ജലജ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. മാലിക്കിലെ ജമീല ടീച്ചർ എന്ന കഥാപാത്രത്തിലൂടെ നടി ജലജയുടെ തിരിച്ചു വരവ് ചർച്ചയാവുകയാണ്. ഫഹദ് ഫാസിൽ അവവതരിപ്പിച്ച സുലൈമാൻ എന്ന നായക കഥാപാത്രത്തിന്റെ അമ്മയുടെ കഥാപാത്രമാണ് നടി ജലജ അവതരിപ്പിച്ച ജമീല ടീച്ചർ.

ജലജ ദ ക്യു അഭിമുഖത്തിൽ പറഞ്ഞത്

എന്റെ മകളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും മഹേഷ് വിളിക്കുന്നതെന്നായിരുന്നു ആദ്യ കരുതിയത്. എന്നാൽ എനിക്ക് സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാനുണ്ടെന്നും സുലൈമാന്റെ അമ്മയുടെ റോളാണെന്നും മഹേഷ് പറഞ്ഞു. മഹേഷ് എന്റെ വീട്ടിൽ വന്ന് കഥ പറയുകയും സ്ക്രിപ്റ്റ് വായിക്കുവാനും തന്നു. ആദ്യമായിട്ടാണ് എന്റെ കരിയറിൽ സ്ക്രിപ്റ്റ് വായിക്കുവാനുള്ള അവസരം കിട്ടുന്നത്. ഞാൻ സിനിമയിൽ സജീവമായിരുന്ന സമയത്ത് സംവിധായകർ കഥ പറയുകയും പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുമ്പോൾ ഡയലോഗുകൾ അറിയുകയുമാണ് ചെയ്തിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി സ്ക്രിപ്റ്റ് വായിച്ചപ്പോൾ എല്ലാരുടെയും മനസ്സിൽ പതിയുന്ന സിനിമയായിരിക്കുമെന്ന് ബോധ്യമായി. മഹേഷിന് കാര്യമായി പണിയെടുക്കേണ്ടി വരുമെന്നും തോന്നി. വലിയ ക്യാൻവാസിലുള്ള ഒരുപാട് കഥാപാത്രങ്ങൾ ഉള്ള സിനിമയാണ്. ജമീല ടീച്ചറിന്റെ വാർധ്യകാവസ്ഥയൊക്കെ ചെയ്യാൻ പറ്റുമോയെന്ന് ആദ്യം സംശയമുണ്ടായിരുന്നു. പക്ഷെ ആ കഥാപാത്രം ഞാൻ തന്നെ ചെയ്യണമെന്ന് മഹേഷ് പറഞ്ഞു. സംവിധായകനും എഡിറ്ററുംകൂടിയായ മഹേഷിന് ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ച് നല്ല ധാരണയുണ്ട്. ജമീല ടീച്ചറിന്റെ കഥാപാത്രം ചെയ്യാനുള്ള തീരുമാനത്തിൽ വലിയ സന്തോഷം തോന്നുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in